ജനാധിപത്യ അട്ടിമറിക്ക് കുടപിടിക്കുന്ന കമീഷൻ
text_fieldsജനാധിപത്യത്തിന്റെ അടിസ്ഥാന പ്രക്രിയയായ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയെന്നതാണ് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ ജോലി. എന്നാല്‍, ഇന്ന് ജനാധിപത്യം ആസൂത്രിതമായി അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷൻതന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥയിലെത്തി നില്ക്കുന്നു ഇന്ത്യന്‍ ജനാധിപത്യം.
ജനാധിപത്യത്തിന്റെ ആസൂത്രിത അട്ടിമറി വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത് ഇപ്പോഴാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുസഹിതം പുറത്തു കൊണ്ടുവന്ന വോട്ടുചോരി ആദ്യം കണ്ടെത്തിയത് കേരളത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021ല്‍ അവസാന വോട്ടര്‍പട്ടിക പരിശോധിക്കുമ്പോഴാണ് കേരളത്തിലെ വോട്ടര്‍പട്ടികയില്‍ നടന്ന ഗൗരവമായ വ്യാജവോട്ട് വര്‍ധന ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് 2021 മാര്‍ച്ച് 17ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ വെട്ടിപ്പിന്റെ വിശദമായ വിവരങ്ങള്‍ ഞാന്‍ പുറത്തുവിട്ടത്.
പല വോട്ടര്‍മാരുടെയും ഫോട്ടോയും വിലാസവും ഉപയോഗിച്ച് പല പല ബൂത്തുകളില്‍ കള്ളവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് വ്യാപകമായി ഇതുപോലെ കള്ളവോട്ട് സൃഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങളും ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പുറത്തുവിട്ടിരുന്നു. സത്യത്തില്‍ ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ളവോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 4.34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കണ്ടെത്തി. വ്യക്തമായ തെളിവുകളോടെ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചു.
ഇതില്‍ 38,000 വോട്ടുകള്‍ ഇരട്ട വോട്ടുകളാണെന്ന് ഒടുവില്‍ തെരഞ്ഞെടുപ്പു കമീഷൻ സമ്മതിച്ചു. ശേഷിക്കുന്നവയുടെ കാര്യത്തില്‍ സാങ്കേതിക പരിമിതികള്‍ കാരണം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കമീഷൻ നിലപാടെടുത്തു. തുടര്‍ന്ന് ഹൈകോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകള്‍ നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും 2021 മാര്‍ച്ച് 31ന് ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകള്‍ നീക്കം ചെയ്തു എന്ന് ഇപ്പോഴും വ്യക്തമല്ല.
യഥാർഥത്തില്‍ ഞങ്ങള്‍ അന്ന് കണ്ടെത്തുകയും തെളിവ് സഹിതം കമീഷന് കൈമാറുകയും ചെയ്ത 4.34 ലക്ഷം വ്യാജ വോട്ടുകള്‍ക്കപ്പുറം ഏതാണ്ട് 10 ലക്ഷത്തിലേറെ വ്യാജവോട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. ഒരു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇത് ആവശ്യത്തിലേറെ മതിയാകും. അതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. ആരാണ് ഈ വ്യാജവോട്ടുകള്‍ ചേര്‍ത്തത്, എത്രയെണ്ണം നീക്കം ചെയ്തു തുടങ്ങി കമീഷനോടു ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഈ 4.34 ലക്ഷം വോട്ടര്‍മാര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിലും ഇനിയും ഉത്തരമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഈ വ്യാജവോട്ടര്‍മാര്‍ ഉണ്ടാകുമോ എന്നും അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പലതവണ ചോദ്യമുന്നയിച്ചിട്ടും കമീഷൻ ഒരക്ഷരം മിണ്ടുന്നില്ല.
കേരളത്തില്‍ നടന്ന ഇത്തരമൊരു പ്രതിഭാസത്തിന്റെ അതിഭീകരമായ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടന്നതായി മനസ്സിലാകുന്നത്. രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച തെളിവുകള്‍ തെരഞ്ഞെടുപ്പ് കമീഷന് നിഷേധിക്കാവുന്നതല്ല. തെരഞ്ഞടുപ്പ് കമീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ട്. ആ ഭരണഘടനാ സ്ഥാപനത്തെ ചട്ടുകമാക്കുന്നതിനു വേണ്ടിയാണ് മോദി സര്‍ക്കാര്‍ സെലക്ഷന് ലിസ്റ്റില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കാബിനറ്റ് മന്ത്രിയെ പകരം ചേര്‍ത്തത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഹരിയാനയിലുമൊക്കെ വ്യാജവോട്ടര്‍മാരെ അധികം ചേര്‍ത്താണ് വോട്ടര്‍പട്ടിക ഉണ്ടാക്കി ജനാധിപത്യം അട്ടിമറിച്ചതെങ്കില്‍ ബിഹാറില്‍ വ്യത്യസ്തമായ നിലപാടാണ് ബി.ജെ.പിയും കമീഷനും സ്വീകരിച്ചത്; 65 ലക്ഷം വോട്ടര്‍മാരെ നിര്‍ദാക്ഷിണ്യം വെട്ടിമാറ്റാനായിരുന്നു തീരുമാനം. എതിര്‍പാര്‍ട്ടിക്കാരെയും ന്യൂനപക്ഷങ്ങളെയും വെട്ടിമാറ്റുന്നതിലൂടെ വീണ്ടും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിലൂടെ കോടതിയില്‍ എത്തുകയും കോടതി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു.
കള്ളത്തരത്തിനു കൂട്ടുനിൽക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും നിയമപരമായ പരിരക്ഷയും ബി.ജെ.പി ഒരുക്കിയിട്ടുണ്ട്. സ്വകാര്യത സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വോട്ടെടുപ്പിന്റെ എല്ലാ ഡിജിറ്റല്‍ തെളിവുകളും 45 ദിവസത്തില്‍ നശിപ്പിച്ചുകളഞ്ഞുകൊണ്ട് തെരഞ്ഞടുപ്പ് കമീഷന് ഏത് ജനാധിപത്യത്തെയാണ് സഹായിക്കുന്നത് എന്നതു മനസ്സിലാകുന്നില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ കൃത്യമായി മറുപടി പറയുകയും നടപടികളെടുക്കുകയും ചെയ്യേണ്ട കമീഷന് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ എതിരാളിയെന്ന പോലെ കണ്ടുകൊണ്ട് നടത്തിയ വാർത്താസമ്മേളനം സുതാര്യ തെരഞ്ഞെടുപ്പ് നിര്‍വഹണത്തില്‍ എങ്ങനെ തങ്ങള്‍ പരാജയപ്പെട്ടുവെന്നതിന്റെ തുറന്നുപറച്ചിലായി കാണേണ്ടതുണ്ട്.
ബി.ജെ.പി ഇന്ത്യയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ജനാധിപത്യത്തിന്റെ അട്ടിമറി വോട്ടർ മാനിപ്പുലേഷനില്‍ മാത്രമല്ല ഒതുങ്ങുന്നത്. രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനും സഖ്യകക്ഷികളെ ഭയപ്പെടുത്തി ഒതുക്കുന്നതിനുമാണ് ഭരണഘടനയുടെ 130ാം ഭേദഗതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം കഠോര നിയമങ്ങളെ ഒന്നിച്ചുനിന്ന് എതിര്‍ത്തില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു പോലെ തന്നെ ഇവര്‍ മനുഷ്യാവകാശങ്ങളെയും അട്ടിമറിക്കുമെന്നുറപ്പാണ്.
ഇന്ത്യ അപകടകരമായ ഒരു ദശാസന്ധിയിലാണ്. ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിച്ചും രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയും പൊതുജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിച്ചും ഏകാധിപത്യത്തിന്റെ വഴി നടത്തിക്കാനാണ് ശ്രമം. ഇത് ചെറുക്കാനും ജനാധിപത്യം തിരിച്ചു പിടിക്കാനുമുള്ള ധർമയുദ്ധത്തില്‍ ഇന്ത്യയിലെ ഓരോ ജനങ്ങളും പങ്കാളിയാകേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈ അട്ടിമറിയുടെ മുഴുവന്‍ വിവരങ്ങളുമായി രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച വിപ്ലവം ഇന്ന് ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.