Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉർദുവിനെതിരായ...

ഉർദുവിനെതിരായ പടപ്പുറപ്പാട്

text_fields
bookmark_border
hanuman chalisa and ramayana
cancel
camera_alt

ഉർദുവിലെ ഹനുമാൻ ചാലിസയും രാമായണവും

ഹിന്ദുസ്ഥാൻ ടൈംസിനു വേണ്ടി 1991ലെ പൊതുതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെത്തിയ വേളയിൽ മലപ്പുറം ജില്ല​ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ വെച്ചുണ്ടായ ഒരു അസാധാരണ സംഭവം ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു. ഓഫിസിലെ ഒരു മുറി നിറയെ പാർട്ടി പ്രകടന പത്രികയുടെ ബണ്ടിലുകൾ പൊട്ടിക്കുകപോലും ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. തെരഞ്ഞെടുപ്പ് കാലത്ത് അതങ്ങനെ കിടക്കുന്നതിലെ കൗതുകം അടക്കാൻവയ്യാതെ ഒരു ഭാരവാഹിയോട് കാര്യമന്വേഷിച്ചു -ഞങ്ങളത് പഴയ കടലാസെടുക്കുന്നവർക്ക് വിറ്റാലോ എന്നാലോചിക്കുകയാണെന്ന് ചിരിയടക്കിക്കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. കാരണമെന്തെന്നല്ലേ? അവ മുഴുവൻ ഉർദു ഭാഷയിലായിരുന്നു!

അതെങ്ങനെ സംഭവിച്ചു? ന്യൂഡൽഹിയിലെ കോൺഗ്രസ് ഹൈകമാൻഡിലെ ആരോ മലപ്പുറം ജില്ലയുടെ ജനസംഖ്യ കണക്കുകൾ നോക്കിയിട്ടുണ്ടാകും. മുസ്‍ലിം ഭൂ​രിപക്ഷ ജില്ലയാണെന്ന് കണ്ടതോടെ ഇവിടത്തുകാരുടെ ഭാഷ ഉർദുവാകും എന്ന് അയാൾ ന്യായമായി അനുമാനിച്ചുകളഞ്ഞു -ഉർദു ഒരു ‘മുസ്‍ലിം ഭാഷ’യാണെന്ന പൊതു​​വായി നിലനിൽക്കുന്ന തെറ്റിദ്ധാരണ​ക്ക് അടിവരയിടുന്നുണ്ട് ഈ സംഭവം. സത്യത്തിൽ, ഉർദു ഒരു മതത്തിന്റെയും സ്വത്തല്ല. ഒരു പ്രത്യേക സമുദായത്തിന്റെയുമല്ല. ചരിത്രം ചികഞ്ഞിറങ്ങിയാൽ, എല്ലാവർക്കും അവകാശപ്പെട്ട, പങ്കുവെച്ച സാംസ്കാരിക ആവിഷ്‍കാരത്തിന്റെ ഭാഷയാണത്. ഹിന്ദുവും മുസ്‍ലിമും സിഖുകാരും ഒരുപോലെ സംസാരിക്കുകയും എഴുതുകയും ചെയ്ത ഒന്ന്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്നതാണ് അതിന്റെ വേരുകൾ. ഉർദു ഒരിക്കലും വിദേശ ഇറക്കുമതിയായിരുന്നില്ല. പകരം, ഇന്ത്യയുടെ ഭാഷാപരവും കാവ്യദീപ്തവുമായ ഭാവനയിൽ വിരിഞ്ഞതായിരുന്നു.

നിർഭാഗ്യകരമെന്നുപറയാം ഭാരതീയതയെ ഇടുങ്ങിയ, നിഷേധാത്മകമായ അളവുകോൽ വെച്ച് നിർവചിക്കുന്ന രാഷ്ട്രീയ പദ്ധതികളുടെ ഇക്കാലത്ത് ഉർദു പലർക്കും തൊട്ടുകൂടാത്തതായി മാറിയിരിക്കുന്നു. അത് ‘വിദേശി’യും ‘മുസ്‍ലിമും’ ‘അഭാരതീയവു’മാണ്. ഇത്തരമൊരവസ്ഥയിൽ മുസ്‍ലിം കുടുംബങ്ങൾ പോലും മക്കളെ ഉർദു പഠിപ്പിക്കാൻ മടിക്കുന്നു. ഉർദു പത്രങ്ങളുടെയും ജേണലുകളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞുവന്നിരിക്കുന്നു. ഒരുകാലത്ത് കവിതയും സംഗീതവും സുന്ദരകലകളും വഴിഞ്ഞൊഴുകിയ ഭാഷയിന്ന് അരികുവത്കരിക്കപ്പെട്ടിരിക്കുന്നു.

അപ്പോഴും, ഉർദുവിന്റെ മധുരോദാരത പരിക്കേൽക്കാതെ നിലനിൽക്കുന്നു.

‘‘ചൗദവീൻ കാ ചാന്ദ് ഹോ, യാ അഫ്താബ് ഹോ,

ജോ ഭീ ഹോ തും, ഖുദാ കി ഖസം ലാജവാബ് ഹോ’’

എന്ന വരികൾ ശ്രവിച്ചവർക്കർക്കറിയാം ഈ സൗകുമാര്യം.

ക്ലാസിക് ഹിന്ദി ചിത്രമായ ‘ചൗദവീൻ കാ ചാന്ദി’ലെ ഈ വരികളിൽ കാൽപനികവശ്യതയും താളലയങ്ങളും സമഞ്ജസമായി മേളിക്കുന്നു. സിനിമയെ സ്നേഹിച്ച ഒരാൾക്കും അവിടെ ഭാഷയോട് വിമ്മിട്ടം തോന്നിയില്ല. യഥാർഥത്തിൽ, പാട്ടുകൾക്ക് വൈകാരിക തീവ്രത കിട്ടാൻ പതിറ്റാണ്ടുകളോളം ഉർദു കവികളെയും പാട്ടെഴുത്തുകാരെയുമാണ് ബോളിവുഡ് ആശ്രയിച്ചിരുന്നത്. സാഹിർ ലുധിയാൻവി, കൈഫി ആസ്മി, മജ്റൂഹ് സുൽത്താൻ​പുരി- ഹിന്ദി സിനിമ സംഗീതത്തിന്റെ ആത്മാവ് ഉർദുവിന്റെ സൗന്ദര്യവുമായി ഇഴചേർന്നുനിൽക്കുന്നു.

പക്ഷേ, സംസ്ഥാന സർക്കാറുകൾ ഉർദു വാക്കുകളെ ഔദ്യോഗിക പദാവലികളിൽനിന്ന് തുടച്ചുനീക്കുന്ന തിരക്കിലാണ്. രാജസ്ഥാനിൽ ഉർദു പദങ്ങൾ മാറ്റി ‘ശുദ്ധമായ’ ഹിന്ദി ബദലുകൾ ഉപയോഗിക്കാൻ പൊലീസ്- ഭരണനിർവഹണ വകുപ്പുകൾക്ക് ബി.ജെ.പി സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. ‘മുജ്രിം’ (കുറ്റവാളി), വകീൽ (അഭിഭാഷകൻ), ഗവാഹ് (സാക്ഷി), മുൻസിഫ് (ജഡ്ജി), കച്ചേരി (കോടതി), ഖജാഞ്ചി (കാഷ്യർ) എന്നിവയൊക്കെയും ഒഴിവാക്കപ്പെടുന്ന വാക്കുകളുടെ പട്ടികയിൽ വരും. വിരോധാഭാസമാകാം, ഈ പദങ്ങളിലേറെയും ഉർദു- പേർഷ്യൻ നിഷ്പത്തി തിരിച്ചറിയാനാകാത്തവിധം മലയാളമടക്കം ഇന്ത്യൻ ഭാഷകളിൽ അവിച്ഛിന്നമാംവിധം ഉൾച്ചേർന്നുകിടക്കുന്നവയാണ്.

ഈ നടപടി അപകടകരമാണ്, അശ്ലീലവും. ഭാഷയെന്നാൽ രാഷ്ട്രീയ താൽപര്യങ്ങൾക്കൊത്ത് മുറിച്ചുമാറ്റാവുന്ന പ്രത്യയശാസ്ത്രപരമായ വേഷഭൂഷയല്ല. അത് ജൈവികമായി പരസ്പരം കടമെടുത്തും കൂടിച്ചേർന്നും നൂറ്റാണ്ടുകളിലൂടെ ഉരുവമെടുക്കുന്നതാണ്. ഹിന്ദി ഭാഷയുടെ സമ്പന്നതതന്നെ സംസ്കൃതം, പേർഷ്യൻ, അറബി, തുർക്കി എന്നിങ്ങനെ സ്വാധീനങ്ങളെ വരിക്കാൻ അതിന്റെ താൽപര്യംകൊണ്ട് കൂടിയുണ്ടായതാണ്. ശുദ്ധീകരണത്തിന്റെ പേരിൽ ഒരു പെയിന്റിങ്ങിന്റെ നിറം മായ്ക്കുംപോലെയാണ് ഉർദുവിനെതിരായ പ്രക്ഷാളനം.

നേർവിപരീതമായി, ഇംഗ്ലീഷ് എങ്ങനെ നാം കാണുംപോലെ ആഗോളഭാഷയായി വളർന്നുവെന്ന് നോക്കാം. അത് ഒറ്റക്ക് നിലയുറപ്പിച്ചല്ല, മലയാളത്തിൽനിന്നടക്കം എല്ലാറ്റിൽനിന്നും കടമെടുത്തും സ്വാംശീകരിച്ചുമാണ് ഇത്രയുമായത്. സ്വാംശീകരിക്കാനുള്ള ശേഷിയാണ്, മാറ്റിനിർത്തലല്ല ഒരു ഭാഷയുടെ കരുത്ത്.

ഹിന്ദു പാരമ്പര്യത്തിലെ സർവാദരണീയനായ കവികളിലൊരാളായ തുളസീദാസ് പോലും ‘അവധി’ ഭാഷയിലെഴുതിയ രാമചരിത മാനസത്തിൽ ആയിരത്തിലേറെ പേർഷ്യൻ, അറബി പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ‘ഖുഷ്’ (സന്തോഷം), മിസാജ് (മനോനില), ബസാർ (വിപണി), ദിൽ (ഹൃദയം), താസ (പുതിയ) തുടങ്ങിയവ പലവുരു കടന്നുവരുന്നുണ്ട് അദ്ദേഹത്തിന്റെ വരികളിൽ. വ്യാസന്റെ രാമായണം തർജമ നടത്തുകയായിരുന്നില്ല തുളസീദാസ്, പകരം തന്റെ കാലത്തെ സമൂഹത്തി​നായി ആ കൃതിയെ പരാവർത്തനം ചെയ്യുകയായിരുന്നു. ജനം അതിനെ ഏറ്റെടുത്തു; കാരണം, അവരുടെ ഭാഷയായിരുന്നു അത് സംവദിച്ചത്.

പക്ഷേ, അതിന് അദ്ദേഹം വിലയും ഒടുക്കേണ്ടിവന്നു. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം എഴുതിയതിന് ഉളളൂർ എസ്. പരമേശ്വര അയ്യർ മാറ്റിനിർത്തപ്പെട്ടതുപോലെ ഒരു വിശുദ്ധ ഗ്രന്ഥം ‘തർജമ’ നടത്തിയതിന് തുളസീദാസും പഴികേട്ടു. ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. നാം ഇന്ന് കാണുന്നത് ഒരു സാംസ്കാരിക നവോത്ഥാനമല്ല, പകരം, പിന്നോട്ടുള്ള നടത്തമാണ്. അമിത് ഷാ ഒരിക്കൽ പറഞ്ഞിരുന്നു, ഇംഗ്ലീഷിൽ തയാറാക്കിയ നോട്ടുകൾ തന്റെ മന്ത്രാലയത്തിൽ അനുവദിക്കില്ലെന്ന്. രാജ്യത്ത് രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ് എന്ന് ഓർക്കണം. തന്റെ മാതൃഭാഷയായ ഗുജറാത്തിയെക്കാൾ ഇഷ്ടം ഹിന്ദിയോടാണെന്നും ഒരിക്കൽ അദ്ദേഹം അവകാശപ്പെട്ടു. മലയാള കവി വള്ളത്തോൾ നാരായണ മേനോൻ ഒരിക്കൽ ഉത്തമബോധ്യത്തോടെ പ്രഖ്യാപിച്ച ‘‘എന്റെ ഭാഷ മലയാളമാണ്’’ എന്നതിന്റെ നേർവിപരീതം.

ഈ ഭാഷാ‘വിശുദ്ധി’യോടുള്ള അഭിനിവേശം ദേശഭക്തിയെക്കാളേറെ രാഷ്ട്രീയമാണ്. നിരത്തുകൾ, പട്ടണങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ പേരുകളിലെ മുസ്‍ലിം പേരുകൾ മായ്ക്കുംപോലെ ഭോഷത്തരമാണ് ഉർദുവിനെ ഹിന്ദിയിൽനിന്ന് മായ്ച്ചുകളയുന്നതും. ചരിത്രത്തെ മാറ്റിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഇന്ത്യയെ അടയാളപ്പെടുത്തുന്ന സാംസ്കാരിക വൈവിധ്യത്തെയാണ് അത് നിഷേധിക്കുന്നത്. ​

ഇന്ത്യക്കാരിലേറെ പേരും ദേശീയ ഗാനമായ ‘ജന ഗണ മന’ ദിവസവും ചൊല്ലാറുണ്ട്. പക്ഷേ, അർഥം അവർക്ക് അറിയണമെന്നില്ല. സ്കൂളുകളിൽ മുഴങ്ങുന്ന ഗായത്രി മന്ത്രത്തിന്റെ സ്ഥിതിയും തഥൈവ. അതിന്റെ പേരിൽ പക്ഷേ, ആരും അത് മാറ്റിയെഴുതാനോ മാറ്റാനോ ആവശ്യപ്പെടാറില്ല. നേരെമറിച്ച്, ‘സാരെ ജഹാൻ സെ അച്ഛാ’ എന്നതിന്റെ അർഥം ലളിതമായി മനസ്സിലാകുന്നതാണ്. ഉത്തരേന്ത്യക്കാർക്ക് അതിഷ്ടവുമാണ്. ഉർദുവിലായതിന്റെ പേരിൽ അത് നാം ഒഴിവാക്കണോ?

കൃത്യമായി പറഞ്ഞാൽ, ഉർദുവിനെതിരായ ആക്രമണത്തിന് ആരോപിക്കുന്ന ഭാരതീയതയുമായി ബന്ധ​മൊന്നുമില്ല. പ്രത്യേക പ്രത്യയശാസ്ത്രത്തിന് ഇണങ്ങുംവിധം ഇന്ത്യയെന്ന ആശയത്തെ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണത്. അതുകൊണ്ടുതന്നെ ഉർദുവിനെതിരായ ഈ പ്രചാരണം ദുരന്തമാണെന്നു മാത്രമല്ല, ഭാരതീയതക്ക് അതീതവുമാണ്.

ഭാഷകൾ ഒരു ഭരണകൂടത്തിന്റെയുമല്ല; ജനങ്ങളുടെയാണ്. ജനങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഉൾച്ചേർത്ത ഒരു സത്യമുണ്ട്- സംസ്കൃതവും തമിഴും ഹിന്ദിയും മലയാളവും പോലെത്തന്നെ ഉർദുവും ഭാരതീയതയുടെ ഭാഗമാണ്. നാം ഇത് ഇല്ലായ്മ ചെയ്യുമ്പോൾ ഒരു ഭാഷ മാത്രമല്ല നഷ്ടമാകുന്നത് -നമ്മുടെത്തന്നെ ഒരു ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urdu LanguageIndialanguage controversy
News Summary - Negligence towards Urdu language
Next Story