ഈ കുറ്റങ്ങളിൽ ഒന്നാം പ്രതി കുട്ടികളല്ല
text_fields
എട്ടുവർഷം മുമ്പ് കോഴിക്കോട് ഫാറൂഖ് കോളജിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിനിരിക്കവേ നിനച്ചിരിക്കാതെ ഒരു ചോദ്യം തൊടുത്തുവിട്ടു സബ്ജക്ട് എക്സ്പേർട്ട്. വിഷയം സോഷ്യോളജി ആയതിനാൽ ചോദ്യം പൂർണമായും സമൂഹപരമായിരുന്നു. ഇന്ന് ഇത് എഴുതുമ്പോൾ ഈ ചോദ്യം ആവർത്തിക്കേണ്ടത് പ്രസക്തമാണുതാനും.‘‘നമ്മുടെ സമൂഹത്തിൽ ക്രിമിനലുകൾ ഉണ്ടാകുന്നത് എങ്ങനെയാണെ’’ന്നായിരുന്നു ആ ചോദ്യം. ‘‘ബ്രോക്കൺ ഫാമിലി അഥവാ ഭിന്നകുടുംബമാണ് ഓരോ സമൂഹത്തിലും സാമൂഹിക...
എട്ടുവർഷം മുമ്പ് കോഴിക്കോട് ഫാറൂഖ് കോളജിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിനിരിക്കവേ നിനച്ചിരിക്കാതെ ഒരു ചോദ്യം തൊടുത്തുവിട്ടു സബ്ജക്ട് എക്സ്പേർട്ട്. വിഷയം സോഷ്യോളജി ആയതിനാൽ ചോദ്യം പൂർണമായും സമൂഹപരമായിരുന്നു. ഇന്ന് ഇത് എഴുതുമ്പോൾ ഈ ചോദ്യം ആവർത്തിക്കേണ്ടത് പ്രസക്തമാണുതാനും.‘‘നമ്മുടെ സമൂഹത്തിൽ ക്രിമിനലുകൾ ഉണ്ടാകുന്നത് എങ്ങനെയാണെ’’ന്നായിരുന്നു ആ ചോദ്യം. ‘‘ബ്രോക്കൺ ഫാമിലി അഥവാ ഭിന്നകുടുംബമാണ് ഓരോ സമൂഹത്തിലും സാമൂഹിക വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതും തൽഫലമായി കുറ്റവാളികളെ സൃഷ്ടിക്കുന്നതും’’ എന്ന് മുൻപിൻ ആലോചിക്കാതെ പറഞ്ഞ ഉത്തരത്തിൽ അവർ തൃപ്തയായതിനാലാവാം കൂടുതൽ ചർച്ചകളിലേക്ക് പോകാതെ മറ്റുചോദ്യങ്ങളിലേക്ക് കടന്നു.
25 വയസ്സിനു താഴെയുള്ളവർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിശകലനങ്ങൾ പലപ്പോഴും തൊലിപ്പുറമെയുള്ള പ്രത്യക്ഷ കാരണങ്ങളിൽ ചെന്നെത്തി നിൽക്കുകയാണ്. ഇത്തരം ഒതുക്കിപ്പറച്ചിലുകൾക്കിടയിൽ നമ്മൾ മുഖവിലക്കെടുക്കാതെ പോകുന്ന ഒന്നാണ് കുട്ടികളുടെ അഥവാ ചെറുപ്പക്കാരുടെ മാനസികാരോഗ്യം. ഇന്നത്തെ കാലത്ത് സുലഭമായി കിട്ടുന്ന വെർച്വൽ കണ്ടന്റുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന അനിശ്ചിതത്വങ്ങളും ആശങ്കകളും നമ്മൾ രക്ഷിതാക്കൾ അറിയാറുണ്ടോ? കൂട്ടക്കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ക്രൂരകൃത്യങ്ങളുടെയും സാഹചര്യങ്ങൾ കേവല പ്രത്യക്ഷ കാരണങ്ങളായ കടക്കണി, പ്രേമനൈരാശ്യം, ആർഭാട ജീവിതം, ധൂർത്ത്, റാഗിങ്, പകപോക്കൽ, മയക്കുമരുന്ന് എന്നിവയിൽ മാത്രം തളച്ചിടേണ്ടവയല്ല. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ മാനസികാരോഗ്യം പഠിക്കുമ്പോൾ, അതിനെ സമൂഹശാസ്ത്രപരമായ വിശകലനം ചെയ്യുമ്പോൾ വ്യക്തമായി വരുന്ന ചില അനിഷേധ്യമായ ചിത്രങ്ങളുണ്ട്. മനുഷ്യബന്ധങ്ങളുടെ അടിത്തട്ടുകളിലേക്ക് സമൂഹശാസ്ത്രജ്ഞർ ഊളിയിട്ടിറങ്ങുമ്പോൾ ചില യാഥാർഥ്യങ്ങൾ പറയാതെ വയ്യെന്നാകുന്നു. സമൂഹശാസ്ത്രത്തിൽ കുറ്റകൃത്യം അഥവാ Crime എന്നത് തകർന്നുപോയ കുടുംബഘടനയുമായും തകർന്നടിഞ്ഞ സാമൂഹികഘടനയുമായും സാമൂഹികീകരണ പ്രക്രിയയുമായെല്ലാം അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഭിന്നകുടുംബത്തിന്റെ വ്യക്തമോ അവ്യക്തമോ ആയ ഒരു പാളി ഓരോ കുറ്റകൃത്യത്തിന്റെയും അടിവേരുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഭിന്നകുടുംബങ്ങളുടെ വർധനവും കാരണങ്ങളും ഇന്നത്തെ കാലത്ത് സമൂഹത്തിൽ വളരെ സ്പഷ്ടമാണുതാനും. മാതാപിതാക്കളുടെ വേർപിരിയൽ അല്ലെങ്കിൽ അവർക്കിടയിൽ തുടച്ചയായുണ്ടാവുന്ന കലഹങ്ങൾ, അവരുടെ ഈഗോ, കോംപ്ലക്സ്, സ്വാർഥ താൽപര്യങ്ങൾ, അമിതമായ സ്വകാര്യത എന്നിവയെല്ലാം ഭിന്നകുടുംബത്തിലേക്ക് നയിക്കുന്നവയാണ്.

സാമൂഹിക അസംഘടിതത്വ സിദ്ധാന്തം (Social Disorganisation theory) പ്രകാരം അസ്ഥിരമായ കുടുംബഘടനകൾ ഓരോ കുട്ടിയുടെയും സാമൂഹിക ബന്ധങ്ങളെ ദുർബലമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള കുട്ടികളുടെ മേൽ സമൂഹത്തിനുള്ള അനൗപചാരികമായ നിയന്ത്രണം വളരെ കുറവായതിനാൽ കുറ്റകൃത്യ നിരക്കുകൾ കൂടാനും ഇടയുണ്ട്. ലേബലിങ് സിദ്ധാന്തം (Labelling Theory) സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ മേൽ തകർന്ന കുടുംബങ്ങളുടെ ഉത്തരവാദിത്തത്തിന്റെ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ബാലാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാൻ അഡ്വ. നസീർ ചാലിയം നിരീക്ഷിച്ചിട്ടുള്ളത്; അദ്ദേഹത്തിന്റെ സർവിസ് കാലയളവിൽ ബോർഡിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ട ഒട്ടുമുക്കാൽ ബാലകുറ്റവാളികളും ഭിന്നകുടുംബങ്ങളിൽ (Broken Family) നിന്നുള്ളവരായിരുന്നു.

മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ, സാങ്കേതികതയുടെ തള്ളിക്കയറ്റത്തിനിടയിൽ, കൊറോണാനന്തര കാലഘട്ടത്തിലെ ന്യൂ നോർമലുകൾക്കിടയിൽ, രക്ഷിതാക്കൾ മക്കളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ നിരീക്ഷിക്കുന്നുണ്ടോ? കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ കൂടെ താങ്ങായും തണലായും വഴികാട്ടിയായും കൂടെയുണ്ടാകാറുണ്ടോ? പല കുടുംബങ്ങളിലും മാതാവും പിതാവും ജീവിച്ചിരുന്നിട്ടുകൂടി ‘സിംഗിൾ പാരന്റിങ്’ മാത്രമാണ് നടക്കുന്നത്. സമൂഹത്തിനു മുമ്പിൽ അവർ നല്ല ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നു. പല രക്ഷിതാക്കളും കുടുംബവുമായി ബന്ധം പുലർത്തുന്നതുതന്നെ അപൂർവമായോ ദീർഘകാല ഇടവേളകളിലോ ആണ്. കുട്ടികളുടെ ആവശ്യങ്ങളെയും ‘parenting’ എന്ന കലയെയും തെറ്റിദ്ധരിച്ചുപോയവരാണ് പല രക്ഷിതാക്കളും. കുട്ടി ആവശ്യപ്പെടുന്നത് എന്തും വാങ്ങിച്ചുകൊടുക്കലാണ് നല്ല പാരന്റിങ് അഥവാ യഥാർഥ വാത്സല്യം എന്ന് കരുതുന്ന രക്ഷിതാക്കൾ കുടുംബത്തിൽ തങ്ങളുടെ അസാന്നിധ്യത്തെ (absence) തങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങൾ മറച്ചുപിടിക്കാൻ അവരുടെ മുമ്പിൽ പണം വീശി നഷ്ടം നികത്താൻ ശ്രമിക്കുന്നു.

കുടുംബസ്ഥിരത കെട്ടിപ്പടുക്കാനും കുറ്റകൃത്യങ്ങൾക്ക് തടയിടാനും സമൂഹ ഐക്യത്തെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പാരന്റിങ് നൽകുന്നതിൽ ഈ തലമുറയിലെ രക്ഷിതാക്കൾ പരാജയപ്പെടുന്നു. ഒരു രക്ഷിതാവിന്റെ സാമൂഹിക ഭാഗധേയം (Social Roles) എന്തെല്ലാമാണെന്ന് അറിയാതെയാണ് നമ്മളിൽ പലരും ഈ ഭാഗം അഭിനയിക്കുന്നത്. മാറിവരുന്ന സാമൂഹിക ജീവിത സാഹചര്യങ്ങളിൽ ‘parenting’ എന്ന കോൺസെപ്റ്റിനെ സമൂഹശാസ്ത്രജ്ഞർ പുനർനിർവചിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇത്തരം പുനർനിർവചനങ്ങൾ ഉൾക്കൊള്ളാനോ അതനുസരിച്ച് മാറാനോ വൈകാരികമായ പക്വതയോ വളർച്ചയോ കൈവരിക്കാത്ത ഒരു ജനതയാണ് നമ്മുടേത്. ഇത്തരമൊരു അവസ്ഥയിൽ കുട്ടികളുടെ സാമൂഹികീകരണ പ്രക്രിയയിലും സാമൂഹിക നിയന്ത്രണങ്ങളിലും കുടുംബത്തിനും രക്ഷിതാക്കൾക്കുമുള്ള ഇടപെടലുകളുടെ സാധ്യതയെ നാം ഇനിയും പഠനവിഷയമാക്കേണ്ടതുണ്ട്. മാനസികാരോഗ്യമുളള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ തക്കവണ്ണം ഒരു പോസിറ്റിവ് റോൾ മോഡലിങ്ങിലേക്ക് വളരാൻ ഞാൻ ഉൾപ്പെടുന്ന രക്ഷിതാക്കളുടെ തലമുറക്ക് സാധ്യമാകേണ്ടതുണ്ട്. മാറ്റങ്ങൾക്കിടയിൽ ഒരു ജനതയുടെ, ഒരു സമൂഹത്തിന്റെ മാനസിക സമനില വിലയിരുത്താനും സാമൂഹിക വ്യതിയാനങ്ങളെ നിരീക്ഷിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും സുസജ്ജമായി സമൂഹശാസ്ത്രജ്ഞർ സഗൗരവം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളോടൊപ്പം ഒരു ഐച്ഛിക വിഷയമായി സമൂഹശാസ്ത്ര വിഷയങ്ങളും (സോഷ്യോളജി പോലുള്ളവ) കരിക്കുലത്തിൽ നിർബന്ധമാക്കേണ്ടതും ഒരു അനിവാര്യതയാണ് എന്ന് മനസ്സിലാക്കുന്നു.
(കോഴിക്കോട് ഫാറൂഖ് കോളജിൽ സോഷ്യോളജി വിഭാഗം അസി. പ്രഫസറാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.