സ്വാർഥതയിൽ മുക്കിയ മലയാളിയുടെ കൈ!
text_fieldsഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്. രാജ്യത്തെ ഏതൊരു പൗരനും ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും ഏതു വസ്ത്രം ധരിക്കാനും രാജ്യത്തെവിടെയും യാത്ര ചെയ്യാനും ഏതു മതത്തിലും തത്വശാസ്ത്രത്തിലും വിശ്വസിച്ച് അതിനനുസൃതമായി ജീവിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നു.
കേരളത്തിലെ ചില രാഷ്ട്രീയ-മത തീവ്രവാദികൾ ഇന്ത്യൻ പൗരയായ മദർ തെരേസയെയും മഹാത്മാഗാന്ധിയെയും ഡോ.അംബേദ്കറിനെയും ഇന്ത്യയിൽ ജീവിച്ചു മരിച്ച പല മഹാന്മാരെയും മഹതികളെയും കുറിച്ച് യുക്തിരഹിതമായി സംസാരിക്കുന്നത് നാം കണ്ടുവരുന്നു. പക്ഷെ ഇന്ത്യ എന്നും വിദേശികൾക്ക് അഭയം നൽകിയ രാജ്യമാണ്. ആര്യന്മാർക്കും യഹൂദർക്കും സിറിയക്കാർക്കും അറബികൾക്കും എല്ലാം സ്വാഗതം പറഞ്ഞവരാണ് ഈ നാട്ടിലെ പൂർവികർ. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇതുമൊരു ആദ്യകാല കുടിയേറ്റ രാജ്യമാണ്. ബുദ്ധമതത്തിനും ജൈനമതത്തിനും പുരാതന ഹൈന്ദവ തത്വചിന്തകൾക്കും എന്തിന് മതനിരപേക്ഷതക്ക് പോലും ജന്മം നൽകിയ നാട്. ക്രിസ്തുമതവും ഇസ്ലാമും അവക്ക് മുൻപുള്ള പാർസിമതവും യഹൂദമതവും എല്ലാം ഇവിടെ സ്വൈര്യമായി വളർന്നു. എന്നാൽ, ചില മതതീവ്രവാദികൾക്ക് ഈ സമാധാനപരമായ സഹവർത്തിത്വം ഹൃദയത്തിൽ ശല്യമാകുന്നു. അവർ ഈ രാജ്യം തങ്ങളുടേതാണെന്ന് വാദിച്ചുകൊണ്ട് രാജ്യത്തിനെതിരെയും ഭരണഘടനക്കെതിരെയും ശബ്ദമുയർത്തുകയും വർഗീയ വൈരം വഴി കൈവന്ന അധികാരങ്ങളുപയോഗിച്ച് രാഷ്ട്രത്തെ നശിപ്പിക്കാനുള്ള തന്ത്രത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
കേരളത്തിന്റെ മൗനവും മുന്നേറ്റവും
ഈ ഭീഷണി മനസ്സിലാക്കാൻ സാധിക്കാതെ, ‘ഞങ്ങൾക്കു മാത്രം’ എന്ന വികലബോധത്തോടെ കേരളത്തിലെ ചിലർ ഈ തീവ്രവാദികളോടൊത്തു നടന്നു. മതത്തിനകത്തുള്ള വിഭജനങ്ങൾ (ക്രിസ്തുമതം, ഇസ്ലാം, ഹിന്ദുമതം എന്നിവയിൽ) ഈ തീവ്രവാദികൾ ആഘോഷിച്ചു. അവർ മതങ്ങൾ പരസ്പരം മാത്രമല്ല, മതങ്ങൾക്കുള്ളിലും ഹിന്ദുവിനെ ഹിന്ദുവിനെതിരായും മുസ്ലിമിനെ മുസ്ലിമിനെതിരായും ക്രൈസ്തവനെ ക്രൈസ്തവനെതിരെയും തമ്മിൽ തല്ലിച്ചു. ഇവരെ നയിക്കുന്നത് കടുത്ത തീവ്ര ഹിന്ദുത്വ വാദമാണ്. ഇത് മനസിലാകാതെ പാവം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതനിരപേക്ഷരുമൊക്കെ തമ്മിൽ തല്ലി. എന്നാൽ, ഛത്തീസ്ഗഢിൽ വയോധികരായ രണ്ടു കന്യാസ്ത്രീകളെ തടവിലിട്ട സംഭവത്തോടെ, കേരളത്തിലെ മതേതരബോധമുള്ള ജനങ്ങൾ ഭരണഘടനക്കും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ തുടങ്ങി.
സ്വാർഥതയുടെ നിഴലുകൾ
ഇങ്ങനെ ശബ്ദമുയർത്തുമ്പോൾ നമ്മുടെ ഭൂതകാലം നമ്മെ വല്ലാതെ വ്യസനിപ്പിക്കുന്നുണ്ട്. നമ്മുടെ മുന്നിൽ ധാരാളം കൊലവിളികൾ നടന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ചർച്ച ചെയ്യപ്പെട്ടപ്പോൾ, അതൊരു പ്രധാന പ്രശ്നമായി തോന്നിയില്ല പല മലയാളികൾക്കും – അതിർത്തിജീവിതം നമ്മുടെ അനുഭവമല്ലല്ലോ. ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടപ്പോൾ, മലയാളികൾക്ക് അധികം ദുഃഖമുണ്ടായില്ല; ഒരു വിദേശിയുടെ മരണമാണല്ലോ. വൃദ്ധനായ സ്റ്റാൻ സാമിയെ ജയിലിലാക്കിയപ്പോൾ, "അദ്ദേഹം കേരളത്തിൽ ജനിച്ചു വളർന്ന വ്യക്തി" എന്ന ഐഡന്റിറ്റിയിൽ കേരളത്തിൽ നിന്ന് ഒരു മെത്രാൻ പിന്തുണ രേഖപ്പെടുത്തി. പിന്നീട് അദ്ദേഹം തമിഴനാണെന്ന് മനസിലായപ്പോൾ ചിലർ പിൻവാങ്ങിയതും നമുക്കു അറിയാവുന്നതാണ്. വഖഫ് നിയമഭേദഗതിയെ ഈ തീവ്രവാദ ഗ്രൂപ്പിനോട് ചേർന്ന് പിന്തുണച്ച ഒരു വിഭാഗം പോലും ഇവിടെയുണ്ടായിരുന്നു. സ്വജനങ്ങളെയേ ത്രാണിക്കുന്ന യൂദാസുകൾ കേരളത്തിൽ നിലവിലുള്ളപ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ സുരക്ഷ നമുക്ക് എങ്ങനെ ഉറപ്പിക്കാനാകും?
ആത്മപരിശോധന നടത്തണം
മലയാളികൾക്ക് കടുത്ത സ്വാർഥതയുടെയും സങ്കുചിതബോധത്തിന്റെയും ആധിക്യമുണ്ട്. "എന്റെ ജനം" എന്ന ധാരണ ഇല്ല; "എന്റെ അധികാരം, എന്റെ സ്ഥാനം, എന്റെ സുഖം" ആണ് മലയാളിക്ക് പ്രധാനം. ഫലപ്രദമായ വിമർശനത്തിന് പകരം പ്രത്യേക സമൂഹത്തിനെതിരെയുള്ള ആക്ഷേപമാണ് നമ്മൾ ആവർത്തിച്ചുപോകുന്നത്. ഇതിനുള്ള പ്രതിഫലം നാം ഇന്നനുഭവിക്കുകയും ഭാവിയിൽ കൂടുതൽ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.
ധീരതയുടെ വിളിയും ഭരണഘടനാ സാക്ഷ്യവും
ഇനിയെങ്കിലും എല്ലാ മലയാളികൾക്കും ധീരതയോടെ പ്രഖ്യാപിക്കാം. നാം അന്യന്റെ കാവൽക്കാരനാണ്. തെറ്റിനെ തെറ്റെന്നു വിളിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നത് ‘ഇന്ത്യക്കാരന്’ ആണ്. അതിനാൽ തന്നെ അതിന്റെ ആമുഖം ഘോഷിക്കുന്നത് “ഇന്ത്യയിലെ നാം ജനങ്ങൾ...” (We the people of India) എന്നാണ്. ഇതൊരു ഭരണഘടനാ പ്രതിജ്ഞയാണ്; “ഞങ്ങൾ തന്നെയാണ് ഇന്ത്യ” എന്ന സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഇതുകൊണ്ടാണ് ഇന്ത്യ സ്വതന്ത്രമായത്. ഇത് ആരുടെയും സ്വത്തല്ല, ഒരു പ്രത്യേക സമുദായത്തിന്റെ രാഷ്ട്രവുമല്ല. ഇതൊരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്; എല്ലാ പൗരന്മാർക്കും തുല്യാവകാശമുണ്ട്. മതം, രാഷ്ട്രീയം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാത്ത രാജ്യമാണിത്. ഇതൊരു മതേതര രാഷ്ട്രമാണ്. ഓരോ പൗരനും താൻ ഇച്ഛിക്കുന്ന മതത്തിൽ വിശ്വസിക്കാനോ അവിശ്വസിക്കാനോ മതം മാറാനോ, മതവിമുഖനാകാനോ തന്റെ വിശ്വാസം പ്രചരിപ്പിക്കാനോ (മറ്റുള്ളവരുടെ വിശ്വാസത്തെ ആക്രമിക്കാതെ) ആരാധനാക്രമം അനുഷ്ഠിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്.
ജനാധിപത്യ രാഷ്ട്രമായതിനാൽ, ഇവിടത്തെ ജനപ്രതിനിധികൾ രാജ്യത്തിന്റെയും ജനത്തിന്റെയും സേവകരാണ്. ജനത്തിനു വേണ്ടി ജീവിക്കേണ്ടവരാണ്. എല്ലാ പൗരന്മാർക്കും നീതി നൽകാനും സംരക്ഷിക്കാനും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എല്ലാവരും ബാധ്യസ്ഥരാണ്. അവർ അധികാരത്തിലെത്തുമ്പോൾ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ മറന്ന് സർവസമാധാനപരമായ ഭരണം നയിക്കേണ്ടതാണ്.
സഹോദരത്വത്തിന്റെ നിലപാടും ഭീഷണിയും
ഈ രാജ്യത്തിലെ ഓരോ പൗരനും പരസ്പരം സഹോദരൻമാരും സഹോദരിമാരുമാണ്. ഇവിടെ ഹിന്ദു മറ്റൊരു ഹിന്ദുവിനോടല്ല, മുസ്ലിം മറ്റൊരു മുസ്ലിമിനോടല്ല, ക്രിസ്ത്യാനി മറ്റൊരു ക്രിസ്ത്യാനിയോടല്ല ബന്ധപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ബുദ്ധമതക്കാരനും പാർസിയും നിരീശ്വരവാദിയും എല്ലാവരും തമ്മിലുള്ള ബന്ധം സഹോദരത്വമാണ്. മലയാളിയും തമിഴനും വടക്കേ ഇന്ത്യക്കാരനും തെക്കേ ഇന്ത്യക്കാരനും എല്ലാവരും ഒറ്റക്കുടുംബമാണ്. വർണ്ണം, ജാതി, മതം, ചിന്ത എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിഷിദ്ധമായ രാജ്യമാണിത്. ഇതാണ് നമ്മുടെ ഭരണഘടന. ഇന്നത്തെ ഭരണകൂടവും ചില തീവ്രവാദി സംഘടനകളും നടത്തുന്നത് ഈ സ്വപ്നത്തിന് നേരെയുള്ള ആക്രമണമാണ്.
ഉയിർത്തെഴുന്നേൽപിന്‍റെ അനിവാര്യത
ഇന്ത്യൻ ജനത ഉയിർത്തെഴുന്നേലക്കേണ്ട സമയം വളരെക്കാലമായി അതിക്രമിച്ചു കഴിഞ്ഞു. ഭരണഘടന നൽകുന്ന യാഥാർത്ഥ്യം ജീവിതത്തിൽ പ്രത്യക്ഷമാക്കാനുള്ള അവകാശവും ധാർമിക ചുമതലയും നമുക്കുണ്ട്. ഈ ആവശ്യകത ഉച്ചത്തിൽ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴും നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.