Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജാനകി Vs സെൻസർ ബോർഡ്
cancel

ഒരു നാൾ അവർ നിങ്ങളെയും തേടി വരും, അന്ന് നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടാകില്ല എന്ന പ്രശസ്തമായ പ്രസ്താവ സാധൂകരിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കേരള ഹൈ കോടതിയിൽ നടന്നത്. പറഞ്ഞുവരുന്നത് സുരേഷ് ഗോപിയുടെ പുതിയ സിനിമയായ JSK: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉയർത്തിയ തടസ്സങ്ങളും തുടർന്ന് വന്ന കേസുമാണ്. ഒപ്പം നിൽക്കാൻ ഈ അവസരത്തിൽ സംഘപരിവാർ കൂട്ടങ്ങൾ ആരും ഉണ്ടായിരുന്നില്ല എന്നത് സുരേഷ് ഗോപി തിരിച്ചറിയാത്തതല്ല, മിണ്ടാതിരിക്കുന്നതാണ്. അല്ലെങ്കിൽ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും തനിക്ക് ബന്ധമില്ലാത്തതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞുകൊണ്ട് ആംബുലൻസിന്റെ വേഗത്തിൽ വരുന്ന മന്ത്രി, തന്നെ നേരിട്ട് ബാധിക്കുന്ന ഒരു സംഗതിയെ കുറിച്ച് ഈ നിമിഷം വരെ കമാ എന്നൊരു അക്ഷരം പോലും എന്തേ മിണ്ടിയില്ല എന്ന് സമൂഹം ചോദിക്കുന്നതിനെ തെറ്റ് പറയാൻ കഴിയില്ല.

സുരേഷ് ഗോപി അഭിനയിക്കുന്നു എന്നത് കൂടാതെ, ഈ സിനിമയിലൂടെ അദ്ദേഹത്തിന്റെ മകൻ മാധവ് സുരേഷ് സിനിമയിലേക്ക് കടന്നുവരുന്നു എന്ന വാർത്തയിൽ കൂടി തന്നെ ജനശ്രദ്ധ നേടിയിരുന്നു. പോരാത്തതിന് അച്ഛന്റെ അതെ രീതിയിൽ, ആളുകൾ മൂക്കത്ത് വിരൽ വെക്കുന്ന നിലക്കുള്ള പ്രസ്താവനകളും (ജെൻ നെക്സ്റ്റ് ഭാഷയിൽ പറഞ്ഞാൽ CRINGE), ഡയലോഗുകളും നിറച്ചുള്ള ഇന്റർവ്യൂ പരമ്പരകളും കൊണ്ട് തന്നെ പേജ് 3 കോളങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഇടിത്തീ പോലൊരു വാർത്ത വന്നത്, ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകുന്നില്ല! ഇത്തരം വാർത്തകൾ കേട്ട് പഴകിയ നമ്മൾ ആദ്യം അത്ഭുതത്തോടെയാണ് ഇതിനെ നേരിട്ടത്. കേന്ദ്രം ഭരിക്കുന്ന മന്ത്രി അഭിനയിച്ച ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡ് സാധാരണ ഗതിയിൽ കണ്ണുമടച്ചു സർട്ടിഫിക്കറ്റ് നൽകേണ്ടതാണല്ലോ ഇപ്പഴത്തെ രീതി! ഒരു സംസ്ഥാനത്തെ അടച്ചാക്ഷേപിച്ച, ദി കേരള സ്റ്റോറി എന്ന സംഘപരിവാർ ആഖ്യാനം കുത്തിനിറച്ച സിനിമ ഒരു വിഷമവും കൂടാതെ പാസാക്കി വിട്ട സെൻസർ ബോർഡ്, സുരേഷ് മന്ത്രിയുടെ സിനിമ തടയും എന്ന് ആരും കരുതിയില്ല. നുണകൾ കൊണ്ട് കെട്ടിപ്പടുത്ത കേരള സ്റ്റോറി, സുരേഷ് അടക്കമുള്ള കേരളത്തിലെ സംഘ് പരിവാർ അണികൾ സഹർഷം സ്വാഗതം ചെയ്തു കഴിഞ്ഞാണ് അതിന്റെ നിർമ്മാതാക്കൾ കോടതിയിൽ പറഞ്ഞത്, അതൊരു സാങ്കൽപ്പിക കഥ മാത്രമാണ് എന്ന്. പക്ഷെ അപ്പോഴേക്കും ആ സിനിമയിലെ നുണ, പല പ്രാവശ്യം ലോകം ചുറ്റി വന്നുകഴിഞ്ഞിരുന്നു. ഉത്തരേന്ത്യൻ തീവ്ര ഹിന്ദുത്വ സംഘടനകൾ ഇന്നും ആ സിനിമയെ പിടിച്ചു ആണയിടുന്നുണ്ട്.


സിനിമ തടയാൻ കാര്യമായ എന്തേലും അക്രമം കുത്തി നിറച്ച സീനുകൾ ഉണ്ടായിരിക്കും എന്നാണ് മലയാളി സമൂഹം കരുതിയത്. എന്നാൽ ഏതാണ്ട് 96 മാറ്റങ്ങൾ സെൻസർ നിർദ്ദേശിച്ചിരുന്നു എന്ന വാർത്തയോടൊപ്പം കേട്ട സെൻസർ ബോർഡിന്റെ വിചിത്ര കാരണങ്ങളാണ ആളുകളെ ഞെട്ടിച്ചത്. പുരാണത്തിലെ ജനക പുത്രിയായ സീതയുടെ പേരാണ് ജാനകി, അത് കൊണ്ട് ആ പേര് സിനിമയിലെ കഥാപാത്രത്തിന് നൽകുക വഴി വിശ്വാസികളുടെ മതബോധത്തെ വൃണപ്പെടുത്തുന്നു എന്നായിരുന്നു ഒരു കാര്യം. ഇത് ആദ്യമായിട്ടല്ല ജാനകി എന്ന കഥാപാത്രം ഉൾപ്പെടുന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. സീത ഔർ ഗീത എന്ന പഴയ ഹിന്ദി സിനിമയിൽനിന്ന് (ബി.ജെ.പി എം.പി ഹേമ മാലിനി അഭിനയിച്ചത്) എവിടെ എത്തി നിൽക്കുന്നു എന്ന് ഓർക്കുക. (ഇക്കണക്കിനു ഇതേ പേരിൽ ഉള്ള ചില തെലുഗു സിനിമ പാട്ടുകളുടെ ചിത്രീകരണം കണ്ടാൽ ഇവർ ബോധം കെടും). മലയാളത്തിൽ 2023ൽ ജാനകി ജാനേ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്, അതിൽ നായിക ഒരു പാനിക് ഡിസോർഡർ ഉള്ള വ്യക്തിയാണ്. ഇപ്പഴത്തെ വാദം വച്ച്, അത്തരം ഒരു രീതിയിൽ ജാനകിയെ അവതരിപ്പിച്ചത് ശരിയാണോ? പക്ഷെ ഫാസിസം അടുത്തെത്തി കൊണ്ടിരിക്കുന്ന സ്ഥിതിയായിരുന്നില്ലല്ലോ അന്ന്. എം.ബി പദ്മകുമാർ സംവിധാനം ചെയ്ത ടോക്കൺ നമ്പർ എന്നൊരു സിനിമയിലെ നായികയുടെ പേര് ജാനകി എന്നതു മാറ്റി ജയന്തി എന്ന് ആക്കിയതിന് ശേഷമാണു സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ആ സിനിമയിൽ നായിക, എബ്രഹാം എന്നു പേരുള്ള ആളെ സ്നേഹിച്ചതാണ് പ്രശ്നമായത്.


കേസിന്റെ വാദത്തിനിടയിൽ ഹൈകോടതി സെൻസർ ബോർഡിന്റെ നയം ചോദ്യം ചെയ്തു പല നിരീക്ഷണങ്ങളും നടത്തി. കോടതി സിനിമ കാണുകയും ചെയ്തു. പക്ഷെ സെൻസർ ബോർഡ് മുഴുവനായും പിന്നോട്ട് പോയില്ല. സിനിമയ്ക്ക് ആദ്യം സെൻസർ ബോർഡ് പറഞ്ഞത് 96 കട്ടുകൾ. ഇപ്പോൾ പറയുന്നത് വെറും രണ്ട്! ജാനകിയുടെ ഇനിഷ്യൽ മാത്രം ചേർത്താൽ മതി, പെർഫെക്ട് ഓകെ! ഇനിഷ്യലിന് മുന്നേ കുത്തിടണമോ എന്ന് ഇപ്പഴേ ചോദിച്ചു വയ്ക്കുന്നത് നല്ലതാണ്, ഇല്ലേ പിന്നെ അതും കൊണ്ട് വരും! സിനിമയിലെ ജാനകിയുടെ അച്ഛന്റെ പേര് വിദ്യാധരൻ എന്നായത് കൊണ്ട് ജാനകി. വി Vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയാൽ തങ്ങൾ സർട്ടിഫിക്കറ്റ് കൊടുക്കാം എന്നാണ് ബോർഡ് ഇപ്പോൾ പറയുന്നത്. പ്രശ്നം തീർക്കാൻ നിർമ്മാതാവ് ഈ നിർദ്ദേശം ഉൾക്കൊണ്ടതായിട്ടാണ് റിപ്പോർട്ടുകൾ. സിനിമയുടെ എഴുത്തുകാരൻ ദൈവത്തെ സ്തുതിക്കുന്നുണ്ടാകും, സിനിമയിൽ ജാനകിയുടെ അച്ഛന്റെ പേര് ജയരാമൻ എന്നോ ജഗദീഷ് എന്നോ ഇടാതിരുന്നതിന്!

കേസ് ഏതാണ്ട് ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സമയത്താണ് സംവിധായകനും പ്രമുഖ സിനിമ സംഘടനയുടെ നേതാവുമായ ബി. ഉണ്ണികൃഷ്ണൻ സെൻസർ ബോർഡ് തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ ഒരു പ്രശ്നത്തെ ചോദ്യം ചെയ്തത്. സിനിമയിൽ ജാനകിയെ ക്രോസ്സ് വിസ്താരം നടത്തുന്നത് ഇതര മതസ്ഥനായ വക്കീലാണ് എന്നതും സെൻസർ ബോർഡ് ഒരു തടസ്സമായി ചൂണ്ടി കാണിച്ചുവെ​ത്രേ. ഈ വാദത്തോട് കോടതിയും ജനാധിപത്യ വിശ്വാസികളും എങ്ങനെ പ്രതികരിക്കും എന്ന് നമ്മൾ നോക്കിക്കാണണം. കാരണം, ഉത്തരേന്ത്യയിൽ ഉത്സവത്തിന് ഘോഷയാത്ര നടക്കുന്ന വഴികളിൽ മറ്റ് മതസ്ഥരുടെ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ പാടില്ല എന്ന സംഘ് പരിവാർ ആവശ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇത്. ഫാഷിസം വരുന്നത് പല വഴിക്കാണ് എന്നതിന്റെ സൂചനയാണിത്. അവർ എല്ലാ വഴികളും തേടും. അത് ഭക്ഷണമാകാം, വിദ്യാഭ്യാസമാകാം, വസ്ത്രമാകാം, അക്രമമാകാം, സാംസ്കാരികമാകാം. കേരളത്തിൽ ഇതൊന്നും ഓടില്ല എന്ന പല്ലവി ചൊല്ലിയിരിക്കുമ്പോൾ അവർ ഏതെല്ലാം വഴിക്കാണ് വരിക എന്ന് നമ്മൾ അറിയുന്നു പോലുമില്ല. കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രത്തെ ഭാരതാംബയായി അവതരിപ്പിച്ച ശേഷം അവർ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് ജാനകി Vs സെൻസർ ബോർഡ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Censor BoardSangh ParivarSuresh GopiJSK movie
News Summary - Janaki V v/s State of Kerala movie controversy with censor board
Next Story