പി.എഫ് പെൻഷനും പ്രോ-റേറ്റാ വ്യവസ്ഥ എന്ന ചതിയും
text_fieldsഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികളിലൊന്നാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്). ഏകദേശം 73 ലക്ഷത്തോളം തൊഴിലാളികളാണ് (പെൻഷനർമാർ) ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത പി.എഫ് പെൻഷൻ അവകാശങ്ങൾ നിഷേധിക്കാൻ ഒരുെമ്പടുകയാണ് കേന്ദ്രസർക്കാർ.
തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകളോടെ 2014-ൽ കേന്ദ്രം കൊണ്ടുവന്ന പി.എഫ് പെൻഷൻ ഭേദഗതി കേരള ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ സുപ്രധാന വിധി സുപ്രീംകോടതി രണ്ടുതവണ ശരിവെക്കുകയും ചെയ്തു. 2014-ലെ ഭേദഗതിയുടെ നിയമസാധുത സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചെങ്കിലും, തൊഴിലാളികൾക്ക് ദോഷകരമാകുന്ന പല വ്യവസ്ഥകളും കോടതി റദ്ദാക്കിയിരുന്നു.
എന്നാൽ, തൊഴിലാളികൾക്ക് അനുകൂലമായ പരമോന്നത കോടതിയുടെ വിധികളെ മാനിക്കാതെ, വീണ്ടും തൊഴിലാളി വിരുദ്ധ നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അധികൃതർ. നാമമാത്രമായ പെൻഷൻ മാത്രം ലഭിക്കുന്ന ‘പ്രോ-റേറ്റാ’ (Pro-rata) വ്യവസ്ഥ, ഉയർന്ന പെൻഷൻ ലഭിക്കേണ്ടവരുടേയും കാര്യത്തിൽ നടപ്പാക്കാനാണ് നീക്കം. ഇത് സുപ്രീംകോടതി 2022 നവംബർ 4-ന് പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്തക്ക് വിരുദ്ധമാണ്.
30-35 വർഷം വരെ മെച്ചപ്പെട്ട ശമ്പളത്തിൽ ജോലി ചെയ്തവർക്കും തുച്ഛമായ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്ന സാഹചര്യമാണ് ഈ നിയമയുദ്ധത്തിന് വഴിയൊരുക്കിയത്. ഉയർന്ന ശമ്പളമുള്ളവരിൽ നിന്ന് അതിനനുസൃതമായ തോതിൽ പ്രതിമാസ വിഹിതം ഈടാക്കി ഉയർന്ന പെൻഷൻ നൽകണമെന്ന് വിവിധ ഹൈകോടതികൾ വിധിച്ചിരുന്നു. ഇതിനെതിരെ ഇ.പി.എഫ്.ഒ-യും തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീലിന്മേലായിരുന്നു സുപ്രീംകോടതിയുടെ വിധി.
എന്നാൽ, ഉയർന്ന പെൻഷൻ നിശ്ചയിക്കാനുള്ള മാർഗ്ഗനിർദ്ദേശമെന്ന പേരിൽ തൊഴിലാളി വിരുദ്ധമായ നടപടികളാണ് ഇപ്പോൾ ഇ.പി.എഫ്.ഒ അടിച്ചേൽപ്പിക്കുന്നത്. 2014 സെപ്റ്റംബർ 1-ന് ശേഷം വിരമിച്ചവരുടെ പെൻഷൻ കണക്കാക്കാൻ പ്രോ-റേറ്റാ വ്യവസ്ഥ ബാധകമാക്കുമെന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച്, യഥാർത്ഥ ശമ്പളം എത്ര ഉയർന്നതാണെങ്കിലും 2014 ആഗസ്റ്റ് 31 വരെയുള്ള സർവീസിന്റെ പെൻഷൻ പരമാവധി 6,500 രൂപ ശമ്പളത്തിലും, 2014 സെപ്റ്റംബർ 1-ന് ശേഷമുള്ള സർവീസിന്റെ പെൻഷൻ പരമാവധി 15,000 രൂപ ശമ്പളത്തിലും കണക്കാക്കും. ജീവനക്കാർ തങ്ങളുടെ മുഴുവൻ സേവനകാലത്തേക്കും ഉയർന്ന ശമ്പളത്തിന് ആനുപാതികമായ വിഹിതം അടയ്ക്കണമെങ്കിലും, പെൻഷൻ അതിനനുസരിച്ച് വർദ്ധിക്കില്ല എന്നതാണ് പ്രോ-റേറ്റാ വ്യവസ്ഥയുടെ മുഖ്യ ന്യൂനത.
ശമ്പള പരിധിക്കുള്ളിലുള്ള (Ceiling limit) വിഹിതം മാത്രമേ പെൻഷൻ ഫണ്ടിലേക്ക് വകയിരുത്തുകയുള്ളൂ എന്നതാണ് ഇ.പി.എഫ്.ഒ ഇതിന് കണ്ടെത്തുന്ന ന്യായം. എന്നാൽ, ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ്ണ ശമ്പളത്തിന് ആനുപാതികമായ വിഹിതമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുന്നത്. വിഹിതം അടയ്ക്കുന്നതിൽ 2014 സെപ്റ്റംബറിന് മുമ്പ് എന്നോ ശേഷം എന്നോ വ്യത്യാസമില്ലാതിരിക്കെ, പെൻഷൻ കണക്കാക്കുമ്പോൾ മാത്രം ഇത്തരമൊരു വിഭജനം നടത്തുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്.
നിലവിൽ, 2014 സെപ്റ്റംബർ 1-ന് ശേഷം വിരമിച്ചവർക്ക് അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരിയും, അതിന് മുമ്പ് വിരമിച്ചവർക്ക് അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരിയും അടിസ്ഥാനമാക്കിയാണ് ഉയർന്ന പെൻഷൻ കണക്കാക്കുന്നത്. എന്നാൽ പ്രോ-റേറ്റാ വ്യവസ്ഥ വരുന്നതോടെ ശമ്പളം രണ്ട് തട്ടുകളായി തിരിക്കപ്പെടുന്നു. 1995 നവംബർ മുതൽ 2014 ആഗസ്റ്റ് വരെ 6,500 രൂപയായും, അതിനുശേഷം 15,000 രൂപയായും ശമ്പളം നിജപ്പെടുത്തുന്നു.
ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകിയവർ പി.എഫ്-ൽ അംഗമായതുമുതലുള്ള പൂർണ്ണ ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതം ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. ഇതിൽ കാലഘട്ടത്തിന്റെ വേർതിരിവില്ല. എന്നാൽ പ്രോ-റേറ്റാ രീതി നടപ്പാക്കിയാൽ ശമ്പളത്തെ രണ്ട് രീതിയിൽ കണക്കാക്കുകയും, ഉയർന്ന ശമ്പളത്തിന് ആനുപാതികമായ മുഴുവൻ പെൻഷനും ലഭിക്കാതെ വരികയും ചെയ്യും.
‘പെൻഷണബിൾ ശമ്പളം x സർവീസ് / 70’ എന്നതാണ് പെൻഷൻ ഫോർമുല. ഇതിൽ ശമ്പളത്തെയും സർവീസിനെയും 2014-ന് മുമ്പും ശേഷവുമായി വേർതിരിക്കുമ്പോഴാണ് പെൻഷൻ തുക കുത്തനെ കുറയുന്നത്. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന ഉയർന്ന ശമ്പളത്തിന്റെ ആനുകൂല്യം ഇതോടെ ജീവനക്കാർക്ക് നഷ്ടമാകുന്നു. കൂടാതെ, 20 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് ലഭിച്ചിരുന്ന രണ്ട് വർഷത്തെ വെയ്റ്റേജ് (Weightage), കുറഞ്ഞ ശമ്പളമുണ്ടായിരുന്ന 2014-ന് മുമ്പുള്ള കാലയളവിലേക്ക് മാറ്റുന്നത് വലിയ തിരിച്ചടിയാണ്.
വിരമിക്കുന്നതിന് മുമ്പുള്ള 60 മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാകണം പെൻഷൻ കണക്കാക്കേണ്ടതെന്ന് നിർദ്ദേശിച്ച് 2021 മെയ് 31-ന് തൊഴിൽ മന്ത്രാലയം ഇ.പി.എഫ്.ഒ-യ്ക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് പ്രോ-റേറ്റയുമായി മുന്നോട്ട് പോകാനുള്ള ഇ.പി.എഫ്.ഒ-യുടെ തീരുമാനത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് പാർലമെന്റിലെ മറുപടിയിലൂടെ വ്യക്തമാകുന്നത്. വിഷയം വീണ്ടും സുപ്രീംകോടതിയിൽ എത്തുമ്പോൾ കേന്ദ്രം ഇതേ നിലപാട് ആവർത്തിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പി.എഫ് അംഗങ്ങളുടെ മിനിമം പെൻഷൻ നിലവിലുള്ള 1,000 രൂപയിൽ നിന്ന് വർദ്ധിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് തൊഴിൽ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ബജറ്റ് വിഹിതത്തിന്റെ പിൻബലത്തിലാണ് 1,000 രൂപ തന്നെ നൽകുന്നത് എന്ന വാദമാണ് സർക്കാർ ആവർത്തിക്കുന്നത്.
‘പെൻഷൻ ഓൺ ഹയർ വേജസ്’ (ഉയർന്ന ശമ്പളത്തിനുള്ള പെൻഷൻ) എന്നാണ് പ്രോ-റേറ്റാ വ്യവസ്ഥയെക്കുറിച്ച് കേന്ദ്രം വിശദീകരിക്കുന്നത്. എന്നാൽ പ്രായോഗികമായി ഓരോ ഘട്ടത്തിലും പെൻഷൻ തുക കുറച്ചുകൊണ്ടുവരാനാണ് ഇ.പി.എഫ്.ഒ ശ്രമിക്കുന്നത്. സർക്കാർ മേഖലയിലുള്ളതുപോലെ കാലാനുസൃതമായ ക്ഷാമബത്ത (DA) വർദ്ധനവോ, പെൻഷൻ പരിഷ്കരണമോ പി.എഫ് പെൻഷൻകാർക്കില്ല.
58 വയസ്സിൽ 10,000 രൂപ പെൻഷൻ നിശ്ചയിക്കപ്പെട്ടാൽ, 80 വയസ്സുവരെ ജീവിച്ചിരുന്നാലും അതേ തുക തന്നെയായിരിക്കും ലഭിക്കുക. പണത്തിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് പോലും പരിഗണിക്കപ്പെടുന്നില്ല. ഇത്തരം സങ്കടകരമായ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെയാണ്, നിയമപരമായി അർഹതപ്പെട്ട പെൻഷൻ പോലും വെട്ടിക്കുറയ്ക്കാൻ അധികൃതർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

