മത ന്യൂനപക്ഷങ്ങളും വിഭാഗീയ ദേശീയതയും
text_fieldsബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പുനഃപ്പരിശോധനക്ക് രേഖകളുമായി കാത്തുനിൽക്കുന്നു
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ പരകാല പ്രഭാകർ ചൂണ്ടിക്കാണിക്കുന്നത്, ഈ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പട്ടിക തിരുത്താൻ മാത്രമല്ല, മറിച്ച് “വോട്ട് ചെയ്യാൻ സാധിക്കുന്നവരും വോട്ട് ചെയ്യാൻ സാധിക്കാത്തവരുമായ രണ്ടു തരം പൗരരെ” സൃഷ്ടിക്കാനാണ് വഴിവെക്കുക എന്നാണ്
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ത്രിരാഷ്ട്ര പര്യടനം പൂർത്തിയായ വേളയിൽ ഇതേക്കുറിച്ച് പല നിരീക്ഷകരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. വൈവിധ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ഭാഗവത് ഹിന്ദുത്വത്തിന്റെ വ്യാപ്തി വർധിപ്പിച്ചു എന്ന് ചിലർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ, നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ മതവൈവിധ്യത്തെ ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളാൻ ഹിന്ദുത്വത്തിന് കഴിയുമോ?
ഒരു രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെ മുൻനിർത്തിയാവണം അവിടെ വൈവിധ്യങ്ങളോട് പുലർത്തുന്ന ആദരവും ജനാധിപത്യത്തിന്റെ ആരോഗ്യവും അളക്കേണ്ടത്. ആഗോള ജനാധിപത്യ സൂചികകളിൽ ഇന്ത്യ കുത്തനെ താഴേക്ക് പതിച്ചുകൊണ്ടിരിക്കെ, മതന്യൂനപക്ഷങ്ങളുടെ സ്ഥിതി എന്താണെന്നും അവർ തങ്ങളുടെ അവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നുവെന്നും നാം പരിശോധിക്കേണ്ടതുണ്ട്. ഭരണകൂട ആനുകൂല്യങ്ങളും പ്രിവിലേജുകളുമുള്ള ചുരുക്കം മുസ് ലിം നേതാക്കൾ ഉൾപ്പെടെ ചിലർ ന്യൂനപക്ഷങ്ങൾ നേരിടുന്ന ദുരവസ്ഥയെ നിഷേധിച്ചേക്കാമെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്.
ഒരു പതിറ്റാണ്ടിലേറെയായി സർക്കാർ കൈക്കൊണ്ട നടപടികളെ വിലയിരുത്തുകയാണ് ഇത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് അടുത്തിടെ ഡൽഹിയിൽ സംഘടിപ്പിച്ച യോഗം നമ്മുടെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു. അതിൽ സംബന്ധിച്ച വിവിധ പൗരാവകാശ നേതാക്കൾ വിവിധ തലങ്ങളിൽ നിന്ന് മുസ് ലിം ന്യൂനപക്ഷം നേരിടുന്ന പ്രതിസന്ധികൾ വിശദമാക്കുകയുണ്ടായി.
ബി.ജെ.പിക്ക് ലോക്സഭയിൽ 240 എം.പിമാരും രാജ്യസഭയിൽ 117 എം.പിമാരുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അവർക്ക് ഏകദേശം 1516 എം.എൽ.എമാരുമുണ്ട് (ആകെ 1873 ജനപ്രതിനിധികൾ). ഇതിൽ ത്രിപുരയിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ള ഓരോരുത്തർ വീതമായി ആകെ രണ്ടേ രണ്ടുപേർ മാത്രമാണ് മുസ് ലിം സമുദായത്തിൽ നിന്നുള്ളത്.
മുസ് ലിംകളെ പൈശാചികവൽക്കരിക്കുന്ന പൊതുബോധം മുമ്പെങ്ങുമില്ലാത്ത വിധം അപകടകരമായ തലത്തിലെത്തിയിരിക്കുന്നു. ഡൽഹിയിൽ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണം ഇതിനൊരു ഉദാഹരണമാണ്. ഷഹീനും നഫീസയും മുസ് ലിംകളാണെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥൻ മർദനത്തിന്റെ തീവ്രത കൂട്ടുകയാണ് ചെയ്തത്. ഈ സമൂഹത്തെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഇരകളാക്കി മാറ്റുക എന്നതിലുപരി, അവരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കുപ്രസിദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ ശഹീൻ ബാഗ് മാതൃകയിൽ രാജ്യമൊട്ടാകെ മുസ് ലിം വനിതകൾ നടത്തിയ അസാധാരണ ചെറുത്തുനിൽപ്പിന്റെ ഫലമായി ആ പ്രക്രിയകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടിരുന്നു.
എന്നാൽ, അതിനിടയിലാണ് വോട്ടർപട്ടികയിൽ നിന്ന് ആളുകളെ വെട്ടിമാറ്റുന്നതിനായി രാജ്യത്ത് ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) അടിച്ചേൽപ്പിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ, പ്രത്യേകിച്ച് മുസ് ലിംകളെയും ദലിതരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമെന്താണെന്ന് വ്യക്തമാവാൻ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുഫലം മാത്രം പരിശോധിച്ചാൽ മതിയാവും; അവിടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ വോട്ടർപട്ടിക പുതുക്കലിൽ 27 ലക്ഷത്തിലധികം വോട്ടർമാരാണ് പുറന്തള്ളപ്പെട്ടത്.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ പരകാല പ്രഭാകർ ചൂണ്ടിക്കാണിക്കുന്നത്, ഈ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പട്ടിക തിരുത്താൻ മാത്രമല്ല, മറിച്ച് “വോട്ട് ചെയ്യാൻ സാധിക്കുന്നവരും വോട്ട് ചെയ്യാൻ സാധിക്കാത്തവരുമായ രണ്ട് തരം പൗരരെ” സൃഷ്ടിക്കാനാണ് വഴിവെക്കുക എന്നാണ്. “നിലവിൽ ഏകദേശം 16 കോടിയോളം ജനങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. യഥാർഥത്തിൽ രാജ്യത്തെ ചില ജനവിഭാഗങ്ങളെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറന്തള്ളുകയാണ് എസ്.ഐ.ആർ ചെയ്യുന്നത്,” അദ്ദേഹം വ്യക്തമാക്കുന്നു.
നിയമനടപടികൾ പാലിക്കാതെയുള്ള ബുൾഡോസർ രാജിനെ സുപ്രീംകോടതി ആവർത്തിച്ച് വിലക്കുമ്പോഴും, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അതിനെ ഭരണനേട്ടത്തിന്റെ അഭിമാനചിഹ്നമായാണ് ഉയർത്തിക്കാട്ടിയത്. ഇതിനുപുറമെയാണ് മണ്ഡല പുനർനിർണയ ഭീഷണി; ബി.ജെ.പിക്ക് വ്യക്തമായ ആധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ സംഘ്പരിവാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ മതസ്വാതന്ത്ര്യം എന്നത് അലങ്കാരവാക്കായി മാറിക്കഴിഞ്ഞു. ഒന്നിനുപുറകെ ഒന്നായി സംസ്ഥാനങ്ങൾ കൊണ്ടുവന്ന “മതസ്വാതന്ത്ര്യ നിയമങ്ങൾ” യഥാർഥത്തിൽ അർഥമാക്കുന്നത് മറ്റ് മതങ്ങളിലേക്കുള്ള പരിവർത്തനം തടയലും ഈ കാരണം പറഞ്ഞ് ന്യൂനപക്ഷങ്ങൾക്ക് മേൽ കടന്നുകയറലുമാണ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സംഘപരിവാർ സംഘടനകൾ വ്യാപകമായി ‘ഘർ വാപസി’ നടത്തി ആദിവാസികളെയും ദലിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഇതിലൂടെ ഹൈന്ദവവൽക്കരിക്കാൻ ശ്രമിക്കുന്നു.
മതസ്വാതന്ത്ര്യ നിരീക്ഷകർ ഇന്ത്യയെ ആശങ്കയുള്ള രാജ്യം എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ന്യൂനപക്ഷങ്ങൾക്കെതിരെ ഭരണകൂട ഒത്താശയോടെയുള്ള അക്രമങ്ങളും പ്രകോപനങ്ങളും പതിവായി നടക്കുന്നുണ്ടെന്നും സ്വതന്ത്ര യു.എസ് ഫെഡറൽ ബോഡിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുകയുണ്ടായി.
കോളമിസ്റ്റ് തവ്ലീൻ സിംഗ് ഇന്ത്യൻ എക്സ്പ്രസിൽ എഴുതി: “തീവ്ര ഹിന്ദുത്വവാദികളിൽ ചിലർ ചർച്ചുകളിലേക്ക് ഇരച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും പ്രാർഥനാ ശുശ്രൂഷകൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഈ ‘നേട്ടങ്ങളുടെ’ വിഡിയോകൾ അവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ജബൽപൂരിലെ ഒരു ചർച്ചിൽ ബി.ജെ.പി ജനപ്രതിനിധി കയറിച്ചെന്ന് കാഴ്ചയില്ലാത്ത ഒരു സ്ത്രീയോട് തട്ടിക്കയറുന്നതും, അവർ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആക്രോശിക്കുന്നതും ഞാൻ കണ്ടു... ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ നൂറോളം ശ്രമങ്ങളാണുണ്ടായത്; അവയെല്ലാം സംഭവിച്ചത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ആരും ശിക്ഷിക്കപ്പെട്ടില്ല, ഒരു മുഖ്യമന്ത്രിയും ഈ അക്രമങ്ങളെ പരസ്യമായി അപലപിച്ചതുമില്ല.”
മറ്റ് പല സംസ്ഥാനങ്ങളെയും പോലെ മഹാരാഷ്ട്രയിലും മതപരിവർത്തന നിരോധന നിയമം കർശനമാക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഉള്ള മതപരിവർത്തനത്തിനെതിരെ നടപടിയെടുക്കാനെന്ന പേരിലാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്. മറ്റൊരു മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും 60 ദിവസം മുമ്പ് അധികാരികളെ അറിയിക്കണം. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ സഭാ ഭാരവാഹികൾക്കോ വ്യക്തികൾക്കോ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന, സ്വന്തം വിശ്വാസം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ഹനിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണിതെന്ന് ചൂണ്ടിക്കാട്ടി നിയമം പിൻവലിക്കണമെന്ന് വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, പ്രാർഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവരിൽ നിന്ന് സമ്മതപത്രം വാങ്ങാൻ വരെ മുംബൈ മേഖലയിലെ പള്ളികൾ നിർബന്ധിതരാവുന്ന അവസ്ഥയുണ്ടായി.
പ്രാർഥനായോഗങ്ങൾ ആക്രമിക്കപ്പെടുന്നതിന് പുറമെ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി വിദേശ ഫണ്ടിങ്ങിന്റേതാണ്. മിഷനറി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള രീതിയിലാണ് പുതിയ എഫ്.സി.ആർ.എ ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എസ് മേധാവി ഉപയോഗിച്ച ‘വൈവിധ്യം’ എന്ന അലങ്കാര വാക്കിന്റെ യാഥാർഥ്യം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇതെല്ലാമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

