നിലക്കുന്നത് ചുരമല്ല; ജീവിതമാണ്
text_fieldsതാമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചൽ
‘താമരശ്ശേരി ചുരം’ എന്ന് കേൾക്കുമ്പോൾ വയനാടിനും കോഴിക്കോടിനും പുറത്തുള്ള പലർക്കും ആദ്യം മനസ്സിലെത്തുക ‘വെള്ളാനകളുടെ നാട്’ സിനിമയിൽ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയാണ്. അതിൽ പപ്പു ആവർത്തിച്ച് പറയുന്ന ‘‘ഇപ്പ ശരിയാക്കിത്തരാം’’ എന്ന ഡയലോഗ് ഇന്ന് വയനാടിന്റെ വികസനവുമായി ചേർത്ത് പറയാവുന്ന ഏറ്റവും നല്ല വാചകമാണ്. 1980 നവംബർ ഒന്നിന് രൂപവത്കരിക്കപ്പെട്ട വയനാട് ജില്ലയുടെ വികസന സൂചിക ഇന്ന് എവിടെ നിൽക്കുന്നുവെന്ന് പരിശോധിച്ചാൽ അത് ബോധ്യപ്പെടും. 45 വർഷം പിന്നിടുമ്പോൾ മികച്ച ഒരു സർക്കാർ മെഡിക്കൽ കോളജോ, ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന നല്ല ഒരു ഗതാഗതമാർഗം പോലും വയനാടിനില്ല.
1800കളിൽ കണ്ടെത്തി പണിത താമരശ്ശേരി ചുരംപാതയാണ് വയനാടിനെ സംബന്ധിച്ചിടത്തോളം ഗതാഗതത്തിന് ഇന്നും മുഖ്യ ആശ്രയം. കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന, 12 കിലോമീറ്ററിലായി ഒമ്പത് ഹെയർപിൻ വളവുകളുള്ള ഈ പ്രധാനപാത വളരെ മുമ്പുതന്നെ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. അവിടെയാണിപ്പോൾ തുടർച്ചയായി മണ്ണിടിച്ചിലുണ്ടായി ചുരം പൂർണമായും അടച്ചിടേണ്ടിവന്നത്. മഴക്കാലത്തും അല്ലാത്തപ്പോഴും മരം കടപുഴകിയോ ഏതെങ്കിലും വാഹനം ബ്രേക്ക് ഡൗണായോ മണിക്കൂറുകളോളം ചുരം സ്തംഭിക്കുന്നത് പതിവ് അനുഭവമാണ്. ഇതിനേക്കാൾ വീതികുറഞ്ഞ വേറെ നാല് ചുരംപാതകളാണ് വയനാടിന് പിന്നെയുള്ള ആശ്രയം. ആ പാതകളൊന്നും കോഴിക്കോട് പോലെ പ്രധാന നഗരവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതല്ല.
നിലക്കുന്ന ജീവിതങ്ങൾ
എട്ട് ലക്ഷത്തോളം മനുഷ്യർ ജീവിക്കുന്ന വയനാട് ജില്ലയിലേക്ക് പ്രതിവർഷം ദശലക്ഷത്തോളം വിനോദസഞ്ചാരികളും എത്തുന്നുണ്ട്. സംസ്ഥാനത്തെ ആദിവാസി ജനസമൂഹത്തിലെ 36 ശതമാനം പേരും ഇവിടെയാണുള്ളത്. ഇന്നാട്ടുകാർക്ക് വിദഗ്ധ ചികിത്സക്ക് ഏക ആശ്രയം കോഴിക്കോട് മെഡിക്കൽ കോളജാണ്. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന, പേരിൽ മാത്രമുള്ള മെഡിക്കൽ കോളജ് വയനാടിനോട് ഭരണകൂടം പുലർത്തുന്ന അവഗണനയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. പലകാരണങ്ങളാൽ താമരശ്ശേരി ചുരം നിശ്ചലമാകുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യപ്പെട്ട എത്രയെത്ര മനുഷ്യജീവനുകൾ അടിയന്തര ചികിത്സ ലഭിക്കാതെ ചുരത്തിൽവെച്ച് പൊലിയുന്നുണ്ടാവും.
ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങൾക്കും ഇതര ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന വയനാട് ജില്ലയിൽനിന്ന് പുറപ്പെട്ട എത്ര യാത്രികരുടെ ഫ്ലൈറ്റും ട്രെയിനുമാണ് ചുരംബ്ലോക്കിൽപെട്ട് നഷ്ടപ്പെട്ടത്. എന്തിന് തൊട്ടടുത്ത ജില്ലയിലെ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളിൽ പോലും എത്താൻ കഴിയാത്ത എത്രയോ അനുഭവങ്ങൾ വയനാട്ടുകാർക്ക് പങ്കുവെക്കാനുണ്ടാവും. ഇങ്ങനെ ഒരു ജനതയുടെ ജീവിതവും സ്വപ്നവും ചുരമെന്ന ഒരു നൂൽപാലത്തിൽ കിടന്ന് ആടിയിട്ടും അത് മുഖവിലക്കെടുത്ത് ശാശ്വത പരിഹാരവുമായി ഒരു സർക്കാറും മുന്നോട്ടുവരാത്തത് എത്ര ഖേദകരമാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനെയും വയനാട്ടിലെ മേപ്പാടിയെയും ബന്ധിപ്പിക്കുന്ന തുരങ്കപാത പാരിസ്ഥിതിക വിഷയങ്ങൾ മറികടന്ന് യാഥാർഥ്യമായാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധവും ചരക്കുനീക്കവും മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും വയനാട്ടിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിൽ കാര്യമായ മാറ്റമൊന്നും വരുത്തില്ല.
ഭീതിദം ഈ മണ്ണിടിച്ചിൽ
മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള അപായസൂചനയാണ് താമരശ്ശേരി ചുരത്തിലെ ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ. അധികൃതരുടെ ജാഗ്രതയും കാര്യക്ഷമമായ ഇടപെടലും മൂലമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചത്. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര പൂർണമായും നിർത്തിയതോടെ അവശേഷിക്കുന്ന കോഴിക്കോടേക്കുള്ള ഏകവഴിയായ കുറ്റ്യാടി ചുരത്തിലും കനത്ത ബ്ലോക്കാണ് അനുഭവപ്പെട്ടത്. വീതികുറഞ്ഞ കുറ്റ്യാടി ചുരത്തിലൂടെ മണിക്കൂറുകൾ കാത്തുകെട്ടിക്കിടന്നാണ് നൂറുകണക്കിന് വാഹനങ്ങൾ നീങ്ങിയത്. താമരശ്ശേരിയിൽനിന്ന് കുറ്റ്യാടി വഴി നൂറു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് വാഹനങ്ങൾ വയനാട്ടിലേക്കും തിരിച്ചും യാത്രചെയ്തത്. ആളപായമില്ലെങ്കിലും മുണ്ടക്കൈ ദുരന്തത്തിനുശേഷം അത്രതന്നെ ഗൗരവത്തിൽ ജനജീവിതത്തെ ബാധിക്കുന്ന മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ് ചുരത്തിലെ പുതിയ സാഹചര്യം. പൂർവസ്ഥിതിയിലേക്ക് മാറിയാലും താമരശ്ശേരി ചുരത്തിലൂടെ വലിയ ഭാരമുള്ള വാഹനങ്ങളുൾപ്പെടെ സഞ്ചരിക്കുന്നത് എത്ര സുരക്ഷിതമായിരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ മണ്ണിടിച്ചിലും നീരൊഴുക്ക് ശക്തിപ്പെടുന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നതോടൊപ്പം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ്.
ഏഴ് കിലോമീറ്ററിൽ പരിഹാരമുണ്ട്
വയനാട്ടിലും കോഴിക്കോടുമായി 14 കിലോമീറ്റർ പൂർത്തീകരിച്ച ഒരു റോഡ് നമുക്കു മുമ്പിൽ ക്ഷിപ്രസാധ്യമായ പരിഹാരമായുണ്ട്. ഏഴ് കിലോമീറ്റർ മാത്രമാണ് അത് യാഥാർഥ്യമാക്കുന്നതിലേക്കുള്ള ദൂരം. ചുരങ്ങളില്ലാത്ത, മുടിപ്പിൻ വളവുകളില്ലാത്ത, സുരക്ഷിതമായ ഒരു ബദൽപാത. കോഴിക്കോട് പൂഴിത്തോടിനെയും വയനാട് പടിഞ്ഞാറത്തറയെയും ബന്ധിപ്പിക്കുന്ന പ്രസ്തുത പാതക്ക് 1994 സെപ്റ്റംബർ 23ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് തറക്കല്ലിട്ടത്. 7.225 കിലോമീറ്റർ കടന്നുപോകുന്നത് വനഭൂമിയിലൂടെയായതിനാൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് തടസ്സമായത്. വനമേഖലയിലെ റോഡിന്റെ ഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 5.56 ഹെക്ടറും വർഷങ്ങൾക്കുമുമ്പ് റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറിയിട്ടും തടസ്സം നീങ്ങിയില്ല. വനനാശം ഒഴിവാക്കാൻ മേൽപാലം നിർമിച്ച് റോഡ് യാഥാർഥ്യമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിൽ എളുപ്പത്തിലും കുറഞ്ഞ ആഘാതത്തിലും ചെലവിലും യാഥാർഥ്യമാക്കാൻ കഴിയുന്ന പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡിനും അനുമതി നൽകാൻ മന്ത്രാലയം ബാധ്യസ്ഥമാണ്. ടൂറിസ്റ്റ് പ്രാധാന്യമുള്ള പെരുവണ്ണാമൂഴി, കക്കയം, ബാണാസുര സാഗർ എന്നിവയോടുചേർന്ന് കടന്നുപോകുന്ന പൂഴിത്തോട് പാതയിലേക്ക് താമരശ്ശേരി, ബാലുശ്ശേരി, ഉള്ള്യേരി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്ന് നേരിട്ട് ബന്ധമുള്ള മലയോര ഹൈവേ വഴി പ്രവേശിക്കാൻ സാധിക്കും. അതുവഴി പടിഞ്ഞാറത്തറയിൽനിന്ന് രാത്രിയാത്രാ നിരോധനമില്ലാത്ത മാനന്തവാടി-കുട്ട-ഗോണിക്കുപ്പ വഴി ബംഗളൂരുവിലേക്കുള്ള യാത്രാസാധ്യത തുറക്കുകയും ചെയ്യും. ഭാവിയിൽ നാഷനൽ ഹൈവേയിലേക്ക് വളരാൻ സാഹചര്യമുള്ള ഏക വയനാട് ബദൽപാത കൂടിയാണിത് എന്നത് അതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.