Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു വ്യാപാര...

ഒരു വ്യാപാര യുദ്ധത്തിന്‍റെ പര്യവസാനം

text_fields
bookmark_border
Modi and trump
cancel
camera_alt

നരേന്ദ്ര മോദിയും ഡോണൾഡ് ട്രമ്പും

ഇന്ത്യ ഒരു പരമാധികാര രാജ്യമാണ്; അതേസമയം ജനാധിപത്യ രാജ്യവും. മറ്റാരോടും വിധേയത്വം പുലർത്താതിരിക്കുകയും വൈദേശിക നിയന്ത്രണങ്ങൾക്ക് വിധേയമാകാതിരിക്കുകയും ചെയ്യുക എന്നതാണ് പരമാധികാരത്വത്തിന്റെ കാതൽ. ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഭരണഘടന ഇന്ത്യയുടെ പരമാധികാരം നിക്ഷിപ്തമാക്കിയിട്ടുള്ളത് രാജ്യത്തെ ജനങ്ങളിലാണ്. ഈ പരമാധികാരത്തിന്റെ പ്രതീകമായ പാർലമെന്റിന്റെ സമ്മേളനം നടക്കുമ്പോൾ തന്നെ ആ മഹാസ്ഥാപനത്തെ കേവലം നോക്കുകുത്തിയാക്കിക്കൊണ്ട്, ഒരു മഹായുദ്ധം പര്യവസാനിക്കുന്നുവെന്ന തോന്നൽ ജനിപ്പിക്കുമാറ്, അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയുമായി പുതുക്കിയ വ്യാപാരക്കരാറിലേർപ്പെട്ടിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ അർധരാത്രിയിൽ പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും നേർക്കുള്ള തുറന്ന വെല്ലുവിളിയാണ്.

പതിനാല് മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ യൂറോപ്യൻ സാമ്പത്തിക ചിന്തയെ പ്രചോദിപ്പിച്ച പ്രായോഗിക സംഹിതയായിരുന്നു ‘മെർകാന്റിലിസം’ (Mercantilism). ഇതിന്റെ പുതിയ പതിപ്പാണ് ട്രംപിന്റെ വിദേശ വ്യാപാര നയം. എങ്ങനെ നമുക്ക് കൂടുതൽ ശക്തി ആർജിക്കാം എന്ന ഓരോ രാജ്യത്തിന്റെയും ചോദ്യത്തിനുള്ള മെർകാന്റിലിസ്റ്റ് മറുപടി ‘സാമ്പത്തികമായി ശക്തിപ്രാപിക്കുക’ എന്നതായിരുന്നു. അതിനവർ നിർദേശിച്ച മാർഗങ്ങളിലൊന്ന് കയറ്റുമതി വരുമാനം കൂട്ടുകയും ഇറക്കുമതിച്ചെലവ് കുറക്കുകയും ചെയ്തുകൊണ്ടുള്ള വിദേശ വ്യാപാരമായിരുന്നു. ഇതിനനുസൃതമായി ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള ചുങ്കങ്ങളിലും നികുതികളിലും മാറ്റം വരുത്തുക എന്നതിലായിരുന്നു അവരുടെ ഊന്നൽ. എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ആഡം സ്മിത്തിന്റെ വരവോടെ ഉയർന്നുവന്ന സ്വതന്ത്ര വ്യാപാര വാദങ്ങൾ മെർകാന്റിലിസ്റ്റ് ചിന്തകളെ നിരാകരിക്കുന്നവയായിരുന്നു.

എങ്ങനെ വിദേശ വ്യാപാര വ്യവസ്ഥകൾ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കാം എന്നും മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ഉപയോഗിക്കാം എന്നുമുള്ള മെർകാന്റിലിസ്റ്റ് സമീപനമാണ് അധികാരത്തിൽ വന്ന നാൾ മുതൽ ട്രംപ് അനുവർത്തിച്ചുപോരുന്നത്. ഒരു ഘട്ടത്തിൽ അമേരിക്കയിലേക്കുള്ള ഇറക്കുമതിച്ചുങ്കം പല രാജ്യങ്ങളുടെ മേലും 125 ശതമാനം വരെയായിരുന്നു അമേരിക്ക വർധിപ്പിച്ചത്. റഷ്യയുടെയും ഇറാന്റെയും എണ്ണവ്യാപാരം ഇല്ലാതാക്കുക എന്നതായിരുന്നു ആ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങുന്നവരുടെ മേൽ ഏർപ്പെടുത്തിയ അമിത ചുങ്കത്തിന്റെ ലക്ഷ്യം. ആ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഇല്ലാതാക്കുന്നവർക്ക് ചുങ്കത്തിൽ ഇളവെന്നത് ഇതിന്റെ മറുപുറമാണു താനും. ഈ അടിസ്ഥാനത്തിലാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും, വെനിസ്വേലയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്നും അവയുടെ അടിസ്ഥാനത്തിൽ തങ്ങൾ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിച്ചുങ്കം 25 ശതമാനത്തിൽനിന്ന് 18 ശതമാനം ആക്കുന്നുവെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി തുടരുന്ന ഇൻഡോ-റഷ്യൻ ബന്ധത്തിൽ നിന്നുള്ള വ്യതിചലനത്തെക്കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല എന്നത് പരിതാപകരമാണ്.

ജനുവരി 27ന് ഇന്ത്യയും യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (FTA) പ്രതികരണമായി വേണം അമേരിക്കയുടെ ‘രഹസ്യ കരാറി’നെ കണക്കാക്കാൻ. യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അമേരിക്കയുമായി ഇന്ത്യയിലെ ജനങ്ങൾ അറിയാതെ നടത്തിയ ചർച്ചകൾ അന്നുതന്നെ ആരംഭിച്ചുവെന്നുവേണം അനുമാനിക്കാൻ. യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ കരാർ പ്രകാരം ആ രാജ്യങ്ങളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ 96.6 ശതമാനത്തിൽ തീരുവകൾ ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യും. അതേസമയം ഇന്ത്യ യൂറോപ്യൻ യൂനിയനിലേക്ക് കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉൽപന്നങ്ങൾക്കും ഇതേ ഇളവ് ലഭിക്കും.

അമേരിക്കയുമായി ഇന്ത്യ നടത്തിയിട്ടുള്ള ഒത്തുതീർപ്പുകളുടെ വിശദാംശം അറിവായിട്ടില്ലെങ്കിലും, ട്രംപിന്റെ 'ട്രൂത്ത് സോഷ്യൽ' പ്രസ്താവനയിൽ പറയുന്നതുതന്നെ 'അമേരിക്കൻ ചരക്കുകൾ കൂടുതലായി വാങ്ങാനുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതിബദ്ധത' യുടെ അടിസ്ഥാനത്തിൽ ഊർജ്ജം, കാർഷികോല്പന്നങ്ങൾ, സാങ്കേതികവിദ്യ, കൽക്കരി എന്നിവ ഇന്ത്യ കൂടുതലായി വാങ്ങുമെന്നാണ്.

അതേസമയംതന്നെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് മാറുന്നത് അനുകൂലമാണെങ്കിൽ, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ആഭരണം, രത്നക്കല്ലുകൾ, ഔഷധങ്ങൾ, തുണി, വസ്ത്രങ്ങൾ, കരകൗശലോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ആക്കം കൂട്ടിയേക്കാം. എന്നാൽ, അമേരിക്കൻ കമ്പോളത്തിൽ പ്രസ്തുത ഉത്പന്നങ്ങളോടുള്ള ചോദന ഇലാസ്തികതയെ (Elasticity of Demand) ആസ്പദമാക്കിയായിരിക്കും ഇത് നിർണ്ണയിക്കപ്പെടുക.

അമേരിക്കൻ കാർഷികോല്പന്നങ്ങൾക്ക് ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് കരാർ വൻതോതിൽ വഴിതെളിക്കുമെന്നാണ് അമേരിക്കൻ കൃഷിവകുപ്പ് സെക്രട്ടറി വ്യക്തമാക്കുന്നത്. അമേരിക്കൻ കർഷക സംഘടനകളുടെ ആവശ്യവും മറ്റൊന്നായിരുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള കരാർ ആ രാജ്യങ്ങളിൽ നിന്നുള്ള ക്ഷീരോല്പന്നങ്ങൾ, കോഴിയിറച്ചി തുടങ്ങിയവ ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടാൻ കാരണമാകും എന്ന ആശങ്ക നിലനിൽക്കെയാണിതെന്നോർക്കണം.

ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് കാർഷികോല്പന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനം ആയിരിക്കുമെന്നാണ്. ഇന്ത്യയിലേതിനേക്കാൾ വളരെ ഉയർന്ന ഉത്പാദനക്ഷമതയാണ് അമേരിക്കയിലെ കാർഷിക മേഖലക്കുള്ളതെന്നിരിക്കെ, ഇന്ത്യയിൽ നിലനിൽക്കുന്നതിനേക്കാളും വളരെ താഴ്ന്ന വിലയിൽ കാർഷികോല്പന്നങ്ങൾ ഇന്ത്യയിലേക്ക് യഥേഷ്ടം കയറ്റി അയയ്ക്കുവാൻ അമേരിക്കക്ക് കഴിയും. പ്രത്യക്ഷത്തിൽ ഇത് ബാധിക്കുക ഇന്ത്യൻ കർഷകരെയായിരിക്കും. കാർഷിക മേഖലക്ക് വൻതോതിൽ സബ്സിഡി നൽകി ഇതിനെ ഒരു പരിധിവരെ പരിഹരിക്കാമെങ്കിലും, അതിനുള്ള സാധ്യത വളരെ വിദൂരമാണെന്നു മാത്രമല്ല, ലോക വ്യാപാര സംഘടനയുമായി (WTO) ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ, അമേരിക്ക അനുവർത്തിച്ചുപോരുന്ന വ്യാപാര നയങ്ങൾക്ക് വിരുദ്ധവുമാണ്.

yemkabir@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trade warIndia-US trade deal
News Summary - The end of a trade war
Next Story