ശബരിമല ‘അയോധ്യ’യാകാതിരുന്നത്
text_fieldsദിനേശ് ബീഡി സഹകരണ സംഘം സ്ഥാപിച്ച ബീഡിത്തൊഴിലാളികളും ആർ.എസ്.എസ് ആക്രമണങ്ങൾ അനുഭവിച്ചവരാണ്. കടുത്ത ആർ.എസ്.എസ് അനുഭാവിയായ ഉടമ ഗണേഷ് ബീഡി ഫാക്ടറികളിൽ തൊഴിൽ നിഷേധിച്ചതിനെത്തുടർന്നാണ് തൊഴിലാളികൾ ചേർന്ന് ദിനേശ് ബീഡി സഹകരണ സംഘം രൂപവത്കരിച്ചത്. ദിനേശ് ബീഡി ഫാക്ടറികൾക്കുനേരെ നടന്ന ബോംബാക്രമണത്തിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു, അംഗഭംഗം നേരിട്ടു. കമ്യൂണിസ്റ്റുകളും തിരിച്ചടിച്ചു. നിരവധി പ്രവർത്തകരെ ആർ.എസ്.എസിനും നഷ്ടമായി.
1948 മുതൽ ആർ.എസ്.എസ് ക്ഷേത്ര പ്രസ്ഥാനങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഒരുവശത്ത് ഹിന്ദു സംഘാടനവും മറുവശത്ത് ന്യൂനപക്ഷത്തെ ഉന്നം വെക്കലുമായിരുന്നു രീതി. ജാതി അസമത്വങ്ങൾ ഇല്ലാതാക്കാതെ തന്നെ ‘ഹിന്ദു’ ഐക്യബോധം സൃഷ്ടിച്ചെടുക്കാൻ ഇത് അനിവാര്യമായിരുന്നു. 1948ൽ അയോധ്യയിലെ ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടുവെച്ചതും ഈ വലിയ സംഘാടനത്തിന്റെ ആരംഭമായിരുന്നു. അഞ്ചു പതിറ്റാണ്ടുകഴിഞ്ഞ് അത് ഫലം കൊയ്തു. ദക്ഷിണേന്ത്യയിൽ പക്ഷേ, ഏറ്റവും ആദ്യത്തെ നീക്കം രാജ്യത്തിന്റെ തെക്കേ മുനമ്പിൽ വിവേകാനന്ദ സ്മാരകം സ്ഥാപിക്കലായിരുന്നു. പ്രദേശത്തെ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായി എത്തിയത് ആർ.എസ്.എസും സംഘ് സംഘടനകളും പിന്തുണ വർധിപ്പിക്കാനുള്ള അവസരമാക്കിയെടുത്തു. കേരളത്തിൽ നിന്നുള്ള ആർ.എസ്.എസുകാരനായ പി.ബി. ലക്ഷ്മണനാണ് അവിടെ മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ച കുരിശ് തകർത്തത്. പല രാഷ്ട്രീയ കക്ഷികളും ഭരണകൂട മേധാവികളും ഈ സ്മാരകം സ്ഥാപിക്കുന്നതിൽ മുന്നിൽനിന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മാത്രമായിരുന്നു പ്രധാന അപവാദം. എം. കരുണാനിധി പോലും ഇവർക്കൊപ്പം നിന്നു. പൊതുജനാഭിപ്രായം എതിരാകുമ്പോൾ ഭരണഘടനാ ഉത്തരവാദിത്തം നിർവഹിക്കൽ മതേതര നേതാക്കൾക്കുപോലും എത്രമേൽ ദുഷ്കരമാണെന്ന് തെളിയിക്കുന്നതായിരുന്നു കരുണാനിധിയുടെ നിലപാട്.
കേരളത്തിൽ സ്വാധീനം സൃഷ്ടിക്കാൻ ക്ഷേത്രങ്ങളുടെ അധികാരം ഏറ്റെടുത്തും അവയെ വിവിധ പരിപാടികളുടെ ആസ്ഥാനമായി ഉപയോഗിച്ചും ഹിന്ദു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ആർ.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിച്ചു.
2023ൽ ദയാൽ പാലേരി, ആർ. സന്തോഷ് (ഐ.ഐ.ടി ചെന്നൈ) എന്നിവർ ചേർന്നെഴുതിയ ‘Elections Can Wait: The Politics of constructing a ‘Hindu atmosphere’ in Kerala, South India’ എന്ന പുസ്തകം തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ആർ.എസ്.എസ് അനുബന്ധ സംഘടനകൾ എങ്ങനെ പ്രവർത്തിച്ചുവെന്ന് വിശദമായി പറഞ്ഞുതരുന്നുണ്ട്. 1966ൽ ആദ്യ ശാഖ സ്ഥാപിച്ചായിരുന്നു തുടക്കം. തൊഴിലിടങ്ങൾ, സ്കൂളുകൾ, കൂട്ടായ്മകൾ എന്നിങ്ങനെ സാധാരണക്കാരൻ ഇടപെടുന്ന എല്ലായിടങ്ങളിലും അവർ കർമനിരതരായി. നഗരമധ്യത്തിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിനാണ് കൊടുങ്ങല്ലൂർ നഗരത്തിൽ പ്രാമുഖ്യം. എസ്.എൻ.ഡി.പിയും മറ്റു സംഘടനകളും നടത്തിയ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങൾ വഴിയാണ്, താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം വിലക്കപ്പെട്ട ക്ഷേത്രത്തിൽ അത് അനുവദിക്കപ്പെടുന്നത്. കഷ്ടതകൾക്കും ചൂഷണങ്ങൾക്കുമെതിരെ കാർഷിക സമരങ്ങൾ ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപടർത്താനിടയാക്കി. സമീപനാളുകൾ വരെ ഈ സ്വാധീനം നിലനിന്നു. അതുവഴി ഈ ക്ഷേത്രവും അതിന്റെ പരിസരങ്ങളും പൊതുജനത്തിന് തുറന്നുകിട്ടിയെന്ന് മാത്രമല്ല നിരവധി മുസ്ലിംകൾ മൂന്നു നാൾ നീണ്ട ആഘോഷത്തിൽ പങ്കാളികളാകുന്നതും തുടർന്നു. എന്നാൽ, ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടത്തിയ പ്രവർത്തനങ്ങൾ ആർ.എസ്.എസിന് കൊടുങ്ങല്ലൂരിൽ വലിയ നേട്ടങ്ങൾ നൽകി. മുസ്ലിം, ക്രൈസ്തവ സാന്നിധ്യം തടയാൻ ഇപ്പോൾ ക്ഷേത്രത്തിനുചുറ്റും മതിൽ നിർമിച്ചിട്ടുണ്ട്. ക്ഷേത്ര ആഘോഷങ്ങളിൽ ഇവരുടെ പങ്കാളിത്തവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ക്ഷേത്രഭരണം മാത്രമല്ല, പരിസരത്തെ പരിപാടികളും ഇന്ന് ആർ.എസ്.എസ് അനുഭാവികളുടെ നിയന്ത്രണത്തിലാണ്. കൊടുങ്ങല്ലൂരിൽ നേടിയെടുത്തത് സംസ്ഥാനത്തുടനീളം ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങളും തീർഥാടനവും വഴി ആവർത്തിക്കലാണ് ലക്ഷ്യം.
മുൻകാലങ്ങളിൽ എല്ലാ സമുദായത്തിൽപെട്ടവരും സന്ദർശിച്ചിരുന്ന വിശുദ്ധ ഭൂമിയായിരുന്നു ശബരിമല ക്ഷേത്രം. ഈ സ്ഥലവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും വിശ്വാസങ്ങളിലും അയ്യപ്പന്റെ മുസ്ലിം കൂട്ടാളി വാവർക്ക് സവിശേഷ സ്ഥാനവുമുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായി അദ്ദേഹത്തിന് സ്വന്തമായി ഇടവുമുണ്ട്. ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയവും തീർഥാടകർ സന്ദർശിച്ചിരുന്നു. വാവർക്ക് ഇപ്പോഴും ഇടം അകത്തുതന്നെയാണെങ്കിലും ഹിന്ദുവായി മതപരിവർത്തനം നടത്താനാണ് ശ്രമം. മാത്രമല്ല, ഇപ്പോൾ ഹിന്ദുവല്ലാത്തവർ ഇവിടെ തീർഥാടനത്തിന് എത്തുന്നത് അത്യപൂർവവും.
എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം ആകാമെന്നും വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമായ തൊട്ടുകൂടായ്മക്ക് സമമാണെന്നും 2018ലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിധി നടപ്പാക്കുമെന്ന് ഭരണത്തിലിരുന്ന എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചപ്പോൾ മറ്റു പാർട്ടികൾ ഓന്തിനെ പോലെ നിറംമാറിക്കൊണ്ടിരുന്നു. തുടക്കത്തിൽ ബി.ജെ.പിയും ആർ.എസ്.എസും വിധി സ്വാഗതം ചെയ്തു. എന്നാൽ, കേരളത്തിൽ ഇത് അവസരമാണെന്നുകണ്ട് ബി.ജെ.പിയും ആർ.എസ്.എസും ശക്തമായി വിധിക്കെതിരെ രംഗത്തെത്തി. വിഷയം ഒരു അയോധ്യ സ്റ്റൈൽ പ്രസ്ഥാനമായി വളർത്താനായിരുന്നു സംഘ് പരിവാർ താൽപര്യം. വൈകാതെ കോൺഗ്രസും സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്നു. മുസ്ലിം, ക്രൈസ്തവ സമുദായ നേതാക്കളും അവർക്കൊപ്പമായിരുന്നു.
കണ്ണൂർ സന്ദർശിക്കാനെത്തിയ അമിത് ഷാ, ‘‘അയ്യപ്പ ഭക്തരുടെ സമരം ബി.ജെ.പി ഏറ്റെടുക്കുമെന്നും ശബരിമല ക്ഷേത്രാചാരം തകർക്കാൻ ശ്രമിച്ചാൽ കേരള സർക്കാറിനെ മറിച്ചിടുമെന്നും പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചതിനാണ് സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം ഇറങ്ങുന്നതെന്ന വിരോധാഭാസവുമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകളും ഇടത്, പുരോഗമന ശക്തികളും സർവ ശക്തിയുമെടുത്ത് സാമൂഹിക നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് സമരം നടത്തി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 50 ലക്ഷം പേർ പങ്കെടുത്ത വനിത മതിൽ സംഘടിപ്പിച്ചു. ആചാരങ്ങൾക്കും മേലാണ് സുപ്രീം കോടതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ആ പ്രസ്ഥാനം കേരള ജനതക്ക് വലിയ പാഠമാണ്, ആകണം. ഇനിയും പൂർത്തിയാകാത്ത നവോത്ഥാനം മുന്നിൽവെക്കുന്ന വെല്ലുവിളികൾ അത് വ്യക്തമാക്കിത്തന്നു. ശബരിമല ഒരു അയോധ്യയാകാതിരുന്നത് കേരളത്തിന്റെ ‘വേറിട്ടുനിൽപ്പ്’ കൊണ്ടുതന്നെയായിരുന്നു.
(അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.