അറിഞ്ഞു കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം
text_fieldsഭക്ഷണം കേവലം വിശപ്പകറ്റാനുള്ള വഴി മാത്രമല്ല; ഓരോ ജീവജാലത്തിന്റെയും അടിസ്ഥാന അവകാശവും ആരോഗ്യത്തിന്റെ ആണിക്കല്ലുമാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മുൻകാലങ്ങളിൽ നാം കൂടുതലായി കഴിച്ചിരുന്നതെങ്കിൽ, ഇന്നിവിടെ ലക്ഷക്കണക്കിനാളുകളാണ് നിത്യേന ഹോട്ടലുകളെയും ബേക്കറികളെയും വഴിയോര ഭക്ഷണശാലകളെയും ആശ്രയിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ ചേരുവകളും പോഷകമൂല്യങ്ങളും നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിയമമുണ്ട്. എന്നാൽ, നമ്മുടെ ദൈനംദിന ആഹാരത്തിന്റെ വലിയൊരു പങ്കുവരുന്ന തുറന്ന ഭക്ഷണങ്ങളിൽ എന്തൊക്കെയാണ് ചേർത്തിരിക്കുന്നത് എന്ന് കഴിക്കുന്നവർ അറിയുന്നുണ്ടോ?
അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ, ട്രാൻസ് ഫാറ്റ്, അമിതമായ ഉപ്പും പഞ്ചസാരയും, കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവയെക്കുറിച്ചൊന്നും ഉപഭോക്താവിന് ഒരു വിവരവും ലഭിക്കുന്നില്ല. ജീവിതശൈലീരോഗങ്ങൾ കേരളത്തെ വരിഞ്ഞുമുറുക്കുന്ന ഈ കാലത്ത്, തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ സുതാര്യത ഉറപ്പാക്കാൻ ‘Know What You Eat - Kerala Food Transparency & Awareness Initiative’ എന്ന ആശയം മുന്നോട്ടുവെക്കുന്നു. വ്യാപാരികൾക്കുമേൽ അനാവശ്യ നിയമഭാരമോ സാമ്പത്തികബാധ്യതയോ അടിച്ചേൽപ്പിക്കുകയല്ല; നിലവിലുള്ള സംവിധാനങ്ങളിൽ ജനകീയപങ്കാളിത്തവും ലളിതമായ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി.
പാക്കറ്റ് ഭക്ഷണങ്ങളിൽ ജാഗ്രത
പാക്കറ്റ് ഭക്ഷണങ്ങൾ വിൽക്കുന്ന കടകളിൽ ‘‘വാങ്ങുന്നതിനുമുമ്പ് ചേരുവകൾ വായിച്ചറിയൂ’’ എന്നൊരു ബോർഡ് നിർബന്ധമാക്കുക. ലേബലുകൾ നോക്കി വാങ്ങുന്ന ഉപഭോക്തൃസംസ്കാരം വളർത്താൻ ഇത് സഹായിക്കും.
ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ‘മാസ്റ്റർ ലിസ്റ്റ്’ ഹോട്ടലുകളിലും തട്ടുകടകളിലും ബേക്കറികളിലും സ്ഥാപിക്കണം. അവരവരുടെ പാചകക്കൂട്ടുകളോ വ്യാപാരരഹസ്യമോ വെളിപ്പെടുത്തേണ്ടതില്ല. പകരം, പ്രധാന ചേരുവകളും അലർജൻ വിവരങ്ങളും ഉൾക്കൊള്ളുന്ന വിവരങ്ങൾ ക്യു.ആർ കോഡ് രൂപത്തിൽ കൗണ്ടറുകളിലോ മേശപ്പുറത്തോ പതിപ്പിക്കാം. ‘‘നിങ്ങളുടെ ഭക്ഷണത്തിൽ എന്തൊക്കെയുണ്ട്? അറിയാൻ സ്കാൻ ചെയ്യൂ’’ എന്നൊരു ലളിതമായ സന്ദേശം ഉപഭോക്താവിന് സ്വയം വിവരങ്ങൾ അറിയാനുള്ള വഴി തുറന്നുനൽകും.
നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി, ഫലപ്രാപ്തി വിലയിരുത്തിയ ശേഷം സംസ്ഥാനവ്യാപകമാക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരിസംഘടനകളും ഭക്ഷ്യസുരക്ഷാവകുപ്പും കൈകോർത്താൽ ഭരണകൂടത്തിന് അധികച്ചെലവില്ലാതെതന്നെ ഇത് യാഥാർഥ്യമാക്കാൻ സാധിക്കും.
ഹെൽത്ത് ഡ്രിങ്കുകൾ ഹെൽത്തിയാണോ?
വൻപരസ്യങ്ങളുടെ പിൻബലത്തിൽ വിൽപന കൊഴുക്കുന്ന, വീടുകളിലെ നിത്യോപയോഗവസ്തുക്കളായി മാറിയിരിക്കുന്ന പല ഭക്ഷ്യപദാർഥങ്ങളും രുചിക്കൂട്ടുകളും ആരോഗ്യത്തെ തകർക്കാൻ പോന്നവയാണ്. ഉദാഹരണത്തിന് ടൊമാറ്റോ കെച്ചപ്പുകളും മാൾട്ട് ഡ്രിങ്കുകളും. ടൊമാറ്റോ കെച്ചപ്പിൽ തക്കാളിയേക്കാൾ കൂടുതലുള്ളത് പഞ്ചസാരയാണ്. കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യവും വളർച്ചയും നൽകുമെന്ന് ധരിച്ച് നൽകുന്ന ഹെൽത്ത് ഡ്രിങ്കുകളും കുപ്പികളിൽ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളും പഞ്ചസാരയും കൃത്രിമനിറങ്ങളും ഫ്ലേവറുകളും അടങ്ങിയ വെറും മിശ്രിതങ്ങൾ മാത്രമാണ്. ഡോക്ടർമാർ അടക്കമുള്ള പൊതുജനാരോഗ്യ വിദഗ്ധർ ഇത് സംബന്ധിച്ച മു ന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും പരസ്യങ്ങളുടെ വലയിൽ കുരുങ്ങി കിടക്കുകയാണ് മലയാളി കുടുംബങ്ങൾ.
ഒരു ഉപ്പിലിട്ടതിൽ എന്തിരിക്കുന്നു?
ഒരു സ്കൂളിൽനിന്ന് വിനോദയാത്ര പോയതാണ് അധ്യാപകരും കുട്ടികളും. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാവരുതെന്ന നിർബന്ധത്താൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് നൽകിയത്. എന്നാൽ, വൈകുന്നേരമായപ്പോൾ കുട്ടികളിൽ ചിലർക്ക് വയറിന് അസ്വസ്ഥതയും ഛർദിയും മനംപിരട്ടലും തുടങ്ങി. ബീച്ചിലെ വഴിയോരക്കടയിൽനിന്ന് ഉപ്പിലിട്ട വിഭവങ്ങൾ വാങ്ങിക്കഴിച്ച കുട്ടികൾക്കാണ് പ്രശ്നമുണ്ടായത്.
ഉപ്പിലിട്ടതും അച്ചാറുകളും തയാറാക്കാൻ ഭക്ഷ്യയോഗ്യമായ വിനാഗിരിക്ക് (7% വരെ വീര്യമുള്ളത്) പകരം, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന കടുത്ത ഗ്ലേഷ്യൽ അസെറ്റിക് ആസിഡ് (99% ഗാഢതയുള്ളത്) ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുവെന്ന ആശങ്ക സത്യമാണെന്ന് വ്യക്തമാകുന്ന അനുഭവമാണിത്. തുച്ഛമായ ലാഭത്തിനുവേണ്ടി ഭക്ഷണത്തെ വിഷമയമാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പരിശോധന വേണം. അതോടൊപ്പം, ജങ്ക് ഫുഡ് സംസ്കാരം യുവജനങ്ങളുടെ മെറ്റബോളിസത്തെയും ഉറക്കചക്രത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ ശാസ്ത്രീയവും യുക്തിസഹവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആലോചിക്കേണ്ടതാണ്.
പരിശോധനകളും പിഴകളും കൊണ്ടുമാത്രം ഭക്ഷ്യസുരക്ഷ പൂർണമാകില്ല. പൗരന്മാർ വിവരങ്ങൾ ചോദിച്ചറിയാൻ തുടങ്ങുകയും വ്യാപാരികൾ സ്വയം സുതാര്യത പാലിക്കുകയും ചെയ്യുമ്പോഴാണ് കാതലായ മാറ്റമുണ്ടാകുന്നത്. പൊതുജനാരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന് ‘‘സുരക്ഷിത ഭക്ഷണത്തിന് സുതാര്യത അനിവാര്യം’’ എന്ന തത്വം നടപ്പിലാക്കി, ഭക്ഷ്യസുരക്ഷാരംഗത്തും മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

