Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രത്തിൽ സവർക്കറുടെ...

ചരിത്രത്തിൽ സവർക്കറുടെ സ്ഥാനം എന്താണ്?

text_fields
bookmark_border
ചരിത്രത്തിൽ സവർക്കറുടെ സ്ഥാനം എന്താണ്?
cancel
camera_alt

മഹാത്മാ ഗാന്ധി വധക്കേസിൽ കുറ്റാരോപിതരായ ശങ്കർ കിസ്തയ്യ, ​ഗോപാൽ ഗോഡ്സെ, ​മദൻലാൽ പഹ്വ, ​ദിഗംബർ ബാഡ്ഗെ, ​ഇരിക്കുന്നവർ (ഇടത്തുനിന്ന് വലത്തോട്ട്): ​നാരായൺ ആപ്തെ, ​വി.ഡി. സവർക്കർ, ​നാഥൂറാം ഗോദ്സെ, ​വിഷ്ണു കർക്കറെ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സമരനായകൻ ആരാണെന്ന ചോദ്യം സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഫ്രീഡം ക്വിസിൽ തിരുകിക്കയറ്റിയതിന്, കാസർകോട് ജില്ലയിലെ ആർ.എസ്.എസ് അനുഭാവിയായ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ആർ.എസ്.എസും ഹിന്ദുത്വ സംഘടനകളും സവർക്കറെ ന്യായീകരിക്കാൻ സ്ഥിരമായി ഉയർത്തിക്കാട്ടുന്നതാണ് ‘ഏറ്റവും കൂടുതൽ കാലം ശിക്ഷ അനുഭവിച്ചയാൾ’ എന്ന വാദം. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ട്?

ഇന്ത്യൻ ദേശീയ പ്രസ്ഥാനവും സവർക്കറുടെ രാഷ്ട്രീയവും വ്യത്യസ്തമായ രണ്ടു ധാരകളായിരുന്നു. വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ ഏകോപിത പ്രവാഹമായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനമെങ്കിൽ, സവർക്കറുടേത് തീവ്രഹിന്ദുത്വ ധാര മാത്രമായിരുന്നു.

സ്വയം ജീവചരിത്രമെഴുതി പേരിന് മുൻപിൽ ‘വീർ’ എന്ന് ചാർത്തിയെടുത്ത സവർക്കർ വിരുതനായൊരു ആസൂത്രകനും സംഘാടകനും പി.ആർ വിദഗ്ധനുമായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ, എന്തിനുവേണ്ടിയായിരുന്നു ആ സംഘാടനങ്ങൾ? ‘‘എല്ലാ വസ്തുതകളും ഒരുമിച്ച് പരിശോധിച്ചാൽ സവർക്കറും സംഘവും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിഹത്യ എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല’’ എന്നാണ് മഹാത്മാഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജീവൻ ലാൽ കപൂർ കമീഷന്റെ കണ്ടെത്തൽ (മഹാത്മാഗാന്ധി കൊലപാതക ഗൂഢാലോചന- അന്വേഷണ കമീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്; 1970; ഖണ്ഡിക 25,106).

ഗാന്ധിജിയാണ് ശത്രു

രത്നഗിരിക്കാരനായ വി.ഡി. സവർക്കർ, ഇന്ത്യൻ തീവ്ര-ഹിന്ദു ദേശീയതയുടെ പിതാവായ വാസുദേവ് ബൽവന്ത് ഫഡ്കെയുടെ രാഷ്ട്രീയ തുടർച്ചയാണ്. ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ് എന്നിവർ കോൺഗ്രസിൽ രൂപപ്പെടുത്തിയ തീവ്രദേശീയതാ ഗ്രൂപ്പിന്റെ തുടർച്ചയാകേണ്ടിയിരുന്ന ആളായിരുന്നു. എന്നാൽ, ഗാന്ധിജി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ അദ്ദേഹം ദേശീയ പ്രസ്ഥാനം വിട്ട് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് വഴിമാറി. ഇന്ന് ഇന്ത്യയിലുണ്ടാകുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ പ്രതിലോമകരമായ മാറ്റങ്ങൾക്കും രാജ്യത്തെ ഫാഷിസ്റ്റ് അധികാരഘടനയിലേക്ക് നയിച്ചതിനു പിന്നിലും പ്രവർത്തിച്ച ആശയം സവർക്കർ ഉൾപ്പെട്ട സംഘത്തിന്റേതാണ്.

നാസി ജർമനിയിൽനിന്നും ഫാഷിസ്റ്റ് ഇറ്റലിയിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വിഭാവനം ചെയ്തതായിരുന്നു ആ രാഷ്ട്രീയം. 1938 ഓഗസ്റ്റ് ഒന്നിന് പുണെയിൽ ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾക്ക് മുന്നിൽ താൻ ജർമനിയിലെ നാസിസത്തിനും ഇറ്റലിയിലെ ഫാഷിസത്തിനും ഒപ്പമാണെന്ന് സവർക്കർ തുറന്നുപറഞ്ഞു. ജർമനിയെയും ഇറ്റലിയെയും വിമർശിച്ചിരുന്ന ജവഹർലാൽ നെഹ്റുവിന്റെ നിലപാടുകളെ കടുപ്പത്തിൽ എതിർത്തു. കോടിക്കണക്കിന് ഹിന്ദുക്കൾ ഇന്ത്യയിൽ അവർക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട സവർക്കർ, ചെക്കോസ്ലോവാക്യയിലെ ജർമൻ അധിനിവേശത്തെയും അനുകൂലിക്കുകയുണ്ടായി (മാർസിയ കാസോളാരി - ഹിന്ദുത്വത്തിന്റെ വിദേശ ബന്ധങ്ങൾ 1930കളിൽ).

‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന ഗ്രന്ഥത്തിൽ ഹിന്ദു-മുസ് ലിം, ബ്രാഹ്മണ-ശൂദ്ര വ്യത്യാസങ്ങൾ മറന്ന് ഇന്ത്യൻ ജനത ഒന്നിച്ച് പോരാടുന്നതിനെക്കുറിച്ച് സവർക്കർ വാചാലനാകുന്നുണ്ട്. എന്നാൽ പിന്നീട് തികഞ്ഞ വംശീയവാദിയായി അദ്ദേഹം പരിണമിക്കുന്നതാണ് കാണുന്നത്. ഗാന്ധിജിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിനുശേഷമാണ് ഈ മാറ്റം.

മസീനിയുടെ മിത്രം

1904-ൽ അദ്ദേഹം ‘അഭിനവ് ഭാരത്’ എന്ന സംഘടനക്ക് രൂപം നൽകി. ഫാഷിസ്റ്റ് ആശയങ്ങളുടെ ആചാര്യന്മാരിലൊരാളായ ജോസഫ് മസീനിയുടെ ‘യങ് ഇറ്റലി’യുടെ പകർപ്പാണ് ഇതെന്നു സവർക്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫെർഗൂസൺ കോളജിലെ പഠനശേഷം തിലകന്റെ സഹായത്തോടെയാണ് ലണ്ടനിലെ പൊതുപ്രവർത്തകനായ ശ്യാംജി കൃഷ്ണവർമയുടെ സ്കോളർഷിപ്പ് സവർക്കർക്ക് ലഭിക്കുന്നത്. ഇറ്റാലിയൻ പശ്ചാത്തലമുള്ള സ്പെൻസർ സ്കോളർഷിപ്പ്, ഇന്ത്യയെ ഫാഷിസ്റ്റ് ചേരിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു.

ലണ്ടനിൽ വെച്ച് മസീനിയുടെ രചനകളുടെ വിവർത്തനം ‘മസീനി ചരിത്രം’ 25 പേജുള്ള ആമുഖത്തോടെ സവർക്കർ പ്രസിദ്ധീകരിച്ചു. 1907 ജൂണിൽ മഹാരാഷ്ട്രയിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 2000 പകർപ്പുകൾ ഒരു മാസത്തിനകം വിറ്റുപോയി. രഹസ്യ സംഘടനകളുടെ പ്രവർത്തനരീതികളും ഗറില്ലാ യുദ്ധമുറകളും മസീനിയുടെ പുസ്തകങ്ങളിലൂടെ സവർക്കർ സ്വായത്തമാക്കി. തുടർന്ന് ‘അഭിനവ് ഭാരത്’ ലണ്ടനിലേക്കും വ്യാപിപ്പിച്ചു.

അറസ്റ്റും മാപ്പും

ബ്രിട്ടീഷ് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. കർസൺ വൈലിയുടെ വധവുമായി ബന്ധപ്പെട്ട്, പാരീസിൽനിന്ന് ലണ്ടനിലേക്ക് മടങ്ങവെ 1910 മാർച്ചിനാണ് സവർക്കർ അറസ്റ്റിലാകുന്നത്. തുടർന്ന് ഇന്ത്യയിലെത്തിച്ച് യെർവാഡ ജയിലിലേക്ക് മാറ്റി. നാസിക് കളക്ടർ എ.എം.ടി. ജാക്സനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും സവർക്കർ പ്രതിയായി. കേസുകളെല്ലാം ചേർത്ത് 50 വർഷത്തെ തടവുശിക്ഷ വിധിച്ച് 1911 ജൂലൈ 4-ന് ആന്തമാൻ നിക്കോബാറിലേക്കയച്ചു. 1921 വരെ 10 വർഷം ആന്തമാനിലെയും മൂന്നുവർഷം രത്നഗിരിയിലെയും ജയിലുകളിൽ അദ്ദേഹം കഴിഞ്ഞു.

ജയിലിലായ ആദ്യ വർഷം മുതൽ ശിക്ഷയിൽ ഇളവ് ലഭിക്കാനായി സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് ദയാഹർജികൾ എഴുതാനാരംഭിച്ചു. ഏതുവിധേനയും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്നായിരുന്നു അവയുടെ ഉള്ളടക്കം. 1920-ൽ എഴുതിയ മാപ്പപേക്ഷയിൽ, സായുധമാർഗങ്ങൾ ഉപേക്ഷിച്ച് ഭരണകൂടത്തിനൊപ്പം നിൽക്കാമെന്നും അക്രമപ്രവർത്തനങ്ങളെ തള്ളിപ്പറയുന്നുവെന്നും ഉറപ്പുനൽകി. ശക്തമായ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകാനുള്ള സവർക്കറുടെ ‘രാഷ്ട്രീയ തന്ത്രം’ എന്ന് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം ഇതിനെ ന്യായീകരിക്കാറുണ്ട്.

എന്നാൽ, ജയിൽ മോചിതനായ ശേഷം സവർക്കർ മെനഞ്ഞ തന്ത്രം എന്തായിരുന്നു? സ്വാതന്ത്ര്യസമരത്തിൽനിന്ന് പിന്മാറിക്കൊണ്ട് ബ്രിട്ടീഷുകാർക്ക് നൽകിയ വാക്ക് കൃത്യമായി പാലിച്ച അദ്ദേഹം ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ ആയുധമായി മാറ്റിയെടുക്കാനാണ് ശ്രമിച്ചത്.

സവർക്കർ ജയിലിൽ കഴിഞ്ഞ കാലയളവിലാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം കൂടുതൽ ജനകീയവും വിപുലവുമായ ഒരു പ്രസ്ഥാനമായി മാറിയത്. ഏതൊക്കെ ഘടകങ്ങളെയാണോ താൻ നിരസിക്കാൻ തീരുമാനിച്ചത്, അവയെല്ലാം സ്വാതന്ത്ര്യസമരത്തിൽ ഉൾച്ചേർന്നു എന്നത് സവർക്കറെ ഏറെ അസ്വസ്ഥനാക്കിയിരിക്കണം. ജയിൽമോചനത്തിനുശേഷം ഗാന്ധിജിക്കെതിരെയും ദേശീയ പ്രസ്ഥാനത്തിനെതിരെയും തിരിയാൻ സവർക്കറെ പ്രേരിപ്പിച്ചതും ഇതാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ആർ.എസ്.എസും ഹിന്ദു മഹാസഭയും അച്ചുതണ്ട് ശക്തികൾക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി നടത്തിയ ‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനം, കേവലം ബ്രിട്ടീഷുകാർക്ക് മാത്രമുള്ള സന്ദേശമായിരുന്നില്ല. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ, ഹിന്ദു മഹാസഭ ബംഗാളിലും ലാഹോറിലും മുസ് ലിം ലീഗുമായി സഖ്യമുണ്ടാക്കുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്നും ബ്രിട്ടീഷ് ഭരണം തുടരുന്നതാണ് നല്ലതെന്നും വ്യക്തമാക്കി ശ്യാമപ്രസാദ് മുഖർജി ബംഗാൾ ഗവർണർക്ക് കത്തെഴുതുകയും ചെയ്തു.

ഗാന്ധിവധക്കേസിലെ പ്രതിയായ ശങ്കർ കിസ്തയ്യയുടെ മൊഴിയിൽ, ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് മുൻപ് 1947 ഒക്ടോബർ 17-ന് ഗോഡ്സെ സവർക്കറെ സന്ദർശിച്ചിരുന്നതായി പറയുന്നുണ്ട്. കേസിലെ മാപ്പുസാക്ഷിയായ ദിഗംബർ ബാജെ കോടതിയിൽ നൽകിയ മൊഴിയിലും ഇത് ശരിവെക്കുന്നു. ‘‘വിജയിയായി തിരിച്ചുവരിക’’ എന്ന് ആശംസിച്ചാണ് സവർക്കർ ഗോഡ്സെയെ യാത്രയയച്ചതെന്ന് നാരായൺ ആപ്തെ പിന്നീട് തന്നോട് പറഞ്ഞതായി ബാജെയുടെ മൊഴിയിലുണ്ട്. എന്നാൽ, ബാജെയുടെ ഈ മൊഴി കോടതി നേരിട്ടുള്ള തെളിവായി സ്വീകരിക്കാതിരുന്നതിനാലും, മറ്റു തെളിവുകളുടെ അഭാവത്താലും സവർക്കറെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

‘ഇന്ത്യൻ ഗീബൽസ്’ എന്ന് സവർക്കറെ ചിലർ വിളിക്കുന്നതിനോട് ഞാൻ വിയോജിക്കുന്നു; കാരണം ഗീബൽസ് കളവുകളിൽ പടുത്തുയർത്തിയ കഥകളെ ആശ്രയിച്ചപ്പോൾ, സവർക്കർ ഒരു രാജ്യത്തിന്റെ ജനകീയ സംസ്കാരത്തെത്തന്നെ തലകീഴായി നിർത്തി, അതിൽ വ്യാജ മതനിർമിതിയിലൂടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്. ഹിറ്റ്ലറുടെ വഴിയാണ് സ്വീകരിച്ചതെങ്കിലും, ഹിറ്റ്ലർക്ക് പറ്റിയ വീഴ്ചകളിൽനിന്ന് പഠിച്ച്, ഫാഷിസ്റ്റ് ആശയങ്ങളെ കടമെടുത്തും പകർത്തിയും ഹിന്ദുത്വത്തിന് ശക്തമായ അസ്ഥിവാരമിടാൻ ശ്രമിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിലല്ല, ആഗോള ഫാഷിസത്തിന്റെ ചരിത്രത്തിലാണ് സവർക്കറുടെ സ്ഥാനം; ഒരുപക്ഷേ ഹിറ്റ്ലർക്കും ഒരുപടി മുകളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyVD Savarkarposition
News Summary - ചരിത്രത്തിൽ സവർക്കറുടെ സ്ഥാനം എന്താണ്?
Next Story