രാഷ്ട്രീയം സ്വപ്നം കണ്ട സാഹിത്യ നായകൻ
text_fields
വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമെന്ന് വിശ്വസിച്ചപ്പോഴും ജീവിതത്തിന്റെ ഓരോ ഇഴയിലും രാഷ്ട്രീയം കണ്ട എഴുത്തുകാരൻ. ഇടതിനോട് അരികുനിൽക്കാനാകാതെ രൂക്ഷവിമർശനം തുടർന്ന അരാജകവാദി. അധികാരം തനിക്കും വഴിയാണെന്ന് വിശ്വസിച്ച് പ്രസിഡന്റ് പദത്തിലേക്കു വരെ മത്സരിച്ചയാൾ. വിശേഷണങ്ങളിലൊതുങ്ങുന്നില്ല കഴിഞ്ഞ ദിവസം വിടവാങ്ങിയ പെറു സാഹിത്യകാരൻ മരിയോ വർഗാസ് യോസ. കുടുംബപരമായ പ്രയാസങ്ങൾ വേട്ടയാടിയ ബാല്യമായിരുന്നു. ജനിച്ചയുടൻ പിതാവ് ഏണസ്റ്റോ...
വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമെന്ന് വിശ്വസിച്ചപ്പോഴും ജീവിതത്തിന്റെ ഓരോ ഇഴയിലും രാഷ്ട്രീയം കണ്ട എഴുത്തുകാരൻ. ഇടതിനോട് അരികുനിൽക്കാനാകാതെ രൂക്ഷവിമർശനം തുടർന്ന അരാജകവാദി. അധികാരം തനിക്കും വഴിയാണെന്ന് വിശ്വസിച്ച് പ്രസിഡന്റ് പദത്തിലേക്കു വരെ മത്സരിച്ചയാൾ. വിശേഷണങ്ങളിലൊതുങ്ങുന്നില്ല കഴിഞ്ഞ ദിവസം വിടവാങ്ങിയ പെറു സാഹിത്യകാരൻ മരിയോ വർഗാസ് യോസ.
കുടുംബപരമായ പ്രയാസങ്ങൾ വേട്ടയാടിയ ബാല്യമായിരുന്നു. ജനിച്ചയുടൻ പിതാവ് ഏണസ്റ്റോ വർഗാസ് മൽഡൊണാൾഡോ കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഇതോടെ മാതാവ് മകൻ യോസയെ കൂട്ടി ബൊളീവിയയിലേക്ക് നാടുവിട്ടു. മാതാവിനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. 10 വയസ്സായതോടെ പിണക്കം മാറി വീണ്ടും പിതാവ് കുടുംബത്തിനൊപ്പം ചേർന്നതോടെ പെറു തലസ്ഥാനമായ ലിമയിലേക്ക് താമസം മാറി. മകന്റെ സാഹിത്യ പ്രണയം കണ്ട് ഭയന്ന പിതാവ് ലിയോനികോ പ്രാഡോ മിലിട്ടറി അക്കാദമിയിൽ ചേർത്തു.

ഇവിടത്തെ അനുഭവങ്ങളാണ് സാഹിത്യത്തിൽ യോസയെ ലബ്ധ പ്രതിഷ്ഠനാക്കിയ ‘ടൈം ഓഫ് ദ ഹീറോ’ എന്ന കൃതിയുടെ പിറവിക്ക് കാരണം. ശേഷം പെറുവിലെ സാൻ മാർകോസ് യൂനിവേഴ്സിറ്റിയിൽ സാഹിത്യവും നിയമവും പഠിക്കാൻ ചേർന്നു. 1958ൽ സാഹിത്യത്തിൽ ബിരുദം നേടി. നിയമത്തിലും ഉന്നത പഠനം പൂർത്തിയാക്കി ഡോക്ടറേറ്റിനായി സ്കോളർഷിപ്പോടെ മഡ്രിഡിലെത്തി. 16 വർഷം യൂറോപ്പിൽ കഴിഞ്ഞ ശേഷം 1974ൽ പെറുവിൽ തിരിച്ചെത്തി. മഡ്രിഡ്, ന്യൂയോർക്, പാരിസ് നഗരങ്ങളിലായി പലവട്ടം താമസിച്ചപ്പോഴും രചനകൾക്ക് ഇതിവൃത്തം സമ്മാനിച്ചത് ജന്മനാടായ പെറുവായിരുന്നു.
മാധ്യമപ്രവർത്തകനെന്ന നിലക്ക് ശ്രദ്ധേയനായ അദ്ദേഹം രണ്ടു മാസത്തിലൊരിക്കൽ ‘ടച്ച്സ്റ്റോൺസ്’ എന്ന പേരിൽ എഴുതിയ രാഷ്ട്രീയ നിരീക്ഷണ കുറിപ്പ് നിരവധി പത്രങ്ങളിൽ വെളിച്ചം കണ്ടു. വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമായി കണ്ട യോസ ലാറ്റിൻ അമേരിക്കയിലെ ഇടത് നേതാക്കളെ രൂക്ഷമായി വിമർശിച്ചു. അവർ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏകാധിപതികളാണെന്നായിരുന്നു വിമർശനം.

കാസ്ട്രോക്കെതിരായ വിമർശനവും ഇതേ നിലപാടിന്റെ പുറത്തായിരുന്നു. സ്വതന്ത്ര വിപണിയുടെ വക്താവായി രാഷ്ട്രീയ സമീപനം മാറിയത് ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിൽ യോസക്ക് സൗഹൃദവലയം നഷ്ടപ്പെടുത്താനിടയാക്കി. ഒരു കാലത്ത് ഉറ്റ സുഹൃത്തായിരുന്ന നൊബേൽ ജേതാവ് ഗബ്രിയേൽ ഗാർസിയ മാർക്വേസിനെ ‘‘കാസ്ട്രോയുടെ കൊട്ടാരദാസൻ’ എന്ന് പിന്നീട് പരിഹസിച്ചു. 1976ൽ മാർക്വേസിനെ ശാരീരികമായി നേരിട്ട സംഭവവുമുണ്ടായി. രാഷ്ട്രീയ വിയോജിപ്പിന്റെ പുറത്തായിരുന്നോ ആക്രമണമെന്ന് ഇരുവരും തുറന്നുപറഞ്ഞില്ല.
1990ൽ പെറു പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച് തോറ്റപ്പോൾ യോസ ജയിക്കാതരിക്കാൻ താനും പണിയെടുത്തെന്ന് ഉറ്റ സുഹൃത്ത് ഗിലർമോ കാർബർ ഇൻഫാന്റി പിന്നീട് എഴുതി. രാഷ്ട്രീയത്തിൽ പിച്ചവെച്ചാൽ യോസയെന്ന സാഹിത്യകാരനെ ലോകത്തിന് നഷ്ടമാകുമെന്നായിരുന്നു ന്യായം. അതിനു ശേഷവും സാഹിത്യത്തിൽ ജ്വലിച്ചുനിന്ന അദ്ദേഹം 2003ൽ ‘വേ ടു പാരഡൈസും’ 2010ൽ ‘ഡ്രീം ഓഫ് ദ സെൽറ്റും’ എഴുതി. 2019ൽ പുറത്തിറങ്ങിയ ‘ഹാർഷ് ടൈംസ്’ ആണ് അവസാന കൃതി. ബന്ധുവായ ജൂലിയ ഉർക്വിഡിയുമായുള്ള വൈവാഹിക ജീവിതമാണ് ‘‘വോണ്ട് ജൂലിയ ആൻഡ് ദ സ്ക്രിപ്റ്റ് റൈറ്റർ’ എന്ന കൃതിയായി പിറന്നത്. പിന്നീട് പാട്രീസിയ യോസ പത്നിയായി. 50 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022ൽ ഇവരുമായി പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.