ആർ.എസ്.എസ് യുക്തി എസ്.എഫ്.ഐ പ്രചരിപ്പിക്കുേമ്പാൾ
text_fieldsകുറച്ചുകാലമായി കേരളത്തിലെ സി.പി.എമ്മുകാർ മാർക്സിനെ കുറിച്ച് എഴുതുകയും പറയുകയും ചെയ്തതിനെക്കാേളറെ മൗദൂദിയെ കുറിച്ച് ആലോചിക്കുകയും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടാവും. മൗദൂദി വിരുദ്ധ കാമ്പയിെൻറ ബാറ്റൺ ഇപ്പോൾ എസ്.എഫ്.ഐ ഏറ്റെടുത്തിരിക്കുന്നു -എന്തായിരിക്കും അവർ ഇതിലൂടെ ഉന്നംവെക്കുന്നത് ?
രാജ്യത്ത് ഉന്മൂലനം ചെയ്യപ്പെടേണ്ടവരിൽ ഒന്നാമതായി മുസ് ലിം സമുദായത്തെ രേഖപ്പെടുത്തിയ സംഘ്പരിവാർ അവരുടെ ലക്ഷ്യം നേടിയെടുക്കാനുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പൗരത്വം നിഷേധിച്ചും ഭൗതിക വിഭവങ്ങളുടെ സംരക്ഷണം എടുത്തുകളഞ്ഞും ജനനം മുതൽ തുടങ്ങി മുസ്ലിമിന്റെ എല്ലാ ഇടപാടുകളെയും പൈശാചികവത്കരിച്ചുമാണ് സംഘ്പരിവാർ മുന്നോട്ട് പോകുന്നത്. മുസ്ലിം സംഘാടനം, ചിഹ്നങ്ങൾ,സാമൂഹിക ഇടപാടുകൾ എല്ലാം ഭീകരവത്കരിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് മാത്രമല്ല, തങ്ങൾക്ക് ഹിതകരമല്ലാത്ത എല്ലാത്തിനെയും കൈകാര്യം ചെയ്യാനും ഈ പൈശാചികവത്കരണത്തെ ഉപയോഗിക്കുകയാണ് അവർ ചെയ്തുവരുന്നത്. ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരിക്കുകയാണെന്ന അവകാശവാദത്തോടെ ബി.ജെ.പി ക്ക് അധികാരം കിട്ടുന്നതിനുവേണ്ടി നടത്തുന്ന പദ്ധതിക്ക് ന്യായം പറയുന്നത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ പുറന്തള്ളാനെന്നാണ്. രാജ്യത്തെ കാമ്പസുകളിൽ ഈ അജണ്ട നടപ്പാക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണോത്സുക ദേശീയതയിലും മുസ്ലിം വിരുദ്ധതയിലും പൊതിഞ്ഞാണ് എല്ലാം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഈ ദേശീയ രാഷ്ട്രീയ കാലാവസ്ഥയിൽ കേരളത്തിലെ സി.പി.എമ്മിന്റെയും അനുബന്ധ സംവിധാനങ്ങളുടെ സമീപകാല രാഷ്ട്രീയ ദിശയും ഭാഷയും പരിശോധിച്ചാൽ അവ തമ്മിൽ വേർതിരിയുന്ന ഇടം മനസ്സിലാക്കാൻ പറ്റില്ല. പ്രതിഷേധക്കാരെ വേഷം കണ്ട് തിരിച്ചറിയാമെന്ന മോദിയുടെ അതേ യുക്തിയിലാണ് എം.എസ്.എഫിന്റെ പൂർണ രൂപം പറഞ്ഞാൽ തന്നെ അത് വർഗീയമാണെന്ന് മനസ്സിലാക്കാമെന്ന് എസ്.എഫ്.ഐ പ്രസിഡന്റ് പറഞ്ഞുവെക്കുന്നത്. മുസ്ലിം സംഘാടനത്തെ കുറിച്ച് എസ്.എഫ്.ഐ എന്താണ് മനസ്സിലാക്കുന്നത് ? തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന മതേതരത്വ സർട്ടിഫിക്കറ്റ് മെഷീൻ പേരും തലയിലെ തട്ടവും നോക്കിയാണ് മനുഷ്യരുടെയും സംഘടനകളുടെയും യോഗ്യത തീരുമാനിക്കുന്നതെങ്കിൽ അതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ് വെയർ നാഗ്പൂരിലെ സംഘ്പരിവാർ ആസ്ഥാനത്ത് രൂപകൽപന ചെയ്തതാണെന്നതിന് ഒരു സംശയവും വേണ്ട.
വംശീയ അജണ്ടകൾ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്നതിന് സംഘ്പരിവാർ തുടക്കം മുതൽക്കു തന്നെ ആശ്രയിക്കുന്ന പ്രധാന ഉപാധിയാണ് വ്യാജങ്ങളെ കൂട്ടുപിടിച്ചുള്ള വെറുപ്പിന്റെ പ്രചാരണം. ലവ് ജിഹാദ് എന്നൊന്നില്ല എന്ന് കോടതികളും ഭരണകൂടം തന്നെയും പറഞ്ഞാലും ആ പ്രചാരണം തുടർന്നുകൊണ്ടേയിരിക്കും. കേരളത്തിൽ നിന്ന് ഐ.എസ്.ഐ.എസിലേക്ക് വ്യാപമായി റിക്രൂട്ട്മെന്റ് നടന്നെന്നത് ശുദ്ധകളവാണെന്ന് തെളിയിക്കപ്പെട്ടാലും 'കേരള സ്റ്റോറി'കൾ സിനിമകളായി വന്നുകൊണ്ടേയിരിക്കും. വസ്തുതകൾക്ക് പ്രത്യേകിച്ച് സ്ഥാനമുണ്ടാവുകയില്ല. സമാനമായ വ്യാജ പ്രചാരണ ആയുധങ്ങൾ പുൽകി മുസ്ലിം വിരുദ്ധത പടർത്താൻ ശ്രമിക്കുകയാണ് സി.പി.എം - എസ്.എഫ്.ഐ നേതാക്കൾ. തെരുവുനായ്ക്കളുടെ ശരീരത്തിൽ കണ്ട മുറിവുകൾ മലപ്പുറത്ത് പോപുലർ ഫ്രണ്ടുകാർ ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവാണെന്നാരോപിച്ച് വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഈ പ്രചാരണം ശക്തമായ ഘട്ടത്തിൽ പൊലീസ് അന്വേഷണം നടത്തുകയും നായ്ക്കളെ വെട്ടി ആയുധ പരിശീലനമെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും ചെയ്തതാണ്. മുസ്ലിം പേരുള്ള സംഘടനയുടെ പ്രസിഡന്റിനുമേൽ വർഗീയവാദി ചാപ്പയടിക്കാൻ നായെ വെട്ടി പരിശീലിക്കുന്ന പോപുലർ ഫ്രണ്ടുകാരെ പിന്തുണക്കുന്ന ആളെന്ന് പ്രചരിപ്പിക്കുകയാണ് എസ്.എഫ്.ഐ സെക്രട്ടറി. വാർത്ത സമ്മേളനത്തിനിടക്ക് അത് വസ്തുത വിരുദ്ധമാണെന്നും പൊലീസ് റിപ്പോർട്ടുണ്ടെന്നും ശ്രദ്ധയിൽ പെടുത്തുമ്പോൾ ഞങ്ങളുടെ ബോധ്യം മറിച്ചാണെന്നാണ് എസ്.എഫ്.ഐ പ്രസിഡന്റിന്റെ മറുപടി. താൻ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് ബലമേകുന്ന ഫോട്ടോകളും രേഖകളും സമരങ്ങളിലും വാർത്ത സമ്മേളനത്തിലും ഉയർത്തുന്ന സഖാവിന് പൊലീസ് റിപ്പോർട്ട് പോലുള്ള വസ്തുതകൾ പോലും സ്വീകാര്യമല്ലാത്തത് സംഘ്പരിവാറിന്റെ യുക്തി കടമെടുക്കുന്നതുകൊണ്ടാണ്. മാലിന്യ പ്രശ്നം ആരോപിച്ച് ചെമ്മാട് ദാറുൽ ഹുദ കാമ്പസിലേക്ക് മാർച്ച് നടത്തുന്ന സി.പി.എമ്മുകാർ സ്ഥാപനത്തെയും അതിന് നേതൃത്വം നൽകുന്ന ബഹുമാന്യ പണ്ഡിതരെയും വംശീയമായി അധിക്ഷേപിക്കുന്നതും നമ്മൾ കണ്ടതാണ്. വിമർശനങ്ങളോ എതിരഭിപ്രായങ്ങളോ അല്ല, വംശീയ മുൻവിധിയോടെയുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നത്.
പ്രത്യയശാസ്ത്ര വിയോജിപ്പുകളുണ്ടായിരിക്കെ തന്നെ കേരളത്തിന് പുറത്ത് പല നിലക്ക് പരസ്പരം സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ പോലും തമിഴ്നാട്ടിലും രാജസ്ഥാനിലും സി.പി.എം സ്ഥാനാർഥികൾക്കുവേണ്ടി ജമാഅത്തെ ഇസ്ലാമിയോട് പിന്തുണ തേടുന്നതും ജമാഅത്ത് പിന്തുണ നൽകുന്നതും വിജയിച്ച എം.പി മാർ ജമാഅത്ത് പിന്തുണക്ക് നന്ദി പറയുന്നതും വഖഫ് അടക്കം കേന്ദ്ര സർക്കാറിനെതിരായ സമരത്തിൽ ഒരുമിച്ച് വേദി പങ്കിടുന്നതും ആ നിലക്കാണ്.
എന്നാൽ, സമീപകാലത്തായി ആശാ വർക്കർമാരുടെ സമരം മുതൽ യൂനിവേഴ്സിറ്റി ഇലക്ഷനുകളിലെ എം.എസ്.എഫിന്റെവിജയം വരെ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന തങ്ങൾക്ക് ഹിതകരമല്ലാത്ത എല്ലാത്തിനും പിറകിൽ സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന സി.പി.എം - എസ്.എഫ്.ഐ പ്രചാരണ തന്ത്രം സംഘ്പരിവാറിന്റെ അതേ വംശീയ രാഷ്ട്രീയ ലാബിൽ രൂപപ്പെടുന്നതാണ്. ശുദ്ധ വംശീയതയും ഇസ്ലാമോഫോബിയയുമാണ് സി.പി.എം - എസ്.എഫ്.ഐ നേതൃത്വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.