1892ൽ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പു വക്കീലിന്റെ ‘സരസ്വതീവിജയം’ മതപരിവർത്തനം അവർണ ജനതയുടെ സാമൂഹിക മാറ്റത്തിന്റെ നിയാമകശക്തിയായി തീർന്നതെങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ജാതിനിയമങ്ങൾക്ക് വിരുദ്ധമായി മരത്തനെന്ന പുലയന് അക്ഷരാഭ്യാസം ലഭിച്ചത് ബ്രിട്ടീഷ് മിഷനറിമാരുടെ സഹവാസത്തിലൂടെയായിരുന്നു എന്ന യാഥാർഥ്യം സരസ്വതീവിജയം അവതരിപ്പിക്കുന്നു. പാട്ടുപാടിയതിന്റെ പേരിൽ കുബേരൻ നമ്പൂതിരിയുടെ ആജ്ഞാനുസരണം രാമർകുട്ടി നമ്പ്യാരാൽ ചവിട്ടിമെതിക്കപ്പെട്ട് ബോധം നഷ്ടപ്പെട്ട മരത്തൻ എത്തിപ്പെട്ടത് കോഴിക്കോട്ട് ബാസൽ മിഷനിലാണ്.അവരുടെ സഹായത്താൽ പഠിച്ച് ജഡ്ജിയായി മരത്തൻ, യേശുദാസനായി. ഇങ്ങനെ വിദ്യാഭ്യാസവും...
1892ൽ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പു വക്കീലിന്റെ ‘സരസ്വതീവിജയം’ മതപരിവർത്തനം അവർണ ജനതയുടെ സാമൂഹിക മാറ്റത്തിന്റെ നിയാമകശക്തിയായി തീർന്നതെങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ജാതിനിയമങ്ങൾക്ക് വിരുദ്ധമായി മരത്തനെന്ന പുലയന് അക്ഷരാഭ്യാസം ലഭിച്ചത് ബ്രിട്ടീഷ് മിഷനറിമാരുടെ സഹവാസത്തിലൂടെയായിരുന്നു എന്ന യാഥാർഥ്യം സരസ്വതീവിജയം അവതരിപ്പിക്കുന്നു. പാട്ടുപാടിയതിന്റെ പേരിൽ കുബേരൻ നമ്പൂതിരിയുടെ ആജ്ഞാനുസരണം രാമർകുട്ടി നമ്പ്യാരാൽ ചവിട്ടിമെതിക്കപ്പെട്ട് ബോധം നഷ്ടപ്പെട്ട മരത്തൻ എത്തിപ്പെട്ടത് കോഴിക്കോട്ട് ബാസൽ മിഷനിലാണ്.അവരുടെ സഹായത്താൽ പഠിച്ച് ജഡ്ജിയായി മരത്തൻ, യേശുദാസനായി. ഇങ്ങനെ വിദ്യാഭ്യാസവും ജഡ്ജി എന്ന അധികാരക്കസേരയും നേടാൻ യേശുദാസനെ സഹായിച്ചത് മതപരിവർത്തനവും അതിലൂടെ സിദ്ധമായ വിദ്യാഭ്യാസവുമായിരുന്നു.
‘‘ഇവനെ ആരു പാട്ടു പഠിപ്പിച്ചു? എഴുത്തറിയാമോ?’’ എന്ന് മരത്തനെക്കുറിച്ച് നമ്പൂതിരി ചെർമ്മിയോട് അന്വേഷിക്കുന്നുണ്ട്. അതിന് ചെർമ്മി പറയുന്ന മറുപടി ഇങ്ങനെയാണ്: ‘‘എഴുത്തും പാട്ടും പഠിപ്പിച്ചത് സായ്‌വാണ്. അവിടെ ചെർമ്മക്കൾക്ക് ഒരു എഴുത്തുപള്ളിയുണ്ട്. സാഹിബിന്റെ വേദക്കാർ പഠിപ്പിക്കുന്നു എന്നാണ് അവൻ പറഞ്ഞത്’’. ഈ സംഭാഷണത്തിൽ നിന്ന് കൊളോണിയൽ കാലത്ത് മിഷനറി പ്രസ്ഥാനം അവർണ ജനതയുടെ വിമോചനത്തിന്റെ ഉപദാനമായി ഭവിച്ചതെങ്ങനെയെന്ന് വ്യക്തമാവുന്നുണ്ട്.’’ ആരാണ് ആ കള്ള മാപ്പിളമാർ? ഈ മൊട്ടകൾ നാട്ടിൽ വന്നു നാട്ടിൽനിന്ന് ധർമം മാഞ്ഞു’’ എന്ന കുബേരൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ മുസ്‍ലിംകളോടുള്ള വെറുപ്പ് വ്യക്തം. മുഹമ്മദ് മതത്തിന്റെ സ്വാധീനം ചാതുർവർണ്യ ജാതിവ്യവസ്ഥക്ക് കോട്ടം വരുത്തി എന്ന തിരുവിതാംകൂർ ക്ഷേത്ര പ്രവേശനക്കമ്മിറ്റി റിപ്പോർട്ടിലെ വരികൾകൂടി ചേർത്തുവായിക്കുമ്പോഴാണ് കുബേരൻ നമ്പൂതിരിയുടെ പ്രസ്താവനയിലെ ചരിത്രം വെളിപ്പെട്ട് കിട്ടുക. മുസ്‍ലിംകൾ കേരളത്തിൽ കാലുകുത്തിയപ്പോൾ കേരളഭൂമി അശുദ്ധമായി എന്ന് എ.ആർ. രാജരാജവർമ ആംഗലസാമ്രാജ്യത്തിൽ എഴുതുന്നുമുണ്ട്.
ജാതിവ്യവസ്ഥ ഇല്ലാതാക്കാനുള്ള പ്രധാന മാർഗം ഹിന്ദുയിസത്തെ സമാപ്തീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പൻ. ജനങ്ങളുടെ അഭിവൃദ്ധിക്ക് ആവശ്യമെന്ന് കണ്ടാൽ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ ഒരു അഭിമാനഭംഗവുമില്ലെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് വെറും വങ്കത്തമായിരിക്കുമെന്നും എഴുതി.
ബ്രാഹ്മണ മതത്തിന്റെ വിശ്വാസധാരകൾക്കടിപ്പെടാതെ സമുദായരൂപവത്കരണം നടത്തുകയും അങ്ങനെ സ്വതന്ത്ര സമുദായമായി പരിവർത്തിക്കുകയുമാണ് സഹോദരനും ഇ. മാധവനും മറ്റും ലക്ഷ്യംവെച്ചത്.
മതപരിവർത്തനം ആത്യന്തികമായി ഇന്ത്യയിലെ, കേരളത്തിലെ ചാതുർവർണ്യ ജാതിവ്യവസ്ഥക്ക് ഇളക്കം വരുത്തുകയും അവർണ ബഹുജനതകൾക്ക് സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പുതിയ വിഹായസ് തീർക്കുകയും ചെയ്തു. മതപരിവർത്തനത്തെ എതിർക്കുന്നവർ എക്കാലവും അവർണ-ദലിത്-ബഹുജനങ്ങൾ ബ്രാഹ്‌മണ്യത്തിന് കീഴ്പ്പെട്ട് പുഴുക്കളെ പോലെ ജീവിക്കാനാണ് ഇച്ഛിക്കുന്നത്.
(അവസാനിച്ചു)
അധിക വായനക്ക്
- അസവർണർക്ക് നല്ലത് ഇസ്‍ലാം
-ഒരു സംഘം ലേഖകർ
- ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം
-സ്വാമി ധര്‍മ്മതീര്‍ത്ഥ
–ഇ. മാധവൻ
–പോത്തേരി കുഞ്ഞമ്പു