കസ്തൂരി രംഗൻ വിധിയെഴുതിയ ഇടുക്കി
text_fieldsപശ്ചിമ ഘട്ട റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിൽ കർണാടകയിൽ ജനങ്ങൾക്കൊപ്പം
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് നിർദേശം സമർപ്പിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച മാധവ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ എതിർപ്പുകൾ രൂക്ഷമായപ്പോഴാണ് ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാനായ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ മറ്റൊരു കമീഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗാഡ്ഗിൽ കടുത്ത പരിസ്ഥിതി വാദിയായാണ് റിപ്പോർട്ട് തയാറാക്കിയതെന്നായിരുന്നു വിമർശകർ ഉയർത്തിയ വാദം. ഈ സാഹചര്യത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് വിലയിരുത്തി പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കാൻ കസ്തൂരി രംഗൻ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ, കസ്തൂരി രംഗൻ റിപ്പോർട്ടിനുനേർക്ക് ഇരുവശത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഇടുക്കിയടക്കം കേരളത്തിലെ മലയോരങ്ങളിൽ അലയടിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ കസ്തൂരി രംഗൻ വെള്ളം ചേർത്തെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പരിസ്ഥിതിവാദികൾ വിമർശനമുന്നയിച്ചപ്പോൾ ഗാഡ്ഗിലിനെ ശരിവെക്കുകയാണ് കസ്തൂരി രംഗൻ എന്നായിരുന്നു സമരക്കാരുടെ ആക്ഷേപം.
2010 മാർച്ച് മാസത്തിൽ കസ്തൂരി രംഗൻ നേരിട്ട് ഇടുക്കിയിൽ എത്തിയിരുന്നു. കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ എതിർശബ്ദങ്ങളെ കേട്ടു. എന്നാൽ, തങ്ങളുടെ പക്ഷം കേൾക്കാതെ അന്തിമ റിപ്പോർട്ട് തയാറാക്കിയെന്ന ആക്ഷേപം ഉയർന്നപ്പോൾ അതിന് ശമനത്തിനായാണ് കസ്തൂരി ജനാഭിപ്രായം കേൾക്കാൻ എത്തിയതെന്ന് അന്നത്തെ സമരപ്രക്ഷോഭങ്ങളുടെ മുന്നിൽനിന്ന മുൻ ഇടുക്കി എം.പി ജോയ്സ് ജോർജ് പറയുന്നു. മാത്രമല്ല, കസ്തൂരി രംഗൻതന്നെ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം പശ്ചിമഘട്ടത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും പരിസ്ഥിതിലോല മേഖലയിൽനിന്ന് (ഇ.എഫ്.എൽ) ഒഴിവാക്കി. അപ്പോഴും ആ മാനദണ്ഡം പാലിക്കാതെയാണ് കേരളത്തിലെ 123 പഞ്ചായത്തുകളെ കമീഷൻ ഇ.എഫ്.എല്ലിൽ ആക്കിയതെന്നും ജോയ്സ് പറഞ്ഞു. ജനവാസ മേഖലയും കൃഷിഭൂമിയും ഇ.എഫ്.എല്ലിൽപെടില്ലെന്നും ചതുരശ്ര കിലോമീറ്ററിൽ 100ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളെ മാത്രമേ അതിൽ ഉൾപ്പെടുത്തുകയുള്ളൂവെന്നും കസ്തൂരി രംഗൻ റിപ്പോർട്ട് പറഞ്ഞിരുന്നു. പക്ഷേ, ഈ മാനദണ്ഡം കേരളത്തിന്റെ കാര്യത്തിൽ പാലിക്കാത്തതിനാലാണ് സമരത്തിനിറങ്ങിയതെന്ന് ജോയ്സ് ജോർജ് പറഞ്ഞു.
കസ്തൂരി രംഗൻ റിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിക്കുന്നതായി കേന്ദ്ര സർക്കാർ പ്രസ്താവിച്ച 2013 നവംബർ 16 മുതൽ ഇടുക്കിയിൽ അതിശക്തമായ സമരമായിരുന്നു അരങ്ങേറിയത്. നവംബർ 17, 18, 19 തീയതികളിൽ ഇടുക്കിയിൽ രാപ്പകൽ സമരം അരങ്ങേറുകയുണ്ടായി. തുടർന്ന് കേന്ദ്രസർക്കാറിനെതിരെ മലയോര മേഖലയിൽ എതിർപ്പ് ശക്തമായി. ഇടുക്കി രൂപത ഇടയലേഖനമിറക്കി. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടയായിരുന്ന ഇടുക്കിയിൽ കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് പരാജയപ്പെട്ടതും സമരത്തിന് നേതൃത്വം നൽകിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗൽ അഡ്വൈസറായിരുന്ന അഡ്വ. ജോയ്സ് ജോർജ് എൽ.ഡി.എഫ് സ്വതന്ത്രനായി ജയിച്ചതും ഗാഡ്ഗിൽ-കസ്തൂരി രംഗൻ കമീഷൻ റിപ്പോർട്ടുകൾക്കെതിരെയുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.