വിഭജനത്തിന്റെ പാപഭാരം മുസ്ലിംകൾക്ക് വേണ്ടാ
text_fieldsസ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വർഗീയ ധ്രുവീകരണം വളർത്തുന്നതിനും മുസ്ലിം സമൂഹത്തെ അപരവത്കരിക്കുന്നതിനും ഏറ്റവും വലിയ ആയുധമായി വര്‍ത്തിച്ചത് ഇന്ത്യാ വിഭജനം സംബന്ധിച്ച ആഖ്യാനങ്ങളാണ്. മതത്തിന്റെ പേരില്‍ രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ പാപഭാരങ്ങളെല്ലാം കെട്ടിയേല്പിക്കപ്പെട്ടത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും സമ്പത്തും വിഭവങ്ങളും ത്യജിച്ച മുസ്ലിംകൾക്ക് മേലാണ്.
പാകിസ്താൻ വേണ്ട, ഇന്ത്യയാണ് ഞങ്ങളുടെ മണ്ണ് എന്നുറപ്പിച്ച് ഇവിടെത്തന്നെ തുടർന്ന മുസ്ലിംകളുടെ രാജ്യക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ഹിന്ദുത്വ ആചാര്യന് എം.എസ്. ഗോള്‍വാള്‍ക്കര്‍ മുസ്ലിംകളെ ആഭ്യന്തര ഭീഷണിയെന്ന് അപഹസിച്ചു. യഥാർഥത്തില്‍ ഇന്ത്യാ വിഭജനം ആരുടെ അജണ്ടയായിരുന്നു? ജിന്നയുടെ നിലപാടിനോട് ഇന്ത്യന്‍ മുസ്ലിംകള് മൊത്തത്തില്‍ അനുകൂലമായിരുന്നുവോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ് വിഭജനത്തിന്റെ ഉത്തരവാദിത്തം കെട്ടിയേല്പിക്കുന്നതിലെ ഗൂഢാലോചന തെളിയുക.
ഹിന്ദുക്കളും മുസ്ലിംകളും രണ്ട് ജനതയാണെന്നും ഒരു രാഷ്ട്രത്തില്‍ ഒന്നിച്ച് കഴിയാന്‍ സാധിക്കില്ലെന്നും ഗദ്ദർ പാർട്ടിയുടെയും പിന്നീട് ഹിന്ദു മഹാസഭയുടെയും നേതാവായിരുന്ന ഭായി പരമാനന്ദ് സിദ്ധാന്തിച്ചതിന് മൂന്നുപതിറ്റാണ്ട് കഴിഞ്ഞാണ് മുഹമ്മദലി ജിന്ന ദ്വിരാഷ്ട്ര വാദവുമായി സജീവമാവുന്നത്. ഭായി പരമാനന്ദയുടെ ദ്വിരാഷ്ട്ര ആശയത്തെ വിപുലപ്പെടുത്തുകയായിരുന്നു വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വാള്‍ക്കറുമൊക്കെ. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേത് എന്നതുപോലെ ഫ്രാന്‍സ് ഫ്രഞ്ചുകാരുടേത് എന്നതുപോലെ ജര്‍മനി ജര്‍മന്‍കാരുടേത് എന്നതു പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്നാണ് 1923ല്‍ ഹിന്ദു മഹാസഭ സമ്മേളനത്തിൽ ബി.എസ്. മുഞ്ചേ പ്രഖ്യാപിച്ചത്. 1920 കളില്‍ത്തന്നെ ഹിന്ദുഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചതില്‍ ഹിന്ദുത്വവാദികള്‍ മാത്രമായിരുന്നില്ല കോണ്‍ഗ്രസ് നേതാക്കളും ഈ ആശയത്തില്‍ മോശമല്ലാതെ പങ്കുവഹിച്ചിരുന്നു. മൂന്നുതവണ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മദന്മോഹന് മാളവ്യ ഹിന്ദുഇന്ത്യ എന്ന ആശയം മുന്നോട്ടുവെച്ച നേതാവായിരുന്നു. കോണ്‍ഗ്രസ് നേതാവായിരിക്കെതന്നെ ഹിന്ദു മഹാസഭാ പക്ഷത്തും നിലയുറപ്പിച്ച മാളവ്യ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവുമാണ്.
ഖാന് അബ്ദുല്‍ഗഫാര്‍ ഖാന്
മുസ്ലിം നേതാക്കളില്‍ ചെറിയൊരു വിഭാഗം ദ്വിരാഷ്ട്ര സിദ്ധാന്തത്തിനും പാകിസ്താന് രാഷ്ട്ര രൂപവത്കരണത്തിനുമായി നിലകൊണ്ടെങ്കിലും രാജ്യത്തുടനീളമുള്ള ബഹുഭൂരിഭാഗം നേതാക്കളും മുസ്ലിം ജനസമൂഹവും വിഭജനത്തിനെതിരായിരുന്നു. വിഭജനത്തിനെതിരെ ശക്തമായി നിലകൊണ്ട കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ ഇസ്ലാമിക പണ്ഡിതരാണ് അബുല്‍കലാം ആസാദ്, ഹക്കീം അജ്മല്ഖാന്, എം.എ. അന്‍സാരി തുടങ്ങിയവര്‍. അഭിഭാഷകരും ഉന്നത സ്ഥാനീയരുമായിരുന്ന സൈഫുദ്ദീന് കിച്ച്ലു, ആസഫ് അലി, അബ്ബാസ് ത്വയ്യിബ്ജി, യൂസുഫ് മിഹ്ര് തുടങ്ങിയവരും ദ്വിരാഷ്ട്ര വാദത്തിനെതിരായിരുന്നു.
സിന്ധ് പ്രവിശ്യയിലെ പ്രമുഖനും നിയമസഭാ സാമാജികനുമൊക്കെയായിരുന്ന അല്ലാബക്ഷ് പാകിസ്താന് പ്രമേയത്തിനെതിരെ നാല് ദിവസം നീണ്ടുനിന്ന മുസ്ലിം ബഹുജന സമ്മേളനമാണ് ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. അര ലക്ഷത്തില്‍പരം പേര് പങ്കുകൊണ്ട സമ്മേളനത്തില്‍ അന്നത്തെ പ്രമുഖ മുസ്ലിം സംഘടനകളായ ഓള് ഇന്ത്യ ജംഇയ്യതുല്‍ ഉലമ, ഓള് ഇന്ത്യ മുഅ്മിന് കോണ്‍ഫറന്‍സ്, ഓള് ഇന്ത്യ മജ്ലിസെ അഹ്റാര്‍, ഓള് ഇന്ത്യ ശിയാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്, ഖുദായ് ഖിദ്മത്ത്ഗാര്‍, ബംഗാള്‍ കൃഷക് പ്രജ പാര്‍ട്ടി,ഓള് ഇന്ത്യ മുസ്ലിം പാര്‍ലമെന്ററി ബോര്‍ഡ്, അഞ്ജുമൻ വത്തന്‍ ബലൂചിസ്താന്‍, ഓള് ഇന്ത്യ മുസ്ലിം മജ്ലിസ്, ജംഇയ്യതുല്‍ അഹ്ലെ ഹദീസ് എന്നിവയെല്ലാം സജീവമായി പങ്കുകൊണ്ടു. സമ്മേളനത്തിലെ പങ്കാളിത്തവും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള പ്രാതിനിധ്യവും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുസ്ലിംകളുടെ യഥാർഥ ശബ്ദം എന്നാണ് സമ്മേളനത്തെ വിവിധ പത്രങ്ങള്‍ വിലയിരുത്തിയത്.
പ്രമുഖ മുസ്ലിം പണ്ഡിതനും സാഹിത്യകാരനുമായിരുന്ന ശിബ്ലി നുഅ്മാനി ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു. മുസ്ലിം ജനസാമാന്യത്തെ പ്രതിനിധീകരിക്കുന്ന സംഘമല്ല മുസ്ലിംലീഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മൗലാന ഹസ്റത്ത് മൊഹാനി, അശ്ഫാഖുല്ലാഹ് ഖാന്, ഡോ. മുഖ്താര്‍ അഹമ്മദ് അന്‍സാരി എന്നിവര്‍ രാഷ്ട്ര വിഭജനത്തിനെതിരെ നിലകൊണ്ട സ്വാതന്ത്ര്യ സമരസേനാനികളാണ്. ‘പാകിസ്താന്: ഇന്ത്യയുടെ പ്രശ്നം’ എന്ന പുസ്തകം രചിച്ച ശൗക്കത്തുല്ല അന്‍സാരി പാകിസ്താന്‍വാദം മുസ്ലിം ജനസാമാന്യത്തിന്റെ അല്ല, സമ്പന്ന വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിന്റെ മാത്രം താല്പര്യമാണ് എന്ന് സമർഥിച്ചു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന് അബ്ദുല്‍ഗഫാര്‍ ഖാന് നേതൃത്വം നല്കിയ, രണ്ടു ലക്ഷത്തോളം പേര് അംഗങ്ങളായുള്ള ഖുദായ് ഖിദ്മത്ത്ഗാർ എന്ന സംഘടന കോണ്‍ഗ്രസിനോടൊപ്പം കൈകോര്‍ത്ത് നിസ്സഹകരണ പ്രസ്ഥാനം ഉള്‍പ്പെടെയുള്ള സമരത്തില്‍ പങ്കുവഹിച്ചവരുമാണ്.
അബുല്‍കലാം ആസാദ്
ബോംബെ ക്രോണിക്കിള്‍ പത്രാധിപരായിരുന്ന സയ്യിദ് അബ്ദുല്ല ബറേല്‍വി പത്രത്തിലൂടെ വിഭജന വിരുദ്ധ പ്രചാരണം നല്കുകയുണ്ടായി. ദ്വിരാഷ്ട്ര സിദ്ധാന്തത്തിനെതിരെ പ്രചാരണം നടത്തുന്നതിന് മജ്ലിസ് എന്ന സംഘടനക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്കിയ നിയമജ്ഞനാണ് അബ്ദുല്‍മജീദ് ഖ്വാജാ. കശ്മീര്‍ മുസ്ലിംകളുടെ പ്രധാന നേതാക്കളായിരുന്ന മുശീറുല്‍ ഹസന്, ശൈഖ് മുഹമ്മദ് അബ്ദുല്ല എന്നിവര്‍ രാഷ്ട്രവിഭജനത്തിനെതിരെ കടുത്ത നിലപാടെടുത്തവരാണ്.
അന്നും ഇന്നും രാജ്യത്തെ പ്രബല മുസ്ലിം സംഘടനകളിലൊന്നായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ദ്വിരാഷ്ട്ര വിഭജനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഭജന വിരുദ്ധ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും നിരവധി ഉര്‍ദു ലഘുലേഖകള്‍ വിതരണം ചെയ്തും ഇടപെടലുകൾ നടത്തി. 1947 ഏപില്‍ 14ന് സംഘടിപ്പിച്ച വിഭജന വിരുദ്ധ മഹാറാലിയെ ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ച് സംസാരിക്കുകയുണ്ടായി.
മുസ്ലിം സമുദായത്തിലെ പിന്നാക്ക ജനതയുടെ ശാക്തീകരണം ലക്ഷ്യംവെച്ച് 1920കളില്‍ രൂപം കൊണ്ട മുഅ്മിന് കോണ്‍ഫറന്‍സ് 1939 ല്‍ ഗോരഖ്പൂരിലും 1943ല്‍ ഡല്‍ഹിയിലും വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ദ്വിരാഷ്ട്ര വാദത്തിനെതിരായ നിലപാട് പ്രഖ്യാപിക്കുന്നുണ്ട്. പഞ്ചാബിലെ മുസ്ലിം കര്‍ഷകരെ പ്രതിനിധീകരിച്ച് രൂപം കൊണ്ട മജ്ലിസെ അഹ്റാറെ ഇസ്ലാം, കര്‍ഷക സംഘടനയായ കിസാന്‍ സഭയുമായി കൈകോര്‍ത്ത് പാകിസ്താന് വാദത്തിനെതിരെ 1940ല്‍ പട്നയില്‍ സമ്മേളനം സംഘടിപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സംഘടനയിലെ എണ്ണായിരത്തോളം പേരെയാണ് ബ്രിട്ടീഷ് ഭരണകൂടം മൂന്നുവര്‍ഷത്തെ കഠിന തടവിന് വിധിച്ചത്.
സ്വാതന്ത്ര്യസമര സേനാനികളുടെയും സൈനികരുടെയും പിന്മുറക്കാർ പൗരത്വം തെളിയിക്കാൻ രേഖകളുമായി ക്യൂ നിൽക്കേണ്ടിവരുന്നതിന് തുല്യമാണ് ഇന്ത്യൻ മുസ്ലിംകളുടെ വിഭജന വിരുദ്ധ നിലപാട് വിശദീകരിക്കേണ്ടിവരുന്നത്. ചരിത്രം തിരുത്തിയും വിഭജനത്തിന്റെ മുറിവുകൾ കുത്തിയിളക്കിയും വർഗീയ ശക്തികൾ കർസേവ തുടരുമ്പോൾ പോരാട്ടത്തിന്റെ ഗാഥകൾ ഓർമിക്കാതിരിക്കാനാവുന്നില്ലെന്നുമാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.