വിവേചനങ്ങൾ തുലയട്ടെ, വിവേകം ഉണരട്ടെ...
text_fieldsഐക്യരാഷ്ട്രസഭയും (യു.എൻ) മറ്റ് അന്താരാഷ്ട്ര സംഘടനകളും, 2014 മുതൽ എല്ലാ വർഷവും മാർച്ച് 1 വിവേചന രഹിത ദിനം അഥവാ സീറോ ഡിസ്ക്രിമിനേഷൻ ഡേ ആയി ആഗോളതലത്തിൽ ആചരിക്കുന്നു. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ഉയർത്തി കാട്ടുകയാണ് ഈ ദിനം. ഇന്നും നമുക്ക് ചുറ്റും പണ്ടെന്നോ തുടങ്ങി വച്ച വിവേചനങ്ങൾ തുടരുകയും ഒപ്പം പുത്തൻ വിവേചന ട്രെൻഡുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിവേചനങ്ങൾ പുതിയതായാലും പഴയതായാലും അതെന്നും വെറുപ്പിന്റെ വളക്കൂറിൽ മുളച്ച് തഴച്ച് വളരുന്ന ഒന്നാണ്. സാമൂഹ്യ മാധ്യമങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും ഈ കാലഘട്ടത്തിൽ, വിവേചനപരമായ പദപ്രയോഗങ്ങളും അരികുവൽക്കരണവും അതിന്റെ സ്വാധീനം പൊതുജനങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ആയാലും വ്യക്തി സ്വാതന്ത്ര്യം ആയാലും അത് മറ്റൊരാളുടേത് ഹനിക്കുന്ന പക്ഷം ദുഃസ്വാതന്ത്ര്യം ആയി മാറും.
സഭ്യമായ ഭാഷയിലൂടെ വ്യക്തി ഹത്യയ്ക്ക് മുതിരാതെ അപ്പുറത്ത് നിൽക്കുന്ന മനുഷ്യന്, അയാൾ എന്ത് തന്നെയായാലും കിട്ടേണ്ട മാനുഷികമായ ബഹുമാനം നൽകാതെ നവമാധ്യമ ലേബലുകൾ ചാപ്പകുത്തുന്ന രീതി നിലവിൽ സാധാരണമായി കാണാം. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ മാത്രം വ്യക്തികളെ തന്നെ ക്യാൻസൽ ചെയ്യുന്ന 'ക്യാൻസൽ കൾച്ചർ' മുന്നോട്ട് വെക്കുന്നത് 'പുരോഗമന' ആശയങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ തന്നെയാണ്. ഇക്കൂട്ടർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഇൻഫ്ലുവൻസർ പദവി ലഭിക്കുകയും അവരെ പിന്തുടരാൻ നിരവധി പേരുണ്ടാവുകയും ചെയ്യുന്നത് വഴി വെറുപ്പിന്റെ വ്യാപാരം വർദ്ധിക്കുന്നു. സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസർമാരെല്ലാം പ്രശ്നക്കാരാണെന്നല്ല, പലരും സ്വയം അങ്ങനെ വിശേഷിപ്പിക്കാറ് പോലുമില്ല. മനുഷ്യ രാശിയെ ഒരൊറ്റ വർഗമായി കണ്ട്, ഓരോ മനുഷ്യരുടെയും പ്രിവിലേജുകളും സാഹചര്യങ്ങളും അവസ്ഥകളും മനസ്സിലാക്കി, പരസ്പരം പാലിക്കേണ്ട സാമാന്യ മര്യാദയും ബഹുമാനവും ഹനിക്കാതെ ആശയപരമായി തർക്കിക്കുകയും വിമർശിക്കുകയും ചെയ്യുന്ന മനുഷ്യരും തീർച്ചയായും ഉണ്ട്.
കേരളത്തിന്റെ ചരിത്രത്തിലും സമകാലിക സാമൂഹ്യ സാഹചര്യങ്ങളിലും അരികുവൽക്കരണത്തിന്റെ ഒരു പ്രധാന ഉപകരണമായി ലേബലുകൾ അഥവാ 'ചാപ്പകൾ' നിലനിന്നിട്ടുണ്ട്. ഈ ചാപ്പകൾ ജാതി, മതം, ലിംഗം, നിറം, സാമൂഹിക പദവി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ദലിത് ജാതികളെ സൂചിപ്പിക്കുന്ന ജാതിപ്പേരുകൾ പലപ്പോഴും അവഹേളനാത്മകമായാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്നതിന്റെ 'ന്യൂ-ജൻ വേർഷനുകൾ' ആയി 'കോളനി', 'കണ്ണാപ്പി' എന്നീ പ്രയോഗങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. സംഘി, കൊങ്ങി, കമ്മി എന്നീ ചാപ്പകൾ കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിൽ നില നിൽക്കുമ്പോൾ, ആധുനിക മൂല്യ ബോധങ്ങൾ ആർജ്ജിച്ചിട്ടില്ലാത്തവർ അല്ലെങ്കിൽ പഴയ മൂല്യ ബോധ്യങ്ങൾ പേറുന്നവർ എന്ന നിലയിൽ 'കുല സ്ത്രീ/പുരുഷൻ' എന്നീ ചാപ്പകളും വലിയ തോതിൽ പ്രയോഗിക്കപ്പെടുന്നുണ്ട്. 'കുല സ്ത്രീ/പുരുഷൻ' എന്ന ലിംഗപരമായി തരം തിരിക്കാതെ പണ്ട് 'പിന്തിരിപ്പൻ' എന്നായിരുന്നു പ്രയോഗം.
ഒരാളുടേത് പിന്തിരിപ്പൻ ആശയമാണെന്ന് പറയുന്നതിനേക്കാൾ ആഴത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമായി 'കുല' എന്ന പ്രയോഗം ഇന്ന് മാറിയിട്ടുണ്ട്. സമീപ കാലത്ത് ഇതിന്റെ മറ്റൊരു വകഭേദമായി 'തന്ത വൈബ്' വന്നു. 'കുല' എന്ന പ്രയോഗം ഇന്ന് തെറ്റായി തോന്നുന്ന പഴയ രാഷ്ട്രീയപരമായ ചിന്താഗതിയെ പേറുന്നവർ എന്ന് പറയാനാണെങ്കിൽ 'തന്ത വൈബ്' കുറച്ചുകൂടി വ്യക്തിപരമായ കടന്നാക്രമണമാണ്. ഒരു വ്യക്തി തന്റെ പക്വത കൊണ്ട് വാഹനം സ്പീഡ് കുറച്ചു ഡ്രൈവ് ചെയ്‌താൽ, പഴയ പാട്ടുകളെ ഇഷ്ടപ്പെട്ടാൽ, പഴയ ഫാഷനിൽ ഒരുങ്ങിയാൽ, ആഗോള താപനം-യുദ്ധങ്ങൾ-അന്താരാഷ്ട്ര രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചാൽ ഒക്കെ അയാളെ പഴഞ്ചൻ ആയി കാണിക്കാൻ 'തന്ത വൈബ്' ഉപയോഗിക്കുന്ന സ്ഥിതിയൊക്കെ 'ബുള്ളിയിങ് കൾച്ചർ' മലയാളികൾക്കിടയിൽ വളരുന്നതിന്റെ തെളിവുകളാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗങ്ങളെ തരം താഴ്ത്തി സംസാരിക്കാൻ ഉപയോഗിക്കുന്ന ചാപ്പകളിൽ ഇന്ന് കാണുന്ന ഒന്നാണ് 'ബംഗാളി'. ബംഗാളിൽ നിന്ന് വന്നവർ എന്ന് മാത്രം അർഥമുള്ള പദത്തെ അവഹേളനത്തിന് ഉപയോഗിക്കുന്നതായി കാണാം. മനുഷ്യരുടെ പ്രിവിലേജുകൾ ആഘോഷിക്കപ്പെടുന്ന ലോകത്ത് അതില്ലാതെ പോയവർ കുറച്ചൊന്നുമല്ല ഇന്ന് അരിക് വത്കരിക്കപ്പെടുന്നത്.
സൈബർ ബുളീയിങ്, ഷെയിമിങ് എന്നീ രീതികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കി അവരെ അപമാനിക്കുക, മാനസികമായി തകർക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ്. ഇത് വ്യക്തികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ ആക്രമണങ്ങൾ, അങ്ങേയറ്റം അവഹേളിക്കുന്ന ട്രോളുകൾ, അല്ലെങ്കിൽ ഭീഷണി സന്ദേശങ്ങൾ വഴി ഒരാളെ ഒറ്റപ്പെടുത്താനും മാനസിക സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നത് സൈബർ ബുളീയിങ്ങിന്‍റെ ഭാഗമാണ്. വലിയ കാരണമൊന്നും ഒരാൾക്ക് ഒരാളെ സൈബർ ബുളീയിങ് ചെയ്യാൻ ഇന്നാവശ്യമില്ല. സ്വകാര്യ സംഭാഷണത്തിൽ ഉണ്ടായ ഒരഭിപ്രായ വ്യത്യാസം പോലും നേരിട്ട് പരിഹരിക്കാതെ പരസ്യമായി കളിയാക്കി കൊണ്ടുള്ള പോസ്റ്റുകൾ വഴി കൂടുതൽ സമാന ചിന്താഗതിക്കാരെ അണിചേർക്കുകയും കൂട്ടമായി പരിഹസിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു.
ഹേറ്റ് സ്പീച്ച് അഥവാ വിദ്വേഷ പ്രസംഗം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിത്യ സംഭവങ്ങളാണ്. സഹിഷ്ണുതയോ സഭ്യതയോ ഇല്ലാത്തത് 'തഗ് ലൈഫ്' ആയി കരുതുന്ന മനുഷ്യർ മറ്റ് മനുഷ്യരെ അവഹേളിക്കുന്നതാണ് ശരിയെന്ന ഉറച്ച വിശ്വാസത്തിലാണ്. അവർ കാണിക്കുന്ന ഇത്തരം വികല മാതൃകകളാൽ സ്വാധീനിക്കപ്പെടുന്നവരിൽ പലപ്പോഴും കുട്ടികൾ പോലും ഉൾപ്പെടുന്നത് ആശങ്കാവഹമാണ്. സംയമനത്തോടെയുള്ള പെരുമാറ്റം, സഹിഷ്ണുത, പരസ്പര മര്യാദ, മാനുഷികമായ പരസ്പര ബഹുമാനം എന്നിങ്ങനെയുള്ള ജനാധിപത്യ മര്യാദകൾ വേണ്ടെന്ന് തീരുമാനിക്കുകയും, അതിനെ 'തഗ്' ആയി കാണുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ പരുവപ്പെടുന്ന തലമുറ നിരന്തരം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന വെറുപ്പിന്റെ മാധ്യമങ്ങളിൽ വ്യാപാരിച്ചു മനുഷ്യത്വം മരവിക്കുന്ന അവസ്ഥയുടെ ഉദാഹരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
കേരളം പുരോഗമനപരമെന്ന് അവകാശപ്പെടുമ്പോഴും ചില വിഭാഗങ്ങൾ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിവേചനം ഇന്നും നേരിടുന്നുണ്ട്. ദളിത്-ആദിവാസി വിഭാഗങ്ങൾ ഭൂമി ഉടമസ്ഥത, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ അസമത്വം അനുഭവിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്നില്ല. കുറഞ്ഞ വേതനവും മോശം താമസ സൗകര്യവും ഇവരെ അരികുവൽക്കരിക്കുന്നു. സ്ത്രീകൾ ലിംഗാധിഷ്ഠിത വിവേചനം നേരിടുന്നത് തുടരുന്നു. തൊഴിൽ സ്ഥലങ്ങളിലെ അസമത്വവും സദാചാര പൊലീസിങും ലൈംഗിക അതിക്രമങ്ങളും ഇവരെ ബാധിക്കുന്നു. കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുകയും ലഹരിയുടെ കെണിയിൽ അകപ്പെട്ട് പോകുകയും ചെയ്യുന്നു.
LGBTQA+ സമൂഹം നിയമപരമായ അംഗീകാരം ലഭിച്ചിട്ടും സാമൂഹിക സ്വീകാര്യതയിൽ പിന്നോക്കം നിൽക്കുന്നു, പരിഹാസത്തിനും വിവേചനത്തിനും ഇരയാകുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പൊതുയിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പോലും വിവേചനം നേരിടേണ്ടി വരുന്നു. സംഘബലം കുറഞ്ഞ ന്യൂനപക്ഷ തൊഴിൽ സംഘടനകൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്തിട്ടും നീതി ലഭിക്കാതെ പോകുന്നു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. അധിക സമയം തൊഴിലെടുക്കാനും അർഹതപ്പെട്ട അധിക വേതനം ലഭിക്കാതെയും വരികയും, അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
വിവേചനങ്ങൾ ഒഴിവാക്കാൻ നാം എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, കാരണം എല്ലാ മനുഷ്യർക്കും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ട്. ജാതി, മതം, ലിംഗം, രാഷ്ട്രീയം, സാമൂഹിക പദവി തുടങ്ങിയവയുടെ പേര് പറഞ്ഞ് മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ലേബലുകളും അവഹേളനങ്ങളും ഒഴിവാക്കി, പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്തണം. സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രസംഗങ്ങളും സൈബർ ബുള്ളിയിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ബോധവൽക്കരണവും ഐക്യവും പ്രചരിപ്പിക്കുകയാണ് വേണ്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ, വ്യക്തിതലത്തിൽ നിന്ന് തുടങ്ങി സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ട ചെറിയ മാറ്റങ്ങൾ, വാക്കുകളിൽ സ്നേഹവും പ്രവൃത്തികളിൽ നീതിയും നാം സ്വീകരിക്കണം.
ഓരോ മനുഷ്യരും അവരുടെ പ്രിവിലേജുകളുടെയും പ്രിവിലേജില്ലായ്മകളുടെയും അടിസ്ഥാനത്തിൽ അവരവരുടേതായ താത്വിക-രാഷ്ട്രീയ-മാനസ്സിക പരിണാമത്തിന്റെ പാതയിൽ പലയിടത്താണ്. ഒപ്പം വ്യക്തിപരമായ ബോധ്യങ്ങളിൽ ജീവിക്കാനും തിരുത്താനും ഒക്കെ മനുഷ്യർക്ക് അവകാശമുണ്ട്. മറ്റൊരുവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതെ ജീവിക്കുന്ന ഏതൊരു മനുഷ്യനും സാമൂഹികമായ അധിക്ഷേപങ്ങളുടെ ഇരകളാകാതെ ജീവിക്കാൻ കഴിയണം. ഇനി തെറ്റുകൾ ചെയ്ത, മറ്റൊരുവന്റെ ജീവിതത്തിലേക്ക് കടന്ന് പ്രതികൂലമായി കാര്യങ്ങൾ ചെയ്ത മനുഷ്യർക്ക് നിയമപരമായ ശിക്ഷ നിലനിൽക്കുന്ന രാജ്യത്ത് സാമൂഹികമായ ഒറ്റപ്പെടുത്തലിന്റെയും തീവ്രമായ അവഹേളനത്തിന്റെയും അധിക ശിക്ഷയുടെ ആവശ്യമില്ല. മനുഷ്യരെ ക്യാൻസൽ ചെയ്യുന്ന 'ക്യാൻസൽ കൾച്ചർ' നെക്കാൾ അവരെ തിരുത്തി സാധാരണ ജീവിതത്തിലേക്കെത്തിക്കുന്ന സഹാനുഭൂതിയോടെ ജനാധിപത്യ രീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഒരാളെ തിരുത്തുന്നത് അയാളെ, അയാളുടെ അഭിമാനത്തെ, അയാളുടെ സാമൂഹിക അന്തസ്സിനെ ഇല്ലാതാക്കി കൊണ്ടാവരുത്. അങ്ങനെ ചെയ്തുന്നത് രാഷ്ട്രീയ നിരുത്തരവാദിത്വവും ക്രൂരതയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.