Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രളയം മായ്ച്ചു എന്റെ...

പ്രളയം മായ്ച്ചു എന്റെ ഗ്രാമം

text_fields
bookmark_border
പ്രളയം മായ്ച്ചു എന്റെ ഗ്രാമം
cancel

ബുധനാഴ്ച രാവിലെ കാഠ്മണ്ഡുവിലെ ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് ഭാര്യ വിളിക്കുന്നത്-‘‘ത്രിശൂലി നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. സോലെ ബസാറിലും ബേത്രാവതിയിലും ഒന്നും അവശേഷിക്കുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. ആളുകൾ പരിഭ്രാന്തരായി ഓടുന്ന വിഡിയോകൾ വരുന്നുണ്ട്’’- അവൾ പറഞ്ഞു.

എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. സോലെ എന്റെ സ്വന്തം ഗ്രാമമാണ്. അതിലെ ഇടവഴികളിലാണ് ഞാൻ കളിച്ചുവളർന്നത്; വർഷങ്ങളോളം സ്കൂളിലേക്ക് നടന്നുപോയത് ആ വഴികളിലൂടെയാണ്. ആ നാടിനെക്കുറിച്ച് മറ്റാരേക്കാളും നന്നായി അറിയാവുന്നത് എനിക്കാണ് എത്ര വലിയ മൺസൂൺ കാലത്തായാലും പുഴ കയറിവരുന്ന ഒരു പ്രദേശമേയല്ല അത്.

ബേത്രാവതി ബസാർ ഞങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകുന്ന ഇടമാണ്; അവിടെനിന്നൊരു ബസ് കയറിയാൽ നേരെ കാഠ്മണ്ഡുവിലേക്ക് എത്താം. ഞാൻ വീട്ടിലേക്ക് വരുന്നത് പ്രതീക്ഷിച്ച് എന്റെ മാതാപിതാക്കൾ കാത്തിരുന്നിരുന്നത് ആ ബസാറിലായിരുന്നു. അതാണ് ആ നാടിന്റെ ഹൃദയം: ഒരു രാമക്ഷേത്രം, കൃഷ്ണക്ഷേത്രം, രാമനവമിക്കും കൃഷ്ണാഷ്ടമിക്കും തടിച്ചുകൂടുന്ന ജനക്കൂട്ടം... പഴയൊരു നേവാർ അധിവാസമേഖലയായതിനാൽ അവിടെ ‘ഗായ് ജാത്ര’ ഉത്സവവും, ഈ അടുത്തകാലത്തായി ‘മാഘേ സംക്രാന്തി’ക്ക് കാഠ്മണ്ഡുവിൽനിന്നുപോലും ആളുകളെ ആകർഷിച്ചിരുന്ന കാളപ്പോരും നടക്കാറുണ്ടായിരുന്നു.

അതെല്ലാം നാമാവശേഷമായിക്കഴിഞ്ഞിരുന്നുവെന്ന് അധികം വൈകാതെ ഞാൻ തിരിച്ചറിഞ്ഞു. ഭാര്യ പറഞ്ഞത് ശരിയാണോ എന്നറിയാൻ, കാര്യമായി ഒന്നും ഉണ്ടാവില്ലെന്ന മുൻവിധിയോടെ ഞാൻ ഒരു വാർത്താപോർട്ടൽ തുറന്നുനോക്കിയതും കണ്ടു: ‘‘ത്രിശൂലി നദിയിൽ വൻ പ്രളയം’’. എന്റെ നെഞ്ചിലൊരു ഭാരം വന്നുമുറുകി. മാധ്യമപ്രവർത്തക സുഹൃത്ത് നിരഞ്ജനെ ഞാൻ ഉടൻ വിളിച്ചു; അവന്റെ അമ്മാവൻ താമസിക്കുന്നത് നദിക്കടുത്താണ്. ആദ്യ റിങ്ങിൽത്തന്നെ അവൻ ഫോണെടുത്തു.

‘‘ഞാനും ഇപ്പോൾ അറിഞ്ഞതേയുള്ളൂ,എനിക്ക് ആരെയും ഫോണിൽ കിട്ടുന്നില്ല. മമ്മിയെയും ബുവയെയും (അച്ഛൻ) അമ്മാവനെയും അമ്മായിയെയും... ആരെയും കിട്ടുന്നില്ല....’’ വാക്കുകൾ ഇടറി അവൻ പറഞ്ഞു.

ഓഫീസിലേക്കുള്ള ബാക്കിവഴിയത്രയും കൈയിലുള്ള സകല നമ്പറുകളിലേക്കും മാറിമാറി വിളിച്ചു. ഒന്നിലേക്കും കോൾ പോയില്ല. ഒടുവിൽ ഒരു മൂത്ത സഹോദരന്റെ വീട്ടിലേക്ക് ഫോൺ കിട്ടിയപ്പോൾ എടുത്തത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ‘‘ഗ്രാമത്തിൽ ഇപ്പോൾ ഒന്നുമില്ല,ഭൂരിഭാഗം ആളുകളും ഒലിച്ചുപോയി’’ അവർ നിസ്സഹായതയോടെ പറഞ്ഞു.

എനിക്കത് ഉൾക്കൊള്ളാനാകുമായിരുന്നില്ല. സോലെയും തുപ്ചെയും നദീതടത്തിൽനിന്ന് ഏതാണ്ട് നൂറു മീറ്ററോളം ഉയരത്തിലാണ്. ആ നാട്ടിൽ ആരുടെയും ഓർമയിലോ, നൂറ്റാണ്ടുകളായുള്ള ചരിത്രത്തിലോ പുഴ അത്രയും ഉയരത്തിലേക്ക് എത്തിയിട്ടില്ല. എനിക്ക് അവിടെ കസിൻമാരുണ്ട്, അയൽക്കാരുണ്ട്, ബാല്യകാല സുഹൃത്തുക്കളുണ്ട്.

ഞാൻ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി. സോലെ പോലൊരു ഗ്രാമത്തിൽ എല്ലാവരും ഏതെങ്കിലും തരത്തിൽ ബന്ധുക്കളാണ്; രക്തബന്ധമില്ലെങ്കിൽപ്പോലും അപരിചിതരെപ്പോലും ‘ദായ്’ (ചേട്ടൻ) എന്നോ ‘ദിദി’ (ചേച്ചി) എന്നോ വിളിക്കുന്നതാണ് അവിടുത്തെ നാട്ടുനടപ്പ്. അവിടെയുള്ള എല്ലാവരും എന്റേതായിരുന്നു; ഞാൻ അവരുടെയും. പതുക്കെപ്പതുക്കെ എന്റെ ഫോണിലേക്ക് ഫോട്ടോകളും വിഡിയോകളും വന്നുതുടങ്ങി.

എന്റെ മൂത്ത അമ്മായി ഒലിച്ചുപോയി. അവരുടെ മകൻ മധുവും, അദ്ദേഹത്തിന്റെ ഭാര്യയും ഒഴുകിപ്പോയി. എന്റെ മറ്റൊരു അമ്മായിയും നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. അമ്മായിയുടെ പേരക്കുട്ടിയും ഭാര്യയും പ്രളയജലത്തിൽ അകപ്പെട്ടു. അവന്റെ മകനെയും മരുമകളെയും പറ്റി വിവരമൊന്നുമില്ല. എന്റെ അമ്മാവൻ രാവിലെ കാലികൾക്ക് പുല്ലുവെട്ടാൻ പോയതായിരുന്നു; അദ്ദേഹം പിന്നീട് തിരിച്ചുവന്നതേയില്ല.

ഞാൻ അവിടുത്തെ വാർഡ് ചെയർമാൻ രവീന്ദ്ര നേപ്പാളിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ഗ്രാമത്തിൽ ഒന്നും ബാക്കിയില്ല. ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് സ്വയം ഊഹിക്കാമല്ലോ’’ ഓരോ ഫോൺകോളും കാര്യങ്ങൾ കൂടുതൽ ഭയാനകമാക്കി. അടുത്തുള്ള സ്കൂളിലെ ഒരു അധ്യാപകനുമായി ഞാൻ സംസാരിച്ചു. ‘‘എന്റെ സ്വന്തം കുടുംബത്തെപ്പോലും കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല ഭായ്’’- അദ്ദേഹം പറഞ്ഞു. ‘‘ബേത്രാവതിയിലെ തൊണ്ണൂറു ശതമാനം വീടുകളും തകർന്നുപോയി. സ്കൂൾ വാനും ഒലിച്ചുപോയി. എന്റെയടുത്ത് കാലൊടിഞ്ഞ ഒരു പയ്യനുണ്ട്. മറ്റൊരാളുടെയും കാലൊടിഞ്ഞിട്ടുണ്ട്, കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഇങ്ങോട്ട് ഒരു ഹെലികോപ്റ്റർ അയക്കാൻ സംവിധാനമുണ്ടാക്കാൻ സാധിക്കുമെങ്കിൽ ദയവായി അത് ചെയ്യൂ’’

തുടർന്ന് നിരഞ്ജന്റെ അമ്മാവൻ വിളിച്ചു. നിരഞ്ജന്റെ അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി, അവന്റെ അനിയത്തി ഹിമാനി; എല്ലാവരെയും വെള്ളം കൊണ്ടുപോയി. ‘‘ഞങ്ങൾ തീർന്നു അർജുൻ’’ എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു.

നേപ്പാളും ടിബറ്റും തമ്മിലെ യുദ്ധത്തിനുശേഷം സമാധാന ഉടമ്പടി ഒപ്പുവെച്ച ചരിത്രഭൂമിയാണ് ബേത്രാവതി . മൺമറഞ്ഞുപോയ പിതൃക്കൾക്ക് ബലിതർപ്പണം നടത്താൻ പുഷ്യ അമാവാസി നാളിൽ ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്ന പുണ്യസ്ഥലമായ ‘ഉത്തര ഗംഗാ ധാം’ അവിടെയാണ്. അതെല്ലാം; ക്ഷേത്രങ്ങളും, ഉടമ്പടി നടന്ന ചരിത്രഭൂമിയും, തീർഥാടന കേന്ദ്രവുമെല്ലാം, ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. അവിടെ ഇപ്പോൾ റോഡില്ല, വൈദ്യുതിയില്ല, ഫോൺ സിഗ്നലില്ല, ഇന്റർനെറ്റില്ല. താഴേക്ക് ഒഴുകിയ വെള്ളപ്പൊക്കം ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഹെഡ്‌ഗേറ്റും തുടർന്ന് പവർ സ്റ്റേഷൻതന്നെയും തകർത്തു തരിപ്പണമാക്കി. രാജ്യവ്യാപകമായി കടുത്ത ലോഡ്ഷെഡിങ് ഉണ്ടായിരുന്ന വർഷങ്ങളിൽപ്പോലും ഞങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതി നിലച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആ ജില്ല മുഴുവൻ കൂരിരുട്ടിലാണ്.

വെള്ളപ്പൊക്കം ഗ്രാമത്തെ മാത്രമല്ല അപഹരിച്ചത്. ജില്ലാ ആസ്ഥാനത്തേക്കുള്ള റോഡും, അതുവഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള വഴിയുമെല്ലാം അത് കൊണ്ടുപോയി. ഞങ്ങൾക്ക് ആഹാരം തന്നിരുന്ന കമ്പോളം ഇല്ലാതായി, ഞങ്ങൾ നട്ടുവളർത്തിയ കൃഷിയിടങ്ങൾ ഒലിച്ചുപോയി.

‘‘ആർക്കെങ്കിലും അസുഖം വന്നാൽ ഇനി വീട്ടിൽ കിടന്നു മരിക്കുകയല്ലാതെ വേറെ വഴിയില്ല’’ ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്ന സ്വരത്തിൽ ഒരു ഗ്രാമവാസി എന്നോട് പറഞ്ഞു. ആളുകൾക്ക് ഒരൽപം ഉപ്പുപോലും വാങ്ങാൻ കിട്ടാനില്ലാത്ത സ്ഥിതിയാണ്. അനേകം പേർ ഭവനരഹിതരായി. ഒഴുക്കിൽപ്പെട്ട് കാണാതായ നിരവധി പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. രക്ഷപ്പെട്ടവർക്ക് ഇനി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.

ഗ്രാമം പഴയതുപോലെയാകാൻ എത്ര കാലമെടുക്കും എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആരുടെയും പക്കൽ അതിന് ഉത്തരമില്ല. ഞങ്ങളാരും ഇതുപോലൊരു പ്രളയം കണ്ടിട്ടില്ല; ഇത്രയും പച്ചപ്പുനിറഞ്ഞ ഒരു ഗ്രാമം, ഏതാനും മിനിറ്റുകൾക്കുള്ളിൽ വെറും തരിശുഭൂമിയായിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞാൽ ഒരുപക്ഷേ ഉത്തരം മാറിയേക്കും എന്ന് തോന്നുംവിധം അവിടുത്തെ പ്രായമായ മനുഷ്യർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുന്നു: ‘‘ഈ നാട് എന്നെങ്കിലും പഴയതുപോലെ ആകുമോ?’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleFloodvillageopinonErased
News Summary - The flood wiped out my village
Next Story