ഈ പോരാട്ടം വികസനവും വികസന വിരുദ്ധതയും തമ്മിൽ
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ
സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവെപ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിച്ച ഈ ദശകത്തിൽ വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹിക സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന നിലയിൽ എത്താൻ കേരളത്തിന് കഴിഞ്ഞു. ഈ 'കേരള മാതൃക' ലോകശ്രദ്ധതന്നെ ആകർഷിക്കുകയും നിരവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തുകയും ചെയ്തു. ഇതു യാന്ത്രികമായ വെറും ഭരണപരമായ ഇടപെടൽ മാത്രമല്ല, മറിച്ച് സാമൂഹികമുന്നേറ്റം ലക്ഷ്യം വെക്കുന്ന കൃത്യവും സുശക്തവുമായ നയപരമായ ഇടപെടൽ കൂടിയാണ്.
വികസിത രാജ്യങ്ങളെയും പിന്നിലാക്കുന്ന ആരോഗ്യ കേരളം
അമേരിക്കയിൽപോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെ കേരളത്തിലെ ശിശുമരണനിരക്ക് (IMR) ഇന്ന് അഞ്ച് ആയി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ദേശീയ ശരാശരി 25 ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഈ നേട്ടത്തിെൻറ വലുപ്പം നാം തിരിച്ചറിയുന്നത്. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ നാലിലൊന്ന് കുറവാണ്. കേരളത്തിൽ 80.70 ശതമാനംപേർക്ക് മരണപൂർവ ചികിത്സ ലഭിക്കുമ്പോൾ ദേശീയനിരക്ക് വെറും 48.70 ശതമാനം മാത്രമാണെന്നത് നമ്മുടെ സാമൂഹിക സുരക്ഷയുടെ കരുത്ത് വ്യക്തമാക്കുന്നു.
ജീവിതനിലവാരത്തിലെ ലോക മാതൃക
വികസനം എന്നാൽ, വൻകിട നിർമാണങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാൾപോലും ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാണത്. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ, സ്വന്തമായി ഒന്നു ശബ്ദിക്കാൻ പോലും കഴിയാതെ ഇരുളടഞ്ഞ മൂലകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിക്കാൻ നമുക്ക് സാധിച്ചു. ഈ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച ഏറ്റവും പ്രധാനശക്തി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ (PQLI) 95.34 സ്കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നമ്മുടെ നഗരങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളേക്കാൾ ജീവിതനിലവാരത്തിൽ മുന്നിലാണ്. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ (HDI) 0.758 സ്കോറുമായി ആഗോള ശരാശരിയായ 0.754-നേക്കാൾ മുകളിലാണ് കേരളത്തിൻറ സ്ഥാനം.
അടിസ്ഥാന സൗകര്യ വികസനത്തിലെ സാങ്കേതിക വിപ്ലവം
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ നന്നാക്കാൻ ഫണ്ടില്ല, കൃത്യമായ കണക്കില്ല, അറ്റകുറ്റപ്പണി വൈകുന്നു എന്നതായിരുന്നു കേരളം വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന പരാതി. കേരളത്തിലെ ഗ്രാമീണ റോഡുകൾ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് വലിയൊരു മാറ്റത്തിന് സർക്കാർ തുടക്കം കുറിച്ചു. 'R-Track' എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് കെ.എസ്.ആർ.ഇ.സിയുടെ സഹായത്തോടെ സംസ്ഥാനത്തെ 1,55,840 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ജി.ഐ.എസ് (GIS) സാങ്കേതികവിദ്യയിലൂടെ ശേഖരിച്ചു. കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്താൻ ഇതുവഴി സാധിക്കുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ റോഡുകളുടെ മുഖച്ഛായതന്നെ മാറ്റിമറിച്ചു.
ലൈഫ് മിഷൻ: അട്ടിമറികളെ അതിജീവിച്ച ജനകീയ സ്വപ്നം
"എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്" എന്നത് എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ഇതുവരെ 4,71,442 കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചു. 2026 ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകൾ എന്ന ചരിത്രപരമായ ലക്ഷ്യം നാം കൈവരിക്കാൻ പോവുകയാണ്. പാവപ്പെട്ടവന്റെ വീട് മുടക്കാൻ സി.ബി.ഐയെയും ഇ.ഡിയെയും വിളിച്ചുവരുത്തിയവരാണ് കോൺഗ്രസും ബി.ജെ.പിയും എന്ന് കേരളം മറക്കരുത്.
തൊഴിലും ക്ഷേമവും: ബദൽ നയങ്ങളുടെ വിജയം
തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ കേന്ദ്രം ശ്രമിക്കുമ്പോൾ, അതിനെ സംരക്ഷിച്ച് നിർത്തുന്നത് കേരളമാണ്. ആദിവാസി കുടുംബങ്ങൾക്ക് കേന്ദ്രം നൽകുന്ന 100 ദിവസത്തെ തൊഴിലിനു പുറമെ, സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ അധികമായി 100 തൊഴിൽ ദിനങ്ങൾ കൂടി നൽകുന്ന 'ട്രൈബൽ പ്ലസ്' പദ്ധതി ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകാൻ 'അയ്യൻകാളി നഗര തൊഴിലുറപ്പ്' പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
രാഷ്ട്രീയ വെല്ലുവിളികളും കേന്ദ്ര അവഗണനയും
ഇത്രയേറെ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളം കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. അത് പ്രധാനമായും കേന്ദ്ര സർക്കാറിന്റെ അവഗണനയും അതിന് കൂട്ടുനിൽക്കുന്ന യു.ഡി.എഫിന്റെ നിസ്സംഗതയുമാണ്. കേരളത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയും ശ്വാസം മുട്ടിക്കുന്ന സമീപനമാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിനെതിരെ പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ യു.ഡി.എഫ് എം.പിമാർ തയാറായിട്ടില്ല. കേരളത്തിനെതിരെ കേന്ദ്രത്തിന് പരാതി നൽകി വികസനം മുടക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിച്ചത്.
ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ
ഈ തെരഞ്ഞെടുപ്പ് വികസനവും വികസനവിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണ്. അഴിമതിയില്ലാത്ത, വേഗത്തിൽ സേവനം നൽകുന്ന കെ-സ്മാർട്ട് തുടരണോ, ഭവനരഹിതർക്ക് സ്വന്തം വീട് നൽകുന്ന ലൈഫ് മിഷൻ പൂർത്തിയാക്കണോ, സ്ത്രീകളെ ശാക്തീകരിക്കുന്ന കുടുംബശ്രീ കൂടുതൽ ഉയരങ്ങളിലെത്തണോ, നാടിന്റെ ശുചിത്വം ഉറപ്പാക്കുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിജയിക്കണോ എന്നതൊക്കെയാണ് നമ്മുടെ മുന്നിലുള്ള ചോദ്യങ്ങൾ. എങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. വർഗീയത വളർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്കും, അവസരവാദ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും കേരളത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ നമുക്ക് തെളിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

