ഹൃദയം നിർമലമാകുമ്പോൾ
text_fields
‘‘പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ’’ - കാലാതിവർത്തിയായ ഈ ബൈബിൾ വചനം നൂറ്റാണ്ടുകളായി മനുഷ്യരാശിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഈ മണ്ണിൽ പിറന്നുവീഴുന്ന ഏതു മനുഷ്യനും തെറ്റുകൾ സംഭവിക്കാം എന്നതിന്റെ ആഴമേറിയ ഓർമപ്പെടുത്തലാണിത്. മറ്റൊരാളുടെ കുറ്റം എടുത്തുപറയുമ്പോൾ സ്വന്തം കുറവുകളെയും പിഴവുകളെയും കുറിച്ച് നാം ഓർക്കേണ്ടതുണ്ടെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ‘‘ഞാൻ ചെയ്യുന്നതെല്ലാം ശരിയാണ്, എനിക്ക് തെറ്റുപറ്റില്ല, എന്റെ ചിന്തകളും പ്രവൃത്തികളും...
‘‘പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ’’ - കാലാതിവർത്തിയായ ഈ ബൈബിൾ വചനം നൂറ്റാണ്ടുകളായി മനുഷ്യരാശിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഈ മണ്ണിൽ പിറന്നുവീഴുന്ന ഏതു മനുഷ്യനും തെറ്റുകൾ സംഭവിക്കാം എന്നതിന്റെ ആഴമേറിയ ഓർമപ്പെടുത്തലാണിത്. മറ്റൊരാളുടെ കുറ്റം എടുത്തുപറയുമ്പോൾ സ്വന്തം കുറവുകളെയും പിഴവുകളെയും കുറിച്ച് നാം ഓർക്കേണ്ടതുണ്ടെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ‘‘ഞാൻ ചെയ്യുന്നതെല്ലാം ശരിയാണ്, എനിക്ക് തെറ്റുപറ്റില്ല, എന്റെ ചിന്തകളും പ്രവൃത്തികളും എല്ലാം ശരിയാണ്’’ എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിൽ അധികവും. എന്നാൽ, ചെയ്ത തെറ്റുകളെക്കുറിച്ച് ചിന്തിക്കുകയും പുനർവിചിന്തനം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സ് ശാന്തമാകുമെന്നത് എന്റെ വ്യക്തിപരമായ അനുഭവമാണ്.
വൻപാപങ്ങൾ ചെയ്ത മനുഷ്യരുണ്ട്. കൊലപാതകം, കവർച്ച, പീഡനം പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്ത അക്കൂട്ടരുടെ ശിഷ്ടകാലം പല രീതിയിലായിരിക്കും. ഒരുകൂട്ടർ, ചെയ്ത തെറ്റുകളെ ന്യായീകരിച്ച്, വീണ്ടും തെറ്റുകളിൽ മുഴുകി ജീവിക്കുന്നവരാണ്. മറ്റൊരുകൂട്ടർ, ചെയ്ത പാപങ്ങളെ ഓർത്ത് വ്യസനിക്കുകയും തിരുത്താൻ അവസരമില്ലല്ലോ എന്നോർത്ത് വേദനിക്കുകയും ചെയ്യുന്നവരാണ്. ഈ രണ്ട് കൂട്ടരിൽനിന്നും വ്യത്യസ്തരായ ചിലരുമുണ്ട്. തെറ്റ് തിരുത്താൻ ഇനിയും വൈകിയിട്ടില്ല എന്ന് വിശ്വസിക്കുന്നവർ. അത്തരമൊരു മനുഷ്യന്റെ പ്രായശ്ചിത്തത്തിന്റെയും തിരിച്ചുവരവിന്റെയും കഥയാണ് ഇന്ന്.
സ്വദേശത്തും വിദേശത്തുമായി നിരവധി സംരംഭങ്ങൾ നടത്തിയിരുന്ന ആൾ. പ്രവാസിയായിരിക്കെ, തദ്ദേശീയനായ ഒരു പങ്കാളിയുമായി ചേർന്ന് വലിയ ബിസിനസ് സംരംഭം കെട്ടിപ്പടുത്തു. എന്നാൽ, ആ സ്വദേശിയെയും കേരളീയനായ മറ്റൊരു പങ്കാളിയെയും സാമ്പത്തികമായി കബളിപ്പിച്ച്, വലിയൊരു തുക തട്ടിയെടുത്ത് അയാൾ നാട്ടിലേക്ക് മടങ്ങി. കുറച്ചുകാലം ആർഭാടമായി ജീവിച്ചു. എന്നാൽ, വർഷങ്ങൾ കടന്നുപോകുന്തോറും ആദ്യകാലത്തെ ആ വർണ്ണശബളിമ മായാൻ തുടങ്ങി. ആരോഗ്യം ക്ഷയിക്കുകയും ചെയ്തു. കുടുംബജീവിതത്തിലും വലിയ പ്രശ്നങ്ങളുണ്ടായി. താൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ് ഇതെന്നാണ് അയാൾ കരുതിയത്. അയാൾക്ക് മനഃസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയായി.
അതിനിടെയാണ് പ്രായോഗിക കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും സാമാന്യ അറിവുള്ള ഒരു സുഹൃത്ത് അയാളെ സന്ദർശിക്കുന്നത്. തന്റെ എല്ലാ പ്രശ്നങ്ങളും അയാൾ സുഹൃത്തുമായി പങ്കുവെച്ചു.
സുഹൃത്ത് ആശ്വസിപ്പിച്ചു: ‘‘ഒരു പ്രയാസവും വേണ്ട, താങ്കൾക്ക് ഇനിയും പ്രായശ്ചിത്തത്തിന് സമയമുണ്ട്.’’
അയാൾ പറഞ്ഞു: ‘‘ഞാൻ അപഹരിച്ച ആ പണം തിരികെ നൽകാൻ ഇന്നത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല.’
സുഹൃത്ത് പുഞ്ചിരിച്ചു: ‘‘അതൊന്നും സാരമില്ല, നമുക്ക് ഒരു ശ്രമം നടത്താം.’’
ദൗത്യം ഏറ്റെടുത്ത സുഹൃത്ത് വിദേശത്തുള്ള ആ രണ്ടു പേരുമായി സംസാരിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾ നേരിട്ട വഞ്ചനയുടെ കയ്പേറിയ ഓർമ അവരിൽ നിറഞ്ഞുനിന്നിരുന്നു. പക്ഷേ, കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ, അവർ വിട്ടുവീഴ്ചക്ക് തയാറായി. ‘‘ഉള്ളത് എന്താണെന്ന് വെച്ചാൽ തരട്ടെ, പ്രശ്നങ്ങൾ അവസാനിപ്പിക്കാം’’ എന്ന തീരുമാനത്തിൽ അവരെത്തി.
സുഹൃത്ത് അറിയിച്ചതനുസരിച്ച്, അയാൾ ഇരുവരെയും കാണാൻ ചെന്നു. കുറ്റബോധത്താൽ അവരുടെ മുഖത്ത് നോക്കാൻപോലും അയാൾക്ക് കഴിഞ്ഞില്ല. അയാൾ സർവതും ഏറ്റുപറഞ്ഞു. തനിക്കാവുംവിധം പ്രായശ്ചിത്തം ചെയ്യാമെന്നും അറിയിച്ചു. ആ കൂടിക്കാഴ്ചയിലൂടെ അവർക്കിടയിലുണ്ടായിരുന്ന കാലുഷ്യം ഇല്ലാതായി. അവർ മഹാമനസ്കതയോടെ ക്ഷമിക്കാനും തയാറായി.
ആ പ്രായശ്ചിത്തത്തിലൂടെ നമ്മുടെ കഥാനായകൻ വീണ്ടെടുത്തത് ഒരു ആയുസ്സ് മുഴുവൻ നീണ്ട സമാധാനവും സന്തോഷവുമാണ്. മനസ്സിനെ ദീർഘകാലം ഭാരമേറിയതാക്കിയ ആ ഭീമൻ കരിങ്കൽ കഷണം അയാൾക്ക് എടുത്തുമാറ്റാൻ സാധിച്ചു.
പ്രായശ്ചിത്തത്തിന്റെയും പൊറുക്കലിന്റെയും ബഹുമുഖ സൗന്ദര്യമാണ് ഈ സംഭവത്തിലൂടെ ദൃശ്യമാകുന്നത്. ഈ സൗന്ദര്യം സ്വന്തമാക്കാൻ നമുക്ക് ഒരു നിമിഷം മതി. നമുക്ക് തെറ്റുകൾ സംഭവിക്കാം. അത് തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ ചെയ്യുകയാണ് വേണ്ടത്. വ്യക്തികളോടാണെങ്കിൽ മടിയേതും കൂടാതെ പ്രായശ്ചിത്തത്തിന് ശ്രമിക്കണം. അത് മൂലം നമ്മുടെ അന്തസ്സിനും അഭിമാനത്തിനും ഒരു ക്ഷതവും സംഭവിക്കുന്നില്ല. മാത്രമല്ല, കറയറ്റ, സൗന്ദര്യമുള്ള മനസ്സുമായി, വന്നുഭവിച്ച തെറ്റുകളിൽനിന്ന് വിലയേറിയ പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് ശിഷ്ടജീവിതം ധന്യമാക്കാൻ കഴിയുന്നു.
ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ പൈഥഗോറസ് പറഞ്ഞത് എത്ര ശരിയാണ്: ‘‘ക്രോധം ഒരു തെറ്റിനോടൊപ്പമാണ് തുടങ്ങുന്നത്, അത് അവസാനിക്കുന്നത് പ്രായശ്ചിത്തത്തിലൂടെയുമാണ്.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.