Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഘടികാരങ്ങൾ നിലയ്ക്കുമ്പോൾ

text_fields
bookmark_border
ഘടികാരങ്ങൾ നിലയ്ക്കുമ്പോൾ
cancel
സമയ നിർണയത്തിന്റെ അടിസ്ഥാനം പ്രകൃതിയുടെ താളങ്ങളാണ്. ആധുനിക ജീവിത വ്യവഹാരങ്ങളിൽ അതിന് ചില താളപ്പിഴകൾ സംഭവിക്കാറുമുണ്ട്. അത് കണ്ടെത്താനുള്ള ഗവേഷണങ്ങളുടെ ഫലമായി അടുത്ത വർഷം മുതൽ മനുഷ്യൻ പുതിയൊരു സമയക്രമത്തിലേക്ക് പ്രവേശിക്കുകയാണ്. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ‘ലീപ് സെക്കൻഡ്’ അഥവാ അധിനിമിഷത്തിന് പകരമായി ‘ലീപ് അവർ’ വരികയാണ്.

എന്നു മുതലായിരിക്കും മനുഷ്യൻ സമയം ഗണിച്ചുതുടങ്ങിയത്? കഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളെയും എണ്ണിക്കണക്കാക്കി നാഴികകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെയായി തിട്ടപ്പെടുത്തിയത് മാനവസമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്. മഹാവിസ്ഫോടന സിദ്ധാന്തപ്രകാരം, പ്രപഞ്ചം ‘പിറന്നുവീണ’പ്പോൾത്തന്നെ സമയവും പിറവിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, സ്ഥല-കാല പ്രപഞ്ചത്തെയാണ് എക്കാലവും മനുഷ്യൻ സങ്കൽപിച്ചിട്ടുള്ളത്. അപ്പോഴും ആദ്യചോദ്യം ബാക്കിയാണ്: സമയഗണനയുടെ കാലം ആരംഭിക്കുന്നത് ഏത് നിമിഷംതൊട്ടാണ്? കൃത്യമായ ഉത്തരമില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്: ഘടികാരവും കലണ്ടറും പിറക്കുന്നതിനും ഏറെമുമ്പ് മനുഷ്യന് സമയം പറഞ്ഞുകൊടുത്തത് പ്രകൃതിയായിരുന്നു. സൂര്യോദയവും അസ്തമയവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഋതുഭേദങ്ങളും നോക്കിയാണ് ആദിമമനുഷ്യർ ജീവിതം ക്രമീകരിച്ചത്. വിതയ്ക്കാനും വിളവെടുക്കാനും യാത്രതിരിക്കാനും ഭക്ഷണം കരുതിവെക്കാനുമുള്ള സൂചനകൾ അവർ ആകാശത്തുനിന്നും ചുറ്റുപാടുകളിൽനിന്നും കണ്ടെത്തി.

മറ്റൊരർഥത്തിൽ, മനുഷ്യന്റെ ആദ്യഘടികാരം ആകാശമായിരുന്നുവെന്ന് പറയാം. ശാസ്ത്രീയമായി വിശദീകരിക്കുകയാണെങ്കിൽ, ഭൂമിയുടെ ഭ്രമണം സൃഷ്ടിക്കുന്ന രാവും പകലുമായിരുന്നു സമയബോധത്തിന്റെ ആദ്യ അടിത്തറ. ഉറക്കവും ഉണർവും ഉൾപ്പെടെയുള്ള ജീവൽപ്രവർത്തനങ്ങൾ ഈ താളത്തിനൊത്ത് രൂപപ്പെട്ടു. ഭൂമിയുടെ അച്ചുതണ്ടിനുള്ള ഏകദേശം 23.5 ഡിഗ്രി ചരിവും സൂര്യനെ ചുറ്റിയുള്ള സഞ്ചാരവും ഋതുമാറ്റങ്ങൾക്ക് കാരണമാകുന്നു. പകൽദൈർഘ്യത്തിലും ചൂടിലും സസ്യജാലങ്ങളിലും സംഭവിക്കുന്ന മാറ്റങ്ങൾ ദീർഘകാലാസൂത്രണത്തിന് മനുഷ്യരെ സഹായിച്ചു. ചന്ദ്രനാകട്ടെ, ദിവസങ്ങൾ എണ്ണാനുള്ള ദൃശ്യമായ അടയാളമായി. ഏകദേശം 29.53 ദിവസം നീളുന്ന ചന്ദ്രകലാചക്രം വിവിധ സംസ്കാരങ്ങളിലെ ചാന്ദ്രകലണ്ടറുകൾക്ക് അടിസ്ഥാനമായി. കൃഷിയും ആഘോഷങ്ങളും മതാചാരങ്ങളും ഈ ചക്രവുമായി ബന്ധപ്പെട്ടു.

രാത്രികളിൽ നക്ഷത്രങ്ങൾ സമയവും ദിശയും അറിയിച്ചു. പുരാതന ഈജിപ്തിൽ സിറിയസ് നക്ഷത്രത്തിന്റെ പുലർകാല പുനരുദയം നൈൽനദിയിലെ വാർഷിക പ്രളയകാലത്തിന്റെ സൂചനയായി കണക്കാക്കി. പോളിനേഷ്യൻ നാവികർ നക്ഷത്രസ്ഥാനങ്ങൾ ആശ്രയിച്ച് സമുദ്രങ്ങൾ താണ്ടി. നക്ഷത്രരാശികളുടെ കാലാനുസൃതമായ പ്രത്യക്ഷപ്പെടലുകൾ കൃഷിക്കാലം തിരിച്ചറിയാനും സഹായിച്ചു.

2027 മുതൽ ലോകസമയത്തിൽ ഒരു മണിക്കൂർ കൂട്ടിച്ചേർക്കുമെന്നല്ല പുതിയ തീരുമാനത്തിന്റെ അർഥം. ഒരു സെക്കൻഡ് വീതമുള്ള ഇടയ്ക്കിടെയുള്ള തിരുത്തലുകൾ ഒഴിവാക്കി വളരെ ദീർഘകാലത്തേക്ക് സമയക്രമം സ്ഥിരതയോടെ നിലനിർത്തുകയാണ് ലക്ഷ്യം

ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചും പെറുവിലെ ചാങ്കില്ലോയും പോലുള്ള പുരാതന നിർമിതികൾ ആകാശനിരീക്ഷണത്തിന് മനുഷ്യർ നൽകിയ പ്രാധാന്യത്തിന്റെ അടയാളങ്ങളാണ്. നിഴലുകളുടെയും സൂര്യസ്ഥാനങ്ങളുടെയും മാറ്റങ്ങൾ നിരീക്ഷിച്ച് വർഷത്തിലെ നിർണായകഘട്ടങ്ങൾ തിരിച്ചറിയാൻ ഇത്തരം സംവിധാനങ്ങൾ സഹായിച്ചു. ഋതുക്കളുടെ ആവർത്തനം കൃഷിയെ മാത്രമല്ല, സമൂഹത്തിന്റെ ഓർമയെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തി. മഴയുടെ വരവും വിളവെടുപ്പും ആഘോഷങ്ങളായി മാറി. മുൻവർഷങ്ങളിലെ അനുഭവങ്ങൾ ഓർത്തുവെച്ച് വരാനിരിക്കുന്ന കാലത്തിനായി തയ്യാറെടുക്കാൻ മനുഷ്യർ പഠിച്ചു. ഭക്ഷ്യസംഭരണവും കുടിയേറ്റവും സമൂഹജീവിതവും ഈ അറിവിനെ ആശ്രയിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് അതിജീവനത്തിന്റെ പ്രധാന ഉപാധിയായി മാറി.

ഇതിനെല്ലാംശേഷമാണ് മനുഷ്യൻ സമയഗണനയ്ക്ക് യന്ത്രങ്ങളെ ആശ്രയിക്കുന്നത്. ‘വാട്ടർ ക്ലോക്കും’ സൂര്യഘടികാരവും പിന്നെ നാം സാമാന്യമായി പറയുന്ന വിവിധതരം ഘടികാരങ്ങളുമെല്ലാം പിന്നിട്ട് ഇന്ന് ആറ്റോമിക് ഘടികാരങ്ങളും സമയഗണനയ്ക്കായി മാത്രമുള്ള ഉപഗ്രഹങ്ങളുമെല്ലാം നമുക്ക് സുപരിചിതമാണ്. അപ്പോഴും, മനുഷ്യജീവിതം പ്രകൃതിയുടെ സമയക്രമത്തിൽനിന്ന് വേർപെട്ടിട്ടില്ല. കൃഷിയും ജീവികളുടെ ദേശാടനവും ശരീരത്തിന്റെ ജൈവതാളവും അതിനൊപ്പം തുടരുന്നു. സമയത്തെ അളക്കാനുള്ള ഉപകരണങ്ങൾ മനുഷ്യൻ നിർമിച്ചു; സമയത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ചത് പ്രകൃതിയാണ്.

ആകാശനിരീക്ഷണത്തിൽ തുടങ്ങിയ ആ പഠനം മനുഷ്യന്റെ ശാസ്ത്രബോധത്തിലും സംസ്കാരത്തിലും ഇന്നും വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. അഥവാ, സമയനിർണയത്തിന്റെ അടിസ്ഥാനം ഇപ്പോഴും പ്രകൃതിയുടെ താളങ്ങൾതന്നെയാണ്. എന്നാൽ, ഈ താളത്തിന് ചില പ്രശ്നങ്ങളുണ്ട്. ആധുനിക ജീവിതവ്യവഹാരങ്ങളിൽ ചിലയിടത്തെങ്കിലും അതിന് ചില താളപ്പിഴകൾ സംഭവിക്കാറുണ്ട്. അത് കണ്ടെത്താനും പരിഹരിക്കാനുമെല്ലാം അന്തർദേശീയതലത്തിൽ ചില സ്ഥാപനങ്ങളുടെ കീഴിൽ ഗവേഷണവും നടക്കുന്നുണ്ട്. അത്തരമൊരു ഗവേഷണത്തിന്റെകൂടി ഫലമായി അടുത്തവർഷം മുതൽ മനുഷ്യൻ പുതിയൊരു സമയക്രമത്തിലേക്ക് പ്രവേശിക്കുകയാണ്.

അധിനിമിഷങ്ങൾക്ക് വിട

ആഗോളതലത്തിൽ സമയഗണന കൃത്യപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയാണ് ഇന്റർനാഷനൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് (ബി.ഐ.പി.എം). പതിറ്റാണ്ടുകളായി ഈ സമിതിയിൽ ഒരു ചർച്ച നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 15ന് ഫ്രാൻസിലെ വാഴ്സായിൽ നടന്ന ചർച്ചയിൽ അതിനൊരു തീരുമാനമായി; ലോകത്തിന്റെ സമയക്രമത്തിൽ നിർണായകമാറ്റത്തിന് വഴിയൊരുക്കുന്നൊരു തീരുമാനം. ഭൂമിയുടെ ഭ്രമണവും ആറ്റോമിക് ക്ലോക്കുകളും തമ്മിലുള്ള സമയവ്യത്യാസം പരിഹരിക്കാൻ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ‘ലീപ് സെക്കൻഡ്’ (Leap Second) അഥവാ അധിനിമിഷം എന്ന സംവിധാനം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമയനിർണയ വിദഗ്ധർ തീരുമാനിച്ചു.

പകരമായി ‘ലീപ് അവർ’ (Leap Hour) കൊണ്ടുവരാനാണ് തീരുമാനം. ബി.ഐ.പി.എം സമ്മേളനത്തിൽ 69 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വോട്ടെടുപ്പിലാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. 2027 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും. ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള സമയവും അത്യന്തം കൃത്യതയോടെ പ്രവർത്തിക്കുന്ന ആറ്റോമിക് ക്ലോക്കുകൾ രേഖപ്പെടുത്തുന്ന സമയവും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസം പരിഹരിക്കാനാണ് 1972 മുതൽ ലോകസമയത്തിൽ ഇടയ്ക്കിടെ ഒരു സെക്കൻഡ് അധികമായി ചേർത്തിരുന്നത്. ഇതിനെയാണ് ലീപ് സെക്കൻഡ് എന്ന് വിളിക്കുന്നത്. 1972 മുതൽ ഇതുവരെ 27 ലീപ് സെക്കൻഡുകളാണ് കൂട്ടിച്ചേർത്തിട്ടുള്ളത്.

അവസാനമായി 2016 ഡിസംബർ 31നാണ് ഇത്തരത്തിൽ ഒരു സെക്കൻഡ് അധികമായി ചേർത്തത്. ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരുതവണ കറങ്ങാൻ 24 മണിക്കൂറെടുക്കുമെന്നാണ് നാം പറയാറുള്ളതെങ്കിലും, വാസ്തവത്തിൽ അതിനേക്കാൾ ഒരല്പം കൂടുതൽ സമയം (സെക്കൻഡിന്റെ രണ്ടായിരത്തിലൊരംശം) എടുക്കുന്നുണ്ട്. ഭ്രമണവേഗം എപ്പോഴും ഒരുപോലെയല്ല; അതിൽ വളരെ ചെറിയതോതിൽ കുറവ് വരുന്നുണ്ട്. സമുദ്രങ്ങളിലെ ജലചലനം, ഭൂമിയുടെ ആന്തരികഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ, അന്തരീക്ഷത്തിലെ ചലനങ്ങൾ തുടങ്ങിയവ ഭ്രമണവേഗത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ‘അധിക സമയം’ വേണ്ടിവരുന്നത്.

ഈ സമയവ്യത്യാസം കൂടിക്കൂടി ഒരു സെക്കൻഡ് പൂർത്തിയാകുമ്പോൾ, ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂറിനേക്കാൾ ഒരു സെക്കൻഡ് സമയം കൂടുതൽ വേണമെന്ന് കണക്കാക്കാം. പ്രസ്തുത അധിക സെക്കൻഡാണ് ‘അധിനിമിഷം’. അധിവർഷം വരുമ്പോൾ ഫെബ്രുവരിയിൽ 29-ാം ദിവസം ചേർക്കുന്നതുപോലെയുള്ള ഒരു ക്രമീകരണമാണിത്. ചില വർഷങ്ങളിൽ ജൂൺ 30-നോ ഡിസംബർ 31-നോ അർധരാത്രിയിൽ ഈ അധിക സെക്കൻഡ് കൂട്ടിച്ചേർക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, പ്രകൃതിപരമായ ഈ വ്യതിയാനമില്ലാത്ത ആറ്റോമിക് ക്ലോക്കുകളിലും ഒരു സെക്കൻഡ് വെറുതെ ചേർക്കും.

അന്താരാഷ്ട്ര സമയക്രമമനുസരിച്ച് സാധാരണ ഒരു ദിവസം എന്നത് 86,400 സെക്കൻഡാണ്. എന്നാൽ ലീപ് സെക്കൻഡ് ചേർക്കുന്ന ദിവസം 86,401 സെക്കൻഡുകളുണ്ടാകും. 2016 ഡിസംബർ 31-ന് അവസാനമായി അധിക സെക്കൻഡ് ചേർത്തപ്പോൾ അത് 27-ാമത്തേതായിരുന്നു. ഇനിമുതൽ ഈ രീതി വേണ്ടെന്നാണ് തീരുമാനം.

എന്തുകൊണ്ട് ഒഴിവാക്കുന്നു?

ലീപ് സെക്കൻഡ് സംവിധാനം ആധുനിക സാങ്കേതികസംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സാധാരണയായി ഒരു മിനിറ്റിൽ 60 സെക്കൻഡാണുള്ളത്. എന്നാൽ ലീപ് സെക്കൻഡ് ചേർക്കുമ്പോൾ പ്രത്യേക സാഹചര്യത്തിൽ ഒരു മിനിറ്റിൽ 61 സെക്കൻഡുണ്ടാകും. ഇത് കൈകാര്യം ചെയ്യാൻ ചില കംപ്യൂട്ടർ സംവിധാനങ്ങൾക്ക് കഴിയാതെ വരുന്നതാണ് പ്രശ്നം. 2012ൽ ലീപ് സെക്കൻഡ് ചേർത്തതിനെത്തുടർന്ന് റെഡിറ്റ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തെയും ഇത് ബാധിച്ചു.

ബാങ്കിങ് ഇടപാടുകൾ, ഓഹരിവിപണികൾ, ഉപഗ്രഹ നാവിഗേഷൻ, ടെലികമ്യൂണിക്കേഷൻ ശൃംഖലകൾ, വൈദ്യുതിവിതരണ സംവിധാനങ്ങൾ എന്നിവയെല്ലാം അതിസൂക്ഷ്മമായ സമയക്രമത്തെയാണ് ആശ്രയിക്കുന്നത്. ഒരു സെക്കൻഡിന്റെ വ്യത്യാസംപോലും ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഏറ്റവും കൃത്യമായി സമയം കാണിക്കുന്ന ഘടികാരങ്ങളാണ് ആറ്റോമിക് ക്ലോക്കുകൾ. ആറ്റോമിക് ക്ലോക്കുകളിൽ രാത്രി 11:59:59-നു ശേഷം 0:00:00 എന്നായിരിക്കും കാണിക്കുക.

ഇത് അർധരാത്രി 12 മണിയും അടുത്ത ദിവസത്തിന്റെ ആരംഭവുമാണ്. എന്നാൽ ലീപ് സെക്കൻഡ് ചേർക്കുന്ന ദിവസം ആറ്റോമിക് ക്ലോക്കുകളിൽ 11:59:59-നു ശേഷം കാണിക്കുന്ന സമയം 11:59:60 എന്നായിരിക്കും. അതായത്, അപ്പോൾ അടുത്ത ദിവസം ആരംഭിക്കുന്നില്ല; തൊട്ടടുത്ത നിമിഷമാണ് 0:00:00 എന്ന് കാണിക്കുന്നത്. ലീപ് സെക്കൻഡ് ചേർക്കുന്നതോടെ ആറ്റോമിക് ക്ലോക്കിന്റെ സമയക്രമം വ്യതിചലിക്കുകയും ടിക്കറ്റ് ബുക്കിങ് പോലുള്ള സാങ്കേതികസംവിധാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു ദിവസത്തിന്റെ വ്യത്യാസമാണ് അവിടെ രേഖപ്പെടുത്തുന്നത്. അതിനാൽ, ഇടയ്ക്കിടെ ലീപ് സെക്കൻഡ് ചേർക്കുന്നത് സാങ്കേതികലോകത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു.

എന്താണ് ലീപ് അവർ?

ലീപ് സെക്കൻഡ് സംവിധാനത്തിൽ ചെറിയ സമയവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇടയ്ക്കിടെ ഓരോ സെക്കൻഡ് വീതം കൂട്ടിച്ചേർക്കുകയായിരുന്നു പതിവ്. എന്നാൽ പുതിയ ലീപ് അവർ സംവിധാനത്തിൽ ആറ്റോമിക് ക്ലോക്കുകൾ അടിസ്ഥാനമാക്കിയുള്ള ഏകോപിത ലോകസമയവും (യു.ടി.സി) ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള ജ്യോതിശാസ്ത്രസമയവും തമ്മിലുള്ള വ്യത്യാസം ഒരു മണിക്കൂർ വരെയാകാൻ അനുവദിക്കും.

വ്യത്യാസം ഒരു മണിക്കൂറിലെത്തുമ്പോൾ മാത്രമായിരിക്കും വലിയ സമയക്രമീകരണം ആവശ്യമായി വരിക. എന്നാൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതായത്, 2027 മുതൽ ലോകത്തിന്റെ സമയത്തിൽ പെട്ടെന്ന് ഒരു മണിക്കൂർ കൂട്ടിച്ചേർക്കുമെന്നല്ല പുതിയ തീരുമാനത്തിന്റെ അർഥം. ഒരു സെക്കൻഡ് വീതമുള്ള ഇടയ്ക്കിടെയുള്ള തിരുത്തലുകൾ ഒഴിവാക്കി വളരെ ദീർഘകാലത്തേക്ക് സമയക്രമം സ്ഥിരതയോടെ നിലനിർത്തുകയാണ് ലക്ഷ്യം.

സാധാരണയായി ചുരുങ്ങിയത് ആറോ ഏഴോ വർഷം കൂടുമ്പോഴാണ് ലീപ് സെക്കൻഡ് ചേർത്തിരുന്നത്. ലീപ് അവർ കണക്കാക്കിയാൽ ചുരുങ്ങിയത് രണ്ടരനൂറ്റാണ്ടുകാലമെങ്കിലും ഇത്തരമൊരു തിരുത്തൽ വേണ്ടിവരില്ല. പുതിയ സമയക്രമം സാധാരണക്കാരുടെ ദൈനംദിനജീവിതത്തെ ഉടനടി ബാധിക്കില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, വാച്ചുകൾ എന്നിവയിൽ ഉപയോഗിക്കുന്ന സമയത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകില്ല. എന്നാൽ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നിടുമ്പോൾ ഭൂമിയുടെ സ്വാഭാവിക ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള സമയവും ഔദ്യോഗിക ലോകസമയവും തമ്മിലുള്ള വ്യത്യാസം ക്രമേണ വർധിക്കാം.ഭാവിയിൽ സൂര്യോദയവും സൂര്യാസ്തമയവും രേഖപ്പെടുത്തുന്ന സമയത്തെയും ഇത് സ്വാധീനിച്ചേക്കാം.

മുപ്പതാണ്ടിന്റെ ആലോചന

മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ചർച്ചകളുടെ ഫലമായി 2035-ഓടെ ലീപ് സെക്കൻഡ് ഒഴിവാക്കുന്നതിന് 2022-ൽത്തന്നെ തത്വത്തിൽ ധാരണയായിരുന്നു. പുതിയ തീരുമാനത്തോടെ ആ മാറ്റം നേരത്തെയാക്കുകയാണ്. റഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ലീപ് സെക്കൻഡ് ഒഴിവാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റഷ്യയുടെ ഗ്ലോനാസ് ഉപഗ്രഹ നാവിഗേഷൻ സംവിധാനം നിലവിലെ സമയക്രമത്തെ ആശ്രയിക്കുന്നതാണ് കാരണം. ബ്രിട്ടിഷ് നാഷനൽ ഫിസിക്കൽ ലബോറട്ടറിയിലെ സമയനിർണയ വിദഗ്ധൻ ഡോ. സെത്നം ഷെമറിന്റെ അഭിപ്രായത്തിൽ, പുതിയ തീരുമാനം കൃത്യമായ സമയത്തെ ആശ്രയിക്കുന്ന സാങ്കേതികസംവിധാനങ്ങളിലെ തകരാറുകൾക്കുള്ള സാധ്യത കുറയ്ക്കും.

അതേസമയം ലോകസമയവും ഭൂമിയുടെ ഭ്രമണവും തമ്മിലുള്ള അടിസ്ഥാനബന്ധം നിലനിർത്താനും കഴിയും.സാങ്കേതികരംഗത്തെ പുരോഗതിക്കൊപ്പം ലോകത്തിന്റെ സമയനിർണയസംവിധാനവും മാറുകയാണ്. മനുഷ്യർ സമയം അളക്കുന്ന രീതിയിൽ പതിറ്റാണ്ടുകൾക്കുശേഷം നടപ്പാകുന്ന ഏറ്റവും ശ്രദ്ധേയമായ പരിഷ്കാരങ്ങളിലൊന്നായാണ് പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell to Leap Seconds: Global Timekeeping Shifts to Leap Hours by 2027
Next Story