അഷ്റഫിന്റെ ആൾക്കൂട്ടക്കൊല കേരളത്തോട് പറയുന്നത്
text_fieldsഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് മംഗളൂരു കുഡുപു ഗ്രാമത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച്, പഴയ ബോട്ടിലുകൾ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന അഷ്റഫ് എന്ന മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണ ശേഷം ഹിന്ദുത്വ ശക്തികൾ രാജ്യമൊട്ടുക്കും നടത്തിയ പൗരാവകാശ ലംഘനങ്ങളുടെയും ആൾക്കൂട്ട ഹിംസകളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും തുടർച്ചയായിരുന്നു ഈ കൊലപാതകവും.
പ്രാദേശിക രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ഒന്നിച്ചുനിന്ന് പൊരുതിയതിന്റെ ഫലമായി പ്രതികൾ അറസ്റ്റിലായി, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർ സസ്പെൻഷനിലായി, സർക്കാറും മന്ത്രിമാരും ചില സമാശ്വാസങ്ങളും പ്രഖ്യാപിച്ചു. എന്നിരിക്കിലും ഭീതി അതേപടി നിലനിൽക്കുന്നു. സദാ ഹിംസാത്മക സാധ്യതയുള്ള തീവ്രഹിന്ദുത്വ സാമൂഹിക ബോധം അത്ര ആഴത്തിലാണ് ദക്ഷിണ കർണാടകയുടെ തീര മേഖലയിൽ വേരൂന്നിയിരിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി നിലനിൽക്കുന്ന ഒരു സാമൂഹിക ബോധമാണിതെന്ന് അഷ്റഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക പൊലീസും സർക്കാറും സ്വീകരിച്ച ആദ്യഘട്ട സമീപനങ്ങളിൽനിന്ന് ആർക്കും ബോധ്യപ്പെടും.
വർഗീയ അതിക്രമകാരികൾ കൊന്ന് റോഡിൽ തള്ളിയ അഷ്റഫിന്റെ ദേഹം രണ്ട് മണിക്കൂറിലധികമാണ് അവിടെ കിടന്നത്. കേസിൽ എഫ്.ഐ.ആർ തയാറാക്കുന്നതിനുപകരം അഷ്റഫിനെതിരെ കള്ളപ്പരാതി സ്വീകരിക്കുന്നതിനും, സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്താനുമാണ് പൊലീസ് ശ്രമിച്ചത്. ആദ്യ പരാതിയിൽ അഷ്റഫ് ‘പാകിസ്താൻ, പാകിസ്താൻ’ എന്ന് വിളിച്ചുപറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത് (ഇത് പരസ്പര വൈരുധ്യങ്ങളുള്ള കള്ളപ്പരാതിയാണ് എന്ന് പിന്നീട് വ്യക്തമായി). സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ ആദ്യ പ്രസ്താവനയിൽ ‘അഷ്റഫ് പാകിസ്താന് സിന്ദാബാദ് വിളിച്ചുവെന്ന് പറയപ്പെടുന്നു’ എന്നഭിപ്രായപ്പെട്ട കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര പിന്നീട് അത് തന്റെ പ്രസ്താവനയല്ല എന്നുപറഞ്ഞ് കൈകഴുകി. കൊലപാതകം സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ‘പാക് അനുകൂല മുദ്രാവാക്യത്തിന്റെ’ സാന്നിധ്യം തള്ളിക്കളയുകയും അഷ്റഫിന്റെ മലയാളി-മുസ്ലിം ഐഡന്റിറ്റിയാണ് ആൾക്കൂട്ട അക്രമണത്തിന്റെ പെട്ടെന്നുള്ള പ്രേരണയെന്ന് കണ്ടെത്തുകയും ചെയ്യുന്നു.
തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ വാഗ്ദത്ത ഭൂമിയായി ദക്ഷിണ കന്നട പ്രദേശം മാറിയതിന് ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്ന കാരണം സവർണ സമുദായങ്ങളുടെ ചരിത്രപരമായ സ്വാധീനവും അവരുടെ ആത്മീയ സാമൂഹിക വ്യവസ്ഥകളുമാണ്. ദക്ഷിണ കർണാടകയുടെ ഈ സ്വഭാവത്തെ ഉപയോഗപ്പെടുത്തി ദക്ഷിണേന്ത്യയിലേക്ക് സംഘടനയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആദ്യകാലങ്ങളിൽത്തന്നെ ആർ.എസ്.എസ് നടത്തിയിരുന്നു. 1933ൽ മംഗലാപുരത്തിന് 70 കിലോമീറ്റർ അകലെ മുൻഡാജെ ഗ്രാമത്തിൽ നടന്ന അഖില ഭാരതീയ ഹിന്ദുസഭയുടെ ആദ്യ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ‘കേസരി’ പത്രാധിപർ ആർ.ജി. ഭീടെ നടത്തിയ പ്രസംഗം തീരമേഖലയുടെ ഹിന്ദുത്വവത്കരണത്തിന് അടിത്തറ ഒരുക്കിയതായി നിരീക്ഷിക്കപ്പെടുന്നു. 1990കൾക്കുശേഷം, രാഷ്ട്രീയ-സാമൂഹിക സംഘാടന രൂപം എന്നതിൽനിന്നുമാറി സിവിൽ സൊസൈറ്റിയുടെ സ്വഭാവത്തെ തന്നെ നിർണയിക്കുന്ന ധാർമിക ചട്ടക്കൂടായി ഹിന്ദുത്വം വർത്തിക്കാൻ തുടങ്ങി. ക്രിമിനൽ സംഘങ്ങളായ ബജ്റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയവ വളർച്ച പ്രാപിച്ചത് ഈ ഘട്ടത്തിലാണ്.
ഈ അക്രമാസക്തതയുടെ പ്രതിഫലനമായിരുന്നു ദക്ഷിണ കർണാടകയോട് ചേർന്നുകിടക്കുന്ന കാസർകോട് ചൂരിയിലെ പള്ളിയിൽ ഉറങ്ങിക്കിടന്ന റിയാസ് മൗലവി എന്ന മദ്റസാധ്യാപകൻ 2017 മാർച്ച് 20ന് അർധരാത്രി കൊല്ലപ്പെട്ട സംഭവം. കേസിൽ അറസ്റ്റിലായ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്ക് റിയാസ് മൗലവിയെ ഒരുവിധ പരിചയവുമുണ്ടായിരുന്നില്ല, അദ്ദേഹം ഏതെങ്കിലും സംഘട്ടനങ്ങളിലോ സംഘർഷങ്ങളിലോ കക്ഷിയുമായിരുന്നില്ല. തങ്ങളുടെ കൊലക്കത്തിക്ക് ഇരയാക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് അക്രമികൾ പള്ളിയിൽ അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കൊലപ്പെടുത്തുന്നത്. നിയമപാലകരും കേരള സർക്കാറും തികഞ്ഞ ഉദാസീനത പുലർത്തിയ കേസിൽ മൂന്നു പ്രതികളെയും കാസർകോട് ജില്ല സെഷൻസ് കോടതി വെറുതെ വിടുകയാണുണ്ടായത്. കാസർകോട്ടെ ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിൽ നടന്നിട്ടുള്ള എല്ലാ രാഷ്ട്രീയ-വർഗീയ ഹിംസകളും ആസൂത്രണം ചെയ്യപ്പെടുന്നത് മംഗളൂരു കേന്ദ്രീകരിച്ചാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മംഗളൂരു കേന്ദ്രീകരിച്ചുള്ള വർഗീയ രാഷ്ട്രീയ കൺസോളിഡേഷൻ എങ്ങനെയാണ് കേരളത്തിന്റെ അതിർത്തി ജില്ലയിൽ സാമുദായിക സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നത് എന്നന്വേഷിക്കാൻ കേരളത്തിലെ സർക്കാർ മെഷിനറികൾ ശ്രമിച്ചിട്ടില്ല.
‘വിഭവങ്ങൾക്കുമേൽ മുസ്ലിം സമുദായം കുത്തകാവകാശം (Monopoly) സ്ഥാപിച്ചിരിക്കുകയാണെന്നും, ‘ആത്മാഭിമാനം’ തിരിച്ചുപിടിക്കാനായി ഓരോ ഹിന്ദുവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കാവൽഭടന്മാരായി മാറണമെന്നുമുള്ള ആർ.ജി. ഭീടെയുടെ ആഹ്വാനത്തിന്റെ പിന്തുടർച്ചയായാണ് ദക്ഷിണ കന്നട പ്രദേശത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ വേരുറപ്പിച്ചത്. ‘കേരളത്തിലെ മുസ്ലിം സമുദായം അനർഹമായി വിഭവങ്ങൾ കൈവശപ്പെടുത്തുന്നുവെന്നും, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾ അപമാനിതരായി ജീവിക്കുന്നു’വെന്ന വെള്ളാപ്പള്ളി നടേശന്റെയും പി.സി. ജോർജിന്റെയും പരാമർശങ്ങളെയും ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. വെള്ളാപ്പള്ളിയും പി.സി. ജോർജുമടക്കം, കേരളത്തിലെ രാഷ്ട്രീയ ഹിന്ദുത്വയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ-വിദ്വേഷ പ്രചാരണങ്ങളെ കേരളീയ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് നിഷ്കളങ്കമായി കരുതാൻ കഴിയില്ല. മറിച്ച് അത്തരം പ്രസ്താവനകൾ കേരളത്തിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന സൂക്ഷ്മചലനങ്ങളെ തിരിച്ചറിയാനും വിശകലന വിധേയമാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടൽ സർക്കാറുകളുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
(സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.