Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനവയുഗ കേരളത്തിന് പുതിയ...

നവയുഗ കേരളത്തിന് പുതിയ ദിശാബോധം

text_fields
bookmark_border
നവയുഗ കേരളത്തിന് പുതിയ ദിശാബോധം
cancel

ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നിബജറ്റിൽ വലിയ ‘വിസ്മയങ്ങൾ’ പ്രതീക്ഷിച്ചവർക്ക് തെറ്റി; ബജറ്റിൽ കൊച്ചുകൊച്ചു വിസ്മയങ്ങളേയുള്ളൂ. ആ ‘വിസ്മയങ്ങൾ’ തന്നെ മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ പോലെ ആയിത്തീരാനും മതി. കേരളത്തിന്റെ ഭാവി വികസനത്തിന് ഒരു പുതിയ ദിശാബോധം നൽകുന്നുണ്ട് എന്നതൊഴിച്ചാൽ ബജറ്റിനെക്കുറിച്ച് പുകഴ്ത്തിപ്പറയാൻ ഒരുപാടില്ല.

പുതിയ ദിശാബോധം

സ്വകാര്യ നിക്ഷേപത്തെ ഒട്ടൊക്കെ ഭയപ്പാടോടെ കണ്ടിരുന്ന കാലത്തുനിന്നും കേരളം ഒരുപാട് മുന്നോട്ടുപോയി. കഴിഞ്ഞ പത്തുവർഷക്കാലത്തെ എൽ.ഡി.എഫ് ഭരണം സ്വകാര്യ മൂലധനത്തിന്റെ പ്രാധാന്യം അംഗീകരിച്ചുവെങ്കിലും അതിന്റെ അനുസ്യൂതമായ ഒഴുക്കിനെ തടയുന്ന കാര്യങ്ങളെ ഒഴിവാക്കുന്നതിൽ കാര്യമായി വിജയിച്ചില്ല. സതീശന്റെ ബജറ്റ് സ്വകാര്യ നിക്ഷേപത്തിനുള്ള ഈ തടസ്സങ്ങൾ മറികടക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. കേരളത്തെ ഒന്നാകെ ഒരു തുറമുഖ നഗരമായി കണ്ട് ചെറുകിട തുറമുഖങ്ങളെയും റോഡ്, റെയിൽ, ജലഗതാഗത മാർഗങ്ങളെയും സംയോജിപ്പിച്ചുള്ള സ്വപ്നപദ്ധതിയാണ് മിഷൻ സമുദ്രം വ്യാവസായിക ഉൽപാദനം വർധിപ്പിക്കുക എന്നത് ഈ പദ്ധതിയുടെ കാതലാണ്. ഇവിടെ പ്രധാനമായ ഒരു തടസ്സം വ്യാവസായികാവശ്യങ്ങൾക്കുള്ള ഭൂമിയാണ്. ഇത് മറികടക്കാൻ ഭൂമി ഏറ്റെടുക്കലിനുള്ള ഏകജാലക പദ്ധതി ബജറ്റ് മുന്നോട്ടുവെക്കുന്നു. കേരളത്തിലെ തോട്ടം മേഖലയിലും ഭൂമി ഫലപ്രദമായി വിനിയോഗിക്കുന്നതിന് തടസ്സങ്ങളുണ്ട്. വ്യാവസായികാവശ്യങ്ങൾക്കും ഏകവിളകൾക്കും പകരം ഫലവൃക്ഷങ്ങൾ അടക്കമുള്ള കൃഷിരീതികൾ പരീക്ഷിക്കാനും തോട്ടങ്ങളെ അനുവദിക്കണം എന്ന വാദം ഉയർന്നുവന്നിട്ടുണ്ട്. ‘രണ്ടാം ഭൂപരിഷ്‍കരണം’ എന്നതുകൊണ്ട് സതീശൻ ലക്ഷ്യമിടുന്നത് ഈ ആവശ്യങ്ങൾ പരിഗണിക്കുകയാണ്.

വിഴിഞ്ഞം പദ്ധതി ഉൾപ്പെടുന്ന തിരുവനന്തപുരം, ധാതുനിക്ഷേപമുള്ള കൊല്ലം, ആലപ്പുഴ ജില്ലകളെ കൂട്ടിയിണക്കി ‘തെക്കൻ കേരള കോറിഡോർ’ എന്നതും ഈ പുതിയ ദിശാബോധത്തിന്റെ ഭാഗമാണ്. ധാതുമണൽ ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം എക്കാലത്തും കേരളത്തിൽ വിവാദങ്ങൾക്ക് കാരണമാക്കുന്നതാണ്. കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന സ്വകാര്യ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം സർക്കാറിന്റെ സൗജന്യങ്ങൾ ആണ് പ്രധാന ആകർഷണം. കേരളത്തിന്റെ ദുർബലമായ പരിസ്ഥിതിയൊന്നും അവർക്ക് വിഷയമല്ല. തീരദേശത്ത് മത്സ്യബന്ധനത്തിലിൂടെ ജീവനോപായം കണ്ടെത്തുന്ന ജനങ്ങളെ വിശ്വസത്തിൽ എടുക്കാതെ മുന്നോട്ടുപോവാനാവില്ല. തീർച്ചയായും കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്ന് കരുതേണ്ടിവരും.

പദ്ധതികളുടെ മലവെള്ളപ്പാച്ചിൽ; പക്ഷേ

ഏറെക്കുറെ എല്ലാ ജനവിഭാഗങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പർശിക്കുന്ന പദ്ധതികൾകൊണ്ട് സമ്പന്നമാണ് ബജറ്റ്. 10,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള പദ്ധതി, കേരള നോളജ് വാലി, കേരള ഹെൽത്ത് വാച്ച് ടവർ, ഗ്ലോബൽ ജോബ് വാച്ച് ടവർ, റിസേർച്ച് പാർക്ക്, അന്തർദേശീയ മാരിടൈം മ്യൂസിയം, ഫിലിം സിറ്റി, എറണാകുളം-തൃശൂർ ജില്ലകളെ സംയോജിപ്പിച്ചുള്ള ആഭരണനിർമാണ ഇടനാഴി, കൊച്ചി വിമാനത്താവളത്തോട് അനുബന്ധിച്ച് ഗ്ലോബൽ കൺവെൻഷൻ സെന്റർ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പദ്ധതികൾ. ‘മിക്കവാറും പദ്ധതികൾക്കുള്ള വകയിരുത്തൽ 10 കോടി മുതൽ 100 കോടി വരെ ഒക്കെയെയുള്ളൂ. ഗ്ലോബൽ ജോബ് വാച്ച് ടവർ പ്രഖ്യാപിക്കുമ്പോൾതന്നെ ചെറുപ്പക്കാർ ഇവിടെ വിദ്യാഭ്യാസം നേടണമെന്നും ഇവിടെത്തന്നെ തൊഴിൽ കണ്ടെത്തണമെന്നുമുള്ള ‘ആഗ്രഹം’ ബജറ്റ് പ്രകടിപ്പിക്കുന്നുണ്ട്. വിദേശ സർവകലാശാലകളെയും വിദേശ വിദ്യാർഥികളെയും ആകർഷിക്കത്തക്കവിധം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ആധുനീകരിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. പുറംവരുമാന സമ്പദ്‍വ്യവസ്ഥ (Remittance economy) എന്നതിനു പകരം നിക്ഷേപ സമ്പദ്‍വ്യവസ്ഥ (Investment economy) എന്നതാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കാർഷിക മേഖല, മത്സ്യമേഖല, മൃഗസംരക്ഷണം എന്നുതുടങ്ങി സാധാരണ ബജറ്റ് പ്രസംഗത്തിൽ സ്പർശിക്കുന്ന എല്ലാ മേഖലകൾക്കും ചെറിയ ചെറിയ വകയിരുത്തൽ ഉണ്ട്.

ഒരു ജനാധിപത്യ സർക്കാറിന്റെ മുഖ്യമായ കടമ സമൂഹത്തിലെ അസമത്വം കുറയ്ക്കുക എന്നതാണ്. പുരോഗമനാത്മകമായ നികുതിചുമത്തലിലൂടെ (Progressive taxation) മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് പാവപ്പെട്ടവർക്കും പുറമ്പോക്കിൽ കിടക്കുന്നവർക്കും നികുതി ഇളവുകളോടൊപ്പം ഏറെക്കുറെ സൗജന്യമായി ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ നൽകിയാണ് ഈ ലക്ഷ്യം കൈവരിക്കേണ്ടത്. കേരള മാതൃകാ വികസനത്തിന്റെ കാതൽ ഇതാണ്. പക്ഷേ 2011-12ലും 2022-23ലും നടന്ന ഉപഭോഗ സർവേകൾ കാണിക്കുന്നത് ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വളരുന്ന സംസ്ഥാനം കേരളമാണെന്നാണ്. ഈ വസ്തുത ബജറ്റ് വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. ക്ഷേമപെൻഷനിൽ 100 രൂപപോലും വർധിപ്പിച്ചിട്ടില്ല. സപ്ലൈകോ പോലുള്ള പൊതുവിതരണ സംവിധാനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. പുതുതായി രണ്ട് മെഡിക്കൽ കോളജുകൾ തുടങ്ങും എന്ന് ബജറ്റ് പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ നിലവിലുള്ള സർക്കാർ മെഡിക്കൽ കോളജുകളുടെയും സർക്കാർ ആശുപത്രികളുടെയും ശോചനീയാവസ്ഥ മൂലം സ്വകാര്യ മേഖലയെ ആശ്രയിക്കാൻ പാവപ്പെട്ടവർ നിർബന്ധിക്കപ്പെടുകയാണ്.

വിഭവസമാഹരണത്തിൽ ‘സംപൂജ്യൻ’

കഴിഞ്ഞ കുറെ വർഷങ്ങളായി ബജറ്റ് പ്രസംഗങ്ങൾ ശ്രദ്ധിക്കുന്ന മലയാളികൾക്ക് പദ്ധതികളുടെ ഘോഷയാത്രയിൽ മനംമയങ്ങേണ്ട കാര്യമില്ല. കാര്യമായ ബജറ്റ് വകയിരുത്തൽ ഇല്ലാത്ത ഒട്ടുമിക്ക പദ്ധതികളും കടലാസിൽ അവസാനിക്കുമെന്ന് അവർക്കറിയാം. ഭാഗ്യത്തിന് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് പഴയ ബജറ്റിൽ പ്രഖ്യാപിച്ച ഏതൊക്കെ പദ്ധതികൾ നടപ്പിൽ വന്നു എന്നതിനെ സംബന്ധിച്ച് എന്തെങ്കിലും രേഖകൾ നിയമസഭയുടെ മുമ്പിൽ വെക്കണം എന്ന നിബന്ധന ഇല്ല.

ധവളപത്രത്തിൽ പറഞ്ഞത് കേരളം ഭയങ്കരമായ ധനകാര്യ പ്രതിസന്ധിയിൽ ആണ് എന്നാണ്. അപ്പോൾ ഈ പ്രതിസന്ധിക്ക് പരിഹാരം അധികവിഭവസമാഹരണമല്ലേ? നിർഭാഗ്യവശാൽ ഒരുകോടി രൂപയുടെയെങ്കിലും അധിക വിഭവസമാഹരണ നിർദേശങ്ങൾ ബജറ്റിൽ ഇല്ല. 48,000 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീർക്കാനുണ്ട് എന്ന് ധവളപത്രം പറയുന്നു. ഖജനാവ് നിറയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ദോഷം പറയരുതല്ലോ. ജി.എസ്.ടിയിലെ വെട്ടിപ്പ് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം പ്രയോജനപ്പെടുത്തും എന്ന് ബജറ്റ് പ്രസംഗത്തിൽ ഉണ്ട്. ഇതൊക്കെ എത്രമാത്രം മുന്നോട്ടുപോകും എന്ന് കണ്ടറിയണം.

പൊതുവെ പറഞ്ഞാൽ ഈ ബജറ്റ് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നില്ല. ശരിയാണ്; പുതിയ ഒരു ദിശാബോധം മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ അതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ പദ്ധതികളും പരിപാടികളുമില്ല. സർക്കാർ കാര്യം മുറപോലെ എന്ന് ചുരുക്കം!

(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtKerala BudgetNew Keralanew directionsVD Satheesan
News Summary - New Era Kerala: A New Direction
Next Story