ഉന്നത കലാലയങ്ങളിലെ തൂക്കുകയറുകള്‍
text_fields
“അവർ എന്റെ കരിയർ നശിപ്പിച്ചു. ഇനി എനിക്കിത് താങ്ങാനാവില്ല. അവർ പണത്തിന് വേണ്ടി കുട്ടികളെ പീഡിപ്പിക്കുന്നു. പണം അടച്ചാല്‍ നിങ്ങള്‍ പാസ് ആവും, അല്ലെങ്കില്‍ അവർ നിങ്ങളുടെ രക്തം വറ്റിക്കും. എനിക്ക് മതിയായിരിക്കുന്നു”. ഈയിടെ ഉദയ്പൂരിൽ ജീവനൊടുക്കിയ ശ്വേത എന്ന മെഡിക്കല്‍ വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. വിദ്യാർഥി ജീവിതങ്ങള്‍ അനുഭവിക്കുന്ന...
“അവർ എന്റെ കരിയർ നശിപ്പിച്ചു. ഇനി എനിക്കിത് താങ്ങാനാവില്ല. അവർ പണത്തിന് വേണ്ടി കുട്ടികളെ പീഡിപ്പിക്കുന്നു. പണം അടച്ചാല്‍ നിങ്ങള്‍ പാസ് ആവും, അല്ലെങ്കില്‍ അവർ നിങ്ങളുടെ രക്തം വറ്റിക്കും. എനിക്ക് മതിയായിരിക്കുന്നു”. ഈയിടെ ഉദയ്പൂരിൽ ജീവനൊടുക്കിയ ശ്വേത എന്ന മെഡിക്കല്‍ വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്.
വിദ്യാർഥി ജീവിതങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളുടെ പ്രതീകമാണ് ഈ കത്തും ആത്മഹത്യയും. ഇതാദ്യത്തേതല്ല, അവസാനത്തേതാകണമെന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യാമെന്ന് മാത്രം.
സ്ഥാപനവത്കൃത കൊലപാതകങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലുമാണ് വിദ്യാർഥി ആത്മഹത്യകൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേന്ദ്ര ഗവണ്മെന്റ് കണക്ക് പ്രകാരം 2018നുശേഷം നൂറിലധികം വിദ്യാർഥികളാണ് സർക്കാർ സ്ഥാപനങ്ങളില്‍ മാത്രം ആത്മഹത്യ ചെയ്തത്. അതില്‍ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, ഐ.ഐ.എസ്.ഇ.ആർ, ഐ.ഐ.ഐ.ടി, കേന്ദ്ര സർവകലാശാലകള്‍, എയിംസ് എന്നിവ ഉൾപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാനും ആത്മഹത്യാ പ്രവണത കുറക്കാനുമുള്ള നടപടികള്‍ വിജയിക്കുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്. ഉന്നത കലാലയങ്ങളിലെ ജാതിവിവേചനവും പണക്കൊഴുപ്പും ഇതിന്റെ മുഖ്യ കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. ശ്വേത എന്ന പെണ്‍കുട്ടി ആരോപിച്ചതുപോലെ മാർക്ക് നല്‍കുന്നതിലെ വിവേചനവും സ്കോളർഷിപ്പുകള്‍ വൈകിപ്പിക്കുന്നതും മറ്റുള്ളവരുടെ മുന്നില്‍വെച്ച് അധിക്ഷേപിക്കുന്നതും അസഭ്യവും ലൈംഗിക പീഡനങ്ങളുമൊക്കെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.
ഇവ ഒരർഥത്തിൽ സ്ഥാപനവത്കൃത കൊലപാതകങ്ങളാണ്. പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ആസ്ഥാനം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തുമാത്രം ഓരോ വർഷവും ഇരുപതിലധികം പേർ ആത്മഹത്യ ചെയ്യുന്നു.
2006ല്‍ എയിംസിലെ ദലിത് വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുഖ്ദേവ് തൊറാട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് മാനസികമായും പഠനപരമായും ദലിത് വിദ്യാർഥികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദശകത്തിനുശേഷവും ഇതേ പ്രശ്നങ്ങള്‍ ആവർത്തിക്കപ്പെടുന്നു എന്നത് വ്യവസ്ഥിതിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്.
ഉന്നത ജാതിയില്‍പെട്ടവർക്ക് ഇന്റേണല്‍ പരീക്ഷകളിലും വൈവകളിലും മികച്ച മാർക്ക് ലഭിക്കുകയും ക്ലാസുകളില്‍ പരിഗണന ലഭിക്കുകയും ചെയ്യുമ്പോള്‍ ദലിത്-പിന്നാക്ക വിദ്യാർഥികള്‍ അധിക സമയം കഷ്ടപ്പെട്ടാണ് കോഴ്സുകള്‍ വിജയകരമായി പൂർത്തീകരിക്കുന്നത്.
യാഥാർഥ്യമാവാത്ത രോഹിത് ആക്ട്
2016ല്‍ ഹൈദരാബാദ് യൂനിവേഴ്സിറ്റി വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് നിരവധി പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. വിദ്യാർഥികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളും അത് പരിഹരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും പലകുറി ചർച്ച ചെയ്യപ്പെട്ടെങ്കിലും ഒന്നും ഫലവത്തായില്ല. രോഹിത്തിന്റെ മരണശേഷം ദലിത് വിദ്യാർഥികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി രോഹിത് ആക്ട് കൊണ്ടു വരണമെന്ന് ആവശ്യമുയർന്നെങ്കിലും അത് യാഥാർഥ്യമായില്ല.
കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനായി രോഹിത് വെമുല ബില്‍ വിഭാവനം ചെയ്യുന്നുണ്ട്. തടവുശിക്ഷക്കും പിഴക്കും പുറമെ ജാതി വിവേചനം നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് സർക്കാർ സഹായം വെട്ടിക്കുറക്കാനുള്ള നിർദേശവും ഈ ബില്ലിലുണ്ട്.
ശ്വേതയുടെ ആത്മഹത്യാ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുകള്‍ കൃത്യമായി പരാമർശിക്കപ്പെട്ടത് താല്‍ക്കാലികമായെങ്കിലും അവർക്കെതിരെ നടപടിയെടുക്കുന്നതിലേക്ക് നയിച്ചു. പക്ഷേ, മിക്ക കേസുകളിലും ആത്മഹത്യക്ക് കാരണക്കാരായവർ യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുകയാണ് പതിവ്.
ശ്വേതയുടെ മരണത്തെ തുടർന്ന് വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും പരാതികള്‍ ലഭിക്കുമ്പോള്‍ നടപടിയെടുക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്താല്‍ ആത്മഹത്യകള്‍ തടയാന്‍ കഴിയും. മാനസികാരോഗ്യം വർധിപ്പിക്കാനുള്ള ബോധവത്കരണ ക്ലാസുകളും പ്രയാസം നേരിടുന്നവർക്കുള്ള കൗണ്‍സലിങ്ങും പതിവായി സംഘടിപ്പിക്കുകയും വേണം.
ഉന്നത കലാലയങ്ങളിലെ ആത്മഹത്യകളുടെ കാരണങ്ങള്‍ അകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്നവയാണ്. അതില്‍ കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടതും കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങളുണ്ട്. മാനസിക-സാമൂഹിക-സാമ്പത്തിക-അക്കാദമിക പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം സാധ്യമാണ് എന്ന ബോധ്യമാണ് ഓരോ വിദ്യാർഥിയും ആദ്യമായി ഉള്‍ക്കൊള്ളേണ്ടത്. ആത്മഹത്യകളില്‍ അവസാനിച്ചു പോവുന്ന നിരവധി ജീവിതങ്ങള്‍ ഉറ്റവർക്ക് വറ്റാത്ത കണ്ണുനീർ സമ്മാനിക്കുന്നതിനപ്പുറം ഒരു സ്വാധീനവും ഉണ്ടാക്കാറില്ല.
മത്സര പരീക്ഷകളുടെ ലോകത്ത് പരാജയപ്പെടുന്നവർക്ക് ഇടമില്ലെന്ന തെറ്റിദ്ധാരണ വിദ്യാർഥി മനസ്സുകളില്‍ ഇളം പ്രായത്തില്‍ തന്നെ ചേക്കേറുന്നതും അത്തരം പരാജയങ്ങളില്‍ സാന്ത്വന സ്പർശമേകാന്‍ മാതാപിതാക്കളും ബന്ധുക്കളുംപോലും മടികാണിക്കുന്നതുമാണ് പല ആത്മഹത്യകളുടെയും പ്രേരകം. വിദൂര പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനും കോച്ചിങ്ങിനും പോവുന്ന മക്കളെ ദിവസേന വിളിക്കുകയും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും എന്നും കൂടെയുണ്ടെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്.
കാരണം അടച്ചിട്ട മുറിയിലും ലാബിലും ലൈബ്രറിയിലും മണിക്കൂറുകളോളം സമയം ചെലവിടുന്ന വിദ്യാർഥികള്‍ പഠനത്തിന്റെ അമിതഭാരം കാരണം സാമൂഹികവത്കരണത്തിന്റെ പൊതു ഇടങ്ങളില്‍നിന്ന് അകന്നു പോവുന്നത് സാധാരണമാണ്. നല്ല സുഹൃദ് വലയവും ചേർത്തുപിടിക്കാന്‍ കുറച്ച് കരങ്ങളും ഉണ്ടാവുന്നത് ആത്മഹത്യകളെ വലിയ അളവുവരെ തടഞ്ഞുനിർത്തും. അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിലും വീടകങ്ങളിലാണെങ്കിലും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.