മലയാളികളുടെ സ്വന്തം അറബി
text_fieldsലോക ക്ലാസിക് ഭാഷകളിൽ സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും മരണമില്ലാതെ വിനിമയ ഭാഷയായും സാഹിത്യ ഭാഷയായും അവശേഷിക്കുന്ന അപൂര്‍വഭാഷകളിലൊന്നാണ് അറബി. ലോകത്തിന്റെ സാമ്പത്തിക, സാംസ്കാരിക, സാങ്കേതിക. വൈജ്ഞാനിക, തൊഴില്‍ മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷാ പഠനവും ഗവേഷണവും പുതിയ കാലത്ത് ഒട്ടേറേ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‍.
2010 മുതലാണ് ഡിസംമ്പര്‍ 18 ഐക്യരാഷ്ട്ര സഭ അറബി ഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്. ഇന്ന് വിദ്യാഭ്യാസ, സാംസ്കാരിക, വാണിജ്യ മേഖലയിലും ടൂറിസം രംഗത്തുമുള്ള അനന്തമായ തൊഴിൽ സാധ്യതകളാണ് ലോകമെമ്പാടും അറബി ഭാഷയെ ശ്രദ്ധേയമാക്കി കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.
വിവര സാങ്കേതിക മേഖലകളിലെ എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാന്‍ കഴിയുന്ന ഭാഷയാണ് അറബി. വിവര വാര്‍ത്താ വിനിമയരംഗത്ത് സോഷ്യല്‍ മീഡിയകളില്‍ മലയാളികളടക്കം ലക്ഷക്കണക്കിനാളുകള്‍ അറബി ഭാഷയില്‍ സജീവമായി നിലകൊള്ളുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ (നിർമിത ബുദ്ധി) ഇതര ഭാഷകളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണ് അറബി ഭാഷ.
കേരളവും അറബി ഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധമാണുള്ളത്. അറബി രാഷ്ട്ര ഭാഷയല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയിട്ടുള്ളതും കേരളത്തിലാണ്. അതു കൊണ്ട്തന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. പ്രൈമറി മുതൽ സെക്കന്‍ററി, ഹയർ സെക്കന്‍ററി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നീ വ്യത്യസ്ത രംഗങ്ങളിലായി അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തിൽ ഈ മേഖലകളിൽ തൊഴിലവസരങ്ങൾ ധാരാളമാണ്.
ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ 25ഓളം അറബ് രാഷ്ട്രങ്ങളുടെ എംബസികളുണ്ട്. ഇതേ വിദേശ രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ വിദേശ എംബസികളും സ്ഥിതി ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിൽ മികച്ച ഭാഷാ പരിജ്ഞാനം ഉള്ളവർക്ക് തൊഴിലവസരങ്ങൾ ഏറെയാണ്. അഫ്ളലുൽ ഉലമ യോഗ്യതയുള്ളവർക്കും അറബി ഭാഷയിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്കും പ്രതിരോധ സേനകളിൽ മതാധ്യാപകരാകാം (റിലീജിയസ് ടീച്ചർ തസ്തിക). അറബി ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ യോഗ്യതയും ഉള്ളവർക്ക് ആശയ വിനിമയ പാടവമനുസരിച്ച് വാർത്താമാധ്യമങ്ങളിൽ അവതാരകരായും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രംഗത്തും, ആമസോൺ, ഫ്ലിപ്കാർട്ട്, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ മേഖലകളിലും സാധ്യതകളേറെയാണ്. കൂടാതെ ട്രാൻസ്ലേഷൻ, വിസ ട്രാൻസ്ലേഷൻ തുടങ്ങിയ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും അവസരങ്ങളുണ്ട്. ഓഫിസുകളിലും സ്ഥാപനങ്ങളിലും അക്കൗണ്ടന്‍റ്, സെക്രട്ടറി എന്നീ തസ്തികകളിലും സാധ്യതകളുണ്ട്. പ്രസിദ്ധീകരണ രംഗത്ത് അളവറ്റ തൊഴിൽ സാധ്യതകളാണ് അറബി ഭാഷയിലും വിവർത്തന കലയിലും പ്രാവിണ്യവും സാഹിത്യാഭിരുചിയും ഉള്ളവർക്കുള്ളത്. സ്വദേശത്തും വിദേശത്തുമുള്ള പത്രമാസികകളിലും ഇന്റർനെറ്റ്, ഓൺലൈൻ എഡിഷനുകളിലും ലേഖകന്മാരായും വിവർത്തകരായും തിളങ്ങാൻ സാധിക്കും.
ഭാഷാ സാഹിത്യ വിവര്‍ത്തന മേഖലകളില്‍ ഗണ്യമായ സംഭാവനകളാണ് മലയാളികള്‍ അറബി ഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നല്‍കിയിട്ടുള്ളത്. മലയാള ഭാഷ പിറവിയെടുക്കും മുമ്പ് എഴുതപ്പെട്ടതും നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ വിദേശ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതൻ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതത്തുല്‍ മുജാഹിദീന്‍ വിവിധ രാജ്യങ്ങളില്‍ ആധികാരിക റഫറന്‍സ് ഗ്രനഥമാണ്. ഗാന്ധിജി, ടാഗോര്‍, മൗലാന ആസാദ്, കുമാരനാശാന്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, കമലാസുരയ്യ, കെ.കെ.എന്‍. കുറുപ്പ് പെരുമ്പടവം ശ്രീധരൻ, എം.ടി. വാസുദേവൻ നായർ, ശശി തരൂര്‍, ബി.എം. സുഹറ, ബിന്യാമിന്‍ തുടങ്ങിവരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ക്ലാസിക്കുകളായ മഹാഭാരതം, രാമായണം, പഞ്ചതന്ത്രകഥകള്‍ തുടങ്ങിയവയും അറബിയില്‍ ലഭ്യമാണ്. ബൈബിളിന്റെ അറബി വിവര്‍ത്തനമാണ് അൽ കിതാബുല്‍ മുഖദ്ദസ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ നിരവധിയാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഇബ്‌നുഖല്‍ദൂനിന്റെ മുഖദ്ദിമ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് ഡോ. ത്വാഹാ ഹുസൈന്റെ പാതിരാക്കുയിലിന്റെ രാഗം, അല്‍ ബൈറൂനിയുടെ ഇന്ത്യ ചരിത്രം, ഖലീല്‍ ജിബ്രാന്റെ കൃതികള്‍, അഡോണിസിന്റെ കവിതകൾ തുടങ്ങിയവ ഇതില്‍ പ്രമുഖമാണ്.
ഡോ. ത്വാഹാ ഹുസൈന്‍, നൊബേല്‍ സമ്മാന ജേതാവ് നജീബ് മഹ്ഫൂള്, ഖലീല്‍ ജിബ്രാന, അല്‍ ബിറൂനി, ഇമാം റാസി, ഇബ്നു സീനാ ഇബ്നു ഖല്‍ദൂന്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ മിക്ക ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവിര്‍ത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികള്‍ക്ക് കീഴില്‍ സമീപ കാലത്തായി നടന്ന സെമിനാറുകള്‍ അറബ് സാഹിത്യ ലോകത്തേക്ക് മലയാളിക്ക് കൂടുതല്‍ അവസരം ഒരുക്കിയിട്ടുണ്ട്.
അറബി കവിത മേഖലയില്‍ അറബ് രാജ്യങ്ങളുടെ വേഗതയിലാണ് മലയാളികളുടെ രചനകള്‍ നടന്നിട്ടുള്ളത്. ഫലസ്തീന്‍ പ്രശ്നം റോഹിങ്ക്യന്‍ അഭയാർഥി പ്രവാഹം, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങി ഏറ്റവുമൊടുവില്‍ കേരളത്തെ പിടിച്ചുലച്ച നിപ, പ്രളയം, കൊറോണ തുടങ്ങി നിരവധി അറബി കവിതകള്‍ രചിക്കപ്പെടുകയുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഷാർജ ബുക്ക് ഫെയറിൽ മലയാളികൾ തർജമ ചെയ്തതും രചിച്ചതുമായ നിരവധി പുസ്തകങ്ങൾ പ്രകാശനം ചെയ്തത് മലയാളികൾക്ക് അഭിമാനകരമാണ്.
മതപരമായ മതില്‍ക്കെട്ടുകളില്ലാതെ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രൈമറി തലം മുതല്‍ ഗവേഷണ രംഗം വരെ അറബി ഭാഷാ പഠിക്കാന്‍ മുസ് ലിംകളല്ലാത്ത നിരവധി പേര്‍ പഠനരംഗത്തും അധ്യാപനരംഗത്തേക്കും കടന്നവരുന്നുണ്ടെന്നത് അഭിനന്ദനീയമാണ്. കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികള്‍ക്ക് കീഴിലും കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇരുപതില്‍ അധികം പ്രമുഖ യൂനിവേഴ്സറ്റികളിലും വിദേശ രാജ്യങ്ങളില്‍ സ്റ്റൈപ്പന്റോട് കൂടിയും മലയാളികള്‍ക്ക് അറബി ഭാഷയില്‍ ഉപരി പഠനത്തിനും ഗവേഷണത്തിനും അവസരമുണ്ട്.
കേരളീയരുടെ ജീവിതവ്യവഹാരങ്ങളില്‍ അവിഭാജ്യഘടകമായ ഭാഷാ എന്ന നിലക്ക് അറബി ഭാഷാ പഠനം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള മലയാളികള്‍ക്ക് ഉപകാരപ്പെടുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ മലയാള ഭാഷാ സാഹിത്യ മേഖലയിലും സാമ്പത്തിക അഭിവൃദ്ധിയിലും ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയുന്ന അറബി ഭാഷക്ക് കൂടുതൽ അവസരമൊരുക്കുന്നതിലൂടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി കേരളത്തിന്‍റെ സര്‍വതോത്മുകമായ വികസനത്തില്‍ അവരുടെ പങ്കാളിത്തം കുടുതല്‍ ദൃഢമാക്കുന്നതിനും സാധിക്കും.
അറബി ഭാഷ സാഹിത്യ പഠന രംഗത്തും ടൂറിസം, വ്യവസായം, ചികിത്സാ തൊഴില്‍ മേഖലയിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികൾക്ക് അവസരമൊരുക്കുന്നതിനും എല്ലാവര്‍ക്കും പ്രാപ്യമായ രൂപത്തില്‍ കേരളത്തിലെ അറബി ഭാഷാ പഠന സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ ഒരു അറബിക് യൂനിവേഴ്സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയാണ് ഇനി വേണ്ടത്.
(പെരുവമ്പ സി.എ.എച്ച്.എസ്.എസിലെ അധ്യാപകനും എം.ഇ.എസ് മമ്പാട് കോളജിലെ ഗവേഷണ വിദ്യാർഥിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

