ഓർമപ്പൈങ്കിളിയുടെ കാലം
text_fields
ഈയിടെയായി മലയാളത്തിലെ സാംസ്കാരികക്കമ്പോളത്തിൽ അഭിവൃദ്ധി പ്രാപിച്ചുവരുന്ന ഒരിനമാണ് അവനവൻകഥ. ഓർമക്കുറിപ്പുകൾ എന്നപേരിൽ വിപണിയിലെത്തുന്ന ഇത്തരം പുസ്തകങ്ങൾക്കു കിട്ടുന്ന വിൽപനയും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന പാരായണപ്രിയവും അമ്പരപ്പിക്കുന്നതാണ്. ഏതാണ്ടെല്ലാ മലയാളികളും പണ്ടുമിന്നും ഏതെങ്കിലും ഘട്ടങ്ങളിൽ നേരിട്ടിട്ടുള്ള കൊച്ചുകൊച്ചു ജീവിതക്ലേശങ്ങൾ, താൽക്കാലിക സങ്കടങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ...
ഈയിടെയായി മലയാളത്തിലെ സാംസ്കാരികക്കമ്പോളത്തിൽ അഭിവൃദ്ധി പ്രാപിച്ചുവരുന്ന ഒരിനമാണ് അവനവൻകഥ. ഓർമക്കുറിപ്പുകൾ എന്നപേരിൽ വിപണിയിലെത്തുന്ന ഇത്തരം പുസ്തകങ്ങൾക്കു കിട്ടുന്ന വിൽപനയും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന പാരായണപ്രിയവും അമ്പരപ്പിക്കുന്നതാണ്. ഏതാണ്ടെല്ലാ മലയാളികളും പണ്ടുമിന്നും ഏതെങ്കിലും ഘട്ടങ്ങളിൽ നേരിട്ടിട്ടുള്ള കൊച്ചുകൊച്ചു ജീവിതക്ലേശങ്ങൾ, താൽക്കാലിക സങ്കടങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ആദ്യത്തെ ലോകാനുഭവമെന്ന മട്ടിൽ അവതരിപ്പിക്കുന്ന ഈ മെലോഡ്രാമകൾ ഉൽപന്നത്തിൽനിന്ന് വ്യവസായമായി വളർന്നുകഴിഞ്ഞിരിക്കുന്നു. പുത്തൻ പൈങ്കിളി സാഹിത്യത്തിന്റെ ഭാഗമായ ആത്മകഥപ്പൈങ്കിളി. ജീവിതമെഴുത്തിന്റെ പേരിൽ പ്രചരിക്കുന്ന, അല്ലെങ്കിൽ വേഷം കെട്ടുന്ന ഈ പൊള്ളയെഴുത്തിൽനിന്ന് മലയാളത്തിനും വിവേകികളായ വായനക്കാർക്കും എന്തുകിട്ടും?
പലതരമാണ് ഓർമപ്പൈങ്കിളിയുടെ പറക്കലും പാട്ടും. ഇന്ത്യയിലോ കേരളത്തിലോ ഒരുകാലത്തും ഉണ്ടായിട്ടില്ലാത്തതും ഓർമക്കുറിപ്പെഴുതുന്നയാൾ മാത്രം അനുഭവിച്ചിട്ടുള്ളതുമായ മഹാദാരിദ്യ്രത്തിലും കൊടുംപട്ടിണിയിലും നിന്നു കരകയറിയോ ഇപ്പോഴും കയറാതെയോ കഥാപുരുഷൻ സ്വയം നിർമിച്ചതിന്റെ മെലോഡ്രാമയാണ് ഒരിനം. കുടുംബത്തിന്റെ യാഥാസ്ഥിതികത്വംമൂലം താൻ അനുഭവിച്ച കഠോരയാതനകൾ, കേരളത്തിലെ ‘അപൂർവസംഭവമായ’ കൂലിവേല ചെയ്ത് കുടുംബം പുലർത്തൽ, കേരളത്തിൽ എല്ലായിടവുമുള്ളതുപോലെ ഫൈവ് സ്റ്റാർ സൗകര്യമൊന്നുമില്ലാത്ത നാടൻപള്ളിക്കൂടത്തിലെ തന്റെ പഠനസമരം. അങ്ങനെ പലതും പഴയ നോവലുകളിലെ ബ്ലർബുകളിൽ പറഞ്ഞിരുന്നതുപോലെ ‘ഹൃദയദ്രവീകരണശക്തി’യോടെ ആവിഷ്കരിക്കുന്നവയുമുണ്ട്. പലതരം വണ്ടികൾ ഓടിക്കുമ്പോഴുള്ള ജീവിതദുഃഖം (മെഴ്സിഡസ് ബെൻസ് കാർ, ഹെലികോപ്ടർ എന്നിവ ഓടിക്കുന്നവരുടെ ഏകാന്തതയും വിഷാദവും ഉടൻ വരുമെന്നാണു പ്രതീക്ഷ. വന്നിട്ടില്ലെങ്കിൽ ഇതൊരു പ്രചോദനമായി സ്വീകരിച്ച് ദുഃഖിക്കാവുന്നതാണ്), അറിയാവുന്ന ജോലികൾ കൂലിവാങ്ങി ചെയ്യുന്നതിലെ മഹാത്യാഗവും വ്യസനവും എന്നിങ്ങനെ പലതും വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരിക്കുന്നു.

‘സ്റ്റോളൻ ജനറേഷൻ’ അതിജീവിത മേരി തെർസാക് തന്റെപുസ്തകവുമായി
സോഷ്യൽ മീഡിയയിലെ കുറിപ്പായിട്ടായിരിക്കും ചിലപ്പോൾ തുടക്കം (സമൂഹ മാധ്യമത്തിലെ ആവാസവ്യവസ്ഥ ആത്മരതിക്ക് അനന്തമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്). അതിന് ഉടൻ മേൽപറഞ്ഞ ദുഃഖങ്ങളെപ്പറ്റിയൊന്നും ഒരു പിടിപാടുമില്ലാത്ത ലോലഹൃദയരായ വായനക്കാരുടെ ലൈക്കും ഷെയറും എന്തതിശയമേ എന്ന മട്ടിലുള്ള പ്രശംസയും കരച്ചിലും പിഴിച്ചിലും കിട്ടുന്നു. ആത്മകഥ(ദ)നം ഉടൻതന്നെ പുസ്തകമാവുന്നു. പിന്നെ പതിപ്പോടുപതിപ്പ്. വ്യവസായത്തിന്റെ സാംസ്കാരികയുക്തിയും സംസ്കാരത്തിന്റെ വ്യവസായയുക്തിയും ആലിംഗനബദ്ധരായി സമാനസന്താനങ്ങളെ വീണ്ടും വീണ്ടും ഉൽപാദിപ്പിക്കുന്നു. ഒരു ഓർമക്കുറിപ്പെങ്കിലും എഴുതിയിട്ടു മരിച്ചാൽ മതിയെന്ന് ആഗ്രഹിക്കുന്നവരെ കുറ്റംപറയാൻ പറ്റുമോ?
സത്യമായി (വെറും സത്യമല്ല, പച്ചയായ ജീവിതസത്യമായി) അവതരിപ്പിക്കപ്പെടുന്ന ഈ ഓർമക്കുറിപ്പുകൾ ഫിക്ഷനോ അതോ യാഥാർഥ്യമോ എന്ന ചോദ്യമുണ്ട്. ഒന്നെഴുതി വിജയിച്ചതിന്റെ ബലത്തിൽ തുടർച്ചയായി ആത്മകഥന വ്യാപാരത്തിലേർപ്പെടുന്നതും ഇത്തരം രചനകളിൽ വിവേകമുള്ള വായനക്കാർ എളുപ്പത്തിൽ കണ്ടെത്തിപ്പോകുന്ന വൈരുധ്യങ്ങൾ, കാടുകയറലുകൾ, വിടവുകൾ, ചില കാര്യങ്ങളെപ്പറ്റിയുള്ള നിശ്ശബ്ദതകൾ എന്നിവയുമൊക്കെ ചോദ്യങ്ങൾ സൃഷ്ടിക്കും. വ്യാജവികാരവിക്ഷോഭമുണ്ടാക്കുന്ന കഥാഖ്യാനത്തിന്റെ സെന്റിമെന്റലിസത്തിൽ ഒഴുകിനീങ്ങുകയോ വഴുതിവീഴുകയോ ചെയ്യുന്ന ആരാധക വായനക്കാർക്ക് അത്തരം ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടാകാനിടയില്ല എന്നുപറയുന്നത് കുറ്റംപറച്ചിലോ താഴ്ത്തിക്കെട്ടലോ അല്ല; ബൗദ്ധിക മേനിനടിക്കലുമല്ല. ഏത് ആത്മാഖ്യാനകത്തിനും (അത് ആത്മകഥയായാലും ഓർമക്കുറിപ്പായാലും) വില നൽകുന്ന തെളിവുകളോ സൂചനകളോ ഇല്ലാത്ത വെറും ‘സത്യാവകാശവാദം’ മാത്രമായ മെലോഡ്രാമയുടെ എണ്ണപ്പാളിയിൽ തെന്നിവീണുപോകുന്നതുകൊണ്ടാണ് ലോലഹൃദയരായ വായനക്കാർക്ക് സന്ദേഹങ്ങളുണ്ടാകാത്തത്. ചരിത്രബോധമുള്ള കഠിനഹൃദയരായ വായനക്കാർക്ക് സംശയങ്ങളുണ്ടാവും.
ഓർമപ്പൈങ്കിളിയോട് വായനക്കാർ ചോദിക്കേണ്ട ചോദ്യങ്ങൾ പലതുണ്ട്. യാഥാർഥ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ച് പൊതുജനസമക്ഷം അവതരിപ്പിക്കുന്ന സ്വകാര്യ കഥയുടെ ‘സത്യം’ എന്ന അവകാശവാദം ഗ്രന്ഥകർത്താക്കൾ സാധൂകരിക്കുന്നതെങ്ങനെയാണ്? ഞാൻ പറയുന്നതാണ്, ഓർമിച്ചതാണ് തെളിവ് എന്നുപറഞ്ഞാൽ അതിന് വാസ്തവത്തിന്റെ ആധികാരികത കിട്ടുമോ? ഈ ഓർമകളെ ജീവിതത്തിന്റെ സത്യസന്ധമായ രേഖപ്പെടുത്തലായി സ്വീകരിക്കുമ്പോൾ ചരിത്രപരമായ അപകടത്തിലാവുന്നതെന്തൊക്കെയാവാം?

തീർത്തും വൈയക്തികമായ സ്വകാര്യതകൾ പൊതുസമൂഹത്തിനുമുന്നിൽ തുറന്നുകാണിക്കുമ്പോൾ അതിനൊരു സാംസ്കാരികപ്രസക്തി വേണ്ടതില്ലേ? ഒരാൾ തന്റെ സ്വന്തം കഥ പറയുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ഏതുതരം പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ്? ആ കഥയിൽനിന്ന് അല്ലെങ്കിൽ അത്തരം കഥകളിൽനിന്ന് വായനക്കാർക്ക് എന്താണു ലഭിക്കുക? ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ആഖ്യാനകം ചരിത്രത്തെ എങ്ങനെയെങ്കിലും മാറ്റിമറിക്കുമോ എന്നുള്ളതാണ്. അമേരിക്കൻ അടിമകളും ആസ്ട്രേലിയയിലെ ആദിമ നിവാസികളിലെ ‘സ്റ്റോളൻ ജനറേഷനി’ൽപ്പെട്ടവരും എഴുതിയ ആത്മാഖ്യാനങ്ങൾ ഭരണകൂട നയങ്ങളെത്തന്നെ മാറ്റിമറിച്ച് ചരിത്രം തിരുത്തിയവയാണ് (ആസ് ട്രേലിയയിലെ വെള്ളക്കാരുടെ ഭരണകൂടം 1905-1967 കാലത്ത് ആദിമനിവാസികളുടെ കുട്ടികളെ അച്ഛനമ്മമാരിൽനിന്നു വേർപെടുത്തി സർക്കാറിന്റെയും ക്രൈസ്തവ സഭകളുടെയും കീഴിൽ വളർത്തിയെടുത്തിരുന്നു. അവരെയാണ് ‘അപഹരിക്കപ്പെട്ട തലമുറ’ എന്നുവിളിക്കുന്നത്). ഈ ശക്തിയുള്ള ആത്മാഖ്യാനങ്ങൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. കല്ലേൻ പൊക്കുടന്റെ ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ ഉൾപ്പെടെ പല രചനകൾ. നിസ്സാരതകളുടെ സംഭരണികൾ മാത്രമായ കൊച്ചുവർത്തമാനങ്ങൾ വായനക്കാർക്കോ സമൂഹത്തിനോ ഒന്നും നൽകുകയില്ല. അവനവൻ ആത്മസുഖത്തിനായി എഴുതുന്നവ പരന് സുഖത്തിനായി വന്നില്ലെങ്കിലും അവരെ ചിന്താകുലരെങ്കിലുമാക്കേണ്ടതില്ലേ?
ഇന്നയിന്ന ആളുകൾക്കേ ആത്മകഥയെഴുതാവൂ എന്നു നിയമമൊന്നുമില്ല. സത്യമെന്ന് അവകാശപ്പെടുന്ന ആത്മകഥകൾ അതിനെ സാധൂകരിക്കുന്നവ മാത്രമല്ല, ആഴമുള്ളവയും വായനക്കാരോട് അർഥവത്തായി സംവദിക്കുന്നവയുമാവണം. ആത്മകഥാ പുസ്തകങ്ങൾ സത്യവാങ്മൂലങ്ങളായി സ്വീകരിക്കപ്പെട്ടിരുന്ന ഒരു കാലം മലയാളത്തിലുമുണ്ടായിരുന്നുവെന്നോർക്കാം. മേൽപറഞ്ഞ ഗുണങ്ങളെല്ലാം അവയിലുണ്ടായിരുന്നു. സത്യാഭാസങ്ങൾ വികാരതരളിതത്വവും വിക്ഷോഭവുമൊക്കെയുണ്ടാക്കിയേക്കാം. കല്പിതകഥയെ സത്യമെന്നു തീർച്ചപ്പെടുത്തി വായിച്ചുകൊണ്ടിരിക്കുന്നവരും അങ്ങനെ വിശ്വസിച്ചുപോയവരുമെല്ലാം ഒരു കച്ചവടയുക്തിയിലല്ലേ കുരുങ്ങിക്കിടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.