
യു.പിയിലെ പ്രയാഗ് രാജിൽ സാമൂഹിക പ്രവർത്തകൻ ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ
ഹായ്, ഈ ഇരുട്ടിന് എന്തൊരു തിളക്കം!
text_fieldsഝാൻസിയെന്ന് കേൾക്കുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി രക്തസാക്ഷിത്വം വരിച്ച ധീരയായ റാണി ലക്ഷ്മീബായിയെയും ഇന്ത്യൻ സൈന്യത്തിലെ വീരാംഗനമാരുടെ ഝാൻസി റാണി റെജിമെന്റുമാണ് നമുക്ക് ഓർമവരുക. എന്നാൽ, ഈയിടെ ഝാൻസി വാർത്തയിൽ നിറഞ്ഞത് മറ്റൊരു കാരണത്താലാണ്- ജൂൺ 19ന് ന്യൂഡൽഹി-ഭോപാൽ വന്ദേഭാരത് എക്സ്പ്രസ് ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ നടന്ന അതിക്രമത്തിന്റെ പേരിൽ. സ്വന്തം പേരിൽ ബുക്ക് ചെയ്ത സീറ്റ് ഒരു എം.എൽ.എയുമായി വെച്ചുമാറാൻ സമ്മതിച്ചില്ല എന്ന കുറ്റത്തിനാണ് രാജ്പ്രകാശ് എന്ന യാത്രക്കാരനെ എം.എൽ.എയുടെ അനുയായികൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. ചോരയൊലിക്കുംവിധം മർദിക്കപ്പെട്ട യാത്രക്കാരന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിക്കുമ്പോഴും അദ്ദേഹം മൊഴി നൽകാൻ തയാറായില്ല എന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. മോശമായി പെരുമാറി എന്ന പേരിൽ ഇദ്ദേഹത്തിനെതിരെ കേസും ചുമത്തപ്പെട്ടിട്ടുണ്ട്. രാജവാഴ്ചയോ അടിയന്തരാവസ്ഥയോ അരാജകത്വമോ നടമാടുന്നൊരു നാട്ടിൽ മാത്രമേ ഇങ്ങനെയെല്ലാം സംഭവിക്കൂ എന്നാണ് നാം കരുതിപ്പോന്നത്. എന്നാൽ, അടിയന്തരാവസ്ഥയുടെ ക്രൂരതയെക്കുറിച്ച് നാടിനെ ഓർമിപ്പിക്കുന്ന, അന്ന് ഭരണം നിയന്ത്രിച്ചിരുന്ന ഇന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ നിരന്തരം കുറ്റപ്പെടുത്തുന്ന ഭാരതീയ ജനത പാർട്ടിയുടെ യു.പിയിൽനിന്നുള്ള നിയമസഭാംഗത്തിന് വേണ്ടിയാണ് ഈ തല്ലിച്ചതക്കൽ നടന്നത്.
‘അടിയന്തരാവസ്ഥയുടെ രക്തസാക്ഷികൾ’ എന്ന അവകാശവാദത്തോടെ നാടൊട്ടുക്ക് ആവേശപൂർവം അനുസ്മരണങ്ങൾ സംഘടിപ്പിക്കുന്ന സംഘ്പരിവാറിന്റെ 11 വർഷത്തെ ഭരണകാലം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കാൻ ഒരു പ്രഖ്യാപനത്തിന്റെയോ ഒപ്പുചാർത്തലിന്റെയോ ഔപചാരികതപോലും വേണ്ടതില്ല എന്ന് വ്യക്തമാക്കിത്തരുന്നു. വിവേചനപരമായ പൗരത്വ നിയമത്തെ എതിർത്തതിന്, ആദിവാസി ഉന്മൂലനത്തെ ചെറുത്തതിന്, വ്യവസായിക മലിനീകരണത്തിനും ചൂഷണത്തിനുമെതിരെ ലേഖനമെഴുതിയതിന് ആയിരക്കണക്കിന് ദിവസങ്ങൾ തടവറയിൽ കിടക്കേണ്ടിവന്നവരും 75ലെ തടവുകാരും തമ്മിലെ വ്യത്യാസവും അതുതന്നെ. അന്ന് പ്രധാനമന്ത്രിയും മകനും അവരുടെ ഭക്തജനസംഘവും ചേർന്നാണ് ഭരണഘടനയെ അട്ടിമറിച്ചതെങ്കിൽ ഭരണകൂടത്തിനും അതിന്റെ കടിഞ്ഞാൺ പിടിക്കുന്ന സംഘത്തിനും ഇഷ്ടമില്ലാത്ത ആഹാരങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും രാജ്യവിരുദ്ധതയായി മാറുന്ന പ്രതിദിനക്കാഴ്ചകളാണ് നാം കാണുന്നത്. ബീഫ് കഴിച്ചതിന്, വിറ്റതിന്, വാഹനത്തിൽ കൊണ്ടുപോയതിന്, വീട്ടിൽ സൂക്ഷിച്ചതിന് ജനങ്ങൾ ആക്രമിക്കപ്പെടുകയും തല്ലിക്കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് എണ്ണമില്ലാതായിരിക്കുന്നു. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുൾപ്പെടെ എത്രയധികം രാഷ്ട്രീയ നേതാക്കളെയാണ് കുറ്റപത്രംപോലും നൽകാതെ നാളുകളോളം തുറുങ്കിലടച്ചത്. പൗരാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നതും ഭരണകൂടത്തിന്റെ ആഭിചാരക്രിയകളെ എതിർക്കുന്നതും പൊതുപ്രവർത്തകരും മാധ്യമങ്ങളും ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിക്കാണുന്ന കാലത്ത് വെറുപ്പിനെ എതിർക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും ഏതു സമയവും കൽതുറുങ്കിലടക്കപ്പെട്ടേക്കാം, അല്ലെങ്കിൽ സ്റ്റാൻ സ്വാമിക്കും ഗൗരി ലങ്കേശിനും കൽബുർഗിക്കും മേൽ നടപ്പാക്കിയതുപോലെ പുറംകരാർ വധശിക്ഷക്ക് വിധേയരാക്കപ്പെട്ടേക്കാം.
പ്രബീർ പുർകായസ്ത
മാധ്യമങ്ങളുടെ വായടപ്പിക്കാൻ സെൻസർഷിപ് ഉദ്യോഗസ്ഥരല്ല, ഭരണകൂട അരുതായ്മകൾക്ക് അരുനിന്ന് സ്വയം ഒരു കുറ്റവാളിക്കൂട്ടമായി മാറിക്കഴിഞ്ഞ ഇ.ഡി സംഘങ്ങളാണ് ഇന്നിറങ്ങുന്നത്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി നേതാവ് എന്ന നിലയിൽ ജയിലിലടക്കപ്പെട്ട പ്രബീർ പുർകായസ്ത 2021ൽ അറസ്റ്റിലായത് സർക്കാറിന് ഇഷ്ടമില്ലാത്ത വാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കുന്ന ന്യൂസ് ക്ലിക് പോർട്ടൽ നടത്തുന്നതിന്റെ പേരിലായിരുന്നു. സിദ്ദീഖ് കാപ്പൻ, ഇപ്പോഴും ജയിലിൽ കഴിയുന്ന രൂപേഷ് കുമാർ സിങ് തുടങ്ങിയ മാധ്യമ പ്രവർത്തകരുടെ അപരാധവും അതുതന്നെ.
സിദ്ദീഖ് കാപ്പൻ
സർക്കാറിന്റെ വാഴ്ത്തുപാട്ടുകാരായ മാധ്യമ പ്രവർത്തകർ പട്ടും വളയുംകൊണ്ട് പുരസ്കരിക്കപ്പെടുകയും എതിർശബ്ദം കേൾപ്പിച്ചതിന് മീഡിയവണിന് പൂട്ടിടുകയും ചെയ്യുന്നത്, വസ്തുതാ പരിശോധന നടത്തിയ മുഹമ്മദ് സുബൈറിനെ കേസുകളിൽ കുരുക്കുന്നത് അടിയന്തരാവസ്ഥയല്ലെങ്കിൽ പിന്നെന്ത്?
അരനൂറ്റാണ്ട് മുമ്പ് ഇന്ത്യൻ ജനാധിപത്യം കണ്ട ദുഃസ്വപ്നമായിരുന്നു അടിയന്തരാവസ്ഥയെങ്കിൽ അത് പൂർണരൂപത്തിൽ യാഥാർഥ്യമായിരിക്കുന്നു. സംസ്ഥാന സർക്കാറുകളുടെ ദൈനംദിന പ്രവർത്തനങ്ങൾപോലും ഡൽഹിയിലെ അന്തപ്പുരങ്ങളിലിരിക്കുന്നവർ അട്ടിമറിക്കുന്നു, വർഗീയത വിദ്വേഷവും യുദ്ധാക്രോശവുമെല്ലാം ദേശീയ ചിഹ്നംവിളികളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. യുദ്ധക്കൊതിയെ എതിർക്കുന്നതുപോലും അപരാധമായി മാറുന്നു. കർഷകരുടെ,വിദ്യാർഥികളുടെ, തൊഴിലാളികളുടെ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കുന്നു. പൗരാവകാശത്തിന്റെ അവസാന വിളക്കുകളും എറിഞ്ഞുടക്കപ്പെടുമ്പോഴും അസ്വസ്ഥതകളോ ഒരു ചെറു ഞരക്കമോ പോലുമില്ലാതെ അതിൽ വെളിച്ചം കണ്ടെത്തി ആനന്ദിക്കാൻ പാകപ്പെട്ടിരിക്കുന്നു രാജ്യം എന്നതാണ് നാം എത്തിനിൽക്കുന്ന ദുരന്തം.
‘‘ചേരികളും കുടിലുകളും ഒഴിപ്പിക്കപ്പെട്ടെങ്കിലും തുര്‍ക്കുമാന്‍ ഗേറ്റിലൂടെ നടക്കുമ്പോള്‍ ജമാ മസ്ജിദിന്റെ മിനാരം കാണാനാവില്ല. അവിടെയെത്തുമ്പോള്‍ അപമാന ഭാരവും കുറ്റബോധവുംകൊണ്ട് അത്രമാത്രം താഴ്ന്നുപോകും നമ്മുടെ ശിരസ്സുകള്‍’’ എന്നെഴുതിയാണ് ഒരു പതിറ്റാണ്ട് മുമ്പ് ഈ ലേഖകൻ അടിയന്തരാവസ്ഥയുടെ നാൽപതാം ആണ്ടറുതിക്കുറിപ്പ് അവസാനിപ്പിച്ചത്. സുപ്രീംകോടതി ഉത്തരവിനെപ്പോലും ധിക്കരിച്ചുകൊണ്ട് ഏതുസമയവും പാവങ്ങളുടെ വീടുകളിലേക്കും ജീവിതത്തിലേക്കും ജീവിതമാർഗങ്ങളിലേക്കും ബുൾഡോസറുകൾ പാഞ്ഞുകയറിയേക്കാവുന്ന, ആത്മാഭിമാനമുള്ള ഏതൊരു മനുഷ്യന്റെയും തല താഴ്ന്നു പോകുന്ന തുറന്ന തുർക്കുമാൻ ഗേറ്റായി ഈ രാജ്യം പരിവർത്തിക്കപ്പെട്ടിരിക്കുന്നു ഇന്ന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.