ജയിലുകളിലെന്നാണ് മനുഷ്യത്വത്തിന്റെ കാറ്റ് വീശുക
text_fields
കഴിഞ്ഞ ദിവസങ്ങളിൽ വന്ന മൂന്ന് കോടതി വിധികളിലേക്ക് വായനക്കാരുടെയും കേരളീയ പൊതുസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നു. കേരളത്തിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ജയിൽ സംവിധാനം എത്രമാത്രം മനുഷ്യാവകാശധ്വംസകമാണെന്നും, കൊതുകു വല എന്ന അടിസ്ഥാന അവകാശത്തിന് വേണ്ടിപ്പോലും തടവുകാർ എത്രമാത്രം പോരാട്ടങ്ങൾ നടത്തേണ്ടി വരുന്നുവെന്നും ഈ വിധികൾ നമുക്ക് മനസ്സിലാക്കിത്തരും. ഒന്ന് : ജയിലിൽ കഴിയുന്ന തടവുകാർക്ക് ബന്ധുക്കളെയും, സഹൃത്തുക്കളെയും,...
കഴിഞ്ഞ ദിവസങ്ങളിൽ വന്ന മൂന്ന് കോടതി വിധികളിലേക്ക് വായനക്കാരുടെയും കേരളീയ പൊതുസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നു. കേരളത്തിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ജയിൽ സംവിധാനം എത്രമാത്രം മനുഷ്യാവകാശധ്വംസകമാണെന്നും, കൊതുകു വല എന്ന അടിസ്ഥാന അവകാശത്തിന് വേണ്ടിപ്പോലും തടവുകാർ എത്രമാത്രം പോരാട്ടങ്ങൾ നടത്തേണ്ടി വരുന്നുവെന്നും ഈ വിധികൾ നമുക്ക് മനസ്സിലാക്കിത്തരും.
ഒന്ന് : ജയിലിൽ കഴിയുന്ന തടവുകാർക്ക് ബന്ധുക്കളെയും, സഹൃത്തുക്കളെയും, വക്കീലിനെയും, വിളിക്കാൻ അനുവദിച്ചിട്ടുള്ള ഫോണിൽനിന്ന് ബി.എസ്.എൻ.എൽ നമ്പറിലേക്ക് മാത്രമേ വിളിക്കാൻ കഴിയൂ എന്ന ജയിൽ വകുപ്പിന്റെ ഉത്തരവും, തുടർന്നുള്ള ഹൈകോടതിയുടെ ഇടക്കാല സ്റ്റേയും.
രണ്ട്: പന്തീരാങ്കാവ് കേസിൽ പ്രതിചേർത്തു ജയിലിൽ കഴിയുന്ന വിജിത്ത് വിജയൻ എന്ന വിദ്യാർഥിയുടെ എൽഎൽ.ബി വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഹൈകോടതി വിധി.
മൂന്ന്: യു.എ.പി.എ പ്രകാരം തടവിൽ കഴിയുന്ന ദീപക് എന്ന കൊറസ രാമുവിന് കൊതുകുവല അനുവദിച്ചുള്ള തലശ്ശേരി ജില്ല കോടതിയുടെ ഉത്തരവ്.
പൊതുവെ, തടവുകാർക്ക് മനുഷ്യാവകാശത്തിന് അവകാശമില്ല എന്ന പൊതുബോധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ജയിലിൽ അടക്കപ്പെട്ടാലും ഒരാളുടെ മനുഷ്യാവകാശം ഇല്ലാതാകുന്നില്ല എന്ന് ഒട്ടനവധി വിധിന്യായങ്ങളിൽ സുപ്രീംകോടതിയും ഹൈകോടതിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്
തെറ്റു ചെയ്ത ഒരു വ്യക്തിയെ പരിഷ്കരിക്കാനും സമൂഹത്തിലേക്കുതന്നെ പുതിയൊരു വ്യക്തിയായി തിരിച്ചു കൊണ്ടു വരാനും ഉതകുന്ന "കറക്ഷണൽ ഹോമുകൾ (തിരുത്തൽ കേന്ദ്രം)" ആയിക്കൂടിയാണ് ജയിലുകൾ ഇന്ന് അറിയപ്പെടുന്നത്. പക്ഷേ, ജയിലിൽ കഴിയുന്നവർ നേരിടേണ്ടി വരുന്നതാവട്ടെ കടുത്ത മനുഷ്യാവകാശ ലംഘനവും, വിവേചനങ്ങളും, നീതിനിഷേധങ്ങളുമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ല ജയിലിൽ കിടന്ന് ഇറങ്ങിയ ആർ.ജെ.ഡി സംസ്ഥാന നേതാവ് ലോഹ്യ, റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ, 30 വർഷം മുമ്പ് അദ്ദേഹം ജയിലിൽ പോയപ്പോൾ ഉള്ള അതേ അവസ്ഥയാണ് ഇന്നും അവിടെ തുടരുന്നതെന്ന് പറയുന്നു.
മുകളിൽ പറഞ്ഞവ കൂടാതെ, ഒട്ടനവധി അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾക്കുവേണ്ടി തടവുകാർ കോടതി കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്.

ബന്ധുക്കൾ, വക്കീൽ, സുഹൃത്തുക്കൾ എന്നിവരുടെ മൂന്ന് നമ്പറുകളിലേക്കുള്ള ഫോൺ വിളിക്കാനുള്ള സംവിധാനം തടവുകാർക്ക് ജയിൽ വകുപ്പുതന്നെ അനുവദിച്ചിട്ടുള്ളതാണ്. തടവുകാർക്ക് - പ്രത്യേകിച്ച് വിചാരണത്തടവുകാർക്ക് - നിയമസഹായത്തിനടക്കം ഇത് അത്യാവശ്യമാണ്. വിളിക്കാൻ ഉദ്ദേശിക്കുന്ന ആളുടെ വിവരങ്ങളും ആധാറും വരെ കൊടുത്താണ് ഒരോ തടവുകാരനും നമ്പർ കോഡ് ചെയ്ത കാൾ കാർഡ് അടക്കം അനുവദിക്കുന്നത്. ഈ വിളികൾ അധികൃതരാൽ റെക്കോഡ് ചെയ്യപ്പെടുന്നതുമാണ്. ഇതിനിടെയാണ്, മാർച്ച് ഒന്നു മുതൽ ബി.എസ്.എൻ.എൽ സിമ്മുകളിലേക്ക് മാത്രമേ വിളിക്കാനാകൂ എന്ന ഉത്തരവ് വന്നത്. ഇതിനെ ചോദ്യം ചെയ്ത് ഒരു തടവുകാരന്റെ പിതാവ് കൊടുത്ത ഹരജിയിൽ ഹൈകോടതി ഈ നടപടി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു.
പുറംലോകവുമായി ബന്ധപ്പെടാനുള്ള അവകാശം തടയുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും, ഇത് അവരെ നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കുന്നതിനും നിയമസഹായം ലഭിക്കുന്നതിനും തടസ്സമാകുമെന്നും ഹരജിയിൽ പറയുന്നു.
Anas Ahmed v. State of Kerala & Others കേസിന്റെ ഹർജിയിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത് നാല് കാര്യങ്ങളാണ്:
1. കാൾ ഫോർവേഡ് ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെങ്കിൽ, ബി.എസ്.എൻ.എൽ മാത്രം ഉപയോഗിക്കണം എന്ന് പറയുന്നത് ശരിയല്ല.
2. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് ഇതു വലിയ ചെലവുണ്ടാക്കും.
3. ബി.എസ്.എൻ.എല്ലിന് എല്ലായിടത്തും നെറ്റ്വർക്ക് ലഭ്യമല്ലാത്തതിനാൽ, അഭിഭാഷകരുമായി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
4. കാൾ ഫോർവേഡ് ചെയ്യാനോ മറ്റൊരാളുമായി ഒരേ സമയം സംസാരിക്കാനോ കഴിയാത്തത് ഫോൺ ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്.
ഈ സംവിധാനം ചിലർ ക്രിമിനൽ ഗൂഢാലോചനക്ക് ഉപയോഗിക്കുന്നു എന്ന പേരിൽ, ഭൂരിപക്ഷം വരുന്ന തടവുകാർക്കും ഇതു നിഷേധിക്കുന്നത് നീതീകരിക്കപ്പെടേണ്ടതല്ല. അതു മാത്രവുമല്ല, കുടുംബാഗങ്ങളുടെ അവകാശവും അഭിഭാഷകരുടെ കേസ് നടത്താനുള്ള അവകാശങ്ങളും കൂടിയാണ് അവിടെ ഹനിക്കപ്പെടുന്നത്.

ഈ കേസിൽ കൂടുതൽ നടപടികൾ വരാൻ പോകുന്നതേയുള്ളൂ. Pattaka Suresh Babu V State of Kerala എന്ന കേസിൽ, തടവുകാരന്റെ വിദ്യാഭ്യാസം എന്നത് അയാളെ പരിഷ്കരിക്കുന്നതിന്റെ കൂടി ഭാഗമായി കാണണം എന്നും, സ്വതന്ത്ര്യനായ ഒരു വ്യക്തിയെ പോലെ തന്നെ തടവിൽ കഴിയുന്ന ഒരാൾക്കും അവകാശം ഉണ്ടെന്നും, ജയിൽ വിദ്യാഭ്യാസം തടവിൽ കഴിയുന്ന സമയത്ത് പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും ഒരു ഉറവിടം നൽകുകയും, സമയം ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യും എന്നും, മോചിതരായ ശേഷം മെച്ചപ്പെട്ട ജീവിതം നയിക്കാനും ഇത് അവരെ സഹായിക്കുന്നു എന്നും പറയുന്നു. അതിനാൽ, തടവുകാർക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നത് തടവിന്റെ പരിഷ്കരണപരവും പുനരധിവാസപരവുമായ ലക്ഷ്യങ്ങൾ നേടുന്നതിന് അത്യാവശ്യമാണ് എന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിന് കടകവിരുദ്ധമായാണ് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൽപറ്റ സ്വദേശി വിജിത്ത് വിജയന്റെ ഹരജി തള്ളപ്പെട്ടത്. എൽഎൽ.ബി എൻട്രൻസ് പരീക്ഷയിൽ 35ാം റാങ്ക് നേടിയാണ് വിജിത്ത് വിജയൻ എറണാകുളം ലോകോളജിൽ അഡ്മിഷൻ നേടിയത്. ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണത്തടവുകാരനായി തുടരുന്ന സാഹചര്യത്തിൽ ജയിലിൽനിന്ന് പഠിക്കാൻ ആവശ്യമായ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട ഹരജി- യു.എ.പി.എ ചുമത്തിയ ഒരു സുരക്ഷാ തടവുകാരൻ ആണ് എന്ന കാരണത്താലാണ് ഹൈകോടതി തള്ളിയത്. വിദ്യാഭ്യാസം ഭരണഘടനാപരമായ ഒരു മൗലികാവകാശമാണ്. തടവുകാരുടെ വിദ്യാഭ്യാസം ഒരു അവകാശമായി ജയിൽ, മാനുവലിൽ എഴുതിവെച്ചിട്ടുമുണ്ട്. ശിക്ഷിക്കപ്പെട്ട തടവുകാർ പോലും ഹൈകോടതി അനുമതിയോടെ എൽഎൽ.ബി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്താണ്, ബി.ടെക് ബിരുദധാരിയായ, നിലവിൽ ജയിലിൽനിന്ന് എം.എ ഹിസ്റ്ററി പാസാവുകയും യു.ജി.സി നെറ്റ് എഴുതുകയും പിഎച്ച്.ഡിക്ക് യോഗ്യത നേടുകയും ചെയ്ത വിജിത്തിന് സുരക്ഷാ തടവുകാരൻ എന്ന ഒറ്റക്കാരണത്താൽ ഈ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി, ദീപക് എന്ന കൊറസ രാമുവിന് കൊതുകു വല അനുവദിച്ച സംഭവം നോക്കാം. മുമ്പ് പല കേസുകളിലും സുരക്ഷാ പ്രശ്നം പറഞ്ഞ് തടവുകാർക്ക് കൊതുകുവല നിഷേധിച്ചിട്ടുണ്ട്. പണ്ട് ഒരു തടവുകാരൻ കൊതുകുവലക്ക് ഉള്ളിൽ ആളുള്ളതായി കാണിച്ച് രക്ഷപ്പെട്ടു എന്നതാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, വിയ്യൂർ അതിസുരക്ഷാ ജയിൽ പോലൊരിടത്ത് കൊതുകുവല ഒരു സുരക്ഷാ പ്രശ്നമായി ഉയർത്തുന്നത് തടവുകാരെ ഉപദ്രവിക്കാൻ മാത്രമായേ കാണാൻ കഴിയൂ.

ഭർത്താവിനും മകനും കൊതുകുകടി മൂലം ഉണ്ടായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു എന്ന് കാണിച്ച് ഒരു തടവുകാരന്റെ ഭാര്യ (Valsa K P vs The Superintendent ) നൽകിയ ഹരജിയിൽ കൊതുകുവല കൊടുക്കുന്നത് പരിഗണിക്കണമെന്ന് സൂപ്രണ്ടിനോട് കേരള ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ഒരുപാട് തടവുകാർക്ക് കൊതുകുകടി കാരണം അസുഖങ്ങൾ ഉണ്ടാകുന്നുണ്ട് . സുരക്ഷാ കാരണം പറഞ്ഞ് കൊതുകുവല നിഷേധിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അധികൃതർ ജയിൽ വളപ്പിൽ ആവശ്യമായ കൊതുകു നിർമാർജന പ്രവർത്തനങ്ങൾ നടത്താനും തയാറല്ല.
വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരുടെ അവസ്ഥ ഈ ലേഖകന് നേരിട്ട് ബോധ്യമുള്ളതാണ്. അവിടെ വിചാരണത്തടവുകാരനായി കഴിഞ്ഞ കാലത്ത്, കൊതുകുകൾ കാരണം നിരവധി രാത്രികളിൽ ഉറക്കം നഷ്ടപ്പെടുകയും ഒരു പ്രത്യേക തരം പ്രാണിയുടെ കടിയേറ്റ് ശരീരത്തിൽ മുറിവ് പറ്റുകയും ചെയ്ട്ടുണ്ട്. പിന്നീട് അന്നത്തെ സൂപ്രണ്ടിന്റെ ദയയിൽ അനുവദിച്ച കൊതുകുവല കിട്ടിയ ശേഷമാണ് ഞാൻ അടക്കമുള്ള തടവുകാർക്ക് ഉറക്കം സാധ്യമായത്. എന്തായാലും തടവുകാരന്റെ ആരോഗ്യത്തിനും ആത്മാഭിമാനത്തിനും പ്രാധാന്യം കൊടുത്ത തലശ്ശേരി കോടതി വിധി തടവുകാർക്ക് ഒരാശ്വാസമാണ്.
മനുഷ്യാവകാശ സംരക്ഷണങ്ങളുടെ കാര്യത്തിലും, ആരോഗ്യത്തിന്റെയും വിദ്യാഭ്യസത്തിന്റെയും കാര്യത്തിലും, കേരളം മികച്ചതാണെന്ന പരിവേഷം പുറത്തേക്ക് പ്രദർശിപ്പിക്കുമ്പോഴും വായിക്കാൻ, പഠിക്കാൻ, ചികിത്സക്കും തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കേരളത്തിലെ തടവുകാർ. മനുഷ്യാവകാശത്തിന്റെ കാവലാളുകളാകേണ്ട കോടതികൾ പലപ്പോഴും തടവുകാർക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നു എന്നത് തീർത്തും നിർഭാഗ്യകരവുമാണ്.
ഈ ഘട്ടത്തിൽ Mohammad Giasuddin vs State Of Andhra Pradesh, 1977 എന്ന കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നടത്തിയ നിരീക്ഷണങ്ങൾ ഓർമയിലെത്തുന്നു. ‘‘മനുഷ്യത്വത്തിന്റെ കാറ്റ് ജയിൽ മതിലുകളിലേക്ക് വീശണം’’,
‘‘നമ്മുടെ ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായിരിക്കണം, ആത്മാവിനെ വേദനിപ്പിക്കുന്ന ക്രൂരമായ ഇരുമ്പായിരിക്കരുത്’’ എന്നായിരുന്നു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രസ്താവിച്ചിരുന്നത്. അദ്ദേഹം ഇതു പറഞ്ഞ കാലഘട്ടത്തിൽനിന്നും ഇന്ത്യയും ജയിലുകളും ഒരു പാട് മാറി എങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഇന്നും അതുപോലെതന്നെ തുടരുകയാണ്, അവ ഇനിയും പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. അതിനായി പൊതുസമൂഹം ഒന്നാകെ പോരാടേണ്ടതുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.