ഹിമാലയം ഉരുകുമ്പോൾ ദുരന്തം പാഞ്ഞിറങ്ങുന്നു
text_fieldsനേപ്പാൾ-തിബറ്റ് അതിർത്തിയിലെ ഹിമാലയൻ താഴ്വര പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തം നൽകുന്നത്, കാലാവസ്ഥ വ്യതിയാനത്തിന്റെ കൃത്യമായ മുന്നറിയിപ്പ്. ഹിമാലയം സ്വാഭാവികമായിത്തന്നെ മണ്ണിടിച്ചിലിനും പ്രളയത്തിനും ഹിമപാതത്തിനും സാധ്യതയുള്ള പ്രദേശമാണ്. എന്നാൽ, ചൂടുകൂടുന്ന അന്തരീക്ഷവും അതിവേഗം പിൻവാങ്ങുന്ന ഹിമാനികളും മഴയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും ഉയർന്ന പ്രദേശങ്ങളിലെ താപനില വർധനയും കൂടിച്ചേരുമ്പോൾ പഴയ അപകടങ്ങൾക്ക് പുതിയ കരുത്ത് ലഭിക്കുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
സാധാരണ പ്രളയങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായ അളവിൽ വെള്ളം താഴേക്ക് കുതിച്ചെത്തുന്നതാണ് ‘ഫ്ലാഷ് ഫ്ലഡ്’ അഥവാ മിന്നൽപ്രളയം. കനത്ത മഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ മൂലം തടയപ്പെട്ട നദി പെട്ടെന്ന് തുറക്കുന്നത്, ഹിമതടാകം പൊട്ടുന്നത് തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. മലനിരകളിലെ കുത്തനെയുള്ള ചരിവുകളും ഇടുങ്ങിയ താഴ്വരകളും ഈ ഒഴുക്കിന്റെ വേഗവും നശീകരണശേഷിയും പലമടങ്ങ് വർധിപ്പിക്കുന്നു.
ഇവിടെ മിന്നൽ പ്രളയത്തിന്റെ കാരണമാണ് ഈ അപകടത്തെ വ്യത്യസ്തമാക്കുന്നത്. ഹിമാലയൻ മിന്നൽപ്രളയങ്ങളെ സമതലപ്രദേശങ്ങളിലെ വെള്ളപ്പൊക്കവുമായി താരതമ്യം ചെയ്യാനാകില്ല. പലപ്പോഴും താഴേക്കെത്തുന്നത് വെള്ളം മാത്രമല്ല. പാറക്കഷണങ്ങളും മണ്ണും മരങ്ങളും മഞ്ഞും ഹിമാനികളിൽനിന്നുള്ള അവശിഷ്ടങ്ങളും അതിനൊപ്പമുണ്ടാകും.
ഒരു ഹിമാനി മുന്നോട്ടുനീങ്ങുമ്പോൾ പാറയും മണ്ണും അവശിഷ്ടങ്ങളും അതിനൊപ്പം നീങ്ങുന്നു. എന്നാൽ, ഹിമാനി ഉരുകി പിന്നോട്ടുപോകുമ്പോൾ വലിയ അളവിലുള്ള പാറയും ചരലും മണ്ണും മലഞ്ചരിവുകളിൽ സ്ഥിരതയില്ലാതെ അവശേഷിക്കും. ഇത്തരം അയഞ്ഞ അവശിഷ്ടങ്ങളിൽ ശക്തമായ മഴ പെയ്യുമ്പോഴോ പെട്ടെന്ന് മഞ്ഞുരുകുമ്പോഴോ അവ വെള്ളത്തിൽ കുതിർന്ന് താഴേക്ക് തെന്നിമാറാം.
ആദ്യം ചെറിയ മണ്ണിടിച്ചിലായി തുടങ്ങുന്ന സംഭവം പിന്നീട് വൻ ഡെബ്രിസ് ഫ്ലോയായി മാറാം. ചിലപ്പോൾ പാറയും മഞ്ഞും നദിയുടെ ഒഴുക്ക് തടഞ്ഞ് പ്രകൃതിദത്തമായ ഒരു താൽക്കാലിക അണക്കെട്ടും സൃഷ്ടിക്കും. പിന്നിൽ വെള്ളം അടിഞ്ഞുകൂടി ആ തടസ്സം പൊട്ടുമ്പോൾ താഴേക്ക് എത്തുന്നത് സാധാരണ പ്രളയമല്ല; വെള്ളവും പാറയും ചളിയും ചേർന്ന വിനാശകരമായ തരംഗമാണ്.
ഇത് ഒരു സിദ്ധാന്തപരമായ ഭീഷണി മാത്രമല്ല. ഹിന്ദുകുഷ്-ഹിമാലയ മേഖലയിലെ ഹിമാനികളുടെ ഐസ് നഷ്ടപ്പെടുന്ന വേഗം 2000ത്തിന് ശേഷം ഇരട്ടിയായതായി 2026ലെ പഠനങ്ങളെ അടിസ്ഥാനമാക്കി ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് വ്യക്തമാക്കുന്നു. 1975നുശേഷം ചില മേഖലകളിൽ മൊത്തം 27 മീറ്റർവരെ ഐസ് കനം നഷ്ടപ്പെട്ടതായും സ്ഥാപനം പറയുന്നു.
മഞ്ഞുപെയ്യേണ്ട ഉയരങ്ങളിൽ മഴ
കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു അപകടകരമായ സൂചന മഴയുടെയും മഞ്ഞുവീഴ്ചയുടെയും ഭൂപടത്തിൽ സംഭവിക്കുന്ന മാറ്റമാണ്. പണ്ടുകാലത്ത് പ്രധാനമായും മഞ്ഞുവീണിരുന്ന ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾ മഴ ലഭിക്കുന്ന സംഭവങ്ങൾ കൂടിവരുന്നു. അതായത് മഴ ലഭിക്കുന്ന മേഖല മലമുകളിലേക്ക് ഉയരുകയും മഞ്ഞുവീഴുന്ന മേഖല അതിലും കൂടുതൽ ഉയരങ്ങളിലേക്ക് പിന്മാറുകയും ചെയ്യുന്നു.
മഞ്ഞുവീഴ്ചയും മഴയും ഭൂമിയോട് ഒരേ രീതിയിലല്ല പെരുമാറുന്നത്. മഞ്ഞ് ഭൂമിയിൽ സംഭരിക്കപ്പെടുകയും ക്രമേണ ഉരുകി വെള്ളമാകുകയും ചെയ്യുമ്പോൾ കനത്ത മഴ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചരിവുകളെ നനക്കുന്നു. ഇതിനകം അസ്ഥിരമായ ഹിമാനി അവശിഷ്ടങ്ങളുള്ള പ്രദേശങ്ങളിൽ ഇത് സംഭവിക്കുമ്പോൾ മണ്ണിടിച്ചിലും പാറയിടിച്ചിലും അതിവേഗം സജീവമാകാം.
ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന മറ്റൊരു മാറ്റം രാത്രിയിലെ താപനിലയിലുണ്ടായ വ്യതിയാനമാണ്. ഉയർന്ന ഹിമാലയൻ മേഖലകളിൽ പകൽ ചൂടുണ്ടായാലും രാത്രി താപനില വലിയ തോതിൽ താഴുന്നത് സാധാരണമായിരുന്നു. ഈ രാത്രികാല തണുപ്പ് മഞ്ഞിന്റെയും ഹിമാനികളുടെയും ഉരുകൽ താൽക്കാലികമായി മന്ദഗതിയിലാക്കുമായിരുന്നു.
എന്നാൽ, കുറഞ്ഞ താപനിലയും ഉയരുന്ന സാഹചര്യം വന്നാൽ ഈ സ്വാഭാവിക ‘ബ്രേക്ക്’ നഷ്ടപ്പെടുന്നു. പകലുണ്ടായിരുന്ന ഉരുകൽ രാത്രിയിലും തുടരും. ഇതിനൊപ്പം മഴയും വന്നാൽ മലഞ്ചരിവുകളിൽ വെള്ളത്തിന്റെ അളവും മർദവും അതിവേഗം വർധിക്കും. ഇവിടെ കാലാവസ്ഥാ മാറ്റം ഒരു സ്വിച്ച് അമർത്തുന്നതുപോലെ നേരിട്ട് ദുരന്തമുണ്ടാക്കുന്നില്ല. പകരം ദുരന്തത്തിനുള്ള പശ്ചാത്തലം കൂടുതൽ അസ്ഥിരമാക്കുകയാണ്.
ഹിമാനികളുടെ പിൻവാങ്ങൽ, മഞ്ഞിനുപകരം മഴ ലഭിക്കുന്നത്, കുറഞ്ഞ സമയത്തെ അതിതീവ്രമഴ, രാത്രിയിലെ ചൂട്, അസ്ഥിരമായ പാറക്കൂട്ടങ്ങൾ, കുത്തനെയുള്ള ചരിവുകൾ-എന്നിവ പരസ്പരം ബന്ധപ്പെടുമ്പോഴാണ് പ്രകൃതിയുടെ ഘടനയിലും അതുവഴി കാലാവസ്ഥയിലുമുണ്ടായ ചെറിയൊരു മാറ്റം വലിയ ദുരന്തമായി മാറുന്നത്.
ഒരു രാജ്യത്തിന്റെ ദുരന്തമല്ല
ഹിമാലയത്തിലെ ജലദുരന്തങ്ങൾക്ക് ദേശീയ അതിർത്തികളില്ല. പുതിയ ദുരന്തം ബാധിച്ച ഭോടെ കോശി പോലുള്ള നദികൾ തിബറ്റിലെ ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഉത്ഭവിച്ച് നേപ്പാളിലൂടെ ഒഴുകി വലിയ നദീവ്യവസ്ഥകളിൽ ചേരുന്നു. തുടർന്ന് അവയുടെ വെള്ളം ഇന്ത്യയിലേക്കും എത്തുന്നു. അതുകൊണ്ട് തിബറ്റിൽ സംഭവിക്കുന്ന ഹിമാനി തകർച്ച നേപ്പാളിനെ ബാധിക്കാം; നേപ്പാളിലെ പ്രളയതരംഗം മണിക്കൂറുകൾക്കുശേഷം ഇന്ത്യയിലെ താഴ്ന്ന പ്രദേശങ്ങൾക്ക് ഭീഷണിയാകാം.
ഇന്ത്യ ടുഡേ ചൂണ്ടിക്കാട്ടുന്നതുപോലെ, ഹിമാലയത്തിന്റെ മുകൾപ്രദേശത്തെ ദുരന്തം വളരെ വേഗത്തിൽ അതിർത്തി കടന്നുള്ള ഭീഷണിയായി മാറാൻ കഴിയും. അതിനാൽ ഹിമാലയൻ ദുരന്തനിവാരണത്തിന് ഓരോ രാജ്യവും സ്വന്തം അതിർത്തിക്കുള്ളിൽ സ്ഥാപിക്കുന്ന മഴമാപിനികളും മുന്നറിയിപ്പ് സംവിധാനങ്ങളും മാത്രം പോരാ. ഉപഗ്രഹ നിരീക്ഷണം, ഹിമാനികളുടെയും ഹിമതടാകങ്ങളുടെയും തുടർച്ചയായ മാപ്പിങ്, നദീപ്രവാഹ ഡേറ്റയുടെ തത്സമയ കൈമാറ്റം, അതിർത്തി കടന്നുള്ള മുന്നറിയിപ്പ് സംവിധാനം എന്നിവ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

