നാം ചന്ദ്രനിൽ മുത്തമിട്ടിട്ട് രണ്ടു വർഷങ്ങൾ
text_fieldsരണ്ടു വർഷങ്ങൾക്കുമുമ്പ് ഇതേ ദിവസമാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ആ വലിയ നേട്ടത്തിന്റെ ഓർമക്കായി ഒരുദിനാചരണം നടത്തവെ, ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കുതിപ്പുകൾക്കൊരുങ്ങുകയാണ് നാം. 'Aryabhatta to Gaganyaan: Ancient Wisdom to Infinite Possibilities' എന്ന ഈ വർഷത്തെ പ്രമേയം ഇന്ത്യയുടെ ഈ രംഗത്തെ നേട്ടങ്ങളെയും നമ്മുടെ പുരാതനമായ അറിവുകളെയുമാണ് അടയാളപ്പെടുത്തുന്നത്.
ഇന്ത്യയുടെ ആദ്യ ചാന്ദ്രയാൻ ദൗത്യം 2008ൽ ആയിരുന്നു. ചാന്ദ്രദൗത്യങ്ങൾ ലാൻഡിങ് ക്രാഷ്, സോഫ്റ്റ് എന്നിങ്ങനെ രണ്ടുതരത്തിലാണ്. സോഫ്റ്റ് ലാൻഡിങ്ങിലൂടെ മാത്രമേ റോവറുകളെ സുരക്ഷിതമായി ഇറക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും കഴിയൂ. ഇന്ത്യയുടെ ആദ്യ ചാന്ദ്രയാൻ ദൗത്യം ക്രാഷ് ലാൻഡിങ് ആയിരുന്നു. 2019ൽ നാം സോഫ്റ്റ്ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും അവസാന ഘട്ടത്തിൽ ലക്ഷ്യം കൈവിട്ടു. അതിലെ പോരായ്മകൾ പരിഹരിച്ച് സോഫ്റ്റ്ലാൻഡിങ് സാധ്യമാക്കാനായിരുന്നു ചാന്ദ്രയാൻ മൂന്നാമത്തെ ദൗത്യം.
അങ്ങനെ ഇന്ത്യ കാത്തിരുന്ന നിമിഷം വന്നെത്തി. വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ ഉയരത്തിലാണ് അപ്പോൾ പേടകം. റഫ്ബ്രേക്കിങ് ഫേസ് (Rough Braking Phase) എന്നാണ് ഈ ഘട്ടത്തിന്റെ പേര്. അതുവരെ തിരശ്ചീനമായി 90 ഡിഗ്രിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ലാൻഡർ ലംബമായി സഞ്ചരിക്കേണ്ടതുണ്ട്. അതിന് ത്രസ്റ്ററുകൾ ജ്വലിപ്പിച്ചുകൊണ്ട് വേഗം നന്നായി കുറക്കേണ്ടിയിരുന്നു. ചാന്ദ്രയാൻ 2 പാളിപ്പോയത് ഈ ഘട്ടത്തിലായിരുന്നു. എന്നാൽ, ചാന്ദ്രയാൻ 3 ൽ കണക്കുകൂട്ടലുകൾ കൃത്യമായി.
30 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്തിലേക്കാണ് അടുത്ത ഘട്ടത്തിൽ അതെത്തിയത്. ആൾട്ടിട്യൂഡ് ഹോൾഡ് ഫേസ് എന്ന 10 മിനിറ്റ് നീളുന്ന ഘട്ടമായിരുന്നു അടുത്തത്. അതിനുശേഷം ഫൈൻ ബ്രേക്കിങ് ഫേസിൽ പേടകം ചന്ദ്രന്റെ 800 മീറ്ററോളം അടുത്തെത്തി. അതായത് തൊട്ടടുത്തുതന്നെ ലാൻഡിങ്ങിന് തയാറെടുത്തുകൊണ്ട്. സെൻസറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് അവസാനവട്ട പരിശോധനകൾ നടത്തി. മെല്ലെമെല്ലെ ദൂരം കുറഞ്ഞുവന്നു. അകലം വെറും 150 മീറ്റർ മാത്രമായി. ഇറങ്ങാൻ പോകുന്ന സ്ഥലം സുരക്ഷിതമാണോയെന്ന പരിശോധന (ഹസാഡ് വെരിഫിക്കേഷൻ)യും വിജയിച്ചതോടെ, ഇറങ്ങാനുള്ള ശ്രമമായി. Slowed Descent എന്ന ഈ ഘട്ടം കൂടി കഴിയുന്നതോടെ, പിന്നെയുള്ളത് അവസാനഘട്ടമായ ടെർമിനൽ ഡിസൻറ് ആയിരുന്നു. ഇവിടെ വേഗം സെക്കൻഡിൽ ഒന്നോ രണ്ടോ മീറ്റർ മാത്രമായി. എല്ലാം സെറ്റ്. സമയം 6.04 ചന്ദ്രയാൻ 3 ചന്ദ്രന്റെ വിരിമാറിൽ തൊട്ടു. ചരിത്രം പിറന്നു.
ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ദക്ഷിണധ്രുവത്തിൽ ലാൻഡിങ് തെരഞ്ഞെടുത്തത് യാദൃച്ഛികമായിരിക്കാനിടയില്ല. നമ്മുടെ ശാസ്ത്രത്തിന് ഒരു ശീലമുണ്ട്. അതിന്റെ ശക്തിയിൽ വിശ്വസിക്കാനുള്ള കഴിവ്. അപ്രാപ്യമെന്ന് കരുതുന്ന എന്തും പ്രാപ്യമാക്കി കാണിക്കാനുള്ള വെമ്പൽ. നിശ്ചയിച്ച അതേ ദിവസത്തിൽ, കൃത്യസമയത്തുതന്നെ നാം നേട്ടം കൊയ്തു. ലോകശക്തിയായ റഷ്യയുടെ ചാന്ദ്രദൗത്യം- 'ലൂണ' പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ചാന്ദ്രയാനിലൂടെ നാം ചരിത്രം രചിച്ചത്.
ഇനിയുമേറെ വഴികൾ നമുക്ക് താണ്ടേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ തണലിലേറി കൂടുതൽ ദൂരത്തിലും ഉയരത്തിലുമെത്താൻ ഈ നേട്ടം ഊർജമാകുമെന്ന് പ്രതീക്ഷിക്കാം.
(കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.