‘‘നിങ്ങൾ കൂടെ ചേർന്നാണ് അവരെ കൊന്നുതള്ളിയത്’’
text_fields
കഴിഞ്ഞ എട്ടുവർഷമായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ സ്ട്രിങ്ങറായി പ്രവർത്തിച്ചുവരുകയായിരുന്നു ഞാൻ. പ്രെയറി പ്രവിശ്യയിലെ വാർത്തകൾ സംബന്ധിച്ച് ഞാൻ പകർത്തിയ ചിത്രങ്ങൾ ന്യൂയോർക് ടൈംസും അൽ ജസീറയുമുൾപ്പെടെ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഗസ്സയിൽ 245 മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ റോയിട്ടേഴ്സ് വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിൽ,...
കഴിഞ്ഞ എട്ടുവർഷമായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ സ്ട്രിങ്ങറായി പ്രവർത്തിച്ചുവരുകയായിരുന്നു ഞാൻ. പ്രെയറി പ്രവിശ്യയിലെ വാർത്തകൾ സംബന്ധിച്ച് ഞാൻ പകർത്തിയ ചിത്രങ്ങൾ ന്യൂയോർക് ടൈംസും അൽ ജസീറയുമുൾപ്പെടെ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഗസ്സയിൽ 245 മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ റോയിട്ടേഴ്സ് വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിൽ, അവരുമായുള്ള ബന്ധം എനിക്ക് തുടരാനാവാത്ത അവസ്ഥയിലെത്തി. ഫലസ്തീനിലെ എന്റെ സഹപ്രവർത്തകർക്കു വേണ്ടി ഏറ്റവും കുറഞ്ഞത് ഇത്രയെങ്കിലും ചെയ്യൽ എന്റെ ബാധ്യതയാണ്.
2025 ആഗസ്റ്റ് 10ന് ഗസ്സയിൽ അനസ് അൽ ശരീഫ് ഉൾപ്പെടെ അൽ ജസീറ മാധ്യമ സംഘത്തെ ഒന്നാകെ ഇസ്രായേൽ കൂട്ടക്കുരുതിക്കിരയാക്കിയപ്പോൾ, അനസ്, ഹമാസ് പ്രവർത്തകനാണെന്ന ഇസ്രായേലി വ്യാജ പ്രചാരണമാണ് റോയിട്ടേഴ്സ് ഏറ്റെടുത്തത്- റോയിട്ടേഴ്സിനെപ്പോലെ അനേകം മാധ്യമങ്ങൾ പലവുരു ആവർത്തിച്ച് വിശ്വസനീയമാക്കിമാറ്റുന്ന കള്ളങ്ങളിൽ ഒന്നായിരുന്നു അത്. ഇസ്രായേലി പ്രചാരണവേല ഏറ്റെടുക്കാനുള്ള സന്നദ്ധതകൊണ്ടൊന്നും റോയിട്ടേഴ്സിന് അവരുടെ സ്വന്തം മാധ്യമപ്രവർത്തകരെ പോലും ഇസ്രായേലി വംശഹത്യയിൽ നിന്ന് രക്ഷപ്പെടുത്താനായില്ല. നസർ ആശുപത്രിയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ട 20 പേരിൽ റോയിട്ടേഴ്സ് കാമറാമാൻ ഹുസാം അൽ മസ്രിയടക്കം അഞ്ചു മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അതൊരു “ഡബിൾ ടാപ്പ്” ആക്രമണമായിരുന്നു: സ്കൂളും ആശുപത്രിയും പോലുള്ള സാധാരണ ജനങ്ങൾ വരുന്ന ഒരു ഇടത്തെ ഉന്നംവെച്ച് ബോംബിട്ട്; മെഡിക്കൽ സംഘവും രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും എത്തുന്നത് കാത്തിരുന്ന് വീണ്ടും ആക്രമിക്കുന്ന രീതി.

ഇതുപോലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതിൽ പാശ്ചാത്യ മാധ്യമങ്ങൾക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഡ്രോപ്പ് സൈറ്റ് ന്യൂസിലെ ജെറമി സ്കാഹിൽ പറഞ്ഞതുപോലെ, ‘‘യുദ്ധക്കുറ്റങ്ങളെ വെള്ളപൂശിയും ഇരകളെ മനുഷ്യത്വഹീനരാക്കിയും, സ്വന്തം സഹപ്രവർത്തകരെയും സത്യത്തിലും ധാർമികതയിലുമൂന്നിയ റിപ്പോർട്ടിങ്ങിനോടുള്ള അവരുടെ പ്രതിബദ്ധതയെ കൈവെടിഞ്ഞും ന്യൂയോർക് ടൈംസ് മുതൽ വാഷിങ്ടൺ പോസ്റ്റ് വരെ, എ.പി മുതൽ റോയിട്ടേഴ്സ് വരെ എല്ലാ പ്രധാന മാധ്യമ സ്ഥാപനങ്ങളും ഇസ്രായേലി പ്രചാരണത്തിനുള്ള ഒരു കൺവെയർ ബെൽറ്റ് പോലെ പ്രവർത്തിച്ചിരിക്കുന്നു’’.
വിശ്വാസ്യയോഗ്യമോ എന്ന് പരിശോധിക്കാതെ അടിസ്ഥാനപരമായ മാധ്യമ പ്രവർത്തന ഉത്തരവാദിത്തം പോലും ഉപേക്ഷിച്ച്, ഇസ്രായേലി വംശഹത്യാ പദ്ധതിയുടെ പ്രചാരണം ആവർത്തിക്കുകയും വിശ്വസനീയമാക്കുകയും ചെയ്തതിലൂടെ പാശ്ചാത്യ മാധ്യമങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഭൂമിയുടെ ഗസ്സ എന്ന ചെറുചീന്തിൽനിന്ന് മാത്രം ലോകയുദ്ധങ്ങൾ, കൊറിയ, വിയറ്റ്നാം, അഫ്ഗാനിസ്താൻ, യൂഗോസ്ലാവിയ, യുക്രെയ്ൻ യുദ്ധങ്ങൾ എന്നിവയെല്ലാം ചേർന്നാലുള്ളതിലേറെ മാധ്യമ പ്രവർത്തകരുടെ അറുകൊല സാധ്യമാക്കി. ഒരു ജനതയെ ഒന്നാകെ പട്ടിണിയിലാഴ്ത്തുകയും, കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ആളുകളെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്നത് അതിലുമപ്പുറം.

അനസ് അൽ ശരീഫിനെ ‘ഹമാസ്’ എന്നും ‘ഇസ്ലാമിക് ജിഹാദ്’ സൈനികൻ എന്നും മുദ്രകുത്തി ഇസ്രായേലി അധിനിവേശ സേന ‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കുമ്പോൾ അനസ് നടത്തിയ മാധ്യമ പ്രവർത്തനം റോയിട്ടേഴ്സിന് പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തുവെന്ന വസ്തുതയോർത്തുപോലും, അവർ അദ്ദേഹത്തെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ല. കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമത്തെക്കുറിച്ച് നടത്തിയ റിപ്പോർട്ടിനുശേഷം, തങ്ങളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്ന വിഡിയോ ഒരു ഇസ്രായേൽ സൈനിക വക്താവ് പുറത്തുവിട്ടപ്പോൾ, അന്താരാഷ്ട്ര മാധ്യമങ്ങളിൽ സംരക്ഷണം അഭ്യർഥിച്ചിട്ടും, അനസിനെ സംരക്ഷിക്കാൻ അവർ മുന്നോട്ടുവന്നില്ല. കുറച്ച് ആഴ്ചകൾക്കുശേഷം ഇസ്രായേൽ അദ്ദേഹത്തെ വേട്ടയാടി കൊന്നുകളഞ്ഞപ്പോഴും, അവർ ആ മരണത്തെക്കുറിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്തില്ല.
കഴിഞ്ഞ എട്ട് വർഷമായി റോയിട്ടേഴ്സിന് നൽകിയ സംഭാവനകളെ ഞാൻ വില മതിക്കുന്നുണ്ട്. എന്നാലിപ്പോൾ, ഈ പ്രസ് പാസ് അണിയുന്നത് എനിക്ക് കടുത്ത ലജ്ജയും ദുഃഖവുമല്ലാതെ ഒന്നും നൽകുന്നില്ല. ജീവിച്ചിരുന്നവരിൽവെച്ച് ഏറ്റവും ഉൽകൃഷ്ടരും നിർഭയരുമായ ഗസ്സയിലെ മാധ്യമ പ്രവർത്തകരുടെ ധീരതയെയും ത്യാഗങ്ങളെയും എന്നുമുതൽ വിലമതിച്ചു തുടങ്ങുമെന്ന് എനിക്കറിഞ്ഞുകൂടാ- എന്നിരിക്കിലും ഇനിമേൽ എനിക്ക് നൽകാനാവുന്ന സംഭാവനകളെല്ലാം അതിനെ മുൻനിർത്തിയാവും ഞാനർപ്പിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.