സെപ്റ്റംബർ-5 അധ്യാപക ദിനം; പുതിയകാലത്തെ അധ്യാപനം അറിവിൽനിന്ന് ജീവിതബോധത്തിലേക്ക്
text_fieldsഇന്ന് അറിവുനേടാൻ അധ്യാപകരെ മാത്രം ആശ്രയിക്കേണ്ട കാലമല്ല; അറിവ് വിരൽത്തുമ്പിൽ തന്നെയുണ്ട്. ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏതു കോണിൽനിന്നുമുള്ള വിവരങ്ങളും ഞൊടിയിടയിൽ കണ്ടെത്താം. എന്നാൽ വിവരങ്ങൾ ലഭ്യമായതുകൊണ്ടുമാത്രം ആരും അറിവുള്ളവരാകുന്നില്ല. അതുകൊണ്ടുതന്നെ കേവലം വിവരങ്ങൾ പങ്കുവെക്കുന്നവരായി മാത്രം അധ്യാപകർക്ക് തുടരാനാകില്ല. വിവരങ്ങളെ യഥാർഥ ജീവിതബോധമാക്കി മാറ്റാൻ ആഴത്തിലുള്ള മാനുഷിക ഇടപെടൽ അനിവാര്യമാണ്. പാഠപുസ്തകങ്ങൾക്കപ്പുറം ഒരു തലമുറയുടെ ചിന്തകളെയും വീക്ഷണങ്ങളെയും രൂപപ്പെടുത്തുകയെന്ന വലിയ ദൗത്യമാണ് ഇന്നത്തെ അധ്യാപകർക്ക് നിർവഹിക്കാനുളളത്.
പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വായത്തമാക്കാനും ആശയവിനിമയം നടത്താനും ഇന്നത്തെ കുട്ടികൾക്ക് അനായാസം സാധിക്കുന്നുണ്ട്. എന്നാൽ സാങ്കേതികവൈദഗ്ധ്യത്തിനൊപ്പം അവരെ ആരോഗ്യകരമായ സാമൂഹികജീവിതത്തിനായി പ്രാപ്തരാക്കേണ്ടതുണ്ട്. മികച്ച മാർക്കും സാങ്കേതികമികവും നേടിയാലും പരസ്പരബഹുമാനത്തോടെ സംസാരിക്കാനോ ഔചിത്യത്തോടെ പെരുമാറാനോ മറ്റൊരാളുടെ വേദന മനസ്സിലാക്കാനോ കഴിയുന്നില്ലെങ്കിൽ ആ വിദ്യാഭ്യാസം അപൂർണമാണ്. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും പരസ്പരം വേദനിപ്പിക്കാതെ സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും പൊതുസ്ഥലങ്ങളിൽ പക്വതയോടെ പെരുമാറാനും കുട്ടികൾക്ക് കഴിയണം. പരമ്പരാഗതമായ അച്ചടക്കശിക്ഷണത്തേക്കാളുപരി അറിവിനൊപ്പം ഔചിത്യവും കഴിവിനൊപ്പം ഉത്തരവാദിത്തവും സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹികബോധവും വളർത്തിയെടുക്കുകയാണ് അധ്യാപകരുടെ ധർമം.
വേഗതയേറിയ ആധുനികജീവിതം കുട്ടികളിൽ കാത്തിരിക്കാനുള്ള ക്ഷമ കുറച്ചിട്ടുണ്ട്. പഠനത്തിലും സൗഹൃദങ്ങളിലും ബന്ധങ്ങളിലുംപോലും ഈ അക്ഷമ പ്രകടമാണ്. അഭിപ്രായവ്യത്യാസമുണ്ടായാൽ സംസാരിച്ച് പരിഹരിക്കുന്നതിനേക്കാൾ ബന്ധം ഉപേക്ഷിക്കുകയാണ് പലർക്കും എളുപ്പം. എല്ലാ ചോദ്യങ്ങൾക്കും ഉടനടി ഉത്തരം ലഭിക്കണമെന്നില്ലെന്നും വിയോജിപ്പുകൾ ശത്രുതയാകേണ്ടതില്ലെന്നും ചില കാര്യങ്ങൾക്ക് സമയം ആവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ക്ഷമയോടെ കേൾക്കാനും ചിന്തിക്കാനും തെറ്റുകൾ തിരുത്തി വീണ്ടും പരിശ്രമിക്കാനും പഠിപ്പിക്കുന്നതിലൂടെയാണ് അധ്യാപനം സാർഥകമാകുന്നത്.
എ.ഐ. കാലത്തെ അധ്യാപകർ
നിർമിതബുദ്ധി (എ.ഐ.) വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. വിഷയങ്ങൾ വിശദീകരിക്കാനും ലേഖനങ്ങൾ തയാറാക്കാനും സാങ്കേതികവിദ്യ കുട്ടികളെ സഹായിക്കുന്നുണ്ട്. എന്നാൽ എ.ഐ. നൽകുന്ന വിവരങ്ങൾ എത്രത്തോളം വസ്തുതാപരമാണെന്ന് പരിശോധിക്കാനും സ്വന്തം ചിന്താശേഷിക്ക് പകരം യന്ത്രങ്ങളുടെ ഉത്തരങ്ങളെ പരിപൂർണമായി ആശ്രയിക്കാതിരിക്കാനും കുട്ടികളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്കുണ്ട്. ഒരു യന്ത്രത്തിനും നൽകാനാവാത്ത ആർദ്രമായ മനുഷ്യബന്ധമാണ് അധ്യാപകരുടേത്. ഒരു കുട്ടിയുടെ മൗനത്തിനുപിന്നിലെ കാരണങ്ങൾ തിരിച്ചറിയാനും പരാജയപ്പെടുമ്പോൾ ഉപദേശങ്ങൾക്ക് പകരം പ്രോത്സാഹനവും പ്രചോദനവും നൽകാനും മനുഷ്യത്വമുള്ള അധ്യാപകർക്കേ സാധിക്കൂ. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ വളരുന്തോറും അധ്യാപനം കൂടുതൽ മാനുഷികവും അർഥപൂർണവുമായേ മതിയാവൂ.
വിദ്യാഭ്യാസത്തിലെ തുല്യതയും നീതിയും
ഒരു ക്ലാസ് മുറിയിലെത്തുന്ന എല്ലാ കുട്ടികളുടെയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങൾ ഒന്നല്ല. വീട്ടിൽ മികച്ച പഠനാന്തരീക്ഷമുള്ളവരും കടുത്ത ജീവിതസാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. അതിനാൽ എല്ലാവർക്കും ഒരേ അളവുകോൽ നിശ്ചയിക്കുന്നതല്ല യഥാർഥ നീതി; മറിച്ച് കൂടുതൽ പിന്തുണ ആവശ്യമായവരെ തിരിച്ചറിഞ്ഞ് സഹായിക്കുന്നതിലാണ് നീതിയുള്ളത്. ഒരു കുട്ടിയുടെ പിന്നാക്കാവസ്ഥയെ കഴിവുകേടായി കാണാതെ അതിനുപിന്നിലെ ജീവിതസാഹചര്യങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് കഴിയണം.
ജാതി, മതം, ലിംഗം, സാമ്പത്തികാവസ്ഥ തുടങ്ങിയ സാമൂഹികയാഥാർഥ്യങ്ങൾ ക്ലാസ് മുറികളിലും പ്രതിഫലിക്കുന്നുണ്ട്. സമൂഹത്തിലെ അനീതികളെ ചോദ്യംചെയ്യാനും വ്യത്യസ്തതകളെ ഉൾക്കൊണ്ടു ജീവിക്കാനും കുട്ടികളെ പ്രാപ്തരാക്കണം. സ്വതന്ത്രമായി ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന പൗരരെയാണ് ജനാധിപത്യസമൂഹത്തിന് ആവശ്യം.
മികച്ച മാർക്ക് നേടുന്നവരെ മാത്രമല്ല; സ്വന്തം സ്വാതന്ത്ര്യത്തിനൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബഹുമാനിക്കുന്ന ഉത്തരവാദിത്തമുള്ള നല്ല മനുഷ്യരെ വാർത്തെടുക്കുമ്പോഴാണ് അധ്യാപനം സമൂഹത്തെ പരിവർത്തിപ്പിക്കുന്ന മഹത്തായ ശക്തിയായി മാറുന്നത്.
shilujas@gmail.com (കോഴിക്കോട് ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം മേധാവിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

