സ്കൂൾ അവധിക്കാലം മാറ്റുമ്പോൾ എന്തൊക്കെ സംഭവിക്കാം, സംഭവിക്കാതിരിക്കാം
text_fieldsകേരളത്തിലെ സ്കൂൾ അവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്നു ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതു സംബന്ധിച്ച് ചൂടേറിയ സംവാദങ്ങൾ സമൂഹത്തിൽ നടക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഏതൊരു തീരുമാനം എടുക്കുമ്പോഴും വിദ്യാഭ്യാസ വിചക്ഷണൻമാരുമായും സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മനുഷ്യരുമായും ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കാവു.
കേരളത്തിലെ സ്കൂൾ അവധി മാറ്റുന്നതിനുള്ള തീരുമാനം എടുക്കേണ്ടത് ഇങ്ങനെ വിവിധ തുറകളിൽ നടക്കുന്ന ചർച്ചകൾ ക്രോഡികരിച്ചു വേണം. അനുകൂലമായും പ്രതികൂലമായും ഉള്ള വാദങ്ങൾ പരിഗണിച്ച് അവയെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ചർച്ച ചെയ്ത് തീരുമാനിച്ചാൽ മാത്രമേ അതിന് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.
അനുകൂലമായ വാദങ്ങൾ
കേരളത്തിലെ സ്കൂൾ അവധി ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിന് അനുകൂലമായി പറയുന്ന വാദങ്ങൾ താഴെ പറയുന്നവയാണ്
1. പകർച്ചവ്യാധികൾ ഒഴിവാക്കാം
ജൂൺ ജൂലയ് മാസങ്ങളിലാണ് പകർച്ചവ്യാധികൾ പൊട്ടി പ്പുറപ്പെടുന്നത്. കുട്ടികൾ ഈ മാസങ്ങളിൽ ക്ലാസുകളിൽ ഇടകലർന്നിരിക്കുമ്പോൾ പകർച്ചവ്യാധികൾ കൂടുവാൻ സാധ്യത കൂടുതലാണ്.
ജൂൺ-ജൂലൈ മാസങ്ങളിൽ മഴക്കെടുതികളുടെയും പകർച്ചവ്യാധികളുടെയും കാലമായതിനാൽ മഴക്കാലത്ത് അവധി നൽകിയാൽ പകർച്ചവ്യാധികളെ ഒഴിവാക്കാൻ സാധിക്കും.
2. അവധി ദിനങ്ങൾ കുറയ്ക്കാം
ജൂൺ-ജൂലൈ മാസങ്ങളിലെ മഴക്കെടുതികൾ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മിക്കപ്പോഴും അവധി നൽകേണ്ടി വരുന്നു. ഇത് അധ്യായന ദിവസങ്ങൾ കുറയുന്നതിന് കാരണമാകുന്നു. സ്കൂൾ അവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്നു ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുന്നത് കുറയ്ക്കുവാൻ സാധിക്കും.
3. ഉൻമേഷക്കുറവുള്ള കുട്ടികൾ
മഴക്കാലമായ ജൂൺ-ജൂലൈ മാസങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ അവസരമില്ലാത്തതിനാൽ അവർ ക്ലാസിലിരിക്കുന്നത് ഉൻമേഷക്കുറവോടെയാകും. പുറത്ത് മഴയായതിനാൽ മിക്കപ്പോഴും ക്ലാസിൽ തന്നെ ചെലവഴിക്കേണ്ടിയും വരും.
പ്രതികൂലമായ വാദഗതികൾ
സ്കൂൾ അവധി എപ്രിൽ-മെയ് മാസത്തിൽ നിന്നും ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെതിരെയുള്ള വാദഗതികൾ താഴെ പറയുന്നവയാണ്
1. ചൂട് ഒഴിവാക്കാം
കേരളത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ കടുത്ത വേൽചൂടും ഉഷ്ണക്കാറ്റും അനുഭവപ്പെടും. സ്കൂൾ ക്ലാസുകൾ ചൂടേറിയ കാലത്ത് ഒഴിവാക്കി തണുത്ത മഴക്കാലത്ത് നടത്തുന്നത് ആരോഗ്യപരമായി കുട്ടികൾക്ക് ഗുണകരമാണ്. ചൂടു കാലാവസ്ഥയിൽ ക്ലാസുകൾ നടത്തുമ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം നേരിടും.
3. കുട്ടികളുടെ സഞ്ചാരസ്വാതന്ത്യം കുറയും
വോനൽക്കാല അവധി ദിനങ്ങളിലാണ് സാധാരണയായി കുട്ടികൾ കൂടുംബാംഗങ്ങളുമായി വിനോദയാത്രയ്ക്കും ബന്ധുക്കളുടെ വീടുകളിലേക്കും മറ്റും യാത്ര ചെയ്യുന്നത്. അവധിക്കാലം മാറുന്നതോടെ കുട്ടികളുടെ സഞ്ചാരസ്വാതന്ത്യത്തെ അത് ഇല്ലാതാക്കും.
4.വിനോദത്തിനുള്ള അവസരം കുറയും
അവധിക്കാലമായ ഏപ്രിൽ-മെയ് മാസങ്ങളിലാണ് കുട്ടികൾ വിവിധ കളികളിൽ ഏർപ്പെടുന്നത്. വേനൽ അവധിക്കാലം കുട്ടികളുടെ മാസിക ഉല്ലാസത്തിനും കൂടിയുള്ളതാണ്. വേനലവധി ജൂൺ-ജൂലയ് മാസങ്ങളിലേക്ക് മാറ്റിയാൽ
കുട്ടികളുടെ വിനോദത്തിനുള്ള അവസരം നഷ്ടമാകും.
5. വൈദ്യുതിയുടെ ഉപയോഗവും ജല ലഭ്യതയും
വേനൽക്കാലത്ത് ശുദ്ധജല ലഭ്യതക്കുറവായിരിക്കും. കൂടാതെ വൈദ്യുതിയുടെ ഉപയോഗവും കൂടും. ഇത് സ്കൂളുകളുടെ പ്രവർത്തത്തെ മാത്രമല്ല ചുറ്റുപാടുമുള്ള കുടുംബങ്ങളെയും ബാധിച്ചേക്കാം.
6. ദേശീയ തലത്തിലെ പൊരുത്തക്കേട്
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സാധാരണ വേനലവധി ഏപ്രിൽ-മെയ് മാസങ്ങളിലാണ്. കേരളം വ്യത്യസ്ത ഷെഡ്യൂൾ സ്വീകരിക്കുമ്പോൾ ദേശീയ തലത്തിലുള്ള പരീക്ഷകൾ, ക്യാമ്പുകൾ, മത്സര പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും
ഉപ സംഹാരം
അഭിപ്രായം ശേഖരിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ഫേസ് ബുക്ക് പോസ്റ്റിട്ടത്. എന്നാൽ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതുടർന്ന് ആരോഗ്യകരമായ ചർച്ചകളാണ് അവധി മാറ്റുന്നതിനെ സംബന്ധിച്ച് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും കുട്ടികളുടെ ആരോഗ്യവും മുൻനിർത്തി ഭാഗികമാറ്റം സ്വീകരിക്കാവുന്നതാണ്. കേന്ദ്രീയ വിദ്യാലയങ്ങൾക്ക് വേനലവധി മേയും ജൂണും ആണ്. നവോദയ വിദ്യാലയങ്ങൾക്ക് ജൂൺ-ജൂലായ് മാസങ്ങളിലാണ് അവധി. എന്നിരിന്നാലും ശാസ്ത്രീയ പഠനത്തിലൂടെ ഗുണദോഷങ്ങൾ വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാവു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.