സ്വത്വബോധത്തിന്റെ ആസ്ഥാന മന്ദിരം
text_fieldsന്യൂഡൽഹിയിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ
മില്ലത്തിന്റെ ഇസ്സത്ത് (സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം) ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഏഴര പതിറ്റാണ്ടുമുമ്പ് അസ്തിവാരമിട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അതിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിലേക്ക് പ്രവേശിക്കുകയാണ്.
വിഭജനത്തിന്റെ മുറിവുണങ്ങാത്ത സ്വതന്ത്ര ഇന്ത്യയിൽ മുസ് ലിംകളുടെ രാഷ്ട്രീയമായ സംഘാടനം അസാധ്യമാണെന്ന് തോന്നിച്ച ഒരു കാലത്ത് പ്രതിബന്ധങ്ങളെയെല്ലാം അതിസാഹസികമായി തരണം ചെയ്ത ഖാഇദെ മില്ലത്തിന്റെ സ്മാരക മന്ദിരം കൂടിയാണത്. 1947 ഡിസംബർ 14ന് കറാച്ചി ബന്ദർ റോഡിലെ ഖാലിഖ് ദാന ഹാളിൽ അവസാന കൗൺസിൽ യോഗത്തിൽ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള സർവേന്ത്യ മുസ്ലിം ലീഗിന്റെ പ്രവർത്തനം അവസാനിപ്പിച്ചാണ് 1948 മാർച്ച് പത്തിന് മദ്രാസിലെ രാജാജി ഹാളിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്ന സ്വതന്ത്ര ഇന്ത്യയിലെ പുതിയ രാഷ്ട്രീയകക്ഷിക്ക് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നത്. സംഘാടനം ദുസ്സാധ്യമെന്ന് തോന്നിച്ച ഒരു കാലഘട്ടം വളരെ ക്ലേശകരമായി പിന്നിട്ട് രാജ്യത്തെ വലിയൊരുകൂട്ടം ജനസമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയെന്ന അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും ദരിയാഗഞ്ചിലെ 86 ശ്യാംലാൽ മാർഗിലേക്ക് കയറുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപവത്കരണത്തിൽ നിന്ന് ഖാഇദെ മില്ലത്തിനെ പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്ക് കാലം മറുപടി നൽകി. സമുദായത്തിന് സ്വന്തമായി രാഷ്ട്രീയ അസ്തിത്വമുണ്ടാക്കി പാർലമെന്ററി രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കേണ്ടതിന്റെ അനിവാര്യതക്ക് ജീവിക്കുന്ന ഉദാഹരണമായി ഈ പ്രസ്ഥാനം മാറി. നയനിലപാടുകളിൽ വിയോജിക്കുന്നവർ പോലും രാഷ്ട്രീയമായ വിലപേശലിന് നിലവിലുള്ള സംഘടിതമായ ശക്തി ദുർബലപ്പെടുത്തരുതെന്ന കാര്യത്തിൽ ഏകോപിച്ചു.

പാർലമെന്റിന്റെ ഇരുസഭകളിലുമായി അഞ്ച് എം.പിമാരുള്ള ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ അവിഭാജ്യമായ ഘടകമാണിന്ന്. സമുദായത്തിനും ന്യൂനപക്ഷ സമൂഹങ്ങൾക്കും വേണ്ടി പാർലമെന്റിനകത്തും പുറത്തും ഇടർച്ചയില്ലാതെ ശബ്ദമുയർത്തിയ പൂർവസൂരികളുടെ മാതൃക ഈ ജനപ്രതിനിധികൾ വീഴ്ചയില്ലാതെ പിന്തുടരുന്നു. മതേതര പാർട്ടികളുടെ സമ്പൂർണ ഒത്താശയോടെ, ഹിന്ദുത്വ സർക്കാർ നടപ്പാക്കിയ സവർണ സംവരണം എന്ന കൊടിയ വഞ്ചനക്കെതിരെ നിലപാട് സ്വീകരിച്ച പ്രസ്ഥാനമെന്ന് വരുംകാലത്തെ രാഷ്ട്രീയ വിദ്യാർഥികൾ മുസ്ലിം ലീഗിനെ വായിക്കും. തങ്ങൾ ജയിച്ചുപോരുന്ന സീറ്റുകൾക്കപ്പുറത്ത് പല സീറ്റുകളിലും മുന്നണി സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള കരുത്ത് കൂടിയുണ്ട് ഇന്നീ പാർട്ടിക്ക്.
വിഭജനത്തിന്റെ ദുരന്തപൂർണമായ നാളുകൾക്കിടയിൽ ഇരുൾ മുറ്റിയ ശൂന്യതയിൽ നിന്ന് ഉയിർകൊണ്ട ഒരു പാർട്ടി രാജ്യ തലസ്ഥാനത്ത് അതിന്റെ ആസ്ഥാനമന്ദിരം തുറക്കുന്നത് വിഭജനകാലത്തെക്കാൾ പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ്. ആ നിലക്കും നാഴികക്കല്ലായി മാറേണ്ട ചുവടുവെപ്പാണിത്. ആസൂത്രിതമായ തരത്തിൽ രാഷ്ട്രത്തിലും രാഷ്ട്ര നിർമാണത്തിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ, വിശേഷിച്ചും, മുസ്ലിംകളുടെ ഭാഗധേയത്തെ അരികുവത്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യത്വരഹിതമായി ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും ജീവിത സമ്പാദ്യമായ താമസസ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തിയും സമ്മതിദാനാവകാശം വെട്ടിമാറ്റിയും ഒടുവിൽ തങ്ങളുടെ പൗരത്വം തന്നെ ഇല്ലാതാക്കിയേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം.
പാർലമെന്ററി ജനാധിപത്യത്തിലെ മാന്യമായ വിലപേശലിനുള്ള എല്ലാ പഴുതുകളും അടച്ച് വോട്ടവകാശമില്ലാതാക്കി ആർക്കും വേണ്ടാത്ത രണ്ടാംകിട പൗരരാക്കി വലിയൊരു വിഭാഗത്തെ മാറ്റിനിർത്താൻ നീക്കം നടക്കുന്ന കാലം.
മുഖ്യധാരാ മതേതര കക്ഷികൾ പലപ്പോഴും തിരിഞ്ഞുനോക്കാത്ത ഈ മനുഷ്യർക്ക് സാന്ത്വനമേകാനുതകുന്ന ഉറച്ച നിലപാടുകൾ തന്റെ നാമധേയത്തിലുള്ള പാർട്ടി ആസ്ഥാന മന്ദിരത്തിൽ നിന്നുയർന്നാൽ അതിലേറ്റം കൃതാർഥനാകുക ഖാഇദെ മില്ലത്തായിരിക്കും. മാറിയ രഷ്ട്രീയ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിര പ്രവേശനം അതുകൊണ്ട് കൂടിയാണ് നിർണായകമാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.