ഭരണകൂടമേ, നിങ്ങളാ കാലം മടക്കിനൽകുമോ?
text_fieldsജാമ്യം കഴിഞ്ഞ് ജയിലിലേക്ക് മടങ്ങും മുമ്പ് ഖാലിദ് സൈഫി മകളെ ആശ്ലേഷിക്കുന്നു(ഫോട്ടോ: ഷാഹിദ് തന്ത്രൈ)
പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ കുടുക്കപ്പെട്ട പൗരാവകാശ പ്രവർത്തകൻ ഖാലിദ് സൈഫി പത്തുദിവത്തെ ഇടക്കാല ജാമ്യം കഴിഞ്ഞ് മടങ്ങവെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച ആക്ടിവിസ്റ്റ് ബനോജോത്സന ലാഹിരി എഴുതുന്നു. ഇതേ കള്ളക്കേസിൽ അഞ്ചുവർഷത്തിലേറെയായി തടവിലടക്കപ്പെട്ടിരിക്കുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ പങ്കാളിയാണ് ബനോജോത്സന.
കുപ്രസിദ്ധമായ ഡൽഹി കലാപക്കേസിൽ കുരുക്കി 2020ൽ ഖാലിദ് സൈഫിയെ കസ്റ്റഡിയിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആൺമക്കൾക്ക് 12ഉം പത്തും വയസ്സായിരുന്നു, അദ്ദേഹത്തിന്റെ കൺമണിയായ മകൾക്ക് ഏഴ് വയസ്സും.
അഞ്ചുവർഷം പിന്നിടുമ്പോൾ മകൻ യസക്ക് 17 ഉം ത്വാഹക്ക് 15ഉം വയസ്സ്. കുഞ്ഞ് മറിയത്തിന് 12 ഉം. തന്റെ മക്കളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നാളുകൾക്ക് സാക്ഷ്യം വഹിക്കാനുള്ള അവകാശം പ്രതികാരക്കലിപൂണ്ട ഭരണകൂടം ഖാലിദിന് ക്രൂരമായി നിഷേധിച്ചു. അവർ കരുണയും സഹാനുഭൂതിയുമുള്ള മാനവികതയാർന്ന വ്യക്തികളായി വളരുന്നത് കാണാനുള്ള അവസരമാണ് അദ്ദേഹത്തിൽനിന്ന് പിടിച്ചുപറിക്കപ്പെട്ടത്. മാതാപിതാക്കൾ നെഞ്ചോട് ചേർക്കുന്ന മക്കളുടെ വളർച്ചയിലെ കുഞ്ഞുകുഞ്ഞ് സംഭവങ്ങളും കൗതുകങ്ങളും ഓരോ ദിവസത്തിന്റെയും ഓർമകളും അയാൾക്ക് നഷ്ടപ്പെടുത്താൻ അദ്ദേഹം നിർബന്ധിതനായി.
ത്വാഹക്ക് ഗുരുതരമായ അസുഖം ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതു കൊണ്ടുമാത്രമാണ് വെറും പത്തു ദിവസത്തേക്ക് വീട്ടിൽ വരാൻ ഖാലിദിന് അനുമതി ലഭിച്ചത്. പിതാവിന്റെ സാന്നിധ്യമില്ലാതെ, അനന്യസാധാരണ വ്യക്തിത്വമായ ഉമ്മ നർഗീസിന്റെ പിന്തുണയിൽ ജീവിതത്തെ പൊരുതി നേരിട്ട് മക്കൾ ഇത്ര വളർന്നു വലുതായിരിക്കുന്നത് അദ്ദേഹം കാണുന്നത് ഇപ്പോൾ മാത്രമാണ്.
ഒരുനാൾ സകല വ്യാജ കുറ്റാരോപണങ്ങളിൽനിന്നും മുക്തനായി ഖാലിദ് ഭായ് സ്വതന്ത്രനാക്കപ്പെടും. പക്ഷേ, തന്റെ ജീവിതത്തിലെ നഷ്ടപ്പെട്ട കാലങ്ങളിലേക്ക് തിരിച്ചുപോയി മക്കളുടെ ബാല്യം കാണാനുതകുന്ന ഒരു ടൈംമെഷീൻ കൂടി നൽകുമോ ഭരണകൂടം? അനീതികൾ നിറഞ്ഞ ലോകത്ത് മക്കളെ വളർത്താൻ നടത്തിയ ഏകാന്ത പോരാട്ടങ്ങൾക്ക് ആരെങ്കിലും നർഗീസിനോട് പ്രായശ്ചിത്തം ചെയ്യുമോ?
അവരുടേത് പോലുള്ള കുടുംബങ്ങൾക്കുമേൽ ചെയ്തുകൂട്ടുന്ന ക്രൂരമായ അനീതികൾക്ക് ആരെങ്കിലും ഒരുനാൾ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.