Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജാതി ഉന്മൂലനം...

ജാതി ഉന്മൂലനം യാഥാർഥ്യമാക്കാൻ....

text_fields
bookmark_border
ജാതി ഉന്മൂലനം യാഥാർഥ്യമാക്കാൻ....
cancel
ദലിതരെ എതിർക്കാനാണ് ആർ.എസ്.എസ് ഉണ്ടായതെങ്കിലും, അധികാരം ഉറപ്പിക്കുന്നതിനായി അവർ മുസ്‍ലിംകളെ ഒരു ബാഹ്യ ശത്രുവായി അവതരിപ്പിച്ചു. മനുസ്മൃതി അവരുടെ കേന്ദ്ര ആശയമായി തുടരുകയും ചെയ്തു

ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനാഘോഷ വേള ‘ജാതി ഉന്മൂലനം’ എന്ന അദ്ദേഹത്തിന്റെ പ്രധാന അധ്യാപനത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആലോചിക്കേണ്ട സമയം കൂടിയാണ്. ‘ഹിന്ദു’ എന്ന പദം പ്രയോഗത്തിൽ വരുന്നതിന് മുമ്പ് തന്നെ ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളിൽ ജാതി-വർണ വ്യവസ്ഥ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. ഈ വ്യവസ്ഥക്കെതിരായ ആദ്യത്തെ പ്രധാന ശബ്ദം ഗൗതമ ബുദ്ധന്റേതായിരുന്നു. ഇതിനെ ഒരു ‘വിപ്ലവം’ എന്നാണ് ബാബാസാഹേബ് വിളിച്ചത്.

ജാതിക്കെതിരെയുള്ള അടുത്ത പ്രധാന പോരാട്ടം കബീർ, റായ്ദാസ്, ദാദു തുടങ്ങിയ സന്യാസിമാരിൽ നിന്നായിരുന്നു. അവരുടെ ആശയങ്ങൾ ശക്തമായിരുന്നുവെങ്കിലും, ജാതി വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളായ ഭൂപ്രഭുക്കളും പുരോഹിത വർഗവും ശക്തമായി എതിർത്തു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ, ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജാതി വ്യവസ്ഥക്കെതിരെ എതിർപ്പുകൾ ഉയർന്നു. ആധുനിക കാലത്തെ സമത്വത്തെക്കുറിച്ചുള്ള ആശയങ്ങൾ ജ്യോതിറാവു ഫൂലെയിൽ നിന്നാണ് ആരംഭിക്കുന്നത്.

ജ്യോതിറാവു ഫൂലെയും സാവിത്രിഭായ് ഫൂലെയും ചേർന്ന് ആരംഭിച്ച സ്ത്രീവിദ്യാഭ്യാസം, സ്ത്രീകളെ പുരുഷന്മാർക്ക് കീഴിലാക്കി കണ്ടിരുന്ന വ്യവസ്ഥിതിയുടെ കർക്കശതക്കെതിരായ പോരാട്ടത്തിന് കരുത്തുപകർന്നു. ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാത്തിമ ശൈഖ് സാവിത്രിഭാക്കൊപ്പം ഉറച്ചുനിന്നു. സാമൂഹിക നീതിയിലേക്കുള്ള ഈ പ്രയാണത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ബാബാസാഹേബ് അംബേദ്കറിൽ നിന്നാണ് ഉണ്ടായത്. കുടിവെള്ള അവകാശത്തിനായുള്ള പോരാട്ടം (ചൗദാർ കുളം), ക്ഷേത്ര പ്രവേശനം (കാലാറാം ക്ഷേത്രം) തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും ശ്രദ്ധേയമായിരുന്നു. ജാതിക്കുള്ള മതപരമായ അംഗീകാരത്തോടുള്ള എതിർപ്പായിരുന്നു മനുസ്മൃതി ദഹനം. പെരിയാർ രാമസാമി നായ്ക്കറുടെ ‘ആത്മഗൗരവ പ്രസ്ഥാനം’ സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുന്നതായിരുന്നു. ഈ ശ്രമങ്ങളെല്ലാം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി നടക്കുകയും ഒടുവിൽ ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ കലാശിക്കുകയും ചെയ്തു. അംബേദ്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായത് കേവലം പ്രതീകാത്മകമായിരുന്നില്ല, മറിച്ച് സമത്വത്തിന്റെ മൂല്യങ്ങൾക്കായി ആ മഹാനായ നേതാവ് വഹിച്ച മുഖ്യ പങ്കിന്റെ പ്രതിഫലനമായിരുന്നു.

സമത്വത്തിലേക്കുള്ള ഈ മാറ്റത്തോടുള്ള എതിർപ്പിന്റെ വിത്തുകൾ അക്കാലത്ത് തന്നെ സമൂഹത്തിലുണ്ടായിരുന്നു. അവ ആദ്യം ഹിന്ദു മഹാസഭയിലും പിന്നീട് ആർ.എസ്.എസിലും പ്രതിഫലിച്ചു. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ കാതലായ ജാതി-ലിംഗ ശ്രേണികളെ പിടിച്ചുലക്കുന്നതായിരുന്നു ദലിത്-ഒ.ബി.സി പ്രസ്ഥാനം. സമൂഹത്തിൽ സമത്വത്തിനായി പരിശ്രമിക്കുന്ന ദലിതരെ എതിർക്കാനാണ് ആർ.എസ്.എസ് ഉണ്ടായതെങ്കിലും, അധികാരം ഉറപ്പിക്കുന്നതിനായി അവർ മുസ്‍ലിംകളെ ഒരു ബാഹ്യ ശത്രുവായി അവതരിപ്പിച്ചു. മനുസ്മൃതി കേന്ദ്ര ആശയമായി തുടരുകയും ഇസ്‍ലാം വിരോധം അവരുടെ വളർച്ചക്കുള്ള ഒരു മറയായി മാറുകയും ചെയ്തു. പ്രചാരകർ വഴിയും സ്വയംസേവകർ വഴിയും അവർ തങ്ങളുടെ ആശയങ്ങൾ യുവജനങ്ങളിലേക്ക് എത്തിച്ചു.

ഭരണഘടന പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകിയെങ്കിലും, അതിനെതിരായ കുപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇത് 1980-ൽ അഹമ്മദാബാദിലെ ദലിത് വിരുദ്ധ അക്രമങ്ങളിലും 1985-ലെ ഒ.ബി.സി വിരുദ്ധ അക്രമങ്ങളിലും കലാശിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയത് സാമൂഹിക നീതിയിലേക്കുള്ള മുന്നേറ്റത്തിന് കരുത്തേകിയ ഘട്ടത്തിൽ രാമക്ഷേത്രം, പശു, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാണ് ഇതിന് ഹിന്ദു ദേശീയവാദികൾ മറുപടി നൽകിയത്.

ഭൂപരിഷ്കരണം അപൂർണമായി തുടരുന്നതും പുരോഹിതന്മാരും ഭൂപ്രഭുക്കളും തങ്ങളുടെ രൂപം മാറ്റി നിലനിൽക്കുന്നതും കാരണം ഈ പോസിറ്റീവ് ആക്ഷൻ (സംവരണം) പലർക്കും സ്വീകാര്യമായില്ല. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെ ദുർബലപ്പെടുത്താൻ സാമ്പത്തിക സംവരണം കൊണ്ടുവന്നു. അക്കാദമിക് രംഗത്തെ സംവരണ തസ്തികകളിൽ പലപ്പോഴും ‘അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമല്ല’ എന്നുപറഞ്ഞ് ഒഴിച്ചിട്ടു. ഹിന്ദു ദേശീയവാദി പ്രത്യയശാസ്ത്രത്തിന്റെ വളർച്ചയോടെ, സാമൂഹിക നീതിയിലേക്കുള്ള യാത്ര തടയാൻ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്.

മറ്റൊരു വിഷയം സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക വിഭാഗങ്ങൾ നേരിടുന്ന അപമാനമാണ്. ഇത് ദലിത്/എസ്ടി വിദ്യാർഥികളുടെ ആത്മഹത്യകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ ‘സ്ഥാപനവൽകൃത കൊലപാതകം’ പലരെയും ഉലച്ചു. ‘രോഹിത് ആക്ട്’ രൂപവത്കരിച്ചെങ്കിലും അത് നടപ്പിലാക്കാതെ തുടരുന്നു.ജാതി അതിക്രമങ്ങളുടെ ഫലമായുള്ള അത്തരം മരണങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് 2026 ജനുവരി 13-ന് യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി, ലിംഗഭേദം, ഭിന്നശേഷി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയാൻ കർശനമായ നടപടികൾ മുന്നോട്ടുവെച്ചത്. എന്നാൽ ഇതിനെതിരായ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കോടതി യു.ജി.സിയുടെ നിർദ്ദേശങ്ങൾ റദ്ദാക്കി.

ഇന്ന് നാം ഡോ. അംബേദ്കറെ സ്മരിക്കവെ, സാമൂഹിക സമത്വത്തിലേക്കുള്ള പ്രയാണത്തെ എതിർക്കുന്ന ആർ.എസ്.എസ് തങ്ങളുടെ പിന്തിരിപ്പൻ അജണ്ടകൾ പലതരത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ആർ.എസ്.എസിന്റെ മുസ്‍ലിം വിരുദ്ധ അജണ്ട പ്രകടമാണെങ്കിലും, അവരുടെ ദലിത് വിരുദ്ധ അജണ്ട വളരെ സൂക്ഷ്മമാണ്. ജാതി ഉൻമൂലനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationeducation departmentGovernment of KeralaKannur Dental College Student Death
News Summary - To make caste eradication a reality
Next Story