എന്നും മാതൃകയേകി നിത്യരായ പുണ്യനബി
text_fieldsലോകർക്കാകെ കാരുണ്യമായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല എന്ന ഖുർആൻ വചനത്തിന്റെ കാലിഗ്രഫി
പ്രവാചകരുടെ ദൈനംദിന കർമസാകല്യത്തെയപ്പാടെ ഏറിയും കുറഞ്ഞും പതിനാല് നൂറ്റാണ്ടുകളായി മുസ്ലിം സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ അനുകരിച്ചുകൊണ്ടിരിക്കുന്നു!
അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം)യെ മറ്റു പരിഷ്കർത്താക്കളിൽനിന്ന് വ്യത്യസ്തമാക്കുന്നത് മൂന്ന് പ്രത്യേകതകളാണ്. ഒന്ന്, മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം വിശദാംശങ്ങളോടെ വ്യവസ്ഥാപിതമായി രേഖപ്പെടുത്തപ്പെട്ട വ്യക്തി എന്നതാണ്. മുഹമ്മദ് റസൂലുല്ലാഹ് നടന്നതും ഇരുന്നതും ഉറങ്ങിയതും ഉണർന്നതും സഞ്ചരിച്ചതും ക്ഷോഭിച്ചതും ചിരിച്ചതും തിന്നതും കുടിച്ചതും വസ്ത്രമണിഞ്ഞതും തുടങ്ങി നഖം വെട്ടിയ രീതിയടക്കം സകലതും അവിടത്തെ അനുയായികൾ രേഖപ്പെടുത്തിയിട്ടുണ്ട്. മിത്തുകളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും വേറിട്ട ഒരസ്തിത്വം ഈ ചരിത്രരേഖകൾക്ക് ഇന്നുമുണ്ട്. മുൻവിധികളില്ലാതെ ചരിത്രത്തെ സമീപിച്ചവർക്ക് അത് ബോധ്യമായതാണ്. ഇതിനുപുറമെ റസൂലിന്റെ വാക്കുകൾ, പ്രവൃത്തികൾ, അംഗീകാരങ്ങൾ എന്നിവ (ഹദീസ്) വ്യവസ്ഥാപിതമായി വിലയിരുത്താനും നെല്ലും പതിരും വേർതിരിച്ചു രേഖപ്പെടുത്താനും ഇസ്ലാമിക നാഗരികത ഒരു വിജ്ഞാനീയത്തിനു (ഉസൂലുൽ ഹദീസ്) തന്നെ രൂപം നൽകി. പ്രവാചകീയമായ ഉള്ളടക്കങ്ങൾ (ഹദീസുകൾ) കൈമാറിയ സകല മനുഷ്യരുടെയും പേരും ഊരുമടങ്ങുന്ന കുടുംബവിവരങ്ങൾ, വിദ്യാഭ്യാസം നേടിയ സ്ഥലം, ഗുരുക്കന്മാർ, സഞ്ചരിച്ച നാടുകൾ, അവരുടെ ജനനമരണ ദിനങ്ങൾ, അവരുടെ വിശ്വസ്തതയുടെ ആഴം, അവരുടെ ഓർമകൾക്ക് മങ്ങലേറ്റ ഘട്ടങ്ങൾ തുടങ്ങിയവ മുഴുവൻ പരിശോധിക്കുകയും വിശ്വസ്തരായ ആളുകളിൽ നിന്ന് മാത്രം പ്രവാചകവചനങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്ന നിഷ്കർഷത നിലവിൽ വന്നു. കൈമാറ്റം ചെയ്ത വ്യക്തിയുടെ ഓർമശക്തിക്കും വിശ്വസ്തതക്കും അനുസരിച്ച് മാത്രം ഹദീസുകൾ സ്വീകരിക്കുന്ന രീതി സജീവമായി. പലയിനം താൽപര്യങ്ങളിലധിഷ്ഠിതമായ വ്യാജങ്ങൾ ചിലതൊക്കെ പ്രവാചകീയമെന്ന പേരിൽ രംഗപ്രവേശം ചെയ്തുവെന്ന് വിമർശകർ ഉന്നയിക്കാറുണ്ടെങ്കിലും, ആധികാരികമായ ഒരു ജ്ഞാനശേഖര സംവിധാനം നിലനിന്നു എന്നതിനു തെളിവാണത്. കാരണം, ഒറിജിനൽ ഇല്ലെങ്കിൽ വ്യാജമില്ലല്ലോ. ‘ഇങ്ങനെ ശേഖരിക്കപ്പെട്ട അഞ്ചുലക്ഷം പ്രമുഖരുടെ ജീവചരിത്രങ്ങളാണ് മുസ്ലിം നാഗരികതയുടെ മഹത്വമെന്നും, പന്ത്രണ്ട് നൂറ്റാണ്ടുകാലത്തെ ജീവചരിത്രങ്ങൾ ഇതുപോലെ ഒരു ജനവിഭാഗവും ശേഖരിച്ചിട്ടില്ലെന്നും’ പ്രമുഖ ഓസ്ട്രിയൻ ഓറിയൻറലിസ്റ്റ് അലോയ്സ് സ്പ്രെഞ്ചർ അത്ഭുതം കൂറുന്നതു കാണാം.
മനുഷ്യരാശി കണ്ട എല്ലാ പരിഷ്കർത്താക്കളെയുമെടുത്താൽ ഏറ്റവുമധികം അനുകരിക്കപ്പെട്ട വ്യക്തി എന്നുള്ളതാണ് റസൂലിന്റെ രണ്ടാമത്തെ പ്രത്യേകത. പ്രവാചകരുടെ ദൈനംദിന കർമസാകല്യത്തെയപ്പാടെ ഏറിയും കുറഞ്ഞും പതിനാല് നൂറ്റാണ്ടുകളായി മുസ്ലിം സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ അനുകരിച്ചുകൊണ്ടിരിക്കുന്നു! ഖുർആനു ശേഷമുള്ള ഇസ്ലാമിക നിയമത്തിന്റെ ജ്ഞാനശാസ്ത്രീയമായ ആധാരം പ്രവാചകരുടെ ജീവിതമാണെന്നർഥം. സ്നേഹാപദാനങ്ങളാൽ ഏറ്റവുമധികം വാഴ്ത്തപ്പെടുന്ന വ്യക്തി എന്നതാണ് റസൂലിന്റെ മൂന്നാമത്തെ പ്രത്യേകത. സ്നേഹാപദാനങ്ങളുടെ സാഹിത്യങ്ങളാൽ നൂറ്റാണ്ടുകളായി ഏറ്റവുമധികം ഭാഷകളിൽ ഏറ്റവുമധികം വിജാതീയമായ രീതികളാൽ വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തി മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം) ആയിരിക്കും. ജർമൻ ഓറിയൻറലിസ്റ്റായ ആൻമേരി ഷിമ്മലിന്റെ ‘And Muhammad is his messenger’ എന്ന ലോകപ്രശസ്ത കൃതി ഈ യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. റസൂലിനെ കേന്ദ്രീകരിച്ചുകൊണ്ട് രൂപപ്പെടുന്ന മുസ്ലിം ജീവിതരൂപങ്ങളെക്കുറിച്ചുള്ള നരവംശപഠനങ്ങൾ ഇനിയും വരേണ്ടതുണ്ട്.
റസൂൽ പകർന്ന സന്ദേശം
എന്തായിരുന്നു പ്രവാചകരുടെ അടിസ്ഥാന അധ്യാപനങ്ങൾ എന്നു മനസ്സിലാക്കാൻ അബ്സീനിയയിലെ നെസ്റ്റോറിയൻ ക്രൈസ്തവ രാജാവായിരുന്ന നേഗസിന് മുന്നിൽ, മക്കയിൽ നിന്ന് പ്രാണരക്ഷാർഥം ദേശത്യാഗം ചെയ്ത് അബ്സീനിയയിലെത്തിയ പ്രവാചകനുയായി ജഅ്ഫറുബ്നു അബീ താലിബ് (റ) നടത്തിയ വിവരണം വായിച്ചാൽ മതിയാകും. ഏതാണീ പുതിയ മതമെന്നു നേഗസ് ചോദിച്ചപ്പോൾ ജഅ്ഫർ (റ) പറഞ്ഞു: “രാജാവേ, ഞങ്ങൾ വിഗ്രഹങ്ങളെ പൂജിക്കുകയും, ശവം തിന്നുകയും, അയൽബന്ധങ്ങൾ തകർക്കുകയും, ദുർനടപ്പും രക്തച്ചൊരിച്ചിലും ശീലമാക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് അല്ലാഹു ഞങ്ങളിൽ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ ഞങ്ങൾക്കു നിയോഗിക്കുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും പെരുമാറ്റനിഷ്ഠയും ഞങ്ങൾക്ക് സുപരിചിതമായിരുന്നു. ഏകദൈവത്തെ ആരാധിക്കാനും, കുടുംബബന്ധങ്ങൾ കൂട്ടിയിണക്കാനും, അയൽവാസികളോട് നന്മ കാണിക്കാനും നമസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും അവിടുന്ന് ഞങ്ങളെ ക്ഷണിച്ചു”. യുക്തിസഹമായ ലോകവീക്ഷണം പുലർത്തുക, ശാരീരികാസക്തികളെ വരുതിയിൽ കൊണ്ടുവരുക, സത്യസന്ധവും സമാധാനപരവുമായ സാമൂഹിക-രാഷ്ട്രീയ സഹജീവിതം ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രവാചകർ പിൽക്കാലത്ത് നിർവഹിച്ച ദൗത്യത്തിന്റെ ആന്തരികസത്ത എന്ന് ഈ പ്രതികരണത്തിൽനിന്ന് മനസ്സിലാക്കാം. പരസ്പരം കൊന്നും വെന്നും വിളയാടിയ ഭൂരിഭാഗം അറബി ഗോത്രങ്ങളെയും കേവലം രണ്ടു ദശകങ്ങൾ കൊണ്ട് പ്രവാചകർ ഇപ്പറഞ്ഞ ആദർശത്തിനുകീഴിൽ ഉടച്ചുവാർക്കുകയും ഏകീകരിക്കുകയും ചെയ്തു.
ഏകീകൃതരായ അറബികളുടെ നേതാവിനെ അറേബ്യൻ മരുദ്വീപിലെ യഥ്രിബ് എന്ന മരുപ്പച്ചയിലെ നാട്ടുകാർ ഭരണാധികാരിയായി ക്ഷണിക്കുകയും, റസൂൽ അവിടെയുള്ള മുഴുവൻ ഗോത്രങ്ങളോടും സമാധാന കരാറിലൊപ്പിടുകയും മദീനയെന്ന പേരിൽ പുതിയൊരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. ഈ ക്രമസമാധാനത്തെ തകർക്കാൻ പലപ്പോഴായി അറബ്-ജൂത ഗോത്രങ്ങൾ ശ്രമിക്കുകയും അതിനോടുള്ള പ്രതികരണമായി പ്രവാചകർക്ക് ഒരു രാഷ്ട്രത്തലവൻ എന്ന നിലയിൽ യുദ്ധം നടത്തേണ്ടിവരുകയും ചെയ്തു. ഈ യുദ്ധങ്ങളെക്കുറിച്ചുള്ള ഖുർആനിലെ നിർദേശങ്ങളാണ് ഇന്ന് ദോഷൈകദൃക്കുകൾ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. സാധാരണ യുദ്ധങ്ങളിൽ നടക്കുന്ന ചിത്രവധം, എണ്ണയിലിട്ടു വേവിക്കൽ, വൃദ്ധരെയും കുഞ്ഞുങ്ങളെയും വധിക്കൽ, കൃഷിവിളകൾ നശിപ്പിക്കൽ തുടങ്ങിയതെല്ലാം പ്രവാചകർ വിലക്കിയിരുന്നു. യുദ്ധത്തിൽ കൊല്ലേണ്ടിവരുന്നവരെ ഇഞ്ചിഞ്ചായി കൊല്ലരുതെന്നു നിർദേശിക്കുന്നതിലൂടെ യുദ്ധസമയത്ത് പുലർത്തേണ്ട ആത്മസംയമനവും പഠിപ്പിച്ചു. അഞ്ചുനേരം നമസ്കരിക്കുന്നതിന് യുദ്ധസമയത്തും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. യുദ്ധം അവർക്ക് സാധാരണ ഘട്ടങ്ങളേക്കാൾ ആത്മനിയന്ത്രണവും കൈയടക്കവും ആവശ്യമുള്ള ഘട്ടമായിരുന്നെന്ന് സാരം. റസൂൽ ‘യുദ്ധസമയത്തും പോരാളികളെ പ്രാർഥിക്കാൻ പഠിപ്പിച്ചു’ എന്ന് പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ കെ.എസ്. രാമകൃഷ്ണറാവു ഇതിനെ ശ്ലാഘിച്ചിട്ടുണ്ട്.
ഇസ്ലാമിക ലോകത്തിന് അകത്തും പുറത്തും എക്കാലത്തും നിലനിന്ന അടിമത്ത സമ്പ്രദായത്തെ മുഹമ്മദ് നബിയേക്കാൾ ക്രിയാത്മകമായി സമീപിച്ച മറ്റൊരു പരിഷ്കർത്താവിനെ കാണാനാവില്ല. തെറ്റുകളുടെ പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കൽ പ്രഖ്യാപിക്കുന്നതിലൂടെ അടിമയെ പണം കൊടുത്ത് മോചിപ്പിക്കുന്നത് ഒരു ആരാധനാകർമമായി പ്രഖ്യാപിക്കുകയായിരുന്നു പ്രവാചകർ. അടിമയെ വിലകൊടുത്ത് മോചിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഖുർആനിൽ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും കാണാം. സഹാബികൾ ഇതിനുവേണ്ടി മത്സരിക്കുകയും മോചിതരായ അടിമകൾ ജ്ഞാനികളും യോദ്ധാക്കളും നേതാക്കളുമായി മാറുകയും ചെയ്തു. ആധുനിക കൊളോണിയലിസം ചെയ്തതുപോലെ സ്വതന്ത്രരായ മനുഷ്യരെ അടിമയാക്കുന്നത് അവിടുന്ന് വിലക്കി. മറിച്ച്, യുദ്ധത്തടവുകാരെ സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റുന്ന രീതി മാത്രമായിരുന്നു പ്രവാചകർ തുടർന്നത്. അവരെക്കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിപ്പിക്കരുതെന്നും, തങ്ങൾ ഉടുക്കുന്നതും ആഹരിക്കുന്നതും അവർക്കും നൽകണമെന്നും പ്രത്യേകം നിഷ്കർഷിക്കുകയും ചെയ്തു. ‘ഉദ്ദേശ്യ മാഹാത്മ്യവും ആയുധസാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങളെങ്കിൽ ആധുനിക ചരിത്രത്തിലെ മറ്റൊരു ചരിത്രപുരുഷനുമായി മുഹമ്മദ് നബിയെ താരതമ്യം ചെയ്യാൻ ആർക്കാണ് ധൈര്യം വരുക’ എന്ന് ഫ്രഞ്ച് രാജ്യതന്ത്രജ്ഞൻ അൽഫോൻസ് ഡി ലാമാർട്ടിൻ ചോദിച്ചത് ഇതു മുൻനിർത്തിയാണ്.
(ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഉസുലുദ്ദീൻ വിഭാഗം ഡീൻ ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

