ചരിത്രക്ലാസിൽ വിദ്വേഷം പഠിപ്പിക്കുമ്പോൾ...
text_fields
പുതുക്കിയ ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് ഈ ലേഖകനുൾപ്പെടെ പലരും തുടക്കംമുതലേ ഉന്നയിച്ച ഉത്കണ്ഠകൾ അസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുന്നു എട്ടാംക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിൽ വരുത്തിയ മാറ്റങ്ങൾ. ചെറിയ കുട്ടികളുടെ മനസ്സിൽ വർഗീയ വിദ്വേഷം കടത്തിവിടും മട്ടിലാണ് Exploring Society: India and Beyond എന്ന് പേരിട്ട...
പുതുക്കിയ ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് ഈ ലേഖകനുൾപ്പെടെ പലരും തുടക്കംമുതലേ ഉന്നയിച്ച ഉത്കണ്ഠകൾ അസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുന്നു എട്ടാംക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിൽ വരുത്തിയ മാറ്റങ്ങൾ. ചെറിയ കുട്ടികളുടെ മനസ്സിൽ വർഗീയ വിദ്വേഷം കടത്തിവിടും മട്ടിലാണ് Exploring Society: India and Beyond എന്ന് പേരിട്ട പുസ്തകത്തിലെ ചരിത്ര രചന. ഇന്ത്യാ ചരിത്രത്തിലെ മുഗൾ രാജാക്കന്മാരായിരുന്ന ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരുടെ ഭരണകാലത്തെ ‘ഇരുണ്ട കാലഘട്ട’മെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ‘‘ഉയർന്ന ധിഷണാവിലാസമുള്ളവരായിരുന്നെങ്കിലും ഇന്ത്യൻ ജനതയെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത ഇവർ പ്രത്യക്ഷത്തിൽതന്നെ പൂർവാപര വൈരുധ്യത്തിന്റെ (paradoxical) ഉടമകളായിരുന്നു’’വെന്നാണ് പുസ്തകത്തിലെ കണ്ടെത്തൽ. ‘‘ബൗദ്ധികമായ ഔത്സുക്യം പുലർത്തുമ്പോഴും ജനങ്ങളെ കൂട്ടത്തോടെ കൊല്ലുകയും, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും കൊല്ലപ്പെട്ടവരുടെ തലയോട്ടികൾകൊണ്ട് ഗോപുരങ്ങൾ സൃഷ്ടിച്ച് അഭിരമിക്കുകയും ചെയ്ത നിഷ്ഠുരനും ദയാരഹിതനുമായ ആക്രമണകാരി’’യായാണ് മുഗൾ വംശ സ്ഥാപകൻ ബാബറിനെ അവതരിപ്പിക്കുന്നത്. ‘‘ക്രൂരതയും സഹിഷ്ണുതയും കൂട്ടിയിണക്കപ്പെട്ട കാല’’മെന്നാണ് അക്ബറിന്റെ ഭരണത്തെ വിശേഷിപ്പിക്കുന്നത്. പ്രാദേശിക ഗവർണർമാരോട് ‘‘അവിശ്വാസികളുടെ പള്ളിക്കൂടങ്ങളും ക്ഷേത്രങ്ങളും തകർക്കാനുത്തരവിട്ടയാളാ’’യാണ് ഔറംഗസീബിനെ അവതരിപ്പിക്കുന്നത്.

തലയോട്ടികളുടെ കഥ ബാബർതന്നെ ആലങ്കാരികമായി തന്റെ ആത്മകഥയായ ബാബരിനാമയിൽ പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിതമാകുന്നതിൽ നിർണായകമായിത്തീർന്ന കൻവാർ യുദ്ധത്തെക്കുറിച്ച് 1527 മാർച്ച് 17ലെ വിവരണത്തിലാണ് ഈ പരാമർശം. ബാബരി നാമക്ക് അന്നേറ്റ സൂസന്ന ബീവറിഡ്ജ് തയാറാക്കിയ സമ്പൂർണ പരിഭാഷയിൽ ‘‘an order was given to set up a pillar of pagan heads on the infant hill’’ എന്നാണ് ഈ ഭാഗത്തെ തർജമ ചെയ്തിട്ടുള്ളത്. പാഠപുസ്തകത്തിൽ നൽകിയിട്ടുള്ളതാകട്ടെ എച്ച്.എ. എലിയട്ടിന്റെ ‘A History of India as Told by Its Own Historians’ എന്ന ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയാണ്. പരിഭാഷയിലെ തീവ്രതയും വാചിക അതിശയോക്തിയുംകൊണ്ടായിരിക്കണം പാഠ പുസ്തകരചയിതാക്കൾ അതിനെ സ്വീകരിച്ചത്. പുസ്തക രചയിതാക്കളും അതിനു പിന്നിൽ പ്രവർത്തിച്ചവരും സംക്രമിപ്പിക്കാൻ ശ്രമിക്കുന്ന വിഷലിപ്ത പരാമർശങ്ങളിൽനിന്ന് വ്യത്യസ്തമായ ചിത്രമാണ് ബാബർ തന്റെ മകനും പിൻഗാമിയുമായ ഹുമയൂണിന് 1529ൽ നൽകിയ കത്തിൽനിന്ന് ലഭിക്കുന്നത്. ഉപദേശരൂപേണയുള്ള കത്തിൽ ബാബർ പറയുന്നു. ‘‘പ്രിയപ്പെട്ട മകനേ, ഹിന്ദുസ്ഥാൻ എന്ന ഈ സാമ്രാജ്യം വിഭിന്ന മതവിശ്വാസങ്ങളുടെ നാടാണ്. മനസ്സിലുള്ള എല്ലാ മത താൽപര്യങ്ങളും പൂർണമായും മാറ്റിനിർത്തി, ഓരോ വിഭാഗത്തിന്റെയും ആശയങ്ങൾക്കനുസൃതമായി വേണം നീ നീതി നിർവഹിക്കേണ്ടത്. ഗോവധത്തിൽനിന്ന് നീ പിന്മാറണം... ഒരു കാരണവശാലും, ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടരുത്... വ്യത്യസ്ത വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരെ, ചതുർഭൂതഗണങ്ങളെയെന്നപോലെ, ഒരുമിപ്പിക്കുമ്പോഴാണ് രാഷ്ട്രഗാത്രം രോഗങ്ങളെ പതിരോധിക്കാനുള്ള പ്രാപ്തി നേടുന്നത്.” -ഈ കത്ത് വെറുപ്പിന്റെ വ്യാപാരം ലക്ഷ്യമാക്കിയവർക്ക് അപ്രസക്തമായിരിക്കാം. പക്ഷേ, കലാപരഹിതമായ ഭാവി ഇന്ത്യ സ്വപ്നം കാണുന്നവർക്ക് ഇത് പ്രസക്തവും പ്രധാനവുമാണ്. ഇതാണ് കൗമാര പ്രായക്കാരെ പഠിപ്പിക്കേണ്ടതും.

മുഗൾ രാജാക്കന്മാരെ വംശീയാധിപത്യത്തിന്റെ നിഴലിൽ ചിത്രീകരിച്ച പുസ്തകരചയിതാക്കൾ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായ റസിയ സുൽത്താനയെ തമസ്കരിച്ചിരിക്കുന്നു. ബഹാദൂർ ഷാ സഫറിനെ മുന്നിർത്തിക്കൊണ്ടു നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ, മുൻ പാഠപുസ്തകങ്ങളിലെല്ലാം നൽകിയിട്ടുള്ളതിൽനിന്ന് ഭിന്നമായി, കേവലമായ ‘ഒരു വലിയ ഇന്ത്യൻ ലഹള’യായിട്ടാണ് പാഠപുസ്തക രചയിതാക്കൾ കാണുന്നത്.
ഇതെല്ലാം നൽകിയതിനു ശേഷം, ‘കഴിഞ്ഞ കാലങ്ങളിൽ നടന്ന കാര്യങ്ങൾക്ക് ഇന്നുള്ള ആരെയും ഉത്തരവാദികളായി കണക്കാക്കരുത്’ എന്നൊരു ബാധ്യതാ നിരാകരണം (disclaimer) നൽകുന്നുണ്ടെന്നതാണ് ഏറെ വിചിത്രം. എന്നാൽ, ഇതിനു തൊട്ടു മുമ്പുള്ള ക്ലാസിൽ ‘എന്തുകൊണ്ട് നമ്മൾ ചരിത്രം പഠിക്കണ’മെന്നു വിശദമാക്കുന്നുണ്ട്. “ വർത്തമാന കാലത്തെ മനസ്സിലാക്കാനുള്ള താക്കോലാണു ചരിത്രം... നമ്മുടെ സ്വത്വത്തിന്റെ ഉറവിടമാണത്. നമ്മളാരാണെന്നും, എവിടെനിന്നു വന്നുവെന്നും മനസ്സിലാക്കാനുള്ള ഉപാധിയാണത്. കഴിഞ്ഞകാലം ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ചരിത്രം എല്ലായ്പോഴും സന്തോഷകരമായ സംഭവങ്ങൾ മാത്രമല്ല. എവിടെയാണ്, എന്തുകൊണ്ടാണ്, ഭരണകൂടങ്ങളും ഭരണാധികാരികളും തെറ്റായ മാർഗത്തിലൂടെ ചരിച്ചതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് തെറ്റുകൾ ആവർത്തിക്കാതിരിക്കാനാകുന്നത്.’’ എട്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തെ ഇതിനോട് ചേർത്തുവെച്ച് വേണം വായിക്കാൻ. ഇവിടെയാണ് നമ്മുടെ കുട്ടികളുടെ മനസ്സ് വികലമാക്കാൻ വർഗീയശക്തികൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ആഴവും പരപ്പും നമുക്ക് മനസ്സിലാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.