കുറഞ്ഞ ചികിത്സ, കൂടിയ വിവാദങ്ങൾ...
text_fieldsഇന്ത്യയിൽ സഹകരണ മേഖലയിൽ തുടങ്ങിയ ആദ്യ മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനം സ്വാശ്രയ മേഖലയിലായിരുന്നു. അതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്ക് കണക്കില്ല. അഞ്ചു വർഷത്തിനുമുമ്പ് സ്ഥാപനം സർക്കാർ ഏറ്റെടുത്തെങ്കിലും ആവശ്യത്തിന് ഡോക്ടർമാരെയോ ചികിത്സാ ഉപകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല. വിവാദങ്ങൾക്കാവട്ടെ തരിമ്പ് കുറവുമില്ല. കോളജിലുള്ള സ്കാനിങ് മെഷീൻ സ്വകാര്യ കമ്പനിയുടേതാണ്. അതിനാൽ പരിശോധനക്കായി എത്തുന്ന സാധാരണക്കാർ വൻതുക മുടക്കേണ്ട സ്ഥിതിയാണ്. സി.ടി സ്കാൻ യന്ത്രം കാലപ്പഴക്കത്താൽ ഇടക്കിടെ പണിമുടക്കും. പെട്ടെന്ന് പരിശോധന വേണ്ടവർ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം.
പുതിയ എം.ആർ.ഐ യന്ത്രത്തിനായി തുക അനുവദിച്ചെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. അർബുദ രോഗികൾക്ക് ആശ്രയമായിരുന്ന കൊബാൾട്ട് തെറപ്പി യന്ത്രം പണിമുടക്കിയിട്ട് നാലു വർഷമായിട്ടും അതിനു പകരം സംവിധാനം ഒരുക്കാൻ തയാറാവാത്തതിനെ അക്ഷരം തെറ്റാതെ വിളിക്കണം -ക്രൂരത. 18 കോടി രൂപ ചെലവിൽ പുതിയ യന്ത്രം വരുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
എട്ടു ശസ്ത്രക്രിയകൾ വരെ ഒരേ സമയത്ത് നടത്താവുന്ന തിയറ്റർ സംവിധാനമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. തുടക്കം മുതൽ ഇവ നന്നായി പ്രവർത്തിച്ചു പോന്നതുമാണ്. എന്നാൽ, അറ്റകുറ്റപ്പണിയെന്ന് പറഞ്ഞ് ആറു മാസത്തിലേറെയായി ഭൂരിഭാഗവും അടച്ചിട്ടിരിക്കുന്നു. നിലവിൽ രണ്ടു ശസ്ത്രക്രിയകൾ മാത്രമെ ഒരേ സമയം നടത്താനാവൂ. അതുകൊണ്ട് ശസ്ത്രക്രിയകൾ മാറ്റി വെക്കേണ്ടി വരുന്നു.
പ്രതിദിനം നൂറ് ഡയാലിസിസുകൾ ഇപ്പോൾ അത്യാസന്ന രോഗികൾക്കു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കടുതൽ ശസ്ത്രക്രിയകൾ നടന്ന ഹൃദ്രോഗവിഭാഗവും ഇപ്പോൾ അത്യാസന്നനിലയിലാണ്. സഹകരണ ഹൃദയാലയ എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ പദവി എടുത്തുകളഞ്ഞ് ഒരു ഡിപ്പാർട്മെന്റ് മാത്രമാക്കിയോടെയാണ് സ്ഥാപനത്തിന്റെ ശനിദശയുടെ ആരംഭം.
ഗ്യാസ്ട്രോ സർജറി വിഭാഗം ഡോക്ടർമാരില്ലാത്തിനാൽ അടച്ചിട്ടു. ഗ്യാസ്ട്രോ എൻററോളജി വിഭാഗം പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി തുടങ്ങിയ വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. ഡോക്ടർ അവധിയെടുത്താൽ ഒ.പിയില്ല. മാത്രമല്ല, ഡോക്ടർമാർ കുറവായതിനാൽ ഒ.പി സേവനം പരിമിതപ്പെടുത്തേണ്ടിയും വരുന്നു. സർക്കാറിലെ ചിലർ സ്വകാര്യ ആശുപത്രികൾക്കുവേണ്ടി ഒത്തുകളിക്കുകയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.
ദേശീയപാതയോരത്തെ ആതുരാലയമായിട്ടുകൂടി അത്യാഹിത വിഭാഗത്തിൽപോലും സീനിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ട്. പലപ്പോഴും കാഷ്വൽറ്റിയിൽ പി.ജി വിദ്യാർഥികളുടെ സേവനമാണ് ലഭിക്കുന്നതെന്നും സീനിയർ ഡോക്ടർമാർ ഉണ്ടാവാറില്ലെന്നും പരാതി വ്യാപകമായുണ്ട്
ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും കിട്ടാക്കനിയാണ്. നീണ്ട ക്യൂവിൽ കാത്തുനിന്ന് കൗണ്ടറിലെത്തിയാലാണ് മരുന്നില്ലെന്നറിയുന്നത്. സമയവും നഷ്ടം പണവും നഷ്ടം. തൊട്ടടുത്ത കാരുണ്യയും പലപ്പോഴും കരുണ കാണിക്കാറില്ല. മൂന്ന് ഫാർമസിയുണ്ടെങ്കിലും മരുന്നിന് പുറത്തു പോകണം. മരുന്നു സൂക്ഷിക്കാനുള്ള കെട്ടിടം 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ചിട്ടും മരുന്നുകൾ ആശുപത്രി ഇടനാഴികളിലാണ് അട്ടിയിട്ട് വെക്കുന്നത്. പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകളും ഇങ്ങനെ ടൈൽ പാകിയ ഇടനാഴികളിലാണ് കൂട്ടിയിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.