സുധാകരനെ ആരാണ് അവിശ്വസിക്കുക?
text_fieldsമുൻകാലങ്ങളിൽ പോസ്റ്റൽ വോട്ടിൽ കൃത്രിമം നടന്നിട്ടില്ല എന്നു പറഞ്ഞാൽ അതാർക്കാണ്, വിശ്വസിക്കാനാകുക? നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ ഇത്തരം സുകുമാരകലകൾ സ്വാധീനമുള്ള മുന്നണികൾ എല്ലാം ഏറിയും കുറഞ്ഞും പലേടത്തും നടത്തിയിട്ടുണ്ട്. ബൂത്തുപിടിത്തവും കള്ളവോട്ടും വിരട്ടലും ഇരട്ടവോട്ടിങ്ങും എന്നുവേണ്ട, ജയിക്കാൻ പലതും പയറ്റിത്തെളിഞ്ഞവരാണ്, നമ്മുടെ നേതാക്കൾ. പുതിയ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ മാറ്റംകൊണ്ട് ചില വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ശ്രമങ്ങൾക്ക് ഒരു കുറവും ഇല്ല. എങ്കിലും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന ഒരു സുപ്രധാന രഹസ്യമാണ് സുധാകരൻ വെളിപ്പെടുത്തിയത്. ആവക വെളിപ്പെടുത്തൽ ആരെങ്കിലും നടത്തിയാൽ പാർട്ടിയിൽ തുടരാൻ അനുവദിക്കില്ലെന്ന പഴയകാല ചരിത്രം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നത് കൗതുകമുള്ള കാര്യമാണ്. പാർട്ടിയിൽ വലിയ സ്ഥാനങ്ങളിൽനിന്നെല്ലാം ഒഴിവാക്കപ്പെട്ടയാളാണ് സുധാകരനെങ്കിലും ഇപ്പോഴും വലിയ നേതാവാണ്. പാർട്ടി അംഗത്വവും നിലനിൽക്കുന്നു. തമാശക്ക് പറഞ്ഞതായാൽപോലും പാർട്ടിക്ക് അതുണ്ടാക്കുന്ന തലവേദന ചെറുതല്ല.
പഴയ പട്ടാളക്കാർ അവരുടെ യുദ്ധമുന്നണിയിലെ കൃത്യങ്ങൾ പൊടിപ്പും തൊങ്ങലുംെവച്ച് പറയുമെന്ന് പൊതുവെ ജനം പറയാറുണ്ട്. അത്തരം കഥകൾ നമ്മുടെ സാഹിത്യകാരന്മാരും എഴുതാറുണ്ട്; മലയാറ്റൂർ രാമകൃഷ്ണന്റെ ബ്രിഗേഡിയർ കഥകൾ ഉദാഹരണം.
ചെയ്തതും ചെയ്യാത്തതുമായ പലതും പറയുന്ന സങ്കൽപ ലോകത്തിൽ ജീവിക്കുന്ന ഒരു ബ്രിഗേഡിയറെയാണ് മലയാറ്റൂർ, കഥകളിലൂടെ നമുക്ക് പരിചയെപ്പടുത്തിയത്. ചില പഴയ രാഷ്ട്രീയ നേതാക്കളും അവരുടെ പോരാട്ട കാലത്തിന്റെ സ്മൃതിയിൽ ജീവിക്കുന്നവരാണ്. ജി. സുധാകരനും മുൻകാല സ്മൃതികളിൽ മുഴുകിപ്പോയതാകാനേ വഴിയുള്ളൂ എന്ന് കരുതുന്നവരുണ്ട്. നുണ പറയുന്നയാളല്ല, സുധാകരൻ. വാക്കിലും പ്രവൃത്തിയിലും നൂറു ശതമാനം സത്യസന്ധതവേണമെന്ന് നിർബന്ധം പിടിക്കാറുള്ള നേതാവായിരുന്നു. ഇപ്പോഴും ഒരു മാറ്റവും വന്നിരിക്കാൻ ഇടയില്ല. ആകയാൽതന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയും തിരുത്തും അത്രക്ക് അവിശ്വസിക്കേണ്ടതായി പാർട്ടി പ്രവർത്തകർപോലും കാണുന്നില്ല. ഈയിടെയായി അദ്ദേഹം പലതും പറയുകയും അത് വിവാദമാകുമ്പോൾ തിരുത്തുകയും ചെയ്യുന്നത് ഒാർമത്തെറ്റുകൊണ്ടാണെന്ന് ആരും കരുതുന്നുമില്ല. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ പോലെതെന്ന വളരെ പ്രസ്റ്റീജിയസ് ആണ് ആലപ്പുഴ ജില്ല. ഒാരോ മണ്ഡലവും സ്വന്തമാക്കാൻ കഴിവിന്റെ പരമാവധി അവർ ശ്രമിക്കും. അതിനായി ഏതറ്റം വരെയും പോവുകയുംചെയ്യും. അതിനു വിപരീതവും നടന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് മത്സരിച്ചപ്പോൾ തോൽപിക്കാനാണ് പാർട്ടി നേതാക്കളിൽ ചിലർ ശ്രമിച്ചതെന്നും അതിലവർ വിജയം കണ്ടു എന്നതും പാർട്ടിയിൽതന്നെ ചർച്ചയായതാണ്. എത്രയോ തെരഞ്ഞെടുപ്പുകൾ കണ്ട, നിയന്ത്രിച്ച നേതാവാണ് ജി. സുധാകരൻ.
‘ജനാധിപത്യം’ എന്നായിരുന്നു, അക്കാലങ്ങളിൽ കള്ളവോട്ടിന്റെ കോഡ്. വിജയം സുനിശ്ചിതമല്ലാത്ത ഒരു മണ്ഡലത്തിൽ വോട്ടെടുപ്പിനുശേഷം ചെന്ന്, ചുമതലയുള്ള നേതാവ്, ‘ഈ മണ്ഡലത്തിൽ എത്രയാ ജനാധിപത്യം?’ എന്ന് ചോദിച്ചാൽ, അതിനു മറുപടി തൃപ്തികരമെങ്കിൽ അവിടെ പാർട്ടി, വിജയം ഉറപ്പിക്കും. അതായിരുന്നു, കീഴ്വഴക്കം. ആ കണക്ക് ഏകദേശം ശരിയും ആകുമായിരുന്നു. സി.പി.എം നടത്തുന്ന കണക്കെടുപ്പിലെ സീറ്റുകൾ കിറുകൃത്യമാകുമെന്ന് എതിർപക്ഷംപോലും കരുതിയിരുന്നു.
വോട്ടിങ് ദിനത്തിനു മുമ്പേ നേതാക്കൾ ചിട്ടവട്ടങ്ങൾ ശരിയാക്കാനുള്ള ശ്രമമാരംഭിക്കും. ശക്തിയുള്ള മണ്ഡലങ്ങളിൽ, പാർട്ടി ഗ്രാമങ്ങളിൽ, തെരഞ്ഞെടുപ്പ് പരിപാടി സുഗമമായി നടക്കും. അല്ലാത്ത ബൂത്തുകളിൽ പാർട്ടിക്കാരെ തെന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി എത്തിക്കാൻ ശ്രമം നടക്കും. വിജയസാധ്യത ഉറപ്പിക്കാനാകാത്ത മണ്ഡലമാണെങ്കിൽ ‘ജനാധിപത്യം’ വൃത്തിയായി നടപ്പാക്കണം. അതിനുള്ള തത്രപ്പാടാണ്, മണ്ഡല ചുമതലയുള്ള നേതാക്കൾക്ക്.
തെരഞ്ഞെടുപ്പു രംഗത്തുള്ള പ്രവർത്തകർക്ക് പാർട്ടി നൽകാറുള്ള ഉപദേശം, ‘തടസ്സമില്ലാത്തതെന്തും നിങ്ങൾ ചെയ്യുക’ എന്നതാണ്. അതിൽ നിയമമോ ധാർമികതയോ നോക്കേണ്ടതില്ല. മുതലാളിത്ത വ്യവസ്ഥിതിയിൽ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം എന്താണ് ധാർമികത? നിയമവും മറ്റും എതിർപക്ഷം നോക്കട്ടെ. ഒരു ഫുട്ബാൾ മത്സരത്തിൽ കളിക്കാരന്റെ ഫൗൾ സ്വന്തം ടീമിലുള്ളവർ കണ്ടുപിടിക്കേണ്ട കാര്യമില്ല എന്നതാണ്, തെരഞ്ഞെടുപ്പിലെ ധാർമികത. യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പും സഹകരണ സംഘം തെരഞ്ഞെടുപ്പും മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പുവരെ ഇതേ വികാരവും തത്ത്വചിന്തയുമാണ് പാർട്ടിയെ നയിക്കുക. അതിനാൽ സുധാകരൻ പറഞ്ഞതിനെ പാർട്ടി പ്രവർത്തകർപോലും അവിശ്വസിക്കുമെന്ന് തോന്നുന്നില്ല. കെ.വി. ദേവദാസ് എന്ന സ്ഥാനാർഥിക്കുവേണ്ടി പോസ്റ്റൽ വോട്ടിൽ കൃത്രിമം കാട്ടി എന്നതായിരുന്നു, വെളിപ്പെടുത്തൽ. കെ.വി. ദേവദാസ് ഏറെ സാത്വികനായ മനുഷ്യനാണ്. പക്ഷേ അദ്ദേഹമല്ല, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത്. പാർട്ടി നേതൃത്വമാണ്. സ്ഥാനാർഥി അതൊന്നും അറിയുകപോലും ഉണ്ടാകില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്, പാർട്ടിയുടെ ജില്ല-സംസ്ഥാന നേതൃത്വങ്ങളാണ്. അവരും സുധാകരൻതന്നെയും നിഷേധിച്ചുവെങ്കിലും അദ്ദേഹം ഉയർത്തിവിട്ട ആരോപണവും സംശയവും നിലനിൽക്കുന്നു. അതിൽ പാർട്ടി എന്തു നടപടിയെടുക്കും എന്നതാണ് ഇനി അറിയാനിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.