ശ്രീനാരായണ ഗുരു: ജാതിസ്വത്വത്തിൽനിന്ന് മാനവസ്വത്വത്തിലേക്ക്
text_fieldsകേരളീയ സാമൂഹിക രൂപവത്കരണത്തെയും ആധുനികതയെയും കുറിച്ചുള്ള വായനകളിൽ ശ്രീനാരായണ ഗുരു പലപ്പോഴും ഒരു ആത്മീയഗുരുവായോ അല്ലെങ്കിൽ ഒരു പ്രത്യേക സാമുദായിക വിപ്ലവത്തിന്റെ ആചാര്യനായോ മാത്രമാണ് അടയാളപ്പെടുത്തപ്പെടാറുള്ളത്. എന്നാൽ പരമ്പരാഗത വായനകൾക്കപ്പുറം, ഗുരുവിനെ ഒരു സാമൂഹിക തത്ത്വചിന്തകനായും ആധുനിക പൗരത്വബോധത്തിന്റെ തത്ത്വശാസ്ത്രജ്ഞനായും വായിക്കേണ്ടതുണ്ട്.
ജാതി ഒരാളുടെ ജനനംകൊണ്ട് അയാളുടെ സാമൂഹികസ്ഥാനം, പദവി, തൊഴിൽ, വിദ്യാഭ്യാസം, ആരാധന, ഭക്ഷണം, വാസസ്ഥലം, ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും നിർവചിച്ചിരുന്ന കാലത്താണ് ഗുരു ജീവിച്ചത്. ഈ നികൃഷ്ട സവർണബോധത്തെയാണ് ഗുരു മതചിഹ്നങ്ങളെത്തന്നെ ആയുധമാക്കി തിരുത്തിക്കുറിച്ചത്. മനുഷ്യർ ആദ്യം മനുഷ്യരാണെന്നും അന്തസ്സാണ് അവരുടെ സത്വത്തെ നിർവചിക്കുന്നത് എന്നും ജാതി അതിനുമേൽ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ സാമൂഹിക അടയാളം മാത്രമാണെന്നും അദ്ദേഹം ജീവിതംകൊണ്ട് പ്രഖ്യാപിച്ചു.
ആചാരങ്ങൾ, ദൈവസങ്കല്പങ്ങൾ, സംസ്കൃതഭാഷ തുടങ്ങിയ ബ്രാഹ്മണിക് അധീശത്വം സ്വന്തമാക്കി വെച്ചിരുന്ന പ്രതീകങ്ങളെത്തന്നെ സ്വാംശീകരിച്ചുകൊണ്ട് ആ സർവാധിപത്യത്തെ അകത്തുനിന്ന് തകർത്ത തികച്ചും വിപ്ലവാത്മകമായ ഒരു പ്രതിരോധതന്ത്രമായിരുന്നു ഗുരു അവലംബിച്ചത്. അദ്വൈതവേദാന്തത്തെ ആകാശത്തുനിന്ന് മണ്ണിലേക്കിറക്കി, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യന്റെ അന്തസ്സുറ്റ സ്വത്വബോധം വീണ്ടെടുക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റി എന്നതാണ് ഗുരുവിന്റെ ഏറ്റവും വലിയ മൗലികത.
ക്ഷേത്രപ്രവേശനവും പൗരത്വരാഷ്ട്രീയവും
ഗുരുവിനെ സംബന്ധിച്ചിടത്തോളം 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയോ തുടർന്നുള്ള ക്ഷേത്രപ്രവേശന മുന്നേറ്റങ്ങളോ കേവലം ആചാരപരമോ മതപരമോ ആയ വിഷയമായിരുന്നില്ല. പൊതുഇടങ്ങളിലേക്ക് പ്രവേശനമില്ലാതിരുന്ന, വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനവിഭാഗത്തിനുമേൽ അക്കാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട സവർണാധീശത്വത്തെയും അസമത്വത്തെയും അട്ടിമറിക്കാനുള്ള പ്രതിരോധതന്ത്രമായിരുന്നു അത്.
സവർണനുമാത്രം അവകാശപ്പെട്ട ദൈവത്തെയും പ്രതിഷ്ഠാധികാരത്തെയും കീഴാളജനതയ്ക്ക് മുന്നിൽ പുനർനിർമിക്കുക വഴി ഗുരു ഉന്നയിച്ചത് മതപരമായ അവകാശത്തേക്കാളേറെ പൗരത്വത്തിന്റെയും പൗരസമത്വത്തിന്റെയും രാഷ്ട്രീയമായിരുന്നു. ‘‘നാം നമ്മുടെ ഈഴവശിവനെയാണ് (ബ്രാഹ്മണശിവനല്ല) പ്രതിഷ്ഠിച്ചത്’’ എന്ന് പ്രഖ്യാപിച്ചപ്പോൾ, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് പൊതുസമൂഹത്തിലേക്കും പൊതുഇടങ്ങളിലേക്കുമുള്ള വാതിലുകളാണ് തുറക്കപ്പെട്ടത്.ആരാധനാസ്വാതന്ത്ര്യത്തിനപ്പുറം പൊതുവഴികൾ, വിദ്യാലയങ്ങൾ, ഭരണസംവിധാനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള ആദ്യത്തെ രാഷ്ട്രീയ ചുവടുവെപ്പായിരുന്നു ഇത്. ദൈവത്തിനു മുന്നിലെ സമത്വം എന്നത് പിന്നീട് സമൂഹത്തിനും ഭരണകൂടത്തിനും മുന്നിലെ സമത്വമെന്ന രാഷ്ട്രീയപൗരത്വ ആശയത്തിലേക്ക് വികസിക്കുകയാണുണ്ടായത്.
അറിവ്, സ്വാശ്രയത്വം, സംഘബോധം
വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപാധി മാത്രമായിരുന്നില്ല ഗുരുവിന്. ‘‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’’ എന്ന ആഹ്വാനം മനുഷ്യന്റെ ആത്മബോധത്തെയും മാനവമോചനത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയിൽനിന്ന് ഉയർന്നുവന്നതാണ്. ജാതിവ്യവസ്ഥ സൃഷ്ടിച്ച വ്യാജബോധത്തിൽനിന്ന് സ്വയം മോചിതരാകാനും സ്വന്തം കർതൃത്വത്തെ തിരിച്ചറിയാനുമുള്ള ഉപകരണമായിരുന്നു അദ്ദേഹത്തിന് അറിവ്. ആത്മീയവും വിജ്ഞാനപരവുമായ പ്രബുദ്ധതയ്ക്കൊപ്പംതന്നെ ഭൗതികവും സാമ്പത്തികവുമായ പുരോഗതിയും ആധുനികപൗരത്വത്തിന് അത്യന്താപേക്ഷിതമാണെന്ന് ഗുരു തിരിച്ചറിഞ്ഞു. ‘‘സംഘടനകൊണ്ട് ശക്തരാവുക’’, ‘‘വ്യവസായംകൊണ്ട് അഭിവൃദ്ധി പ്രാപിക്കുക’’ എന്നീ ആഹ്വാനങ്ങൾ ഈ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ജാതിവ്യവസ്ഥയുടെ ഇരുമ്പുമറകളെ തകർത്തെറിയാൻ അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിൽ ഒരു ‘സംഘബോധം’ ആർജിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വ്യക്തിഗതമായ മുന്നേറ്റങ്ങൾക്കപ്പുറം, അടിച്ചമർത്തപ്പെട്ടവരുടെ സംഘടിതമായ ഈ സ്വത്വബോധീകരണത്തിലൂടെ മാത്രമേ ഘടനാപരമായ ജാതീയതയുടെ ചൂഷണങ്ങളിൽനിന്നും അടിച്ചമർത്തലുകളിൽനിന്നും ശാശ്വതമായ മോചനവും സാമൂഹികപ്രാതിനിധ്യവും സാധ്യമാകൂ എന്ന് ഗുരു നിഷ്കർഷിച്ചു.
സാമ്പത്തികസ്വയംപര്യാപ്തതയും സാമൂഹികസംഘാടനവുമില്ലാതെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പൗരാവകാശങ്ങൾ പൂർണമായി അനുഭവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ക്ഷേത്രങ്ങളേക്കാൾ പ്രധാനം വിദ്യാലയങ്ങളും വായനശാലകളുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ, മതപരമായ ഇടങ്ങളിൽനിന്ന് വിജ്ഞാനത്തിന്റെയും യുക്തിയുടെയും മതേതര ഇടങ്ങളിലേക്ക് ഗുരു പൊതുസമൂഹത്തെ നയിച്ചു. അധഃസ്ഥിതരുടെ ബോധമണ്ഡലത്തെയും സാമൂഹികഘടനയെയും ഒരേസമയം പുനർനിർമിച്ച ഈ വിപ്ലവാത്മകസമീപനം കണക്കിലെടുക്കുമ്പോൾ, പിൽക്കാലത്ത് ഇന്ത്യയിൽ ജാതിവ്യവസ്ഥയ്ക്കെതിരെ വിപ്ലവം സൃഷ്ടിച്ച ബാബാസാഹെബ് അംബേദ്കറുടെ ആശയപരമായ മുൻഗാമിയായിരുന്നു ശ്രീനാരായണ ഗുരു എന്ന് നിസ്സംശയം വിലയിരുത്താം.
അംബേദ്കറും ഗുരുവും മനുഷ്യന്റെ അന്തസ്സിനുവേണ്ടിയാണ് പോരാടിയതെങ്കിലും അവരുടെ രീതിശാസ്ത്രങ്ങൾ വ്യത്യസ്തമായിരുന്നു. അംബേദ്കർ ജാതിവ്യവസ്ഥയെ തകർക്കാൻ നിർദാക്ഷിണ്യമുള്ള വിമർശനവും ഒടുവിൽ മതപരിവർത്തനത്തിന്റെ രാഷ്ട്രീയപാതയും സ്വീകരിച്ചപ്പോൾ, ഹൈന്ദവദർശനങ്ങളുടെ അദ്വൈതധാരയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ജാതിയെ വ്യാകരണപരമായും തത്ത്വചിന്താപരമായും റദ്ദ് ചെയ്യുകയാണ് ഗുരു ചെയ്തത്. ‘‘ജാതി ചോദിക്കരുത്, പറയരുത്’’ എന്ന് പറയുമ്പോൾ, ജാതി എന്ന നിർമിതിക്ക് യാതൊരു ശാസ്ത്രീയമോ തത്ത്വചിന്താപരമോ ആയ അടിത്തറയില്ലെന്ന് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിലെയും ഇന്ത്യയിലെയും ദലിത്-ബഹുജൻ രാഷ്ട്രീയത്തിന് ഗുരുവിന്റെ ദർശനങ്ങൾ നൽകിയ വലിയൊരു ഊർജമുണ്ട്.
ഭരണഘടനാപരമായ ബഹുസ്വരതയും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയവും വലിയ വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത്, സാംസ്കാരികവും ഏകീകൃതവുമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്താഗതികൾ വർധിച്ചുവരുന്നത് കാണാം. ഒരു പ്രത്യേക മതത്തിനോ സംസ്കാരത്തിനോ പ്രാമുഖ്യം ലഭിക്കുമ്പോൾ, അത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യപൗരത്വത്തിനും വിഭിന്ന സമൂഹങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിനും ഭീഷണി ഉയർത്തുന്നു. ഇവിടെയാണ് ഗുരുദർശനം ഒരു പ്രതിരോധവും വെളിച്ചവുമാകുന്നത്.
ആധുനികതയുടെ ആഗമനത്തോടെ ഇന്ത്യയിൽ രൂപപ്പെട്ട പൗരത്വവും അന്തസ്സും കേവലം നിയമപരമായ അവകാശങ്ങൾ മാത്രമല്ല, മറിച്ച് നാം നേടിയെടുത്ത ആത്മാഭിമാനത്തിന്റെ ഫലമാണ് എന്ന് ഗുരു നമ്മെ ഓർമിപ്പിക്കുന്നു. ഗുരു വിഭാവനം ചെയ്ത ആത്മാഭിമാനത്തിലും ബഹുസ്വരതയിലും ഊന്നിയ ആധുനികതയെ വീണ്ടെടുക്കുക എന്നതാണ് വർത്തമാനകാലത്ത് നാം നിർവഹിക്കേണ്ട ഏറ്റവും വലിയ സാമുദായിക-രാഷ്ട്രീയദൗത്യം. ആത്മീയതയെ സാമൂഹികവിമോചനത്തിന്റെ ആയുധമാക്കിയ ആ മഹാചാര്യന്റെ ദർശനങ്ങൾ പിന്തുടരുകവഴി മാത്രമേ ജാതിരഹിതവും സമത്വപൂർണവുമായ ഒരു നവകേരളത്തെയും ഭാരതത്തെയും പുനർനിർമിക്കാൻ നമുക്ക് സാധിക്കൂ.
(ലേഖകൻ കേരള സർവകലാശാല സോഷ്യോളജി വിഭാഗം മുൻ മേധാവിയും പ്രഫസറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

