ശത്രുശക്തി ദുർഗത്തിലെ മനുവാദി പദ്ധതികൾ
text_fieldsസ്വന്തം അജണ്ട പരസ്യപ്പെടുത്തുന്നതിൽ ആർ.എസ്.എസോ അതിന്റെ നേതാക്കളോ വിമുഖത കാണിക്കാറില്ലെങ്കിലും, ‘അവർ ശരിക്കും അത്തരക്കാരല്ല’, ‘ അവർക്ക് മാറ്റം വന്നിട്ടുണ്ട്’,‘അങ്ങിനെയവർ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നോ.. ഉണ്ടാകില്ല’ എന്നിങ്ങനെ പറയുന്ന കുറെ ക്ഷമാപണക്കാരുണ്ട്-അവരിൽ പലരും തികഞ്ഞ ആത്മാർഥതയോടെയാണിത് ചെയ്യുന്നതെന്നതാണ് വിചിത്രകരം.
ആർ.എസ്.എസ് നയം വ്യക്തമാക്കിയ ഒരു വിഷയം ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നതാണ്. 1949ൽ പാസാക്കുമ്പോൾ തന്നെ എതിർപ്പ് പരസ്യമാക്കിയ സംഘടന അതിനുപകരം ‘മനുസ്മൃതി’ നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലുമാണ്. ഭരണഘടന പാസാക്കിയപ്പോൾ ഡൽഹി രാംലീല മൈതാനത്ത് ഡോ. അംബേദ്കറുടെയും നെഹ്റുവിന്റെയും കോലം പരസ്യമായി കത്തിച്ചവരാണ് ആർ.എസ്.എസ്. ‘‘മനു നമ്മുടെ ഹൃദയം ഭരിക്കുന്നു’ എന്ന പേരിൽ ശങ്കർ സുബ്ബർ അയ്യർ ഓർഗനൈസറിൽ തുറന്നെഴുതുകയും ചെയ്തു: സവർക്കർ മനുസ്മൃതിയെ ‘വേദങ്ങൾക്കുശേഷം ഏറ്റവും പൂജ്യമായ വേദപുസ്തകമായി’ കണ്ടു. ‘‘മനുഷ്യർക്ക് പ്രഥമവും അത്യുദാത്തവും ജ്ഞാന സമ്പൂർണവുമായ നിയമ പുസ്തക’മായി ഗോൾവാൾക്കർ അതിനെ മഹത്വവത്കരിച്ചു. മനുസ്മൃതിയോടുള്ള പ്രതിബദ്ധതയിൽനിന്ന് ആർ.എസ്.എസ് ഏറെ മുന്നോട്ടുപോയെന്ന് ഈയിടെ ശശി തരൂർ (ചിലപ്പോൾ അദ്ദേഹമാകാം മുന്നോട്ടുപോകുന്നത്) നടത്തിയ പ്രസ്താവന അശുഭ സൂചനയാണ്.

2019 ആഗസ്റ്റ് അഞ്ചിന് അയോധ്യ രാമമന്ദിര ഭൂമിപൂജ നടക്കവെ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും സന്നിഹിതരായി, നമ്മുടെ ഭരണഘടന പാലിച്ചുപോന്ന മതേതരത്വത്തെ പരിഹാസ്യമാക്കിയ ചടങ്ങിൽ പങ്കെടുത്ത ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് സംസ്കൃതത്തിൽ ഒരു മനുസ്മൃതി ശ്ലോകം ഉദ്ധരിച്ച് അവിടെയൊരു ഹ്രസ്വ പ്രഭാഷണവും നടത്തി.
‘‘രാജ്യത്തെ പ്രഥമ ജാതനിൽ (അഥവാ, ബ്രാഹ്മണൻ) നിന്ന് ഭൂമിയിലെ എല്ലാവരും അവരുടെ സ്വന്തം ഉത്തരവാദിത്തങ്ങൾ പഠിക്കട്ടെ’’ എന്നായിരുന്നു വരികൾ. എന്നുവെച്ചാൽ, രാജ്യം മുഴുക്കെയും മനുവാദി ഹിന്ദുത്വ പദ്ധതിക്കുകീഴിൽ കൊണ്ടുവരുകയെന്ന അജണ്ടയുമായാണ് ആർ.എസ്.എസ് മുന്നോട്ടുപോകുന്നത്. സംഘടന നിലവിൽ വന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2025ൽ തന്നെ അത് നടപ്പാക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

ഹിന്ദുത്വ ശക്തികളെ കടന്നുകയറാൻ വിടാതെ കാക്കുന്ന ഒരു ‘വേറിട്ടുനിൽപ്’ കേരളത്തിനുണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. നിർഭാഗ്യകരമാകാം, ഇതും ഒരു മിഥ്യയായി മാറുകയാണ്. ആർ.എസ്.എസ് അജണ്ടയിൽ കേരളത്തിന് സവിശേഷമായ ഒരു ഇടമുണ്ട്. മുമ്പ് തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുന്നതിൽ കാര്യമായ വിജയം നേടാനാകാത്തത് പരിഗണിച്ച് കേരളത്തിൽ ശരിയായ ‘ഹിന്ദു അന്തരീക്ഷം’ സൃഷ്ടിച്ചെടുക്കാൻ ചില പരിപാടികൾ സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്. ഹിന്ദുത്വയുടെ മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും -മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകൾ- ശക്തിദുർഗമായി ഗോൾവാൾക്കർ വിശേഷിപ്പിച്ച കേരളത്തിൽ വിജയമുണ്ടാക്കൽ ആർ.എസ്.എസിന് അതിപ്രധാനമാണ്. മരണം വരെ വർഷാവർഷം അദ്ദേഹം കേരളത്തിൽ വന്നിരുന്നുവെന്നത് ഈ ശക്തിദുർഗം പിടിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.
കേരളത്തെ അദ്വിതീയമാക്കുന്ന എല്ലാറ്റിനെയും തരിപ്പണമാക്കലാണ് മനുവാദി ഹിന്ദുത്വയുടെ ലക്ഷ്യമെന്നതിൽ സംശയത്തിനിടമില്ല.
സമന്വയത്തിന്റേതായ സാംസ്കാരിക- മതരൂപങ്ങൾ, പൊതു മലയാളി സ്വത്വത്തിലൂന്നി എല്ലാ സമൂഹങ്ങളും ഒന്നിക്കുന്ന ആചാരങ്ങൾ, പുരോഗമനപരവും നവീനവുമായ സാഹിത്യവും സിനിമയും നൃത്തരൂപങ്ങളും, ജാതി അടിച്ചമർത്തലിനെയും പുരുഷാധിപത്യത്തെയും ഫ്യൂഡൽ ചിന്താരീതികളെയും തകർത്തെറിഞ്ഞ നവോത്ഥാന പ്രസ്ഥാനം, ശാസ്ത്രീയ ചിന്ത എന്നിവയിൽ തുടങ്ങി കൊളോണിയൽ അടിച്ചമർത്തലിനും വർഗ ചൂഷണങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ചരിത്രങ്ങൾ വരെ എല്ലാം മായ്ച്ചുകളയാനാണ് താൽപര്യം.

ഓരോ തലത്തിലും അസമത്വമാണ് മനുവാദി ഹിന്ദുത്വം മുന്നോട്ടുവെക്കുന്നത്. സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളും അത് നിഷേധിക്കുന്നു. ജനനവും തൊഴിലും അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെ മഹത്വവത്കരിക്കുന്നു. സമൂഹത്തിലും മതത്തിലും മേൽജാതി ആധിപത്യത്തെ ന്യായീകരിക്കുന്നു. സാമ്പത്തിക ചൂഷണത്തിന് സ്തുതി പാടുകയും അഹിന്ദുക്കൾക്കെതിരെ വിവേചനം കാണിക്കുകയും ചെയ്യുന്നു. അവർക്ക് അവകാശങ്ങൾ മാത്രമല്ല, തുല്യ പൗരത്വംപോലും അത് നിഷേധിക്കുന്നു.
മനുവാദി ഹിന്ദുത്വ പദ്ധതിയുടെ യഥാർഥ ലക്ഷ്യങ്ങൾ മനസ്സിലാക്കിയാൽ അവ നേടിയെടുക്കൽ അസാധ്യമാണെന്ന് തോന്നും. എന്നാൽ, ഈ പദ്ധതി യാഥാർഥ്യമാക്കാൻ ചുമതലയുള്ളവർ അത് നടപ്പാക്കാൻ ചതുരുപായങ്ങൾ പ്രയോഗിക്കുന്നു. മാധ്യമങ്ങളെ വശത്താക്കുന്നു. പണവും അധികാരവും ഉപയോഗിക്കുന്നു. നുണപ്രചാരണം ആയുധമാക്കുന്നു. ന്യൂനപക്ഷങ്ങൾ, അധഃസ്ഥിത വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്കെതിരെ വെറുപ്പ് പടർത്തുന്നു. അതുവഴി തങ്ങളുടെ പദ്ധതിക്ക് കൂടുതൽ തലങ്ങൾ നൽകാനാകുമെന്ന് മാത്രമല്ല, കൂടുതൽ പേർക്ക് സ്വീകാര്യമാക്കി മാറ്റിയെടുക്കാനും അവർക്ക് കഴിയുന്നു. ഇരകളെത്തന്നെ തങ്ങളുടെ പദ്ധതിയുടെ പിന്തുണക്കാരും നടത്തിപ്പുകാരുമാക്കി മാറ്റിയെടുക്കുന്നതിൽ ആർ.എസ്.എസ് മിടുക്ക് തെളിയിച്ചിട്ടുണ്ട്.
കേരളം വേറിട്ടുനിൽക്കുന്നുവെന്നും അതിനാൽ ആർ.എസ്.എസിന് സ്വാധീനം സൃഷ്ടിക്കാനാകില്ലെന്നുമുള്ള വിശ്വാസം അതിന്റെ പല പ്രവർത്തനങ്ങളോടും നിസ്സംഗമായ സമീപനം പുലർത്താനിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹിന്ദു അന്തരീക്ഷം സൃഷ്ടിച്ചെടുക്കൽ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിൽ നേരിടേണ്ടിവരുന്ന തടസ്സങ്ങളെ കുറിച്ച് ആർ.എസ്.എസിന് മിഥ്യാബോധമൊന്നുമില്ല. അതിനാൽ തന്നെ ബഹുതല സ്പർശിയായ സമീപനമാണ് അവർ സംസ്ഥാനത്ത് സ്വീകരിച്ചുവരുന്നത്. ഇതിലെ ചില ഘടകങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനകം വിജയകരമായി നടപ്പാക്കൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ, ചിലത് കേരളത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. സംഘ് പരിവാറിനെ വിജയകരമായി ചെറുത്തുനിൽക്കാൻ, സംസ്ഥാനത്തെ അതിന്റെ പ്രവർത്തനങ്ങളെ ആഴത്തിൽ പഠിക്കൽ അനിവാര്യമാണ്. അതിനൊപ്പം, അവരുടെ ഗൂഢാലോചനകൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തലും വേണം.
1942ൽ മലബാറിലും തിരുവിതാംകൂറിലും ശാഖകൾ സ്ഥാപിക്കാനായി ദത്തോപാന്ത് ഠേംഗ്ഡി, ഓക് എന്നിവരെ ഗോൾവാൾക്കർ കേരളത്തിലേക്കയച്ചു. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വേരുപടർത്തുന്ന കാലമായിരുന്നു അത്. കടുത്ത ചൂഷണത്തിനിരയായ കുടിയാന്മാർ, കാർഷിക തൊഴിലാളികൾ, ബീഡി-കയർ- കശുവണ്ടി വ്യവസായങ്ങളിലെ തൊഴിലാളികൾ എന്നിവർക്കിടയിലായിരുന്നു പാർട്ടിക്ക് കൂടുതൽ ജനപ്രീതി. മേൽജാതിക്കാരായ ജന്മിമാർ കോൺഗ്രസ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് എതിർപ്പ് കാത്ത നാളുകൾ. നിലമ്പൂർ രാജാവും കോഴിക്കോട്ടെ സാമൂതിരിയും ആദ്യ ശാഖകൾ സ്ഥാപിക്കാൻ സഹായം നൽകി. മേൽജാതി ജന്മിമാരും -ഇവരിൽ പലരും കോൺഗ്രസുകാരായിരുന്നു- ഇതിനെ പിന്തുണച്ചു. 1943ൽ ആദ്യ പരിശീലന ക്യാമ്പ് കോഴിക്കോട്ട് സ്ഥാപിതമായി. ഉദ്ഘാടന ചടങ്ങിൽ ഗോൾവാൾക്കർ പങ്കെടുത്തു. സംഘടനക്ക് വേരുപടർത്തുന്നതിൽ ഏറ്റവും വലിയ തടസ്സം കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ഠേംഗ്ഡി ഓർമിപ്പിച്ചു. അതിനാൽ പ്രസ്ഥാനത്തെ തകർക്കാൻ വേണ്ടത് ചെയ്യാൻ ഗോൾവാൾക്കർ നിർദേശം നൽകി. ഗാന്ധി വധത്തിനു പിന്നാലെ കമ്യൂണിസ്റ്റുകൾ ആർ.എസ്.എസ് ക്യാമ്പുകളിൽ റെയ്ഡ് നടത്തി. അവരുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. ശത്രുക്കൾക്കെതിരെ ആർ.എസ്.എസും ഹിംസയുടെ മാർഗം സ്വീകരിച്ചു. തനിക്ക് പീഡനം ഏൽക്കേണ്ടിവന്നതിനെ കുറിച്ച് കവി ഒ.എൻ.വി. കുറുപ്പ് വിശദീകരിക്കുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ ഡോക്ടർ ശസ്ത്രക്രിയാ മേശയിൽ കത്രിക ഉപയോഗിക്കുന്ന ഉദാഹരണമായിരുന്നു ഹിംസ ഉപയോഗിക്കുന്നതിന് ന്യായമായി ഗോൾവാൾക്കർ അവതരിപ്പിച്ചത്. പ്രഥമ ഇ.എം.എസ് മന്ത്രിസഭക്കെതിരായ ‘വിമോചന സമര’ത്തിൽ ആർ.എസ്.എസ് വഹിച്ച പങ്ക് പലപ്പോഴും വിസ്മരിക്കപ്പെടാറാണ്.
(തുടരും)
(സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ സുഭാഷിണി അലി ‘മനുവാദി ഹിന്ദുത്വം സംസ്കാരവും ചരിത്രവും തുല്യവകാശവും പൊളിച്ചെഴുതുമ്പോൾ’ എന്ന തലക്കെട്ടിൽ നടത്തിയ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണത്തിൽ നിന്ന്)
നന്ദി:ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.