അന്തമില്ലാതെ തുടരുന്ന അയിത്തഭീകരത
text_fieldsമല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഹൽദ്വാനി രാംലീല മൈതാനത്ത് ഹിന്ദുത്വ സംഘടന നടത്തിയ ഹവനം
‘‘നിങ്ങൾ ഇഷ്ടമുള്ള ഏത് ദിശയിലേക്ക് തിരിഞ്ഞുകൊള്ളൂ. ജാതി നിങ്ങളുടെ പാതയെ കടന്നെത്തുന്ന വഴിയിൽ ഭീമാകാര ജന്തുവായി കുറുകെയുണ്ട്. ഈ ഭീകരരൂപിയെ കൊല്ലാതെ, നിങ്ങൾക്ക് ഒരു രാഷ്ട്രീയ പരിഷ്കരണവും സാമ്പത്തിക പരിഷ്കരണവും സാധ്യമാവില്ല.’’ -ഡോ. ബി.ആർ. അംബേദ്കർ
നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലവിധ രൂപങ്ങളിലും ഭാവങ്ങളിലും ഇന്ത്യയിലിന്നും അയിത്തവും തൊട്ടുകൂടായ്മയും തുടരുകയാണ്. 2026 ആഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീലാ മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ട കോൺഗ്രസ് പൊതുയോഗത്തിൽ എ.ഐ.സി.സി അധ്യക്ഷനും രാജ്യത്തെ സമുന്നത ദലിത് നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിക്കുകയുണ്ടായി. യോഗശേഷം ഖാർഗെ പങ്കെടുത്ത വേദിയിൽ ശ്രീരാം സേന ധർമാർഥ സേവാ ന്യാസ് എന്ന ഹിന്ദുത്വ സംഘടന ഹവനവും ശുദ്ധീകരണവും നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖാർഗെയ്ക്കെതിരായ ശുദ്ധീകരണച്ചടങ്ങുകളെ ‘‘അയിത്തത്തിന്റെ പ്രത്യക്ഷമായ പ്രകടനം’’ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഇതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദലിത്-ആദിവാസി ജനത സ്പർശിച്ച സ്ഥലങ്ങൾ ഹവനം നടത്തി വെള്ളവും ചാണകവും ഗോമൂത്രവും തളിച്ച് ശുദ്ധീകരിക്കുന്ന ചടങ്ങ് നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ക്രൂരമായ അയിത്താചരണമാണ്.
അയിത്തത്തെ സ്ഥാപിക്കുന്ന പാഠങ്ങൾ
ചണ്ഡാളരോട് സംസാരിക്കുന്നതും അവരെ സ്പർശിക്കുന്നതും പാപകർമമായാണ് ആപസ്തംബധർമസൂത്രം പരിഗണിക്കുന്നത്. അശുദ്ധരെന്ന് ധർമസൂത്രങ്ങൾ സ്ഥാനപ്പെടുത്തിയ ജാതിവിഭാഗങ്ങളുമായി സഹവസിക്കുന്നത് തന്നെ പാപമാണെന്ന് ഗൗതമധർമസൂത്രം അനുശാസിക്കുന്നു. അയിത്തക്കാരായി ഗണിക്കപ്പെടുന്നവരുമായി സഹവസിക്കുന്നതിലൂടെയുണ്ടാകുന്ന അശുദ്ധിയുടെ നിവാരണത്തിനായി ഹോമവും മറ്റും ഗൗതമൻ വിധിക്കുന്നുണ്ട്. ചണ്ഡാളർ, പതിതർ എന്നിവരെ തൊട്ടാൽ കുളിക്കണമെന്ന് മനുസ്മൃതിയിലും കാണാം (ദിവാകീർത്തിമുദക്യാം ച പതിതം സൂതികാം തഥാ / ശവം തത്സ്പൃഷ്ടിനം ചൈവ സ്പൃഷ്ട്വോ സ്നാനേന ശുദ്ധ്യതി-മനു. 5.86). അയിത്തക്കാരായി മുദ്രകുത്തപ്പെട്ടവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അശുദ്ധിയാണെന്നും അതിന് പരിഹാരമായി പുണ്യാഹം, പഞ്ചഗവ്യപ്രോക്ഷണം, ഹവനങ്ങൾ എന്നിവ ചെയ്യണമെന്നും രൗരവാഗമത്തിൽ വിധിക്കുന്നുണ്ട്. അയിത്തക്കാരായി ബ്രാഹ്മണ്യം മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ സ്പർശനവും സാന്നിധ്യവും അശുദ്ധമാണെന്ന് വരുത്തിത്തീർക്കാനും, ശുദ്ധീകരണച്ചടങ്ങുകളിലൂടെ അയിത്തത്തെ സ്ഥാപനവൽക്കരിക്കാനുമാണ് ബ്രാഹ്മണ്യ പൗരോഹിത്യം ശ്രമിച്ചതെന്ന് ഇതെല്ലാം തെളിയിക്കുന്നു. ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണച്ചടങ്ങുകൾ നടത്തിയതിലൂടെ മനുസ്മൃതിയിലും ധർമസൂത്രങ്ങളിലും ആഗമങ്ങളിലും അനുശാസിച്ച അതേ അയിത്താചരണമാണ് അരങ്ങേറിയതെന്ന് വ്യക്തം.
അയിത്തത്തിന്റെ വിവിധ രൂപങ്ങൾ
അയിത്തം പല രൂപത്തിലും ഭാവത്തിലുമാണ് ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേത്രപ്രവേശന വിലക്ക് അതിന്റെ പ്രത്യക്ഷരൂപങ്ങളിലൊന്നാണ്. പൊതു കിണറോ കുളമോ ഉപയോഗിക്കുന്നതിനുള്ള വിലക്ക്, ചായക്കടകളിൽ ദലിതർക്ക് വേറെ ഗ്ലാസ് നൽകൽ, അവർ ഉപയോഗിച്ച പാത്രം മറ്റുള്ളവർ ഉപയോഗിക്കാതിരിക്കൽ, വിവാഹ-ഉത്സവവിരുന്നുകളിലും ഭക്ഷണശാലകളിലും ദലിതർക്ക് പ്രത്യേക ഇരിപ്പിടവും പാത്രവും നൽകൽ, പൊതുവഴികളും ക്ഷേത്രവഴികളും പൊതുസ്ഥലങ്ങളും ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തൽ, പ്രത്യേക വസ്ത്രധാരണരീതികൾ അടിച്ചേൽപ്പിക്കലും ചെരിപ്പ് ധരിക്കാൻ അനുവദിക്കാതിരിക്കലും, മുടിവെട്ടൽ നിഷേധിക്കൽ, കടകളിലും ഹോട്ടലുകളിലും സേവനം നൽകാതിരിക്കൽ, വിവാഹവേളകളിലെ വിലക്കുകൾ (ദലിത് വരൻ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് തടയൽ, ക്ഷേത്രത്തിലോ പൊതുസ്ഥലത്തോ വിവാഹം നടത്താൻ അനുവദിക്കാതിരിക്കൽ), ശവസംസ്കാരസ്ഥലത്തെ വേർതിരിവ് (പൊതുശ്മശാനം ഉപയോഗിക്കുന്നത് തടയൽ, പ്രത്യേക ശ്മശാനം ഉപയോഗിക്കാൻ നിർബന്ധിക്കൽ), വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ വിവേചനം, താമസസ്ഥലങ്ങളിലെ വിവേചനം (ജാതി നോക്കി വീട് വാടകയ്ക്ക് നൽകാതിരിക്കൽ), സാമൂഹിക ബഹിഷ്കരണം തുടങ്ങിയവയെല്ലാം അയിത്തത്തിന്റെ പ്രകടരൂപങ്ങളാണ്.
2021-ൽ കർണാടകയിലെ കൊപ്പലിൽ മൂന്നു വയസ്സുള്ള ദലിത് കുട്ടി ക്ഷേത്രപരിസരത്ത് കയറിയതിന് പിഴ ചുമത്തിയ സംഭവം അയിത്തത്തിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. ഗുജറാത്തിലെ ജുനാഗഢിൽ ക്ഷേത്രച്ചടങ്ങിനോടനുബന്ധിച്ച് ഭക്ഷണം കഴിക്കാനെത്തിയ ദലിതരോട് സ്വന്തം പാത്രവും ഗ്ലാസും കൊണ്ടുവരാനും മറ്റുള്ളവർ കഴിച്ചശേഷം മാത്രം കഴിക്കാനും ആവശ്യപ്പെട്ടതും ഇതിന്റെ വ്യക്തമായ തെളിവാണ്. 2022-ൽ തമിഴ്നാട്ടിലെ വേങ്ങൈവയലിൽ ദലിതർ ഉപയോഗിച്ചിരുന്ന കുടിവെള്ളടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2026-ൽ ഒഡിഷയിലെ ജഗത്സിങ്പൂരിൽ ദലിത് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞ സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷൻ സ്വമേധയാ കേസെടുക്കുകയുണ്ടായി.
ഭരണഘടനയുടെ അനുച്ഛേദം 17 അയിത്തം നിരോധിച്ചിട്ട് ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതിവിവേചനവും അയിത്തവും പല രൂപങ്ങളിൽ രാജ്യത്ത് ശക്തമായി തുടരുന്നു. ഹിന്ദുത്വ ഭരണത്തിന് കീഴിൽ ദലിതർക്കെതിരായ അതിക്രമങ്ങൾ വലിയതോതിൽ വർധിക്കുകയാണ്. എൻ.സി.ആർ.ബി കണക്കനുസരിച്ച് 2022-ൽ റിപ്പോർട്ട് ചെയ്ത 57,582 കേസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികജാതി അതിക്രമങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ് (15,368). തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട് (8,752). രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണിത്. പരാതിപ്പെടാത്തതും പുറംലോകമറിയാത്തതുമായ ആയിരക്കണക്കിന് അതിക്രമങ്ങൾ ഓരോ ദിവസവും സംഭവിക്കുന്നുണ്ട്. കായികമായ ആക്രമണം, ജാത്യാധിക്ഷേപം, സാമൂഹികവിലക്ക് എന്നിവയെല്ലാം ഇതിൽപ്പെടുന്നു. 2022-ലെ കണക്കനുസരിച്ച് പി.സി.ആർ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 1,186 അയിത്തക്കേസുകളിൽ 1,161 എണ്ണവും കോടതികളിൽ തീർപ്പാകാതെ കിടക്കുകയാണ്; അതായത് 97 ശതമാനത്തിലധികം കേസുകളും കെട്ടിക്കിടക്കുന്നു.
അയിത്തം തൊട്ടുകൂടായ്മ മാത്രമല്ല
ഇന്ത്യയിൽ അയിത്തമെന്നത് ഒരാളെ ശാരീരികമായി സ്പർശിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജന്മംകൊണ്ട ജാതിയുടെ പേരിൽ അന്തസ്സും അഭിമാനവും നിഷേധിക്കപ്പെടുന്നതും സാമൂഹിക-മത-പൊതുഇടങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതും അയിത്തം തന്നെയാണ്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക അനഘ ശശി നേരിടേണ്ടിവന്ന അനുഭവങ്ങൾ വിദ്യാഭ്യാസമേഖലയിലെ അയിത്തത്തിന്റെ തെളിവാണ്. വലിയ പുരോഗമനവാദികൾ പ്രഫസർമാരായിരിക്കുന്ന ഇടങ്ങളിലാണ് ഇത്തരം ഗവേഷണ അയിത്തങ്ങൾ നടക്കുന്നത്. ചുരുക്കത്തിൽ, ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചതിലൂടെ ദലിതരെ ഇപ്പോഴും തൊട്ടുകൂടാത്തവരായി തന്നെയാണ് ഹിന്ദുത്വവാദികൾ കാണുന്നതെന്നും ഭരണഘടനാ മൂല്യങ്ങളോട് അവർക്ക് യാതൊരു ബഹുമാനവുമില്ലെന്നുമാണ് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

