Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മുണ്ണി മൗലവി: ആർദ്രതയുടെ ആൾരൂപം

text_fields
bookmark_border
മമ്മുണ്ണി മൗലവി: ആർദ്രതയുടെ ആൾരൂപം
cancel
camera_alt

മമ്മുണ്ണി മൗലവി

ഇന്ത്യയിലുടനീളം യാത്ര ചെയ്ത് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പിയ, ആയിരക്കണക്കിന് അനാഥകൾക്ക് സംരക്ഷണവും ശോഭനഭാവിയുമൊരുക്കിയ ആദരണീയനായ മമ്മുണ്ണി മൗലവി പടച്ചവന്റെ സവിധത്തിലേക്ക് മടങ്ങിയിരിക്കുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന ആ വലിയ മനുഷ്യന്റെ കൂടെ ചെലവഴിക്കുന്ന ഓരോ നിമിഷവും അദ്ദേഹത്തിൽനിന്ന് പ്രസരിക്കുന്ന ചൈതന്യം കർമോർജം പകരുന്നതായിരുന്നു. കേരളത്തിനു പുറമെ ഡൽഹിയിലും മേവാത്തിലും ബംഗാളിലുമുൾപ്പെടെ പതിനായിരങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യവും ജീവിതസന്ധാരണ മാർഗങ്ങളും സജ്ജമാക്കി നൽകിയ അദ്ദേഹം നൂറുകണക്കിന് മസ്ജിദുകളുടെ നിർമാണത്തിനും നേതൃത്വമേകി. ജീവിതം പൂർണമായും സമൂഹത്തിന് സമർപ്പിച്ച മൗലവിയുടെ വിയോഗവാർത്ത കേട്ടപ്പോൾ, അദ്ദേഹം നിർവഹിച്ച മഹദ്കൃത്യങ്ങളെക്കുറിച്ചുള്ള ഓർമകളുടെ മഹാപ്രവാഹമായിരുന്നു അകംനിറയെ.

മമ്മുണ്ണി മൗലവി പെരുമ്പിലാവ് അൻസാർ സ്ഥാപനങ്ങളുടെ സാരഥിയായിരിക്കെ, അവിടെ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവെ കൂടെയുണ്ടായിരുന്ന എം.ഡി. നാലപ്പാട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം കേട്ടപ്പോൾ നാലപ്പാട് പറഞ്ഞു: ‘‘അദ്ദേഹം അനുവദിക്കുമെങ്കിൽ ഞാൻ ഒരു ഫീച്ചർ തയ്യാറാക്കി അന്താരാഷ്ട്ര മാധ്യമങ്ങളിലെ എന്റെ കോളത്തിൽ പ്രസിദ്ധീകരിക്കാം.’’

വിവരം മൗലവിയോട് പറഞ്ഞപ്പോൾ ഒരു ചെറുചിരിയോടെ അത് നിരസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ജീവചരിത്രം തയ്യാറാക്കാൻ ‘പ്രബോധനം’ വാരിക ഒരു പതിറ്റാണ്ടോളം പിന്നാലെ നടന്നെങ്കിലും ആ ശ്രമവും ഫലം കണ്ടില്ല. കാരുണ്യപ്രവർത്തനങ്ങൾ നടത്തിയത് പ്രശസ്തിയും പ്രശംസയും കൊതിച്ചല്ല, പരമകാരുണികന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ്. തന്നെക്കുറിച്ച് പ്രശംസിച്ചു പറയുന്നതോ എഴുതുന്നതോ അദ്ദേഹം ഇഷ്ടപ്പെട്ടതേയില്ല.

ഏറെ പ്രയാസപ്പെടുന്ന മനുഷ്യരുടെ ദുരിതങ്ങളകറ്റാനും അനാഥകളുടെ സങ്കടങ്ങൾ പരിഹരിക്കാനുമുള്ള യാത്രകൾക്കിടയിൽ പലപ്പോഴും ഉറക്കം ബസിലായിരുന്നു. പാവങ്ങളെ ഊട്ടാനായി സ്വയം വിശന്നു. അഗതികൾക്ക് പാർപ്പിടവും വിദ്യാഭ്യാസവും തൊഴിലും നൽകാനായി വെയിലത്തും മഴയത്തും നിരന്തരം അധ്വാനിച്ചു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ആയുസ്സ് മുഴുവൻ മാറ്റിവെച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മരംകോച്ചുന്ന തണുപ്പിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ വിറങ്ങലിച്ചു കഴിഞ്ഞ മനുഷ്യരെ കമ്പിളി പുതപ്പിച്ചു. വിശപ്പുകൊണ്ട് വയറൊട്ടിയ പരമദരിദ്രർക്കായി ഉദാരമതികളിൽനിന്ന് സഹായം ശേഖരിച്ച് കഷ്ടപ്പെടുന്നവരിലേക്ക് എത്തിച്ചു.

അനാഥകളുടെയും അഗതികളുടെയും വേദനകൾ ആത്മാവിലേറ്റുവാങ്ങിയ മമ്മുണ്ണി മൗലവി, തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ആരംഭിച്ചതാണ് സാമൂഹികപ്രവർത്തനവും ജനസേവനവും. രോഗബാധിതനാകുന്നതുവരെ ഒരു നിമിഷംപോലും പാഴാക്കാതെ അത് തുടർന്നു. കേരളത്തിലെയെന്നപോലെ ഉത്തരേന്ത്യയിലെയും ഒട്ടേറെ പള്ളികളും മദ്രസകളും സ്കൂളുകളും കോളജുകളും അനാഥശാലകളും മൗലവിയുടെ കർമസത്യങ്ങളായി നിലകൊള്ളുന്നു. അനേകം പാർപ്പിടങ്ങളിലും കുടിവെള്ളപദ്ധതികളിലും തൊഴിലിടങ്ങളിലും മൗലവിയുടെ കാരുണ്യത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ത്യയിലുടനീളം അദ്ദേഹത്തിന്റെ തണലിൽ പച്ചപിടിച്ച ജീവിതങ്ങൾ നിരവധിയാണ്.

പരലോകത്തെ അതിരുകളില്ലാതെ സ്നേഹിച്ച ആ സാത്വികൻ ഭൗതികസൗകര്യങ്ങളോട് മുഖംതിരിഞ്ഞു നടന്നു. വിനയത്താൽ കുനിഞ്ഞ ശിരസ്സോടെ നടന്നുനീങ്ങിയ ആ മനുഷ്യൻ ജീവിതവിശുദ്ധിയുടെയും ദൈവഭക്തിയുടെയും സാക്ഷാത്കാരമായിരുന്നു.

1944-ൽ ശാന്തപുരത്ത് ജനിച്ച മമ്മുണ്ണി മൗലവി പതിനൊന്ന് വർഷം പഠിച്ചത് ശാന്തപുരം ഇസ്ലാമിയ കോളജിലാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ 1966-ൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് ചാവക്കാട് മുതുവട്ടൂരിലാണ്. പത്തുവർഷത്തിനുശേഷം 1977 മുതൽ 1987 വരെ ജമാഅത്തെ ഇസ് ലാമിയുടെ സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജമാഅത്ത് കേന്ദ്ര പ്രതിനിധിസഭയിലും സംസ്ഥാന കൂടിയാലോചനാസമിതിയിലും അംഗമായിരുന്നു.

ജാതി-മത-സംഘടനാ ഭേദങ്ങൾക്കതീതമായി എല്ലാവരുമായും സൗഹൃദം പുലർത്തിയ മൗലവിയുടെ കാരുണ്യം പ്രയാസമനുഭവിക്കുന്ന ഏവരിലേക്കും പരന്നൊഴുകി. എല്ലാ അർഥത്തിലും സഫലമായ ഭൗതികജീവിതം പൂർത്തിയാക്കി, സുകൃതങ്ങളുടെ വലിയ സമ്പാദ്യവുമായി വിടപറഞ്ഞ അദ്ദേഹത്തിന്റെ പരലോകജീവിതം വിജയകരവും സംതൃപ്തവുമാകുമാറാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammunni Moulavi: The Embodiment of Compassion
Next Story