കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ സവിശേഷ സ്ഥാനമുള്ള “കൊല്ലം കശുവണ്ടി”യുടെ അന്താരാഷ്ട്ര സ്വീകാര്യതക്കു പിന്നിൽ, തൊഴിലാളികളുടെ കഠിനാധ്വാനമാണ്. എന്നാൽ, ആ തൊഴിലാളികളെ മാനേജ്മെൻറുകളും കേന്ദ്ര- സംസ്ഥാന സർക്കാറുകളും പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും ബോണസും പ്രമോഷനും സംഘടനാ സ്വാതന്ത്ര്യവുമുൾപ്പെടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും, സർക്കാറുകൾ കണ്ണടച്ച നിലപാട് തുടരുന്നു....
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ സവിശേഷ സ്ഥാനമുള്ള “കൊല്ലം കശുവണ്ടി”യുടെ അന്താരാഷ്ട്ര സ്വീകാര്യതക്കു പിന്നിൽ, തൊഴിലാളികളുടെ കഠിനാധ്വാനമാണ്. എന്നാൽ, ആ തൊഴിലാളികളെ മാനേജ്മെൻറുകളും കേന്ദ്ര- സംസ്ഥാന സർക്കാറുകളും പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും ബോണസും പ്രമോഷനും സംഘടനാ സ്വാതന്ത്ര്യവുമുൾപ്പെടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും, സർക്കാറുകൾ കണ്ണടച്ച നിലപാട് തുടരുന്നു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഈ ഉത്സവ കാലത്ത് 5000 രൂപ സഹായവും ഓണക്കിറ്റുംപോലും അനുവദിച്ചിട്ടില്ല.
പെൻഷൻ നിയമങ്ങളിൽ തൊഴിലാളി വിരോധം
പെൻഷന് അർഹത ലഭിക്കാൻ 3650 ഹാജർ വേണമെന്ന ക്രൂരവ്യവസ്ഥ, തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാതാക്കാനുള്ള കേന്ദ്ര-സംസ്ഥാനങ്ങളുടെ കൂട്ടുനിൽപ്പാണ്. 10 വർഷത്തെ സേവനത്തിന് പെൻഷൻ ലഭിച്ചിരുന്ന സംവിധാനം പുനഃസ്ഥാപിക്കണം. തൊഴിലാളികളെ വാർധക്യത്തിൽ മാന്യതയോടെ കഴിയാൻ സമ്മതിക്കാതെ, ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത് അനുവദിക്കാനാവില്ല.
- സീസണൽ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നാൽ സർക്കാർ സംവിധാനങ്ങൾ ഒന്നും പിന്തുണക്കെത്തുന്നില്ല.
- കാപെക്സ്, കശുവണ്ടി വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ സർക്കാറിന്റെ മൗനാനുമതിയോടെ തൊഴിലാളി യൂനിയനുകളെ തകർക്കാൻ ശ്രമം നടക്കുന്നു.
- വിലക്കയറ്റം നിയന്ത്രണാതീതമാകുമ്പോഴും തൊഴിലാളികളുടെ വേതനവർധന അനുവദിക്കാൻ സർക്കാർ തയാറല്ല.
- സ്റ്റാഫിന് വർഷങ്ങളായി കാത്തിരിക്കുന്ന 35 ശതമാനം ശമ്പളവർധന നിഷേധിച്ചു.
15 വർഷമായി ഡി.എ 56 പൈസയിൽ തുടരുന്നു. ഈ ഘട്ടത്തിൽ അവകാശങ്ങൾക്കായി സമരം ചെയ്യുകയാണ് തൊഴിലാളികൾക്ക് മുന്നിലെ ഏകമാർഗം. പ്രമോഷനുകളിൽ സീനിയോറിറ്റി മാനിക്കാത്തതും ശമ്പള ഏകീകരണം തടയുന്നതുമുൾപ്പെടെ 14 ഇന ആവശ്യങ്ങളുമായി ആഗസ്റ്റ് 22ന് കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ്
കൊല്ലം മുണ്ടക്കൽ കശുവണ്ടി വികസന കോർപറേഷൻ ഹെഡ് ഓഫിസിന് മുന്നിൽ, പണിമുടക്കും പ്രതിഷേധസംഗമവും സംഘടിപ്പിക്കുകയാണ്.സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ ചരിത്ര പോരാട്ടത്തിൽ തൊഴിലാളികൾക്കൊപ്പം ജനാധിപത്യ വിശ്വാസമുള്ള ഏവരും കൈകോർക്കുമ്പോഴാണ് കശുവണ്ടി വ്യവസായവും തൊഴിലാളികളുടെ ജീവിതവും രക്ഷപ്പെടുക.
(കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ലേഖകൻ കേരള കശുവണ്ടി തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറാണ്)