നബിയും ഗോറയും ഇന്ത്യൻ നവോത്ഥാനവും
text_fieldsഒരു ബ്രിട്ടീഷ് മജിസ്ട്രേട്ടിനാൽ പീഡനവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്ന വൃദ്ധനായ മുസ്ലിം മൂപ്പനോടാണ് ഗോറ സംസാരിക്കുന്നത്. ആ മുസൽമാന്റെ അനുരഞ്ജന ഭാവം ഗോറയെ അസ്വസ്ഥനാക്കി. ആ മനുഷ്യന്റെ ന്യായം ‘‘കുറ്റവാളികൾ ആരായാലും അവരെ അല്ലാഹു ശിക്ഷിച്ചു കൊള്ളും’’ എന്നതായിരുന്നു.
ഗോറയുടെ പ്രതികരണം ശക്തമായിരുന്നു: ‘‘അനീതി നിശ്ശബ്ദം സഹിക്കുന്നവനും കുറ്റക്കാരൻ തന്നെ. കാരണം ലോകത്തിൽ അനീതി സൃഷ്ടിക്കുന്നതിലും വളർത്തുന്നതിലും അവനും പങ്ക് വഹിക്കുന്നുണ്ട്. ഒരുകാര്യം ഓർക്കുക. നിഷ്ക്രിയത്വം ഒരിക്കലും നല്ല മതമല്ല. അതു ദുഷ്ടന്മാരെ വളർത്തുന്നു. ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയ ആളാണ് നിങ്ങളുടെ പ്രവാചകൻ മുഹമ്മദ്. അതുകൊണ്ടാണ് ഒരിക്കൽപ്പോലും അദ്ദേഹം നിഷ്ക്രിയനായ ഒരു സൗമ്യന്റെ വേഷം ധരിക്കാതിരുന്നത്.’’
രബീന്ദ്രനാഥ ടാഗോറിന്റെ ‘ഗോറ’ എന്ന നോവലിലോ അതിലെ മുഖ്യകഥാപാത്രമായ ഗോറയുടെ ജീവിതത്തിലോ അതൊരു വലിയ സംഭവമൊന്നുമായിരുന്നില്ല. എന്നാൽ, എഴുത്തുകാരന്റെയും കഥാപാത്രത്തിന്റെയും ജീവിതവീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യാനും മാത്രമുള്ള ആഴം ആ സന്ദർഭത്തിനുണ്ടായിരുന്നു. കടുത്ത ദേശീയതാവിരുദ്ധനായ ടാഗോറിന്റെ വിശ്വമാനവിക വീക്ഷണത്തിന്റെവികാസത്തെ അടയാളപ്പെടുത്തുന്ന കൃതിയാണ് ഗോറ.
ഇന്ത്യൻ നവോത്ഥാന ചരിത്രത്തിൽ ബ്രെഹ്മാ സമാജത്തിനുള്ള സ്ഥാനം അദ്വിതീയമാണല്ലോ. നിലനിൽക്കുന്ന വരേണ്യ യാഥാസ്ഥിതിക ഹിന്ദുമതവും ബ്രഹ്മൊയിസ്റ്റ് ദൈവശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഗോറയുടെ പശ്ചാത്തലം. വരേണ്യനും ബ്രാഹ്മണനും എന്നഹങ്കരിച്ചിരുന്ന ഗോറയുടെ പരിവർത്തനത്തിൽ, തീരെച്ചെറിയൊരു സംഭവമാണ് മേലുദ്ധരിച്ചതെങ്കിലും പ്രവാചക ദർശനത്തിലെ നൈതികത, ധിഷണയുടെ പരിണാമത്തിന്റെ സൂക്ഷ്മാടിത്തറയാകുന്നതിന്റെ ചിത്രം ഇതിൽ കാണാം. ബ്രഹ്മൊ സമാജ സ്ഥാപകനായ രാജാ റാംമോഹൻ റോയി തന്നെയും പ്രവാചകന്റെ നൈതികദർശനത്താൽ സ്വാധീനിക്കപ്പെട്ടയാളാണ്. അദ്ദേഹത്തിന്റേതായി ഒരു പുസ്തകം ആദ്യം പുറത്തിറങ്ങുന്നത് 1804ലാണ്. പാർസിയിലും അറബിയിലുമാണ് അതെഴുതപ്പെട്ടത്. അതിന്റെ പേരാകട്ടെ, തുഹ്ഫതുൽ മുവഹ്ഹിദീൻ (ഏകദൈവ വിശ്വാസികൾക്കുള്ള സമ്മാനം) എന്നും. ജാതീയതക്കും സ്ത്രീവിരുദ്ധമായ അനാചാരങ്ങൾക്കുമെതിരായ സമരത്തിൽ പ്രവാചകദർശനം എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന് വേറെ തെളിവുകൾ വേണ്ടതില്ലല്ലോ.
ഒരു കഥാപാത്രം എന്ന നിലയിൽ, ബൃഹത്തായ നോവലിലെ ഒരേയൊരു സന്ദർഭത്തിൽ ഗോറ പ്രകാശിപ്പിച്ചത് നൈതികതയുടെ നിർമിതിയിൽ പ്രവാചകൻ പകർന്ന കരുത്തിനെയും വിപ്ലവാത്മകമായ അദ്ദേഹത്തിന്റെ ദർശനത്തെയും തന്നെയായിരുന്നു. അതും പരമ്പരാഗത വിശ്വാസിയായ മുസ്ലിം മൂപ്പനെക്കാൾ ശക്തമാണ് ഗോറയിൽ പ്രവാചകൻ ചെലുത്തിയ സ്വാധീനം. നിഷ്ക്രിയത്വം പാപമാണെന്ന് ഗോറ മനസ്സിലാക്കുന്നു. അനീതി കണ്ടാൽ പ്രതികരിക്കുക എന്നതാണ് നബിയുടെ മതം. ‘‘നിങ്ങളിലൊരാൾ ഒരു തിന്മ കണ്ടാൽ, സ്വന്തം കൈകൊണ്ടതിനെ തടുക്കണം, അതിനു പറ്റാതെ വന്നാൽ വാക്കാലെതിർക്കണം, അതിനും പറ്റാത്ത സാഹചര്യത്തിൽ മനംകൊണ്ട് വെറുക്കണം. വിശ്വാസത്തിന്റെ ഏറ്റവും ദുർബലമായ വശമാണ് അവസാനം പറഞ്ഞത്’’.
ഈ ചെറുസംഭാഷണത്തിൽ പ്രവാചകദർശനത്തെ ടാഗോർ എപ്രകാരമാണ് കണ്ടതെന്നും അദ്ദേഹത്തിൽ പ്രവാചകപാഠങ്ങൾ സൃഷ്ടിച്ച ധൈഷണിക പരിവർത്തനമെന്നും വ്യക്തമാണ്. ആചാരപരവും സങ്കുചിതവുമായ ഹിന്ദു വംശീയദേശീയതയിൽ വിശ്വസിക്കുന്നയാളാണ് നോവലിന്റെ തുടക്കത്തിൽ ഗോറ. മുസ്ലിംകളെയും ക്രൈസ്തവരെയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയെ സ്വപ്നം കണ്ട ബ്രാഹ്മണൻ. ഹിന്ദു പാരമ്പര്യമായി മാത്രമാണയാൾ ഇന്ത്യൻ ദേശീയതയെ തിരിച്ചറിഞ്ഞത്. പ്രണയവും തന്റെതന്നെ വേരിനെക്കുറിച്ച തിരിച്ചറിവുമാണ് അയാളെ വിശാലതയിലേക്ക് നയിച്ചത്. ആ വിശാലതയിലാണ് അയാൾ പ്രവാചകന്റെ ധാർമിക ശക്തിയെയും തിരിച്ചറിയുന്നത്. മർദനത്തിനെതിരെ പ്രതിരോധത്തിന്റെ ടൂളായി ഇവിടെ നബിദർശനം മാറുന്നു. നിഷ്ക്രിയമായ സഹിഷ്ണുതയെയോ ആചാരങ്ങളിലുള്ള അഭിരമണത്തെയോ അല്ല നബി ഈമാൻ എന്ന് വിളിച്ചത്. അനീതിയോടുള്ള പോരാട്ടത്തെയാണ്. പ്രവാചകദർശനത്തിനൊപ്പം അതിരുകൾ ഭേദിച്ചു സഞ്ചരിക്കുകയാണ് ഗോറ.
ഇതുതന്നെയായിരുന്നു അറേബ്യയുടെ ചരിത്രത്തിൽ നബി സൃഷ്ടിച്ച പരിവർത്തനം. ഒരേ പ്രതലത്തിൽ എല്ലാവരെയും ഒരുമിച്ചിരുത്തുക വഴി മക്കയിലെ ഖുറൈശി ദേശീയബോധത്തെ തകർത്തു. മദീനയിലാണെങ്കിൽ ഔസ്, ഖസ്റജ് ഗോത്രങ്ങൾ തമ്മിലെ കുടിപ്പകകളെ നിർവീര്യമാക്കി. ഗോത്രഭേദങ്ങളുടെ പ്രാചീരം തകർത്ത് പ്രഥമഘട്ടത്തിൽ ഒരു വിശാല അറബ് ദേശീയത രൂപപ്പെടുത്തി. ഒപ്പം പരദേശികളെയും തടവുകാരെയും സമനിരപ്പിൽ ചേർത്ത് അതിനെ വിശ്വജനീനമാക്കി. അടുത്ത ഘട്ടത്തിൽ അറബതിരുകളെയും ഭേദിച്ച് ഒരു സാർവത്രിക മാനവികത സൃഷ്ടിച്ചു. ക്രമപ്രവൃദ്ധവും സ്വാഭാവികവുമായ ഈ പുരോയാനത്തിൽ, സ്വേച്ഛാധിപത്യങ്ങളെ തകർക്കുകയും അനീതികൾക്കെതിരെ പൊരുതുകയും ചെയ്തു.
ചോരപ്പകകൾ ജീവിതത്തെ നിർണയിക്കുകയും ഗോത്രപതാകകൾ ഹൃദയങ്ങളെ വിഭജിക്കുകയും ചെയ്ത മക്കാ താഴ്വരയിൽനിന്നാണ് ദൈവദൂതർ ഹൃദയചക്രവാളങ്ങളെ വിശാലമാക്കുന്ന യാത്ര ആരംഭിച്ചത്. ഗോത്രീയതയുടെ ഇടുങ്ങിയ ഇടവഴിയിലെ മിഥ്യാഭിമാനത്തിന്റെ കന്മതിലുകളെ അദ്ദേഹം ഇടിച്ചു നിരത്തി. അപരിചിതരായ രണ്ട് ദേശക്കാർക്കിടയിൽ സാഹോദര്യം ചേർത്തു. അറബിയെയും അജമിയെയും, ദേശിയെയും പരദേശിയെയും, ആണിനെയും പെണ്ണിനെയും, തടവുകാരനെയും സ്വതന്ത്രനെയും ഒരേ വിതാനത്തിൽ ചേർത്തു നിർത്തി. പിറവിയുടെ നാളിൽത്തന്നെ അടിത്തറയിളകിയ സ്വേച്ഛാധിപത്യങ്ങൾ ആ ചുവടുകൾക്കടിയിൽ നിലവിളിച്ചു. പൗരോഹിത്യത്തിന്റെയും ആഭിചാരത്തിന്റെയും അഗ്നികുണ്ഡങ്ങൾ ആ കാറ്റേറ്റ് കെട്ടമർന്നു. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തവർ സംതൃപ്തരായി. പൊടിമണ്ണിൽ ചവിട്ടേറ്റ് കിടന്നിരുന്ന അടിമയെ നബി ദൈവഭവനത്തിന്റെ മട്ടുപ്പാവിലേക്കുയർത്തി. അധികാരങ്ങളെ തകർത്തു. സിംഹാസനങ്ങളിലോ ഖജനാവുകളിലോ അല്ല, മറിച്ച് സത്യത്തിലും കരുണയിലുമാണ് അല്ലാഹുവിന്റെ അടയാളങ്ങളുള്ളതെന്നും കുലമഹിമയിലോ ഗോത്രമേന്മയിലോ അല്ല, മറിച്ച് സൂക്ഷ്മതയിലും നീതിയിലുമാണ് മനുഷ്യന്റെ അന്തസ്സെന്നും വിളംബരം ചെയ്തു.
ഗോറയുടെ ഈ തിരിച്ചറിവാണ് ടാഗോറിന്റെ, The Story of A Muslim Woman (മുസൽമാനിർ ഗോൽപോ) എന്ന കഥയായും വികസിച്ചത്. ധാർമികമായ ശൗര്യത്തിന്റെ പ്രതീകമാണ് അതിലെ ഹബീർ ഖാൻ. ജാതിഭ്രഷ്ടയായി പുറന്തള്ളപ്പെട്ട കമല എന്ന ബ്രാഹ്മണ പെൺകുട്ടി, മെഹർജാൻ ആയി മാറുന്നു. സുചരിതയോടുള്ള പ്രണയമാണ് ഗോറയെ ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിൽ നിന്ന് ബ്രഹ്മോയിസത്തിലേക്കെത്തിക്കുന്നതെങ്കിൽ കമലയെ പ്രവാചക ദർശനത്തിലേക്കടുപ്പിച്ചത് കരീമുമായുള്ള പ്രണയമാണ്. എന്നാൽ, കഥയുടെ അന്ത്യത്തിൽ മെഹർജാൻ എന്ന കമലയെ നാം കാണുന്നത് അശ്വാരൂഢയായി ആക്രമികളിൽനിന്ന് നിസ്സഹായരെ രക്ഷിക്കുന്ന പോരാളിയായിട്ടാണ്.
നീതിക്കുവേണ്ടിയുള്ള സമരവും സാക്ഷ്യവുമാണ് പ്രവാചകന്റെ ആഹ്വാനം. നിഷ്ക്രിയമായ മതമല്ല അവിടത്തെ അധ്യാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.