പ്രധാനമന്ത്രിയുടെ ബിരുദം രഹസ്യരേഖയല്ല
text_fieldsനരേന്ദ്ര മോദി
വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത, പരീക്ഷയിൽ നേടിയ മാർക്ക്, ഉത്തരക്കടലാസുകൾ എന്നിവ വ്യക്തിഗത വിവരങ്ങളാകയാൽ അവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ലെന്ന ഡൽഹി ഹൈകോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരമുൾപ്പെടെ 1978ൽ ഡൽഹി സർവകലാശാലയിൽ നടന്ന ബി.എ പരീക്ഷയുടെ മുഴുവൻ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്ന അപേക്ഷ തള്ളിയ ഡൽഹി സർവകലാശാലയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന അപ്പീൽ അനുവദിച്ചാണ് അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിറക്കിയിരുന്നത്.
പരീക്ഷയിൽ നേടിയ േഗ്രഡ്, മാർക്ക് എന്നിവ സ്വകാര്യ വിവരങ്ങളാണെന്നും അവയിൽ ഒരു പൊതു താൽപര്യവുമില്ലെന്നാണ് ഡൽഹി ഹൈകോടതിയുടെ കണ്ടെത്തൽ. കൂടാതെ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10,11 ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷ മാർക്കുകൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമീഷൻ ഉത്തരവും ഡൽഹി ഹൈകോടതി റദ്ദ് ചെയ്യുകയുണ്ടായി.
ഇതാ ഈ സർക്കാർ ജനാധിപത്യത്തിന്റെ താക്കോൽ ജനകോടികളുടെ കൈകളിലേൽപിക്കുന്നെന്നാണ് 2005ൽ വിവരാവകാശ ബിൽ ലോക്സഭയിലവതരിപ്പിച്ചുകൊണ്ട് അന്നത്തെ കേന്ദ്ര പേഴ്സനൽ മന്ത്രി സുരേഷ് പച്ചൗരി പ്രസ്താവിച്ചത്. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ അറിയാനുള്ള അവകാശ നിയമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ശക്തവും സുദൃഢവുമാണ് ഇന്ത്യയുടെ 2005 ലെ വിവരാവകാശ നിയമം.
യോഗ്യത സർട്ടിഫിക്കറ്റ് രഹസ്യരേഖയല്ല
പ്രധാനമന്ത്രി മോദിയുടെ ഉൾപ്പെടെ യോഗ്യത സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന കണ്ടെത്തലിന് നിദാനമായി ഡൽഹി ഹൈകോടതി പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് വിവരാവകാശ നിയമം 8(1) (ജെ) വകുപ്പിലെ വ്യവസ്ഥകളാണ്. ഏതെങ്കിലും പൊതു അധികാര സ്ഥാനത്തുള്ള വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ പൗരർ ആവശ്യപ്പെട്ടാൽ വിശാലമായ പൊതു താൽപര്യമുണ്ടായാലല്ലാതെ നൽകേണ്ടതില്ലെന്നാണ് ആ വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇവ പ്രധാനമായും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപങ്ങൾ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ടാക്സ് വിവരങ്ങൾ, കച്ചവടസ്ഥാപനങ്ങളുടെ വിറ്റുവരവ് കണക്കുകൾ, ആശുപത്രികളിൽ സൂക്ഷിച്ചിട്ടുള്ള രോഗവിവരങ്ങൾ തുടങ്ങിയവയാണ്. അവകൾ തന്നെ വിശാലമായ പൊതു താൽപര്യം മുൻനിർത്തി ആവശ്യപ്പെട്ടാൽ നൽകാൻ പൊതു അധികാരസ്ഥാപനങ്ങൾ ബാധ്യസ്ഥരാണ് താനും. ഉദാഹരണമായി കലക്ടർ, തഹസിൽദാർ തുടങ്ങിയ പൊതുസേവകർ ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരാണ്. അവരുടെ രോഗവിവരങ്ങൾ ആവശ്യപ്പെട്ടാൽ വിശ്വാസാടിസ്ഥാനത്തിൽ നൽകിയ വിവരങ്ങളെന്ന നിലയിൽ മാത്രം നിഷേധിക്കാനാവില്ല. അവർക്ക് വല്ല പകർച്ച വ്യാധിരോഗങ്ങളുണ്ടോയെന്നറിയാൻ പൗരർക്ക് അവകാശമുണ്ട്. അത് അവരെയും ബാധിക്കുന്ന വിഷയമാണ്.
ഇനി യോഗ്യത സർട്ടിഫിക്കറ്റ് പരീക്ഷ ഫലം ക്ലാസ്, റാങ്ക് എന്നിവയും പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തുന്ന രേഖകളാണ്. അവയെ വ്യക്തിഗത രേഖകളായി/വിവരങ്ങളായി കണക്കാക്കി പരസ്യപ്പെടുത്തേണ്ടതില്ലെന്ന ഡൽഹി ഹൈകോടതി വിധിയാണ് നിയമമെങ്കിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സർക്കാർ-സർക്കാറിതേര സ്ഥാപനങ്ങളിൽ മറ്റും കടന്നുകൂടി ഡോക്ടർ, എൻജിനീയർ, അധ്യാപനം തുടങ്ങിയ ജോലികൾ ചെയ്ത് ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന വ്യാജന്മാരെ തിരിച്ചറിയാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സാധിക്കാത്ത ഗുരുതര സ്ഥിതിയുണ്ടാവും. പൊതു പ്രവേശനപരീക്ഷയിൽ പണം വാങ്ങി വ്യാജന്മാർ പരീക്ഷയെഴുതി അനർഹർ ബിരുദം നേടിയ ഗുരുതര തട്ടിപ്പാണ് മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം അഴിമതി. അവ്വിധം വ്യാജ മെഡിക്കൽ ബിരുദം നേടിയവർ ആശുപത്രികളിൽ അറിവും പരിചയവുമില്ലാതെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ ചെയ്ത് മനുഷ്യരുടെ ജീവൻ അപായപ്പെടുത്തുന്ന അവസ്ഥ പോലുമുണ്ടാവും. മാർക്ക് ലിസ്റ്റും രേഖകളും നൽകേണ്ടതില്ലെന്ന ഡൽഹി ഹൈകോടതി വിധി സുപ്രീംകോടതിയുടെ പരിശോധനക്ക് വിധേയമായാൽ പുനഃപരിശോധിക്കപ്പെടുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.