ജാതിച്ചങ്ങല മുറിക്കാൻ ഗാന്ധിയോടു പറഞ്ഞ സഹോദരൻ
text_fieldsജാതിമാറിഭരിച്ചാലേ ഭാരതത്തിൽ യഥാർഥ ജനായത്തം പുലരൂ എന്നു കവിതകുറിച്ച, ജാതിച്ചങ്ങലവെട്ടി ഇന്ത്യയെ സ്വതന്ത്രയാക്കാൻ ഗാന്ധിയോടു പറഞ്ഞ സഹോദരൻ അയ്യപ്പന്റെ 136ാം ജന്മവാർഷികവേളയാണിത്. കാലത്തെ കടന്നുചിന്തിക്കുകയും എഴുതുകയും ജീവിക്കുകയും ചെയ്ത ഈ വിപ്ലവകാരി നാരായണ ഗുരുവിനെ കാലികവും ഭാവിയിലേക്കുമായി വ്യാഖ്യാനിച്ച ശിഷ്യനുമായിരുന്നു.
ഗുരു ദൈവദശകമെഴുതിയപ്പോൾ അദ്ദേഹത്തിൻ പ്രേരണയിൽ സയൻസ് ദശകമെഴുതി ശാസ്ത്രത്തെയും ശാസ്ത്രീയമനോഭാവത്തെയും യുക്തിചിന്തയെയും കേരളത്തിൽ സ്ഥാപിച്ചു. ജ്ഞാനോദയചിന്തയുടെയും അറിവൊളിയുടെയും ആധുനികതയുടെയും ആധാരമാണു സഹോദരൻ എഴുത്തിലൂടെയും നിരന്തര വാങ്മയത്തിലൂടെയും കേരളമാകെയുയർത്തിയത്.
അപമാനവീകരണ ആഖ്യാനങ്ങളിലൂടെ ജാതി സമൂഹത്തിൽ മൃഗസമാനരാക്കപ്പെട്ട ബഹുജനങ്ങൾ മനുഷ്യരാകാനുള്ള മാർഗം ഗുരു കാണിച്ചു കൊടുക്കുകയും സഹോദരനതു നിറവേറ്റുകയും ചെയ്തു. ഈഴവരും ഇതരപിന്നാക്കവിഭാഗങ്ങളും മനുഷ്യരാകണമെങ്കിൽ അവർ ദലിതരായി അവരോട് സാഹോദര്യത്തിൽ വർത്തിക്കണമെന്നായിരുന്നു ഗുരുവരുളിൻകാതൽ.
ഗുരുവതു ജീവിതപ്രയോഗമാക്കി, ദലിതബാലകരുടെവിദ്യാഭ്യാസത്തിലും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ഉദ്യോഗ പ്രാതിനിധ്യത്തിലുംശ്രദ്ധിച്ചു. പ്രാതിനിധ്യമായിരുന്നു ഗുരു നയിച്ച ജനായത്തപരമായ അറിവൻപനുകമ്പയുടെ ജീവതാരകമായ അറിവൊളി. പ്രാതിനിധ്യരാഷ്ട്രീയമായി അറിവൊളിയെ വികസിപ്പിച്ചത് ഗുരുവും ഗുരുവരുളിൻപൊരുളറിഞ്ഞുപ്രവർത്തിച്ചസഹോദരനും മറ്റു ശിഷ്യന്മാരുംകൂടിയാണ്. എന്നാൽ, ഗുരുവിനെ ദൈവവത്കരിച്ചും വിഗ്രഹവത്കരിച്ചും ഹൈന്ദവീകരിച്ചും അധീശജാതി ഹിന്ദുത്വശക്തികൾ സൃഷ്ടിക്കുന്ന പൊതുബോധം ഇന്നു പിടിമുറുക്കുകയാണ്. ഗുരുവിനെയും ശിഷ്യരെയും അവരുടെ വലിയപോരാട്ടങ്ങളെയും സാഹോദര്യചിന്തയെയും മതേതര-മാനവിക-നൈതിക സമരങ്ങളെയും അട്ടിമറിക്കുകയാണ് വർഗീയശക്തികൾ.
കേരളമാധ്യമഭാഷയുടെ വിമർശബോധത്തെകരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതൽ നവബുദ്ധവാദംവരെ കേരളത്തിൽ നയിച്ച അദ്ദേഹം യുക്തിവാദി, തൊഴിലാളിപ്രസ്ഥാനത്തിനായി വേലക്കാരൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമാരംഭിച്ചു. 1945 ൽ ലോകത്തുതന്നെ ആധുനിക കാലത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം യു.എന്നിന്റെ 1948 ലെ പ്രഖ്യാപനത്തിനും മൂന്നാണ്ടുമുമ്പ് കൊച്ചിയിൽ നടത്തിയത് സഹോദരനാണെന്ന കാര്യംപോലും നമ്മുടെ പാഠപുസ്തകങ്ങളിലില്ല. അംബേദ്കറിസവുമായുള്ള കാലികസംവാദങ്ങൾ 1930കളിൽതന്നെ തുടങ്ങി. സഖാക്കളേയെന്ന സംബോധനപോലെ അംബേദ്കറെന്ന ശരണമന്ത്രത്തെ ഭാവിമന്ത്രമായി 1940കളിൽത്തന്നെ കേരളത്തിലവതരിപ്പിച്ചതും മറ്റാരുമല്ല. ഇതെല്ലാം നവദേശീയവിദ്യാഭ്യാസനയത്തിനു ബദലായി കേരളമവതരിപ്പിക്കുന്ന പുത്തൻ വിദ്യാഭ്യാസനയസമീപനരേഖകളിലുണ്ടായാലേ കേരളത്തിനു മുന്നോട്ടുപോകാനാവൂ.
(കാലടി സംസ്കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.