ജാതിയുടെ സന്ദർഭത്തിൽ സ്നേഹത്തെ പുനരാലോചിക്കുമ്പോൾ...
text_fields“ഞാൻ മനുഷ്യരെ സ്നേഹിച്ചു, അവർ പ്രകൃതിയിൽ നിന്ന് വളരെക്കാലമായി അകന്നുപോയിരിക്കുന്നു എന്ന് മനസ്സിലാക്കാതെ. നമ്മുടെ വികാരങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവയാണ്; നമ്മുടെ സ്നേഹം കൃത്രിമമാണ്. മുറിവേൽക്കാതെ സ്നേഹിക്കുക എന്നത് ഏതാണ്ടിപ്പോൾ അസാധ്യമാണ്. എന്റെ ബാല്യത്തിന്റെ ഏകാന്തത സമയത്തിന് ഉണക്കാൻ കഴിയാത്ത ഒരു മുറിവ് അവശേഷിപ്പിച്ചതായി ഞാൻ ഭയപ്പെടുന്നു.” (രോഹിത് വെമുലയുടെ വിടവാങ്ങൽ കുറിപ്പിൽ നിന്നുള്ള ഭാഗം)
തന്റെ ആന്തരിക നിരാശയെ പ്രകടിപ്പിക്കുന്ന വെമുലയുടെ കുറിപ്പ്, ജാതിവിരുദ്ധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സ്നേഹം ഒരു സാമൂഹിക നിർമിതി എന്ന നിലയിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു രാഷ്ട്രീയ ഉപകരണമാണെന്ന് ഊന്നിപ്പറയുന്നതായി കാണാൻ കഴിയുന്നുണ്ട്. ഒരു സാമൂഹിക ചട്ടക്കൂടിനുള്ളിൽ അതിന്റെ ഒരു ഉപകരണമായി കാണപ്പെടുന്ന സ്നേഹത്തിന്, ശ്രേണീകൃതവും വ്യവസ്ഥാപിതമായി പുറന്തള്ളപ്പെടുന്നതുമായ ഒരു സമൂഹത്തിലെ ആഴമേറിയ ഒറ്റപ്പെടൽ ബോധത്തെ ചെറുക്കാൻ കഴിയുമോ?
ബി.ആർ. അംബേദ്കർ, പെരിയാർ ഇ.വി. രാമസ്വാമി, ബെൽ ഹൂക്സ്, കോണൽ വെസ്റ്റ് തുടങ്ങിയ റാഡിക്കൽ ചിന്തകർ സാമൂഹിക പരിവർത്തനത്തിനും സമത്വം കൈവരിക്കുന്നതിനുമുള്ള ഒരു വഴിയായി സ്നേഹത്തെ ഒരു ധാർമിക പ്രതിബദ്ധതയായി സ്വീകരിക്കണമെന്ന് വാദിച്ചിരുന്നു.
1949 നവംബറിലെ നിയമനിർമാണസഭയിലെ തന്റെ പ്രശസ്തമായ അവസാന പ്രസംഗത്തിൽ, ആഴത്തിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങളോടൊപ്പം നിലനിൽക്കുന്ന രാഷ്ട്രീയ സമത്വമുള്ള ഒരു രാജ്യത്തിന്റെ വൈരുദ്ധ്യങ്ങളെ അംബേദ്കർ മുൻകൂട്ടി കണ്ടിരുന്നു. യഥാർഥ സമത്വത്തിന്റെ അഭാവത്തെ നേരിടാൻ അദ്ദേഹം ദേശത്തോട് ആഹ്വാനം ചെയ്തു. എന്നാൽ, ജാതിവിരുദ്ധ പ്രസ്ഥാനം പലപ്പോഴും പട്ടികജാതികളെ (SCs) ഒരു ഏകശിലാ ഗണമായി കണക്കാക്കി, ആന്തരിക ശ്രേണീക്രമങ്ങളെ അവഗണിക്കുകയാണ് ചെയ്തത്.
2024 ഓഗസ്റ്റിലെ ഉപവിഭാഗവൽക്കരണ വിധി, പട്ടികജാതികൾക്കുള്ളിൽ സാമൂഹിക പരിഷ്കരണം പുനർവിചിന്തനം ചെയ്യാനുള്ള ഒരു നിമിഷമായി വർത്തിക്കേണ്ടതുണ്ട്, അംബേദ്കറുടെ നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകണം. എന്നാൽ, ഇപ്പോഴും, വിഷയം ആന്തരിക പരിവർത്തനത്തിന്റെ ആവശ്യകതയെ നേരിടുന്നതിന് പകരം രാഷ്ട്രീയ നേട്ടത്തെ ലാക്കാക്കുന്നതിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
ഇവിടെ, 2024ലെ ഉപവിഭാഗവൽക്കരണ വിധി, സ്നേഹം, മാന്യത, സാഹോദര്യം എന്നിവയിൽ വേരൂന്നിയ ഒരു ഭരണഘടനാപരമായ നീതിയുടെ ദർശനത്തെ അടിസ്ഥാനമാക്കിയാണെന്നാണ് ഞങ്ങൾ വാദിക്കുന്നത്. വിധിയിൽ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പട്ടികജാതികൾക്കുള്ളിൽ തന്നെ ആഴമായ വിഭജനങ്ങളും ജാതി-അന്തർ സംഘർഷങ്ങളും നിലനിൽക്കുന്നുവെന്ന് എടുത്തുകാട്ടി, ദീർഘകാലമായി അവഗണിക്കപ്പെട്ട ആന്തരിക വിള്ളലുകളെ വെളിപ്പെടുത്തി. ജസ്റ്റിസ് ബി.ആർ. ഗവായ്, കേവലം വരുമാനമല്ല, ജാതി അടിസ്ഥാനമാക്കിയുള്ള പുറന്തള്ളലാണ് പിന്നോക്കാവസ്ഥയെ നിർവചിക്കുന്നതെന്ന് ഓർമിപ്പിച്ചു.
ഭീം ആർമി, വിടുതലൈ ചിരുതൈഗൾ കക്ഷി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ബഹുജൻ സമാജ് പാർട്ടി തുടങ്ങിയ ദലിത് രാഷ്ട്രീയ പാർട്ടികൾ ഈ വിധിയെ എതിർത്ത്, സാമ്പത്തിക ഉന്നതിയെ മുൻനിർത്തി അതിന് വേണ്ടി വാദിച്ചു. അതേസമയം, അരുന്ധതിയാർ, മാദിഗ, വാല്മീകി സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉപവിഭാഗവൽക്കരണത്തെ പിന്തുണച്ചു. എന്നാൽ ഒരു വശത്തും ജാതി വിവേചനത്തിന്റെ ദൈനംദിന യാഥാർത്ഥ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടുകയുണ്ടായില്ല. ചർച്ച അവകാശവാദങ്ങളുടെയും അവഗണനകളുടെയും സംഘർഷമായി മാറുകയും ജാതി ഐഡന്റിറ്റികൾ കടുപ്പമാവുകയും, അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾ കൂടുതൽ നിശബ്ദമാവുകയുമാണ് ചെയ്തത്.
ഈ സന്ദർഭം, സ്നേഹത്തെ ഒരു രാഷ്ട്രീയ നൈതികതയായി, മനുഷ്യന്റെ അന്തസ്സിനോടും, സഹാനുഭൂതിയോടും, അതിർവരമ്പുകൾക്കപ്പുറം നീതിയോടുമുള്ള ബോധപൂർവമായ പ്രതിബദ്ധതയായി, പുനരുജ്ജീവിപ്പിക്കേണ്ടുന്ന അവസരമാണ്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട സ്നേഹം, ജാതിയുടെ നഷ്ടത്തിന്റെയും ലാഭത്തിന്റെയും യുക്തിയെ വെല്ലുവിളിക്കുകയും, യഥാർത്ഥ സമത്വത്തിന്റെ ഒരു ഉൾക്കൊള്ളുന്ന ദർശനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. അതിന്റെ അഭാവത്തിൽ, സംവരണം അത് പരിഹരിക്കാൻ ലക്ഷ്യമിടുന്ന ശ്രേണീക്രമങ്ങളെ പ്രതിഫലിപ്പിക്കാനുള്ള സാധ്യതയുണ്ട്.
സംവരണം, സാമ്പത്തിക ഉന്നതിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തെ ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്, ഉപവിഭാഗീകരണം എന്നാൽ വിഭജനമല്ല; അത് നീതി സാക്ഷാത്കരിക്കാനുള്ള ഒരു ചുവടുവെപ്പാണ്.
ഈ മാറ്റത്തിന്റെ സത്തയിൽ ഒരു ശക്തവും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന രാഷ്ട്രീയ നൈതികതയുണ്ട്: സ്നേഹം. ഇതൊരു വൈകാരികതയല്ല, മറിച്ച് ഐക്യദാർഢ്യം, പരസ്പര അംഗീകാരം, ഘടനാപരമായ മാറ്റം എന്നിവയോടുള്ള തീവ്രമായ പ്രതിബദ്ധതയാണ്.
രാഷ്ട്രീയവത്കരിക്കപ്പെട്ട സ്നേഹം
രാഷ്ട്രീയവൽക്കരിക്കപ്പെട്ട സ്നേഹം ജാതിവ്യവസ്ഥയുടെ ശുദ്ധതയുടെയും വേർതിരിവിന്റെയും അടിത്തറയെ വെല്ലുവിളിക്കുന്നു, പീഡിത സമുദായങ്ങളിലും അതിർവരമ്പുകൾക്കപ്പുറം പരസ്പരം സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ നൈതികതയിലൂടെ, ജാതിവിരുദ്ധ പ്രസ്ഥാനം ഒരൊറ്റ ശബ്ദമായല്ല, മറിച്ച് ബാഹ്യവും ആന്തരികവുമായ അസമത്വങ്ങളെ നേരിടാൻ തയ്യാറുള്ള ഒരു സഖ്യമായി വികസിക്കണം. രാഷ്ട്രീയവൽക്കരിക്കപ്പെട്ട സ്നേഹം, പീഡിത വിഭാഗങ്ങൾക്കുള്ളിൽ പോലും ജാതി ശ്രേണികളെ ഒന്നിപ്പിക്കാൻ ധൈര്യപ്പെടുന്നു. ഈ നൈതികതയിലൂടെ മാത്രമേ സംവരണത്തിന് അതിന്റെ പരിവർത്തന ശക്തി വീണ്ടെടുക്കാനാവുകയും ജാതിവിരുദ്ധ പ്രസ്ഥാനത്തിന് യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നതാവാനും കഴിയൂ.
പുതിരൈ വണ്ണാർ, ആദി ആന്ധ്ര, അരുന്ധതിയാർ, ഭംഗി തുടങ്ങിയ ചെറിയ പട്ടികജാതി സമുദായങ്ങൾ ഉപവിഭാഗവൽക്കരണ ചർച്ചയിൽ കേൾക്കപ്പെടാതെ തുടരുന്നു. വിമർശകർ വിഭജനത്തെ ഭയപ്പെടുമ്പോൾ, ചർച്ച പലപ്പോഴും സൗഹൃദത്തിന് പകരം ശത്രുതയെ പ്രതിഫലിപ്പിക്കുന്നു.
തമിഴ്നാട്ടിൽ, 2024 ജൂണിൽ, 'ഉയർന്ന' ദലിത് ഉപ-ജാതിയിലെ ഒരു സ്ത്രീയെ സ്നേഹിച്ചതിന് എം. അലകേന്ദ്രൻ എന്നയാളുടെ കൊലപാതകം, ജാതിവിരുദ്ധ പ്രസ്ഥാനം പലപ്പോഴും അവഗണിക്കുന്ന ആഴമായ വിള്ളലുകളെ വെളിപ്പെടുത്തിയത്. 2024-ലെ വിധിയിൽ ഉദ്ധരിച്ച 2016-ലെ ഒരു പഠനം, ജാതി ഹിന്ദുക്കളിൽ നിന്ന് 98 തരത്തിലുള്ള വിവേചനവും, പട്ടികജാതി സമുദായങ്ങളിൽ നിന്ന് 99 തരത്തിലുള്ള വിവേചനവും ഉണ്ടാവുന്നതായി കണ്ടെത്തി. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം 98.4 ശതമാനം ജാതി ഹിന്ദുക്കളും 99.1 ശതമാനം പട്ടികജാതിക്കാരും അവരുടെ ഗ്രൂപ്പുകൾ തമ്മിലുള്ള ജാതി-അന്തർ വിവാഹങ്ങളെ എതിർക്കുന്നു എന്നുള്ളതാണ്.
ഇത്തരം വിവേചനങ്ങൾ അവഗണിക്കപ്പെടുന്നത്, ജാതിവിരുദ്ധ പ്രസ്ഥാനം പ്രധാനമായും നിയമപരമായ സംരക്ഷണങ്ങളിലും സംവരണ നയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ്. ജാതിവാദം പലപ്പോഴും പട്ടികജാതി (SC) അല്ലാത്തവരും പട്ടികവർഗ (ST) അല്ലാത്തവരുമായ സമുദായങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്, എന്നാൽ പട്ടികജാതിക്കുള്ളിലെ വിവേചനം ജാതിവാദമായി അപൂർവ്വമായേ തിരിച്ചറിയപ്പെടാറുള്ളൂ. ദലിത് പണ്ഡിതരുടെയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ശ്രദ്ധ പട്ടികജാതിയും പട്ടികജാതി ഇതര സമുദായങ്ങളും തമ്മിലുള്ള ചലനാത്മകതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു, എന്നാൽ ആന്തരിക ശ്രേണിവിന്യാസങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.
സുപ്രീം കോടതി വിധി
സുപ്രീം കോടതിയുടെ ഉപവിഭാഗീകരണത്തെക്കുറിച്ചുള്ള വിധി ജാതി ബാഹ്യമായും പട്ടികജാതി (SC) വിഭാഗത്തിനുള്ളിലും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഇത് ജാതിയെ കേവലം ഒരു പുറന്തള്ളൽ സംവിധാനമായി മാത്രം കാണാതെ, കർക്കശവും പാളികളുള്ളതുമായ ഒരു സാമൂഹിക ക്രമമായി പുനർവിചിന്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ, അരുന്ധതിയാർ, പറയർ, ദേവേന്ദ്രകുല വെള്ളാളർ എന്നിവർ തങ്ങളുടെ സംഘടനകൾ വഴി വ്യത്യസ്തവും പലപ്പോഴും മഹത്വവൽക്കരിക്കപ്പെട്ടതുമായ ജാതി ഐഡന്റിറ്റികൾ ഉറപ്പിക്കുന്നതിൽ ഇത് വ്യക്തമാണ്.
ആചാരപരമായ ശുദ്ധി ഇപ്പോഴും സാമൂഹിക ജീവിതത്തിൽ ആധിപത്യം പുലർത്തുന്നു, പലപ്പോഴും അക്രമത്തിലൂടെ നടപ്പാക്കപ്പെടുന്നു. ഉയർന്ന ജാതിയിലെ സ്ത്രീകൾ പട്ടികജാതി പുരുഷന്മാരെ വിവാഹം ചെയ്യുന്നതിന്റെ പേര് പറഞ്ഞ് നടക്കുന്ന “അഭിമാന” കൊലപാതകങ്ങൾ, ജാതി ശുദ്ധിയിൽ അധിഷ്ഠിതമായ കൂട്ടായ ഐഡന്റിറ്റി ജീവന്റെ മൂല്യത്തെക്കാൾ മുൻതൂക്കം നേടുന്ന ഒരു സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ ജാതിയും ഗ്രൂപ്പ് ശുദ്ധിയും ഗ്രൂപ്പ് വിശ്വസ്തതയും കരുണയ്ക്കും മനുഷ്യത്വത്തിനും മുകളിൽ പ്രാധാന്യം നൽകാൻ സാമൂഹികവൽക്കരിക്കപ്പെട്ടിരിക്കുന്നു. പരിചരണം, ബഹുമാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ അത്തരം കൂറുകൾക്ക് കീഴടങ്ങുന്നു.
നീതിയെക്കുറിച്ചുള്ള നമ്മുടെ ബോധം വർദ്ധിക്കുന്നത്, ആധിപത്യ സമ്പ്രദായങ്ങളെ സഹാനുഭൂതിയോടെ നേരിടുമ്പോൾ മാത്രമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള ഉപവിഭാഗവൽക്കരണ വിധി ഒരു ദീർഘകാലം അവഗണിക്കപ്പെട്ട സത്യം വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള ശ്രേണീകരണങ്ങൾ, ശത്രുത, അക്രമം എന്നിവ എസ്.സി വിഭാഗങ്ങൾക്ക് പുറത്ത് മാത്രമല്ല, അവയ്ക്കുള്ളിലും നിലനിൽക്കുന്നു, പലപ്പോഴും എസ്.സി വിഭാഗത്തിനുള്ളിലെ ആധിപത്യ ഗ്രൂപ്പുകൾ തന്നെ ഇതിനെ പിന്തുണയ്ക്കുന്നു.
ജാതിയുടെ പശ്ചാത്തലത്തിൽ, സ്നേഹ നീതി വൈകാരികമായൊരു കാര്യമല്ല, മറിച്ച് അതൊരു അനിവാര്യതയാണ്. ജാതിവാദം ശ്രേണീകരണം, പുറന്തള്ളൽ, പാരമ്പര്യമായി ലഭിച്ച വിദ്വേഷങ്ങൾ എന്നിവയിൽ വളരുന്നു, മനുഷ്യരെ ശുദ്ധിയും മലിനതയും എന്നീ ധാരണകളുടെ അടിസ്ഥാനത്തിൽ മാത്രം അളക്കുന്നു. ഈ ആഴത്തിൽ വേരൂന്നിയ സംസ്കാരം, ആധിപത്യ ജാതികൾക്കുള്ളിൽ മാത്രമല്ല, അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളിലും തകർക്കപ്പെടേണ്ടതുണ്ട്.
സഹാനുഭൂതിയുടെ രാഷ്ട്രീയം
യഥാർത്ഥ പരിവർത്തനം ആരംഭിക്കുന്നത് ജാതിയിൽ ഉൾചേർന്ന അക്രമത്തെ നേരിട്ടും, സഹാനുഭൂതി, ഐക്യം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയം വളർത്തിയെടുത്തും ആണ്. ബെൽ ഹൂക്സ് ഓർമിപ്പിക്കുന്നതുപോലെ: “നാം സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്ന നിമിഷം, നാം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങാൻ തുടങ്ങുന്നു.” ഈ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സ്നേഹത്തിന് വിമോചന സാധ്യതകളുണ്ട്, കൂടാതെ ഇത് രാജ്യത്ത് കൂടുതൽ ഉൾക്കൊള്ളുന്നതും മാനുഷികവുമായ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് ഒരു ആഴമേറിയ അടിത്തറ നൽകുന്നു.
രാഷ്ട്രീയവൽക്കരിക്കപ്പെട്ട സ്നേഹം, ശുദ്ധത, ശ്രേണീക്രമം, പുറന്തള്ളൽ എന്നിവയുടെ അതിരുകളെ അംഗീകരിക്കാൻ വിസമ്മതിക്കുന്നതിനാൽ, ജാതി വ്യവസ്ഥയെ അതിന്റെ സത്തയിൽ ഇത് വെല്ലുവിളിക്കുന്നു. ഇത് വൈകാരികവും വിപ്ലവകരവുമാണ്, മാത്രമല്ല, മാന്യത, ഒരുമ, സൗഹൃദം എന്നിവയെ വീണ്ടെടുക്കുകയും ചെയ്യുന്നു. അംബേദ്കർ സങ്കൽപ്പിച്ചതും ബെൽ ഹുക്സ് ആവർത്തിച്ചതും പോലെ, രാഷ്ട്രീയ സ്നേഹം ഒരു തീവ്ര നൈതികതയെ ഉൾക്കൊള്ളുന്നു, ബന്ധത്തിലൂടെ നീതിയിലേക്കുള്ള ഒരു പ്രതിബദ്ധത. ഇത് ആധിപത്യത്തെ എതിർക്കുന്നു, ബന്ധുത്വത്തെ പുനർനിർവചിക്കുന്നു, ജാതിക്കപ്പുറമുള്ള ഒരു ലോകത്തെ ധീരമായി സങ്കൽപ്പിക്കുന്നു.
സമത്വത്തിൽ വേരൂന്നിയ സ്നേഹം, ജാതിയുടെ സഹജവാസനയെ വെല്ലുവിളിക്കുന്നു. ഇത് ശ്രേണീക്രമം, ഒഴിവാക്കൽ, മനുഷ്യ മൂല്യത്തിന്റെ റാങ്കിംഗ് എന്നിവ നിരസിക്കുന്നു. ജാതി അതിരുകൾക്കപ്പുറമുള്ള സ്നേഹം, മാന്യത വീണ്ടെടുക്കുകയും പങ്കിട്ട മനുഷ്യത്വത്തെ ഉറപ്പിക്കുകയും, ദീർഘകാലമായി നിഷേധിക്കപ്പെട്ട ഒരു തീവ്ര ബന്ധുത്വത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ആ ബന്ധുത്വമില്ലാതെ, ജാതി വിശ്വാസം, സൗഹൃദം, പരസ്പര കരുതൽ എന്നിവയെ നശിപ്പിക്കുന്നു. രോഹിത് വെമുല ഈ ഒരുമയ്ക്കായി കൊതിച്ചു, അവനെപ്പോലെ മറ്റു പലരും ഇപ്പോഴും അതിനായി കൊതിക്കുന്നു.
(രവിചന്ദ്രൻ ബത്രൻ -ദലിത് ക്യാമറയുടെ സ്ഥാപകൻ, ശാന്തപുരം അൽ ജാമിഅയിലെ 'ഐ.എം.ടി. ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർഥി. പി.കെ. സാദിഖ് -മീഡിയാവൺ അക്കാദമി പ്രിൻസിപ്പൽ)
വിവർത്തനം : ടി.പി. ഹാമിദ്
കടപ്പാട്: ഫ്രണ്ട്ലൈൻ: നാല് ആഗസ്റ്റ് 2025

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.